•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

വിചാരണയില്ലാത്ത മുന്‍വിധികള്‍

ലോകത്തിലെ ചില വിശ്വോത്തരവിമാനക്കമ്പനികള്‍ അവരുടെ വിമാനടിക്കറ്റുകള്‍ മുന്തിയ നിരക്കില്‍ വില്‍ക്കുന്നു; മറ്റുചിലരാകട്ടെ   ഡിസ്‌കൗണ്ട്‌റേറ്റില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. വലിയ വിമാനക്കമ്പനികള്‍ ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ വിമാനം പറത്തിയിട്ടുള്ള സമര്‍ഥരായ വൈമാനികരെ നിയോഗിക്കുന്നുവെന്ന സത്യം നാം വിസ്മരിക്കുന്നു. നമ്മുടെ സുരക്ഷാസംബന്ധമായ പ്രശ്‌നങ്ങള്‍ നാം കാണാതെപോകുന്നു. ഒരുവിഭാഗം വിമാനക്കമ്പനികളെപ്പറ്റി അങ്ങനെ ചില മുന്‍വിധികള്‍ സൃഷ്ടിക്കുന്നു. മുന്‍വിധികള്‍ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാറുണ്ട് എന്നതിന് ഒരു ഉദാഹരണമാണിത്.
നമ്മുടെ ജീവിതത്തിന്റെ  പല തുറകളിലും  നമ്മുടെ ധാരണാശക്തിയെ സ്പര്‍ശിച്ചുകൊണ്ട്  ഈ മുന്‍വിധികള്‍ നില്‍ക്കുന്നുവെന്ന കാര്യം  നാം പലപ്പോഴും അംഗീകരിക്കാന്‍ തയ്യാറല്ല. ധാരണാശക്തിയെ ബാധിക്കുന്ന ഈ മുന്‍വിധികള്‍ക്കു കാരണം നമ്മുടെ ഉള്‍ക്കൊള്ളലിന്റെ, ശ്രദ്ധക്കുറവിന്റെ  പ്രശ്‌നമാണ്. നാം പലപ്പോഴും ശ്രവിക്കുന്നുണ്ട്, വേണ്ടവിധം മനസ്സിലാക്കുന്നില്ല. ശ്രദ്ധിക്കാനുള്ള കഴിവ് ഒരു വിലയേറിയ വിഭവശേഷിയാണ്.  
മുന്‍വിധിയുടെ മറ്റൊരു വകഭേദമുണ്ട്. അതായത്, നാം അഭിപ്രായം രൂപപ്പെടുത്തിക്കഴിഞ്ഞ ഒരു കാര്യത്തിന്  ഉപോദ്ബലകമായി എന്തെങ്കിലും വാര്‍ത്ത കേട്ടാല്‍ അതുകൂടി നമ്മുടെ ശേഖരിച്ചുവച്ച  ചിന്തകളോടു ചേര്‍ത്തുവയ്ക്കും എന്നതാണ് അത്. നമ്മുടെ വിശ്വാസത്തോടു ചേരുന്ന ചിന്തകള്‍മാത്രം ശേഖരിച്ച് അതിനെ സിമന്റിട്ടുറപ്പിക്കും. ഇനി വിശ്വസിച്ചുവച്ചിരിക്കുന്നതിനെ തകിടംമറിക്കുന്ന എത്ര വലിയ പുതിയ തെളിവുകള്‍തന്നെ വന്നാലും നാം അതൊന്നും സ്വീകരിക്കില്ല. നമ്മുടെ വിശ്വാസത്തെ  സ്ഥിരീകരിക്കുന്ന കഥകള്‍ക്കുമാത്രമായി നാം കാതോര്‍ക്കും. 
എന്താണ് ഈ മുന്‍വിധി?
