•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

അതാണു നന്മ

  • കെ.കെ. പടിഞ്ഞാറപ്പുറം
  • 8 June , 2023

അക്കനണ്ണാനും അല്ലി അണ്ണാത്തിയും മിട്ടക്കാട്ടിലെ അമ്മമരത്തിലാണു താമസം. അവര്‍ക്കു രണ്ടു കുഞ്ഞുങ്ങളുണ്ടായി. അല്ലിയണ്ണാത്തി കുഞ്ഞുങ്ങളെ നോക്കി. അക്കന്‍ ഇരതേടിപ്പോയി. അല്ലിയും കുഞ്ഞുങ്ങളുംമാത്രം കൂട്ടില്‍. തൊട്ടടുത്ത മരത്തില്‍ കാവന്‍കാക്കയും കാഞ്ചനക്കാക്കയും ഒരു കൂട്ടില്‍. കാഞ്ചന മുട്ടയിട്ടിട്ടുണ്ട്. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങളാവാന്‍ കാഞ്ചന വേണം. കാവന്‍കാക്കയ്ക്ക് ഇരതേടലു പണി. അപ്പോഴാണ് അണ്ണാന്‍കുഞ്ഞുങ്ങളെ കണ്ടത്. തഞ്ചത്തില്‍ അതുങ്ങളെ റാഞ്ചിയെടുക്കണം. കാവന്‍കാക്ക ലാക്കു നോക്കിയിരുന്നു. അല്ലിയണ്ണാത്തി കാക്കയുടെ ആര്‍ത്തി മനസ്സിലാക്കി കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മാര്‍ഗമാലോചിച്ചു. അക്കനാണ്ണാനോടു കാര്യം പറഞ്ഞു.
അക്കന്‍ പെട്ടെന്ന് വെളിയിലിറങ്ങി കാട്ടുകുടുംബത്തിലെ പല ജീവികളോടും സഹായം ചോദിച്ചു. നോ... രക്ഷ. അപ്പോഴാണ് ആപ്പന്‍ ആന അതുവഴിയെത്തിയത്. അക്കന്‍ സഹായം ചോദിച്ചു: ''എന്റെ അല്ലിയണ്ണാത്തീം രണ്ടു പുള്ളാരും ഒണ്ട്. ഒരു കാക്ക റാഞ്ചാന്‍ തഞ്ചംനോക്കിയിരിക്കുകാ. ചെലപ്പോ പച്ചന്‍ പരുന്തും വരും. അവരില്‍നിന്നൊക്കെ രക്ഷിക്കണം.''
''ഏറ്റണ്ണാനേ, നീ പേടിക്കണ്ട. കാക്കയോ കുറുക്കനോ ആരും വരട്ടെ. ഞാന്‍ തുരത്തിയോടിച്ചോളാം. പിന്നെ ആ കാക്കയുടെ കൂട് അമ്മമരത്തിന്റെ അപ്പുറത്തെ മരത്തിലല്ലേ?''
''അതേ ആനച്ചേട്ടാ... കാക്കച്ചി മുട്ടയിട്ട് അടയിരിക്കുകാ...''
''അങ്ങനാന്നോ... അപ്പോ നിന്റെ കുഞ്ഞുങ്ങളെ റാഞ്ചാന്‍ വന്നാല്‍ അവനിട്ടു ഞാനൊരു പണികൊടുക്കും. ങാ... നീ തീറ്റ തേടി പൊക്കോ. ഞാന്‍ കാവല്‍ക്കാരനാവാം.'' 
അപ്പന്‍ ആന പറഞ്ഞു. ആന അമ്മ മരച്ചുവട്ടില്‍നിന്നു.
