ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായ്ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ട്, കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച ഗ്രന്ഥം 2023 ഏപ്രില്‍ 12-ാം തീയതി പ്രസിദ്ധീകൃതമായി. പുസ്തകപഠനത്തിന്റെ മൂന്നാം ഭാഗം
ദൈവം പിതാവാണ് എന്ന ആന്തരികാനുഭവം, ബനഡിക്ട് പതിനാറാമന്റെ ജീവിതത്തിലുടനീളം അദ്ദേഹത്തിനു വഴികാട്ടിയായിരുന്നു. മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രനായ ഈശോമിശിഹായിലൂടെ ദൈവപിതാവിന്റെ പിതൃത്വം ആഴത്തില്‍ അനുഭവിച്ചറിഞ്ഞ ബനഡിക്ട് പതിനാറാമനെയാണ് കര്‍ദിനാള്‍ സറാ തന്റെ സ്‌നേഹോപഹാരമായ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് പരിചയപ്പെടുത്തുന്നത്.
തിയോളജിയും ആധ്യാത്മികതയും തമ്മിലുള്ള അന്തരം അകറ്റാന്‍ ഉപകരിക്കത്തക്കവിധം 1970 കളുടെ ആരംഭത്തില്‍ പ്രൊഫസര്‍ റാറ്റ്‌സിങ്ങര്‍ പരിശുദ്ധത്രിത്വത്തെക്കുറിച്ച് ഒമ്പതു ധ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന The God of Jesus Christ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
ഈശോയെക്കൂടാതെ, പിതാവാരെന്നു ഗ്രഹിക്കാന്‍ നമുക്കു സാധിക്കുകയില്ലെന്നും ഈശോ പിതാവിനെ അറിയുന്നതു പ്രാര്‍ഥനയിലൂടെയാണെന്നും പ്രസ്തുത ഗന്ഥത്തില്‍ ജോസഫ് റാറ്റ്‌സിങ്ങര്‍ പ്രസ്താവിക്കുന്നു. ഈശോ പിതാവിനോടുള്ള പ്രാര്‍ഥനയില്‍ ചെലവഴിച്ച അതേ വിധത്തില്‍ റാറ്റ്‌സിങ്ങറും പ്രാര്‍ഥനവഴി പിതാവായ ദൈവത്തിന്റെ ദിവ്യരഹസ്യത്തില്‍ നിമഗ്നനായി.
ഞങ്ങളുടെ പിതാവേ, എന്നു വിളിച്ചപേക്ഷിക്കുമ്പോള്‍ ദൈവപിതാവിന്റെ നന്മയും സ്‌നേഹവും അനുഭവിച്ചറിഞ്ഞ ഹൃദയത്തിന്റെ സ്വരമായി അത് ജോസഫ് റാറ്റ്‌സിങ്ങറില്‍ പ്രതിധ്വനിക്കുന്നു. ''കര്‍ത്താവേ, അങ്ങയുടെ സ്‌നേഹത്തിന്റെ കരവലയത്തില്‍, പിതാവിനു പുത്രനോടുള്ള അനന്തസ്‌നേഹത്തില്‍, ഞങ്ങളെ ചേര്‍ത്തുപിടിക്കണമേ'' എന്ന് ബനഡിക്ട് പാപ്പാ 2008 ല്‍ ലൂര്‍ദില്‍ ദിവ്യകാരുണ്യതിരുസന്നിധിയില്‍ പ്രാര്‍ഥിച്ചപ്പോള്‍അദ്ദേഹത്തിന്റെ ആത്മാംശംതന്നെയാണ് അവിടെ പ്രശോഭിതമായതെന്ന് കര്‍ദിനാള്‍ സറാ എഴുതുന്നു.