നമ്മുടെ ചിന്തകളെയും വിശ്വാസങ്ങളെയും രൂപപ്പെടുത്തുന്ന, ജീവിതത്തെത്തന്നെയും അടക്കിഭരിക്കുന്ന ഒരു സ്വാധീനമാണ്  നാം അറിയാതെതന്നെ ഇത്തരം മുന്‍വിധികള്‍ ഒരുക്കിവയ്ക്കുക. നിങ്ങളുടെ മുന്‍വിധി ഒരു വ്യക്തിയോടോ ഒരു ലിംഗത്തില്‍പ്പെട്ടവരോടോ രാഷ്ട്രീയപ്പാര്‍ട്ടിയോടോ ഒരു സമുദായത്തോടോ ആകാം. ചിലപ്പോള്‍ അതൊരു മതത്തോടാകാം, സംഘടനയോടാകാം, പ്രത്യയശാസ്ത്രത്തോടാകാം, രാഷ്ട്രത്തോടുതന്നെയാകാം.  ഇതിനര്‍ഥം നമുക്കൊരു പക്ഷപാതമുണ്ട്,  നിഷ്പക്ഷമായ കാഴ്ചപ്പാടോ  സമഭാവമോ ഇല്ല എന്നാണ്. മനസ്സിന്റെ വാതായനങ്ങള്‍ നാം അടച്ചിട്ടിരിക്കുന്നു, സത്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവു നഷ്ടമായിരിക്കുന്നു.
മനുഷ്യന്റെ മസ്തിഷ്‌കത്തിന് പല പോരായ്മകളുമുണ്ട്. നാം പലപ്പോഴും  അധികം അന്വേഷണങ്ങള്‍ക്കൊന്നും മെനക്കെടാതെ,  വാദങ്ങളുടെ നിജസ്ഥിതി  മനസ്സിലാക്കാതെ പെട്ടെന്നൊരു അഭിപ്രായം  സൃഷ്ടിക്കും. പകുതിമാത്രം വേവുള്ള മുന്‍വിധികള്‍ സൃഷ്ടിക്കാന്‍  മസ്തിഷ്‌കം ചില കുറുക്കുവഴികള്‍ തേടും. ലോകത്തെ പഠിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാം ചില തീരുമാനങ്ങള്‍ ഉറപ്പിക്കും. ഡാനിയേല്‍ കഹ്നിമാന്‍  എന്ന മനഃശാസ്ത്രജ്ഞന്റെ കാലംമുതല്‍  വിദ്യാഭ്യാസം, വിജ്ഞാനസമ്പാദനം, മാനേജ്മെന്റ് എന്നിങ്ങനെ വിവിധ രംഗങ്ങളിലെ മുന്‍വിധിസ്വാധീനങ്ങളെക്കുറിച്ചു പഠനങ്ങള്‍ നടക്കുന്നുണ്ട്. പ്രായം വര്‍ധിക്കുന്നതോടെ മുന്‍വിധികളും  വര്‍ധിക്കുന്നതായി കാണാം. 
മുന്‍വിധികള്‍ പലവിധം 
നമുക്കു  മറ്റൊരാളുടെ  മുന്‍വിധികളും പക്ഷപാതവും  പെട്ടെന്നു കാണാം. പക്ഷേ, നാംതന്നെ എത്രകണ്ട്  ഇത്തരം പ്രവണതകളുടെ കൂച്ചുവിലങ്ങിനുള്ളിലാണ് എന്നറിയുന്നില്ല. ഉദാഹരണത്തിന്, ചില മനുഷ്യര്‍  അവര്‍ക്കു ലക്ഷ്യങ്ങള്‍ നേടാനാവാതെവരുമ്പോള്‍ അതിനു ചില ബാഹ്യകാരണങ്ങള്‍ കണ്ടെത്തും. വിദ്യാര്‍ഥിയെങ്കില്‍ പറയും അധ്യാപകര്‍ അത്ര ശരിയല്ലെന്ന്. ഉദ്യോഗാര്‍ഥി പറയും ഇന്റര്‍വ്യൂബോര്‍ഡിലെ  ചിലരുടെ പക്ഷപാതമാണു കാരണമെന്ന്. ചിലപ്പോള്‍ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചു നാം   കൂടുതല്‍ ശുഭാപ്തിവിശ്വാസം വച്ചുപുലര്‍ത്തും.  അതിനിടയില്‍ ചില ചെറിയ സാധ്യതകളെ  അവഗണിക്കും. മനസ്സില്‍ മംഗളകരമായതുമാത്രം കാണും. അല്ലാത്തതിനെ അവഗണിക്കും. ഇങ്ങനെ ചില സാധ്യതകളെ നാം അവഗണിക്കുന്നതും ഒരുതരം  മുന്‍വിധികൊണ്ടാണ്.
