മനസ്സിന്റെയും തലച്ചോറിന്റെയും നിഗൂഢതകള്‍ പലതും സങ്കീര്‍ണ മാണ്. മനസ്സ് എപ്പോഴും നമ്മെ ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. തത്ത്വചിന്തകരും പിന്നീട് ന്യൂറോളജിസ്റ്റുകളും ന്യൂറോ സയന്റിസ്റ്റുകളും അനുബന്ധമേഖലകളിലെ മറ്റു ശാസ്ത്രജ്ഞരും നൂറ്റാണ്ടുകളായി മനസ്സിന്റെയും തലച്ചോറിന്റെയും രഹസ്യം തേടി നടന്നതിന്റെ ഫലമായി ലഭിച്ച ശാസ്ത്രീയതെളിവുകളും ആശയങ്ങളും ഇപ്പോള്‍ നമുക്കുമുന്നിലുണ്ട്.
മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രകടമാകുന്ന ഭൗതികസവിശേഷതകളിലൊന്നാണ് മനസ്സ്. ബോധം അഥവാ മനസ്സ് എല്ലായ്പ്പോഴും സംഭവിക്കുന്നതും നിലനില്ക്കുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനൊപ്പമാണ്. രണ്ടും മറ്റൊന്നില്ലാതെ ഒരിക്കലും ഒറ്റയ്ക്കു സംഭവിക്കുന്നില്ല. ആരോഗ്യമുള്ള മസ്തിഷ്കത്തിന്റെ വിവരവിശകലന പ്രക്രിയകളില്‍നിന്നു പ്രത്യക്ഷമാകുന്ന ശാരീരികപ്രവര്ത്തനമാണു മനസ്സ്.
തലച്ചോറിനെ മാറ്റാനുള്ള മനസ്സിന്റെ കഴിവാണ് ന്യൂറോപ്ലാസ്റ്റിറ്റി. മാനസികാനുഭവങ്ങള്‍ തലച്ചോറിലെ ശാരീരികപ്രവര്ത്തനങ്ങളില്നിന്നുമാത്രമേ ഉണ്ടാകൂ. എന്നാല്‍, ന്യൂറോ സയന്റിസ്റ്റുകളുടെ പഠനങ്ങള്‍പ്രകാരം നമ്മുടെ മാനസികചിന്തകള്‍ ബ്രെയിന്‍ കെമിസ്ട്രിയിലൂടെ നമ്മുടെ മസ്തിഷ്കഘടനയെ മാറ്റുന്നുവെന്നു കണ്ടെത്തി. അതുകൊണ്ടുതന്നെ, മനോനിലകള്‍ അഥവാ വികാരവിചാരങ്ങള്‍ മാറുമ്പോള്‍ തലച്ചോറിനും മാറ്റം വരുന്നു. നല്ല ശീലങ്ങളുടെയും ദുശ്ശീലങ്ങളുടെയും മാനസികമാറ്റങ്ങള്‍ അതിനാലാണ്. മനസ്സിന്റെ മാറ്റം തലച്ചോറിനെയും തലച്ചോറിന്റെ മാറ്റം മനസ്സിനെയും പരസ്പരം ബാധിക്കും. എല്ലാ ഇന്ദ്രിയങ്ങളും അവയുടെ അനുഭവങ്ങളും മനസ്സിനെ ബാധിക്കാന്‍ കാരണമതാണ്. ഗാനത്തിനും പ്രകൃതിരമണീയതയ്ക്കും മനസ്സിനെയും അതിലൂടെ ശരീരത്തെയും സ്വാധീനിക്കാന്‍ സാധിക്കുന്നതിന്റെ കാരണമതാണ്.