ആധ്യാത്മികശിശുത്വം
ശിശുവായി പിറന്ന ദൈവത്തിന്റെ മുഖം ഉണ്ണിയീശോയില്‍ ദര്‍ശിക്കുകയും ധ്യാനിക്കുകയും ചെയ്ത ബനഡിക്ട് പതിനാറാമന്റെ മുഖത്ത് ശിശു സഹജമായ ലാളിത്യവും നിഷ്‌കളങ്കതയും തിളങ്ങിനിന്നിരുന്നുവെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു. ആഘോഷമായ ദിവ്യകാരുണ്യസ്വീകരണദിനത്തിലെ ഭക്തിതീക്ഷ്ണത ബനഡിക്ട് പാപ്പായുടെ ജീവിതത്തില്‍ നഷ്ടപ്പെടാതെ നിലനിന്നതായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു ശിശു പിതാവിന്റെ കരങ്ങളില്‍ അനുഭവിക്കുന്ന സുരക്ഷിതത്വവും ശാന്തിയും സമാധാനവും ദൈവപിതാവിന്റെ കരങ്ങളില്‍ ബനഡിക്ട് പതിനാറാമന്‍ എന്നും അനുഭവിച്ചിരുന്നു. സത്യസന്ധമായ ആ ജീവിതത്തില്‍ സുതാര്യതയുടെ തിളക്കമുണ്ടായിരുന്നു.
ഒരു പൊതുദര്‍ശനവേളയില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചത്വരത്തില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തോട് ബനഡിക്ട് പതിനാറാമന്‍ പറഞ്ഞു: ''ദൈവം നമ്മുടെ പിതാവാണ്. അവിടുത്തേക്ക് നമ്മള്‍ ഊരും പേരുമില്ലാത്ത അജ്ഞാതരല്ല. അവിടുത്തേക്ക് നമ്മുടെ പേരറിയാം.'' തുടര്‍ന്ന് അദ്ദേഹം സങ്കീര്‍ത്തനം 119, 73-ാം വാക്യം 'അവിടുത്തെ കരം എനിക്കു രൂപം നല്കി' എന്ന ഭാഗം പ്രാര്‍ഥിക്കുമ്പോള്‍ ഉണ്ടാകുന്ന വിസ്മയകരമായ അനുഭൂതി എന്താണെന്നു പറഞ്ഞുവയ്ക്കുന്നുണ്ട്: ''ഞാന്‍ ദൈവത്തിന്റെ ചിന്തയിലുണ്ടായിരുന്നു. ഞാന്‍ ജന്മംകൊള്ളണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അവിടുന്ന് എനിക്കു ജീവന്‍ നല്കി.''
ക്രിസ്തീയാനന്ദം
ബനഡിക്ട് പതിനാറാമന്റെ പുഞ്ചിരിയുടെ വശ്യത അനുസ്മരിച്ചുകൊണ്ട് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നു: ''ബനഡിക്ട് പിതാവ് എപ്പോഴും സന്തോഷവാനായിരുന്നു.'' 2012 ല്‍ യുവജനങ്ങള്‍ക്കു നല്‍കിയ സന്ദേശത്തില്‍ അവരുടെ ഒരു തെറ്റുധാരണ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. പലരും ചിന്തിക്കുന്നതുപോലെ, ക്രിസ്തുദര്‍ശനം മനുഷ്യന്റെ സന്തോഷത്തിനു വിഘാതമാകുന്നില്ല; അവന്റെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നില്ല. ക്രൈസ്തവര്‍ യഥാര്‍ഥത്തില്‍ സന്തോഷവാന്മാരാണ്. കാരണം, അവര്‍ ഒറ്റയ്ക്കല്ലെന്നും എപ്പോഴും ദൈവകരങ്ങള്‍ അവരെ താങ്ങുന്നുണ്ടെന്നും അവര്‍ക്കറിയാം. ഇപ്രകാരമാണ് ബനഡിക്ട് പിതാവ് തന്റെ അടിസ്ഥാനവീക്ഷണങ്ങള്‍ വിശദീകരിച്ചിരുന്നത്.