ചില മനുഷ്യര്‍ക്കു ചില കാര്യങ്ങളില്‍ അറിവ് വളരെ പരിമിതമായിരിക്കും. എങ്കിലും അവര്‍ കൂടുതലൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ എനിക്ക് അത്യാവശ്യം കാര്യങ്ങള്‍ അറിയാം ഇതില്‍ കൂടുതലൊന്നും എനിക്കു തത്കാലം മനസ്സിലാക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിക്കും. സര്‍വജ്ഞനാണ് ഞാന്‍ എന്നു കരുതുന്നവന്‍  അറിവിന്റെ, സത്യത്തിന്റെ വഴികളെല്ലാം അടച്ചുകെട്ടുകയാണു ചെയ്യുക. കൂടുതലൊന്നും അറിയേണ്ട ആവശ്യമില്ലെന്നു കരുതുന്ന പ്രവണതയും ഒരുതരം മുന്‍വിധിതന്നെ. ചില ഉട്ടോപ്യന്‍ ചിന്താഗതിക്കാര്‍  മൂഢന്മാരെപ്പോലെ ചിന്തിക്കും; 'എനിക്ക് എന്നോടൊപ്പം നില്‍ക്കുന്ന, എന്റെ വിശ്വാസങ്ങള്‍ പങ്കുവയ്ക്കുന്ന  അനുയായികളുണ്ട്.' 
ഇത്തരം ആളുകള്‍  ഒരിക്കലും തിരിഞ്ഞുനിന്ന് അവരുടെ, മറ്റുള്ളവരുടെ മനസ്സറിയാനോ തെറ്റുകള്‍ തിരുത്താനോ മെനക്കെടുകയില്ല.
പ്രകാശവലയം 
ഇനി ഏതെങ്കിലും ഒരു സുന്ദരിപ്പെണ്‍കുട്ടിയുടെ ഉദാഹരണമെടുക്കാം. അവള്‍ നില്‍ക്കുന്നത് ഒരു പ്രകാശ വലയത്തിലാണ്. അവളുടെ സൗന്ദര്യം ചുറ്റുമുള്ളവരുടെമേല്‍  ഒരു നല്ല  അഭിപ്രായമുണ്ടാക്കി, സ്വാധീനം  ചെലുത്തിയേക്കാം. അവള്‍ നല്ലൊരു വ്യക്തിത്വമുള്ളവളാണെന്നും സല്‍സ്വഭാവിയാണെന്നും നിങ്ങള്‍ക്കു ധാരണ ഉണ്ടാകാം. സൗന്ദര്യം അത്തരം ഒരു കാന്തിക വലയം സൃഷ്ടിക്കും. അതോടൊപ്പം നിങ്ങള്‍ അവളുടെ ഐക്യു ലെവലിനെക്കുറിച്ചും പാട്ടുപാടാനുള്ള കഴിവിനെക്കുറിച്ചും വെറുതെ ചിലത് ഊഹിച്ചുപോകും. ഇതൊന്നും സത്യമാകണമെന്നില്ല. അവള്‍ വെറും ഒരു സുന്ദരിമാത്രമായിരിക്കാം.
നാം മറ്റൊരാളില്‍നിന്ന് ഒരു  സംഭവത്തിന്റെ വിവരണം കേള്‍ക്കുന്നുവെന്നു വിചാരിക്കുക. ചിലപ്പോള്‍ അയാളുടെ  ആഖ്യാനത്തിലൂടെ നമുക്കു ലഭ്യമാകുന്നത്  വികലമായ സത്യങ്ങളായിരിക്കും. ചിലപ്പോള്‍ മൂന്നാമതൊരു വ്യക്തി സത്യസന്ധമായി ഇതേക്കുറിച്ചു പറയുമ്പോള്‍പോലും  നാം അയാളെ വിശ്വസിക്കില്ല.
