ഏഷ്യന്‍ ഗെയിംസ് ഏതാനും മാസംമാത്രം അകലെ നില്‍ക്കെ മലേഷ്യ മാസ്റ്റേഴ്‌സ് സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ കിരീടവിജയം എച്ച്.എസ്. പ്രണോയിക്കുമാത്രമല്ല, ഇന്ത്യന്‍ ബാഡ്മിന്റനുതന്നെ പ്രതീക്ഷ നല്‍കുന്നു. മുന്‍നിരതാരങ്ങളെ ഇടയ്ക്കിടെ അട്ടിമറിക്കുമ്പോഴും കിരീടം പലപ്പോഴും പ്രണോയിയില്‍നിന്നു വഴുതിമാറിയിരുന്നു. എന്നാല്‍, ഈ സീസണിലെ പ്രഥമ ടൂര്‍ണമെന്റ് വിജയത്തോടെ പ്രണോയ് എന്ന തിരുവനന്തപുരം സ്വദേശി പുതുചരിത്രം രചിച്ചു. മുപ്പതുകാരനും ലോകറാങ്കിങ്ങില്‍ ഒമ്പതാമനുമായ പ്രണോയ്‌യുടെ ആദ്യത്തെ ബി. ഡബ്ല്യൂ.എഫ്. വേള്‍ഡ് ടൂര്‍ കിരീടമാണിത്.
കഴിഞ്ഞയാഴ്ചതന്നെ, ലോക അഞ്ചാംനമ്പര്‍ ചു ടിയെന്‍ ചെനിനെയും ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ ലിഷി ഫെങ്ങിനെയും ജപ്പാന്റെ കരുത്തനായ കെന്റ നിഷിമോട്ടോയെയും പരാജയപ്പെടുത്തിയ പ്രണോയ് ഞായറാഴ്ച ക്വലാലംപൂരില്‍ കലാശപ്പോരാട്ടത്തില്‍ ചൈനയുടെ വെങ്‌ഹോങ് യാങ്ങിനെയാണു തോല്പിച്ചത്. 94 മിനിറ്റില്‍ പ്രണോയ് 21-19, 13-21, 21-18 ന് വിജയിച്ചു. വെങ് ലോകറാങ്കിങ്ങില്‍ മുപ്പത്തിനാലാമതാണെങ്കിലും പോരാട്ടം കടുത്തതായിരുന്നു.
സുദിര്‍മാന്‍ കപ്പ് മിക്‌സ്ഡ് ടീം ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ട് കടക്കാതെ, പ്രണോയ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ഈയിടെ പുറത്തായിരുന്നു. ചൈനീസ് തായ്‌പേയ്‌ക്കെതിരേ വനിതാ ഡബിള്‍സില്‍ ഗായത്രി ഗോപീചന്ദും മലയാളിതാരം ട്രീസാ ജോളിയും വിജയം നേടിയതുമാത്രമായിരുന്നു സുദീര്‍മാന്‍ കപ്പിലെ ഇന്ത്യയുടെ ആശ്വാസം. പോയവര്‍ഷം തോമസ് കപ്പ് ജയിച്ച് ചരിത്രമെഴുതിയ ഇന്ത്യന്‍ടീമില്‍ പ്രണോയ് അംഗമായിരുന്നു.
യു. വിമല്‍കുമാറിലൂടെ ബാഡ്മിന്റനിലെ പ്രഥമ മലയാളി ഒളിമ്പ്യന്‍ പിറന്നത് 1992 ല്‍ ബാര്‍സിലോണയിലാണ്. ഫ്രഞ്ച് ഓപ്പണ്‍ ജയിച്ചുകൊണ്ട് വിമല്‍തന്നെയാണ് വിദേശരാജ്യങ്ങളിലെ ടൂര്‍ണമെന്റുകളില്‍ മലയാളികളുടെ വിജയത്തിനു തുടക്കമിട്ടത്. പിന്നീട് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലുമൊക്കെ ടീം ഇനങ്ങളില്‍ മലയാളികളുടെ കുതിപ്പുകണ്ടു.
ജോര്‍ജ് തോമസ്, സനേവ് തോമസ്, മര്‍ക്കോസ് ബ്രിസ്‌റ്റോ, ജസീല്‍ പി. ഇസ്മയില്‍, വി.ഡിജു തുടങ്ങി രാജ്യാന്തരനേട്ടങ്ങള്‍ കൈവരിച്ചൊരു താരനിര കേരളത്തില്‍നിന്നു വളര്‍ന്നുവന്നു. ഡിജു ജ്വാലഗുട്ടയുമൊത്ത് മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ കരുത്തുറ്റ സാന്നിധ്യം അറിയിച്ചു. പ്രണോയിക്കു പിന്നാലെ ഒരു കൗമാര, യുവതാരനിര വളര്‍ന്നുവരുന്നുണ്ട്.
വനിതാവിഭാഗത്തിലും മലയാളിതാരങ്ങള്‍ കരുത്തു കാട്ടുന്നു.