മന്ദസ്മിതം
മാര്‍പാപ്പാമാരുടെ വേനല്‍ക്കാലവസതി സ്ഥിതിചെയ്യുന്ന കാസ്റ്റല്‍ ഗണ്‍ഡോള്‍ഫോയില്‍ ആയിരിക്കുന്നത് ബനഡിക്ട് പിതാവിന് ഏറെ സന്തോഷകരമായിരുന്നു. അവധിക്കാലത്തും ഞായറാഴ്ചകളില്‍ തീര്‍ഥാടകരോട് അദ്ദേഹം സംസാരിച്ചിരുന്നു. അതില്‍ ഒരു ദിവസം സന്ദേശം വായിച്ചു പൂര്‍ത്തിയായി എന്നു കരുതി പാപ്പാ ബാല്‍ക്കണിയില്‍നിന്നു പിന്തിരിഞ്ഞു നടന്നു. എന്നാല്‍, മറവി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹം ചെറുചിരിയോടെ തിരികെ വന്നു. അപ്പോള്‍, പതിവുള്ള ആശീര്‍വാദമാണ് മറന്നത്. വീണ്ടും പ്രത്യക്ഷപ്പെട്ട് ചിരിച്ചുകൊണ്ട് ആശീര്‍വാദം നല്കി.
വലിയ ആന്തരികസന്തോഷത്തോടെയാണ് അദ്ദേഹം തിരുക്കര്‍മങ്ങള്‍ ആഘോഷിച്ചിരുന്നത്. ഒരു തവണ അദ്ദേഹം ഗ്ലോറിയാഗീതം തുടങ്ങിക്കൊടുത്തപ്പോള്‍ ട്യൂണ്‍ അല്പം തെറ്റിപ്പോയി. അത് ക്വയറിനു ബുദ്ധിമുട്ടായെന്നു മനസ്സിലാക്കി ബനഡിക്ട് പാപ്പാ അവരുടെ നേരേ തിരിഞ്ഞ് സോറി പറയുന്നതുപോലെ ലളിതമായ ഒരു പുഞ്ചിരി സമ്മാനിച്ചു. ഇക്കാര്യങ്ങള്‍ എടുത്തുപറഞ്ഞിട്ട് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു: ''ബനഡിക്ട് പതിനാറാമന്റെ ആനന്ദത്തിന്റെ രഹസ്യം അപ്പോള്‍ എനിക്കു വ്യക്തമായി. അദ്ദേഹം തന്നെത്തന്നെ ഗൗരവത്തില്‍ എടുത്തിരുന്നില്ല. ബനഡിക്ട് പതിനാറാമന്‍ ദൈവത്തെയാണ് ഗൗരവമായി എടുത്തിരുന്നത്; അതും ശിശുസഹജമായ ഹൃദയത്തോടെ.''
2005 ഡിസംബര്‍ എട്ടാം തീയതി മാതാവിന്റെ അമലോദ്ഭവത്തിരുനാളില്‍ നല്കിയ സന്ദേശത്തില്‍ ബനഡിക്ട് പിതാവ് പറഞ്ഞു: ''പലരും സംശയിക്കുന്നതുപോലെ പാപം ചെയ്യാത്തവന്‍ മുഷിപ്പനും അരസികനുമായിരിക്കണമെന്നില്ല.'' അവനു ജീവിതാനുഭവമില്ലെന്നു പറഞ്ഞ് തിന്മയിലേക്ക് ആകര്‍ഷിക്കുന്ന പ്രലോഭനത്തെക്കുറിച്ചും പാപ്പാ അന്നു സംസാരിച്ചു. ദൈവത്തിന്റെ കരങ്ങളില്‍ തന്നെ കൈയാളിക്കുന്നവന്‍ ഒരു പാവയായി മാറുന്നില്ല. അവന്റെ സ്വാതന്ത്ര്യം നഷ്ടമാകുന്നില്ല. അവന്‍ അരസികനാകുന്നില്ല. ദൈവത്തോട് അവന്‍ എത്രമാത്രം അടുക്കുന്നുവോ അതിനനുസൃതമായി മനുഷ്യരോട് അടുക്കുകയും ജീവിതം സന്തുഷ്ടവും സജീവവുമായി മാറുകയും ചെയ്യുന്നുവെന്നും ബനഡിക്ട് പിതാവ് വ്യക്തമാക്കി.