ചില മനുഷ്യര്‍ മിടുക്കന്മാരായും  ശ്രേഷ്ഠന്മാരായും പ്രഭാവശാലികളായും സ്വയം പ്രതിഷ്ഠിക്കും. സത്യത്തില്‍ അവര്‍ ഒരു കഴിവും ഇല്ലാത്തവരായിരിക്കും. അവര്‍ അവരുടെ ഭാവനാസങ്കല്പങ്ങളില്‍ ജീവിക്കും, 'എന്തിനെയും വെല്ലുന്ന ശക്തിയും പാടവവും തനിക്കുണ്ട്' എന്നു വിശ്വസിച്ചുകൊണ്ട്.  പൊള്ളയായ ഇത്തരം വിശ്വാസം അവരെ തകര്‍ച്ചയുടെയും വിനാശത്തിന്റെയും വഴിയിലെത്തിക്കും.
നങ്കൂരമിടുന്ന മുന്‍വിധി 
നാം ഒരു സാധനം വാങ്ങാന്‍ പോകുന്നുവെന്നു വിചാരിക്കുക. ആദ്യമായി നാം ആ ഏരിയയെക്കുറിച്ചറിയണം സൗകര്യങ്ങളെക്കുറിച്ചറിയണം. അവിടങ്ങളില്‍ നിലവിലുള്ള വില അറിയണം; അതൊക്കെ വച്ചിട്ടാണു കൃത്യമായി വിലപേശാനാവുക. ചിലപ്പോള്‍  പണ്ടുനടന്ന കച്ചവടങ്ങളെക്കാളൊക്കെ കുറഞ്ഞ വിലയ്ക്കു കച്ചവടം നടക്കും. ഒരു ഉദാഹരണം പറയാം. അയര്‍ലണ്ടില്‍  ഒരു വലിയ ബംഗ്ലാവുവില്പനയ്ക്ക് ഓഫര്‍ വന്നു. ഒരു മലയാളി കാര്യമായ സമ്പാദ്യം ഒന്നുമില്ലാതിരുന്നിട്ടും വെറുതെ ഒന്നു കണ്ടുനോക്കാം എന്നു കരുതി. അയാള്‍ പറഞ്ഞത് വളരെ തുച്ഛമായ ഒരു തുകയായിരുന്നു. അദ്ഭുതം! ആ വില ഉടമയ്ക്ക് സ്വീകാര്യമായി, കച്ചവടം നടക്കുകയും ചെയ്തു. കാര്‍, ഫ്രിഡ്ജ് എന്നിങ്ങനെ എന്ത് ഉത്പന്നം നാം വാങ്ങാന്‍  ശ്രമിക്കുമ്പോഴും  നമ്മുടെ മനസ്സില്‍ നങ്കൂരമിട്ടു കിടക്കുന്ന ഒരു സങ്കല്പിതവില  ഉണ്ടാകും. അതിനെ ആധാരമാക്കുന്നതു ചിലപ്പോള്‍ മുന്‍വിധിക്കു കാരണമാകും.
ക്രിയാത്മകമായ പ്രയോജനങ്ങള്‍ 
മുന്‍വിധികള്‍ക്കു ചില ക്രിയാത്മകമായ  പ്രയോജനങ്ങളും ഉണ്ടാകാം. മനഃശാസ്ത്രജ്ഞന്മാര്‍  അഭിപ്രായപ്പെടുന്നതനുസരിച്ചു  മുന്‍വിധികള്‍  അനുയോജ്യമായമാത്രയില്‍ ഒരു അപായബോധം അല്ലെങ്കില്‍ മുന്‍കരുതല്‍ നമുക്കുണ്ടാക്കാന്‍ സഹായകമാകുന്നു.  പൊടുന്നനെ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ അതൊരു നേട്ടമാകും. അപകടം നിറഞ്ഞ വഴികളിലൂടെ നടക്കേണ്ടിവരുമ്പോള്‍ ദ്രുതഗതിയില്‍ എന്തിനെയും നേരിടാന്‍  ഇത് പ്രേരണാശക്തിതരുന്നു.