ജൈവകുലത്തിലെ ജീനുകളിലെ പരിണാമത്തിന്റെ ഫലമാണ് ബ്രെയിന്‍. ജീനുകളാലും അനുഭവങ്ങളാലും മസ്തിഷ്കം മാറ്റപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു. കാലാനുസൃതമായ തുടര്പരിണാമങ്ങളിലൂടെയുള്ള കേന്ദ്രനാഡീവ്യവസ്ഥയുടെ പുരോഗമനപരമായ വികാസം ഇന്നത്തെ മനുഷ്യബുദ്ധിയില്‍ എത്തിനില്‍ക്കുന്നു. മനുഷ്യമസ്തിഷ്കം ഇപ്പോഴും പരിണാമത്തിനു വിധേയമാണ്. ഞാന്‍ എന്ന ബോധവും ബുദ്ധിയും ആത്മാവ് എന്ന അറിവും ജീവനും എല്ലാം തലച്ചോറിന്റെ ശാരീരികപ്രവര്ത്തനംമാത്രം. ബ്രെയിന്‍ എന്ന അവയവത്തിന്റെ ശാരീരികധര്മമാണ് മനസ്സായി തിരിച്ചറിയുന്നത്. പരിണാമപരമായി മറ്റൊരു ജീവിക്കും മനുഷ്യമസ്തിഷ്കത്തിന്റെ വലുപ്പമോ ചുളിവുകളോ ഇല്ല. പ്രതലവിസ്തീര്‍ണ്ണം കൂടിയ ആ ചുളിവുകളുടെ രഹസ്യമാണ് മസ്തിഷ്കബോധം അടങ്ങുന്ന മനസ്സ്. മനസ്സും ബുദ്ധിയും ബോധവുംമൂലമുള്ള അസാധാരണമായ ഗുണഫലങ്ങള്‍ മനുഷ്യന്റെ അതിജീവനസാധ്യത പരിണാമപരമായി വര്‍ധിപ്പിക്കാന്‍ സഹായിച്ചു.
പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്ണവസ്തുവായ മനുഷ്യമസ്തിഷ്കം; ബുദ്ധി, വികാരം, ബോധം, ഓര്മ, സര്‍ഗാത്മകത എന്നിവയ്ക്കു കാരണമാകുന്ന നാഡീവ്യൂഹവുമായി ബന്ധിപ്പിച്ചിരിക്കുന്ന നൂറു ബില്യണിലധികം ന്യൂറോണുകള്‍ ഉള്‍ക്കൊള്ളുന്ന തലച്ചോറിലെ സെറിബ്രല്‍ കോര്ട്ടെക്സിലെ നെറ്റ്വര്‍ക്കുകളിലും സര്ക്യൂട്ടുകളിലുമുള്ള ന്യൂറല്‍ കണക്ഷനുകള്‍ മനസ്സിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. വിവിധ ഇന്ദ്രിയങ്ങള്‍വഴി അവയെ ബന്ധിപ്പിക്കുന്ന ന്യൂറോണുകളിലേക്ക് ഇടതടവില്ലാതെ വൈദ്യുതസിഗ്നല് പ്രത്യേക അനുപാതത്തിലും ക്രമത്തിലും എത്തുന്നു. ഒരു ന്യൂറോണില്നിന്നു മറ്റൊരു ന്യൂറോണിലേക്ക് അവയുടെ ആക്സോണ്വഴി (നാഡീകോശങ്ങളില്നിന്നു സിഗ്നല്‍ സഞ്ചരിക്കുന്ന കേബിള്‍) സിനാപ്സുമായി (വൈദ്യുത ന്യൂറോണ്‍ ജങ്ഷന്) ബന്ധപ്പെടുത്തിയിരിക്കുന്നു. സിനാപ്സുകളില്‍ എത്തുന്ന വൈദ്യുതസിഗ്നല് അടുത്ത ന്യൂറോണില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. തല്‍ഫലമായി നാഡീപ്രവര്ത്തനപ്രോഗ്രാം മറ്റു ന്യൂറോണുകളിലേക്ക് എത്തുന്നു.