എന്താ ഈ ആനയുടെ നിപ്പ്? അണ്ണാനും ആനയും തമ്മില്‍ എന്തോ പറഞ്ഞാരുന്നു. എന്തുമാവട്ടെ, കാക്കയെ തോണ്ടാന്‍ ഏത് എമണ്ടന്‍ ആനയും വന്നോട്ടെ. അതിനുമുമ്പ് - അണ്ണാത്തിയെ ഒരു പാഠം പഠിപ്പിക്കണം. ഒപ്പം കുഞ്ഞുങ്ങളെ റാഞ്ചാം. കാവന്‍കാക്ക ആ പണി ചെയ്യാനൊരുങ്ങി. ആ കൊച്ചുമരത്തിലൊരു എറുമ്പിന്‍കൂടൊണ്ട്. ഇല പൊതിഞ്ഞ് കൂടുരൂപത്തില്‍ അകത്തും പുറത്തും എറുമ്പുകള്‍... ആ ഇല അടര്‍ത്തി കടിച്ചുപിടിച്ചു. ഇനി ഇത് അണ്ണാത്തിയുടെ കൂടിനുള്ളലേക്കിടണം. കാവന്‍കാക്ക അങ്ങനെ ചെയ്തു. ഹായ്! ഇപ്പോ നല്ല രസായിരിക്കും. എറുമ്പു പൊതിയുമ്പോ സഹികെട്ട് അണ്ണാത്തി താഴേക്കു ചാടും.
പക്ഷേ, ചാടിയില്ല. ഞെളിപിരികൊണ്ടുറക്കെ കരഞ്ഞു. ആപ്പന്‍ ആന ആ കരച്ചിലു കേട്ടു.
''എന്താ എന്താ ഒണ്ടായേ?''
''എറുമ്പെറുമ്പ്... അയ്യോ!''
ആപ്പന്‍ തുമ്പിക്കൈ പൊക്കി.  ആ കൂടിനടുത്തുവരെ തുമ്പിക്കൈയെത്തി. എറുമ്പുകളില്‍നിന്ന് അണ്ണാത്തിയെയും കുഞ്ഞുങ്ങളെയും രക്ഷിക്കണമല്ലോ. പെട്ടെന്നാലോചിച്ചു. വഴി കണ്ടെത്തി. തുമ്പിക്കൈയിലൂടെ വായു ഉള്ളിലേക്കു ശക്തിയായി വലിച്ചു. അണ്ണാത്തിയെയും കുഞ്ഞുങ്ങളെയും പൊതിഞ്ഞ എറുമ്പുകള്‍ മുഴുവന്‍ തുമ്പിക്കൈയ്ക്കുള്ളിലായി. അങ്ങനെ അവരെ എറുമ്പില്‍നിന്നു രക്ഷിച്ചു. കാക്കയുടെ ലക്ഷ്യം തകര്‍ത്തു. പക്ഷേ, താന്‍ ആപത്തിലായി. തല പൊട്ടിപ്പോകുന്നതുപോലെ തുമ്പിക്കൈയ്ക്കുള്ളില്‍ എറുമ്പുകള്‍ ഇറുക്കുന്നു. അതിന്റെ കടി... വയ്യ സഹിക്കാന്‍ വയ്യ. അലറിത്തുമ്മി... എറുമ്പുകള്‍ ഒന്നും പുറത്തുപോയില്ല. കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നു. തലയിട്ടാട്ടി. കാക്ക കൂടുവച്ച മരം പിഴുതെടുത്തു. കണ്ണില്‍കണ്ടതൊക്കെ ചവിട്ടിത്തകര്‍ത്ത് ആപ്പന്‍ ആന അടുത്തുള്ള പുഴയില്‍ ചെന്നു ചാടിമുങ്ങി. അപ്പോള്‍ അങ്ങോട്ട് ഒരു നീര്‍ക്കോലി വേഗത്തിലെത്തി. അതിനെ ഒരു നീര്‍നായ് പിടിക്കാന്‍ ശ്രമിക്കുകയാണ്. രക്ഷപ്പെടാന്‍ നീര്‍ക്കോലി ആപ്പന്‍ ആനയുടെ തുമ്പിക്കൈക്കുള്ളിലേക്കു കയറി. നീര്‍നായ തിക്കും പൊക്കും നോക്കി. അയ്യോ! ഒരു വമ്പന്‍ കൊമ്പനാന. നീര്‍നായ പിന്തിരിഞ്ഞോടി. തുമ്പിക്കൈക്കുള്ളില്‍ പറ്റിപ്പിടിച്ചിരുന്ന എറുമ്പുകളെയെല്ലാം നീര്‍ക്കോലി ശാപ്പിട്ടു. വീണ്ടും ഉള്ളിലേക്കു നീര്‍ക്കോലി നീങ്ങി. പെട്ടെന്ന് ആപ്പന്‍ ആന ശക്തിയായി തുമ്മി. നീര്‍ക്കോലി പേടിച്ചു. എന്തോ ആപത്തൊണ്ട്. പിറകോട്ടു വലിഞ്ഞേക്കാം. വെളിയിലെത്തിയ നീര്‍ക്കോലി ആനയെ കണ്ടു പേടിച്ചു. ആന തലകുലുക്കി. നീര്‍ക്കോലി തലതാഴ്ത്തി ക്ഷമ ചോദിച്ചു. ''ങും... ക്ഷമിച്ചു. മേലില്‍ ഇതാവര്‍ത്തിക്കരുതു കോലാ. നീ പോ.'' 