വ്യക്തിഗതവിഭാഗത്തില്‍ എച്ച്.എസ്. പ്രണോയ്‌യുടെ തിരിച്ചുവരവുകൂടിയാണിത്. 2015 ല്‍ ഇന്തോനേഷ്യ മാസ്റ്റേഴ്‌സും 2016 ല്‍ സ്വിസ് ഓപ്പണും 2017 ല്‍ യു.എസ്. ഓപ്പണും വിജയിച്ച ശേഷം സിംഗിള്‍സ് കിരീടങ്ങള്‍ പ്രണോയിയില്‍നിന്നു തെന്നിമാറുകയായിരുന്നു. ടീം വിജയങ്ങളില്‍മാത്രമായി പിന്നീട് പ്രണോയ്‌യുടെ നേട്ടങ്ങള്‍ ഒതുങ്ങി. ക്വലാലംപൂരിലെ വിജയം പ്രണോയിക്ക് ആശ്വാസംമാത്രമല്ല, ആത്മവിശ്വാസവും പ്രദാനം ചെയ്യുമെന്നതില്‍ സംശയമില്ല.
തിരുവനന്തപുരം സ്വദേശി സുനില്‍കുമാറിന്റെയും ഹസീനയുടെയും പുത്രന്‍ പ്രണോയ്ക്ക് എട്ടാം വയസ്സില്‍ ബാഡ്മിന്റന്റെ ആദ്യപാഠങ്ങള്‍ പറഞ്ഞുകൊടുത്തത് പിതാവുതന്നെ. പോയവര്‍ഷം സ്വിസ് ഓപ്പണില്‍ ഫൈനിലിലും ഇന്തോനേഷ്യ ഓപ്പണില്‍ സെമിയിലും പരാജയപ്പെട്ട പ്രണോയ്‌യുടെ തിരിച്ചുവരവ് കുടുംബത്തിനും ആശ്വാസമായി. ഐ.ടി.ജീവനക്കാരി ശ്വേതയാണു പ്രണോയ്‌യുടെ ഭാര്യ.
ഏതാനും വര്‍ഷമായി ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലുമൊക്കെ ഇന്ത്യന്‍ താരങ്ങള്‍ ബാഡ്മിന്റനില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നു. മിക്‌സഡ് ടീം ഇനത്തിലെ വിജയത്തില്‍ മലയാളിപ്രാതിനിധ്യം പ്രകടമാണ്. എച്ച്.എസ്. പ്രണോയ് കൈവരിച്ച നേട്ടം മറ്റു മലയാളിതാരങ്ങളെ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ പ്രേരിപ്പിക്കും. തോമസ് കപ്പിലും യൂബര്‍ കപ്പിലും മത്സരിക്കുന്ന ഇന്ത്യന്‍ ടീമുകളില്‍ പതിറ്റാണ്ടുകളായി മലയാളി പ്രാതിനിധ്യമുണ്ട്. പക്ഷേ, വ്യക്തിഗതനേട്ടങ്ങള്‍ കുറവാണ്.
ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസും അടുത്തവര്‍ഷം ഒളിമ്പിക്‌സും നടക്കാനിരിക്കേ ബാഡ്മിന്റനില്‍ ഇന്ത്യ നല്ല തയ്യാറെടുപ്പാണു നടത്തുന്നത്. 2012 ല്‍ ലണ്ടനില്‍ സൈന നെഹ്‌വാള്‍ നേടിയ വെങ്കലവും 2016 ല്‍ റിയോയില്‍ വെള്ളിയും 2021 ല്‍ ടോക്കിയോയില്‍ വെങ്കലവും നേടിയ പി.വി. സിന്ധുവിന്റെ പ്രകടനവും ഒരു തുടര്‍ക്കഥയായി മാറുമെന്നാണു പ്രതീക്ഷ. ഗുസ്തിയും ബോക്‌സിങ്ങും കഴിഞ്ഞാല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന ഇനം ബാഡ്മിന്റനാണ്. അതുകൊണ്ടുതന്നെ ബാഡ്മിന്റന്‍ കോര്‍ട്ടില്‍ ഇറങ്ങുന്ന മലയാളിതാരങ്ങള്‍ക്ക് പ്രതീക്ഷയോടെ പരിശീലനം നടത്താം.
മുമ്പ്, തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബും എറണാകുളത്ത് ആലുവ ഫാക്ട് ടൗണ്‍ഷിപ്പുമൊക്കെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ ബാഡ്മിന്റന്‍ പരിശീലനം. ഇന്നത് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെ കൂടുതല്‍ കേന്ദ്രങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ട്. പക്ഷേ, വളര്‍ന്നുവരുന്ന താരങ്ങള്‍ അടുത്തഘട്ടം പരിശീലനത്തിന് ഇപ്പോഴും ബംഗളുരുവിലെ പ്രകാശ് പദുക്കോണ്‍ അക്കാദമിയെയും ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയെയും ആശ്രയിക്കുന്നു. ഹൈപെര്‍ഫോമന്‍സ് ബാഡ്മിന്റന്‍ പരിശീലനകേന്ദ്രങ്ങള്‍ കേരളത്തിലും തുടങ്ങേണ്ട കാലം കഴിഞ്ഞു. പദുക്കോണ്‍ അക്കാദമിയില്‍ പ്രകാശ് പദുക്കോണ്‍ കഴിഞ്ഞാല്‍ പരിശീലകരില്‍ അടുത്ത സ്ഥാനം നമ്മുടെ വിമല്‍കുമാറിനാണ് എന്ന് ഓര്‍ക്കണം. കേരളത്തില്‍ ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ ധാരാളമായി ഉയരുന്നുണ്ട്. ആരെങ്കിലും ഒരു ഉന്നതപരിശീലനകേന്ദ്രത്തെക്കുറിച്ചു ചിന്തിക്കണം. വിമലിന്റെയൊക്കെ മാര്‍ഗനിര്‍ദേശം ലഭിക്കും. സംശയം വേണ്ട.