ഇതിനൊക്കെ പങ്കുവഹിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ എന്നു വിളിക്കപ്പെടുന്ന രാസഘടകങ്ങള്‍ ഏതൊക്കെ ഇടങ്ങളില്‍ ഏതൊക്കെത്തരം നാഡീവ്യൂഹം ഉത്തേജിപ്പിക്കുന്നു തളര്‍ത്തുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ ബ്രെയിന്‍ ഭാഗം പ്രവര്‍ത്തിക്കണമെന്നു തീരുമാനിക്കുന്നു. ഓരോ ന്യൂറോണിനും ഏകദേശം 25,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സിനാപ്സുകളുമായി ബന്ധം ഉണ്ടായിരിക്കാം. വിവിധ കോമ്പിനേഷന്‍ സിനാപ്സുകളില്‍ ഉണ്ടാകുന്ന വൈദ്യുതസിഗ്നലിന്റെ ബീജഗണിതത്തുക ന്യൂറോണല്പ്രതികരണത്തെ നിര്‍ണയിക്കുന്നു. ഇവയുടെ തുകയുടെ ഏറ്റക്കുറച്ചിലാണ് നാം അനുഭവിക്കുന്ന മാനുഷികമൂല്യങ്ങളായ മനസ്സും ബോധവും സര്വവികാരവിചാരങ്ങളും. അതായത്, ഒരു കമ്പ്യൂട്ടറിന്റെ അതേ മെക്കാനിസമാണ് തലച്ചോറിലും സംഭവിക്കുന്നത്. എങ്കില്‍, കമ്പ്യൂട്ടര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുംപോലെ ബ്രെയിനെയും ഉപയോഗിക്കാന്‍ സാധിക്കുമോ?
നിലവില്‍ മൊബൈല്‍, കമ്പ്യൂട്ടര്‍ സോഫ്റ്റുവെയര്‍ റീ ഇന്‍സ്റ്റാള്‍ ചെയ്യുംപോലെയും, ഒരു സിസ്റ്റത്തില്‍നിന്നു ഡാറ്റാ കോപ്പി ചെയ്തു മറ്റൊന്നില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നപോലെയും, ഹാര്ഡ്ഡിസ്കിലോ മെമ്മറി കാര്‍ഡിലോ കോപ്പി ചെയ്തു സൂക്ഷിച്ചുവയ്ക്കുന്നപോലെയും മനുഷ്യബോധം (മനസ്സ്) ഡൗണ്‍ലോഡ് ചെയ്യുക അല്ലെങ്കില്‍ മനുഷ്യബോധം അപ്ലോഡ് ചെയ്യുക എന്നതു സാധിക്കുമോ? ഒരു ദിവസം ആളുകള്‍ക്ക് അവരുടെ തലച്ചോറിന്റെ ചിന്തയും വികാരവും വിചാരവും ഓര്മയുമടക്കമെല്ലാം ഒരു ഡിജിറ്റല്‍ മീഡിയത്തിലേക്കോ മറ്റൊരു ശരീരത്തിലേക്കോ മാറ്റാന്‍ കഴിഞ്ഞേക്കാം. അവതാര്പോലെയുള്ള ആധുനിക ചലച്ചിത്രങ്ങളിലും പഴയ മാന്ത്രികനോവലുകളിലും പുരാണേതിഹാസങ്ങളിലും ചിത്രീകരിച്ചിരിക്കുന്ന, ഒരു ശരീരത്തില്‍നിന്നു മറ്റൊരു ശരീരത്തിലേക്കു കൂടുവിട്ടു കൂടുമാറുന്നതും മരിച്ചവര്‍ക്കു ജീവന് കൊടുത്ത് ഉറക്കത്തില്നിന്നുണര്ത്തുന്നതുമായ കഥകള്‍ക്കു പിന്നില്‍ ഇത്തരം ഒരു ചിന്തയാണ്.