2008 ലെ ക്രിസ്മസ്‌സന്ദേശത്തില്‍, 'മനുഷ്യന് ദൈവത്തോടുള്ള ഭയം മാറ്റാനാണ് ശിശു വായി അവിടുന്ന് ലോകത്തില്‍ ജനിച്ച'തെന്ന് ബനഡിക്ട് പിതാവ് പ്രഘോഷിച്ചു. ശിശുവിനു മനുഷ്യന്റെ സ്‌നേഹവും പരിചരണവും ആവശ്യമാണ്. ദൈവം എളിയവനായിത്തീരുന്നു. ആ നന്മയും വിനയവും നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനാണ് ഈശോ ആഹ്വാനം ചെയ്തത്.
ദൈവത്തെ 'ഞങ്ങളുടെ പിതാവേ' എന്നു വിളിക്കുമ്പോള്‍ നമ്മള്‍ ഒറ്റയ്ക്കല്ല, വലിയ ഒരു സിംഫണിയുടെ ഭാഗമായി എല്ലാവരും ചേര്‍ന്നാണ് ദൈവത്തോടു പ്രാര്‍ഥിക്കുന്നതെന്ന് ബനഡിക്ട് പിതാവ് വികാരനിര്‍ഭരമായ വാക്കുകളില്‍ ഉദ്‌ബോധിപ്പിച്ചിരുന്നു (മേയ് 23, 2012).
2012 ലെ ക്രിസ്മസിന്റെ പാതിരാക്കുര്‍ബാനയ്ക്ക് ക്ഷീണിതനെങ്കിലും എത്ര വലിയ ഉണര്‍വോടും ഭക്തിയോടുംകൂടിയാണ് ബനഡിക്ട് പാപ്പാ അതിമനോഹരമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കായില്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കിയതെന്ന് കര്‍ദിനാള്‍ സറാ നേരിട്ടു ദര്‍ശിച്ച കാര്യം ഈ ഗ്രന്ഥത്തില്‍ അനുസ്മരിക്കുന്നുണ്ട്.
'നീ എന്റെ പുത്രനാകുന്നു' എന്ന വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രിഗോറിയന്‍ഗീതം ആലപിച്ചുകൊണ്ടിരുന്നപ്പോള്‍ ബനഡിക്ട് പതിനാറാമന്റെ മുഖം പുല്‍ക്കൂട്ടിലെ ഉണ്ണിയുടെ അതേ മുഖമായിരുന്നുവെന്നാണ് സുന്ദരമായ വാക്കുകളില്‍ ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നത്.
സത്യവും സ്‌നേഹവും നന്മയും നൈര്‍മല്യവുമെല്ലാം അതിന്റെ പരിപൂര്‍ണതയില്‍ ഉണ്ണിയീശോയില്‍ മാലാഖാമാരോടൊപ്പം ദര്‍ശിക്കുവാന്‍ സാധിക്കുന്നതിലാണ് ബനഡിക്ട് പിതാവിന്റെ ആനന്ദം അടങ്ങിയിരിക്കുന്നത്. അത് അദ്ദേഹം സഭാതനയര്‍ക്കെല്ലാം പകര്‍ന്നുനല്‍കാന്‍ ആഗ്രഹിച്ചു.
'ലോകത്തില്‍, പുല്‍ക്കൂട്ടില്‍നിന്നുള്ള ദിവ്യപ്രകാശം അണഞ്ഞാല്‍ അതോടൊപ്പം മനുഷ്യന്റെ അന്തസ്സും അപ്രത്യക്ഷമാകും' എന്ന പ്രവാചകതുല്യമായ വാക്കുകളോടെയാണ് ബനഡിക്ട് പിതാവ് ആ സന്ദേശം ഉപസംഹരിച്ചത് എന്നും കര്‍ദിനാള്‍ സറാ ഓര്‍മിക്കുന്നു.