ഒറ്റയ്ക്ക് ഒരു സ്ത്രീ ഒരു റോഡിലൂടെ നടക്കുന്നു എന്നു വിചാരിക്കുക. ബോധമണ്ഡലത്തില്‍ തങ്ങി നില്‍ക്കുന്ന ഏതോ മുന്‍വിധിയാല്‍ അവള്‍ക്കു പിന്നാലെ  ഒരു അക്രമിയുണ്ടെന്ന്  അവള്‍ ഊഹിക്കാന്‍ തുടങ്ങുന്നു. അവള്‍ പെട്ടെന്നുതന്നെ ഒച്ച വയ്ക്കുകയോ, ടാക്‌സിക്കാറിനു കൈ കാണിക്കുകയോ ചെയ്തു രക്ഷാമാര്‍ഗം സ്വീകരിക്കുന്നു. ഇത്തരം മുന്‍വിധികള്‍ തത്സമയത്തുതന്നെ അനുയോജ്യമായ തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കാന്‍  പ്രേരകമാകുന്നുണ്ട്.
മുന്‍വിധികള്‍ ചില വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളെ തരംതിരിക്കാന്‍  സഹായകമാകും. ചില ഗണത്തില്‍ പ്പെടുന്ന വ്യക്തികളിലെ സവിശേഷതകള്‍ നാം മനസ്സില്‍ കുറിക്കും. ഒരു മംഗോളിയക്കാരനെയോ ആഫ്രിക്കക്കാരനെയോ കണ്ടാല്‍  നമുക്കു തിരിച്ചറിയാം. നമ്മുടെ മുന്‍വിധികള്‍ ചില അവസരങ്ങളില്‍ നമ്മുടെ ശത്രുക്കളാണ്. അതുകാരണം നമുക്ക് ഒരു വ്യക്തിയെക്കുറിച്ചോ വസ്തുവിനെക്കുറിച്ചോ വാസ്തവികമായ ഒരു അഭിപ്രായം രൂപപ്പെടുത്താനാവാതെവരുന്നു. വിശാലമായ ഈ ലോകത്തു ജീവിക്കുമ്പോള്‍ അത്തരം ഇടുങ്ങിയ കാഴ്ചപ്പാടുകള്‍  വച്ചുകൊണ്ട് നമ്മെത്തന്നെ സങ്കുചിതമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചുകൂടാ. നല്ല മനുഷ്യരും ചീത്ത മനുഷ്യരും എല്ലാ നാട്ടിലും വിഭാഗങ്ങളിലും ഉണ്ട്. നമുക്ക് തുറവുള്ളവര്‍ ആകാം.
നാം സ്വയമുറപ്പിക്കും, എടുക്കുന്ന എല്ലാ തീരുമാനങ്ങളും തികച്ചും നീതിയുക്തവും  ബുദ്ധിപൂര്‍വവും ആണെന്ന്. പക്ഷേ, മിക്കവാറും  നാം പൂര്‍ണമായി അറിയാത്തതായിരിക്കും  സത്യങ്ങള്‍. കാര്യങ്ങളുടെ എല്ലാ വശങ്ങളും നാം കണ്ടെന്നു വരികയില്ല. മൊത്തമായി വിലയിരുത്തി ഒരു  'ക്രോസ്-ചെക്ക്' കൂടി ചെയ്യാന്‍ നാം മെനക്കെടാറില്ല. വസ്തുനിഷ്ഠമായ, നിഷ്പക്ഷമായ ചില കണ്ടെത്തലുകള്‍ ഇനിയും ബാക്കിനില്‍ക്കുന്നുണ്ടാകാം. സത്യത്തിനുമുമ്പില്‍ നാം ബധിരരും മൂകരുമായി നില്‍ക്കുന്നത് ചിലപ്പോള്‍ കാലിടറാന്‍ കാരണമാകും. തെറ്റായ വിധിയെഴുത്തുകളിലേക്കും തീരുമാനങ്ങളിലേക്കും നാം നയിക്കപ്പെടും. പ്രശ്‌നങ്ങളുടെ ചുഴികളില്‍ വീഴാനും അതു കാരണമാകും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)