ഈ മേഖലയിലെ നിലവിലെ ഗവേഷണം നിരവധി വഴികളിലൂടെ മനുഷ്യബോധം ഡൗണ്‍ലോഡ് ചെയ്യുന്ന ചിന്തകള്‍ വച്ചു പുലര്‍ത്തുന്നു. ഐബിഎമ്മിന്റെ ബ്ലൂ ബ്രെയിന്പോലുള്ള പ്രോജക്റ്റുകള്‍ കൃത്രിമ ന്യൂറല്‍ നെറ്റ്വര്ക്കുകള് ഉപയോഗിച്ച് തലച്ചോറിനെ മാതൃകയാക്കാന്‍ പരിശ്രമിക്കുന്നു. ബ്രെയിന്‍ ഇമേജിങ്ങാണ് അതിനു മറ്റൊരു വഴി. മസ്തിഷ്കത്തിന്റെ വിശദമായ മാപ്പിങ് സൃഷ്ടിക്കാന്‍ നിലവിലെ ബ്രെയിന്‍ ഇമേജിങ് സ്കാനിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ബോധം സാങ്കേതികമായി യഥാര്‍ഥജീവിതത്തില്‍ പുനരുപയോഗം കൈവരിക്കുന്നതിന് ഇന്നത്തെ ബ്രെയിന്‍ മാപ്പിങ്സാങ്കേതികവിദ്യ പര്യാപ്തമല്ല. അവയ്ക്കു നിലവില്‍ ലഭ്യമാകുന്നവയെക്കാള് വളരെ വലിയ തലത്തിലുള്ള വിശദാംശങ്ങള്‍ ആവശ്യമാണ്. അതിനായി ബോധം ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനത്തിന് ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകള്‍ എന്നറിയപ്പെടുന്ന ഒരു സാങ്കല്പിക സാങ്കേതികവിദ്യ(ബി.സി.ഐ.) ആവശ്യമാണെന്നു വിശ്വസിക്കപ്പെടുന്നു. മസ്തിഷ്കസിഗ്നലുകള് മനുഷ്യനിര്‍മിത ഉപകരണവുമായി പരസ്പരം മനസ്സിലാക്കി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന സാങ്കേതികതയാണ് ബി.സി.ഐ.
സൈബര്‍സുരക്ഷയെ സംബന്ധിച്ച ആശങ്ക ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും എപ്പോഴും ഭീഷണിയാണെങ്കില്‍ ന്യൂറല്‍ സാങ്കേതികവിദ്യയുടെ സുരക്ഷയിലുള്ള ആശങ്കയും ഭാവിസ്വകാര്യതയ്ക്കു ഭീഷണിയാവാം. വ്യക്തിസ്വാതന്ത്ര്യത്തിനു വലിയ ഭീഷണി ഉയര്‍ത്തിയേക്കാവുന്ന ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകളെ (ബി.സി.ഐ.) വിശദമായി വിലയിരുത്തേണ്ടതുണ്ട്. മനുഷ്യമസ്തിഷ്കംപോലെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയാത്ത സംവിധാനങ്ങളിലെ സുരക്ഷ എങ്ങനെ ഉറപ്പു നല്‍കാം എന്നതിനെക്കുറിച്ചുള്ള നിരവധി ധാര്‍മികവും നിയമപരവുമായ ചോദ്യങ്ങള്‍ ശാസ്ത്രത്തിന്റെ മുന്നിലുണ്ട്.
ഗവേഷണത്തില്‍ അത്തരം പുരോഗതിയുണ്ടായിട്ടും ബോധം ഡൗണ്‍ലോഡ് ചെയ്യുന്ന പരീക്ഷണത്തെ തടയുന്ന നിരവധി തടസ്സങ്ങള്‍ നിലനില്ക്കുന്നു.