ആപ്പന്‍ ആന ഉള്ളാലേ ആഹ്ലാദിച്ചു. എറുമ്പിന്റെ കടിയില്‍നിന്നു രക്ഷപ്പെട്ടല്ലോ. അപ്പന്‍ ആന പുഴയില്‍നിന്നു കയറി. അമ്മമരച്ചുവട്ടിലെത്തി. അല്ലി അണ്ണാത്തിയുടെയും കുഞ്ഞുങ്ങളുടെയും കാര്യം? ചുറ്റുവട്ടത്തെ മരങ്ങളെല്ലാം താഴെ മറിഞ്ഞുകിടക്കുന്നു. താന്‍ ചെയ്ത പണിയാണത്. ഓര്‍മ വരുന്നു.
ഝില്‍...ഝില്‍ ശബ്ദം.
അക്കനണ്ണാനും അല്ലിയണ്ണാത്തിയും. സന്തോഷത്തിലാണ്. കാക്കയില്‍നിന്നു കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടല്ലോ. ആനച്ചാര് രക്ഷിച്ചു. അപ്പോള്‍ തന്റെ കൂടു തകര്‍ത്ത, കൂടുവച്ച മരം പിഴുതെറിഞ്ഞ ആനയെക്കണ്ട് ദേഷ്യത്തോടെ കാക്കസംഘം ആപ്പന്‍ ആനയെ ഞോണ്ടാനും കാലുകൊണ്ടു മാന്താനും ശ്രമിച്ചു. ആപ്പന്‍ ആനയ്ക്ക് എന്തു പറ്റാനാ? എന്നാലും കാക്കകളുടെ ശല്യം അസഹ്യം. കാക്കകളെ തുമ്പിക്കൈകൊണ്ടാഞ്ഞടിച്ചു. ചില കാക്കകള്‍ താഴെ വീണു. കാക്ക സംഘംകൂടി. ആപ്പന്‍ ആന പുഴയിലേക്കിറങ്ങി തുമ്പിക്കൈയില്‍ വെള്ളം നിറച്ചു കാക്കകളുടെമേല്‍ ആഞ്ഞുചീറ്റി. ചില കാക്കകല്‍ താഴെ വീണു. ചില ആള്‍ക്കാരെത്തി കാക്കകളെ പിടികൂടാന്‍ ശ്രമിച്ചു. കിട്ടി. കിട്ടിയില്ല. ശേഷിച്ച കാക്കകള്‍ പറന്നു.
ആപ്പന്‍ ആന വീണ്ടും അമ്മ മരച്ചുവട്ടിലെത്തി. അക്കനണ്ണാനും അല്ലിയണ്ണാത്തിയും രണ്ടു മാതളനാരങ്ങാ കിട്ടിയതു താഴേക്കിട്ടു. ആന സന്തോഷത്തോടെ അതെടുത്തു. ''ആപത്തില്‍ സഹായിക്കണം. അതാണു നന്മ.''  ആ വഴിയെത്തിയ കാറ്റു പറഞ്ഞു. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)