ഒരാളുടെ മനസ്സുള്ള ഒന്നിലധികം പകര്‍പ്പുകള്‍ ഇരട്ടകള്പോലെ ഒരേസമയം ഉണ്ടാകുന്നതിന്റെ സാമൂഹികപ്രത്യാഘാതങ്ങള്‍ കീറാമുട്ടിയാണ്. മനുഷ്യമസ്തിഷ്കത്തിന്റെ അതേ സങ്കീര്‍ണതയുള്ള കൃത്രിമ നെറ്റ്വര്ക്കുകള് നിര്‍മിക്കാന്‍ കഴിയുന്ന ഒരു ഘട്ടത്തിലല്ല നമ്മുടെ സാങ്കേതികവിദ്യ. ബോധം ഡൗണ്‍ലോഡ് ചെയ്യുന്നത് ബഹുദൂരഭാവിയിലേക്കുള്ള സാങ്കേതികവിദ്യയായി തുടരുന്നുവെങ്കിലും, ഗവേഷണം പുരോഗമിക്കുമ്പോള്‍, കൂടുതല്‍ കൂടുതല്‍ ശാസ്ത്രജ്ഞര്‍ ആശയം ഒരു ദിവസം യാഥാര്‍ഥ്യമാക്കാനുള്ള സാധ്യത വിദൂരമല്ല.
സാങ്കേതികവിദ്യയുടെ കഴിവിനാല് ധാരണാശക്തി, ബുദ്ധിശക്തി, ചിന്താശക്തി, ശാരീരികശക്തി എന്നിവ അപ്ഗ്രേഡുചെയ്യുന്നതിനും മനസ്സിനെയും (ബ്രെയിന്‍) കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങളെയും അങ്ങോട്ടും ഇങ്ങോട്ടും നിയന്ത്രിക്കാവുന്ന തരത്തില്‍ ലയിപ്പിക്കുന്നതിനുമാണ് ട്രാന്‍സ്ഹ്യൂമനിസം എന്നു പറയുന്നത്. ഇതിന്റെ നിലവിലുള്ള ഉദാഹരണമാണ് ന്യൂറലിങ്ക്. മനുഷ്യന്റെ ചിന്തകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍. എലോണ്‍ മസ്ക് അത്തരം മനുഷ്യറോബോട്ട് ഉടന്‍ സാധ്യമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. മനുഷ്യന്റെ ഏതൊരു തരം ബ്രെയിന്‍ എബിലിറ്റിയും ഒരു വിരല്‍ത്തുമ്പില്‍ ഇരിക്കുന്ന കടുകുമണിയെക്കാള്‍ ചെറിയ ഇന്റഗ്രേറ്റഡ് ചിപ്പ് ബ്രെയിനുമായി ഉള്ളിലോ പുറത്തോ യോജിപ്പിക്കുന്നതിലൂടെ സാധിച്ചേക്കാം. ഇത്തരം ചിപ്പിനാല്‍ നിര്‍മിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് അവയിലെ സെന്‍സറിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സിഗ്നലുകളിലൂടെ ഇലക്ട്രോണിക് ഉപകരണങ്ങളും ബ്രെയിനുമായി ലയിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും. മറ്റൊരാളുടെ വിരല്‍ത്തുമ്പില്‍ ചലിക്കുന്ന പാവകളെപ്പോലെ മനുഷ്യന് മാറിയേക്കാം. ഒരുപക്ഷേ, മനുഷ്യബുദ്ധി കടംകൊള്ളുന്ന ഹ്യൂമനോയ്ഡ് മനുഷ്യനെത്തന്നെ ഭാവിയില്‍ നിയന്ത്രിച്ചേക്കാം.
കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യുംപോലെ മനുഷ്യബ്രെയിന്‍ ആര്‍ക്കും ഹാക്ക് ചെയ്യാവുന്ന കാലംപോലും വിദൂരമല്ല. ശത്രുക്കള്‍ക്ക് ഒരാളെ ബ്രെയിന്‍ ഹാക്കിങ്ങിലൂടെ പക്ഷാഘാതം മുതല്‍ ഗുരുതരമായ മസ്തിഷ്ക ക്ഷതംവരെ വരുത്തി ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞേക്കാം.
മനുഷ്യചിന്തകള്‍ മനസ്സിലാക്കി പ്രതികരിക്കുന്ന യന്ത്രകരങ്ങള്‍, പേശികള്‍, മസിലുകള്‍, ചിന്തകള്‍ ശബ്ദമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, കാഴ്ചനഷ്ടം, സംസാരശേഷി നഷ്ടപ്പെട്ടവര്‍ അങ്ങനെ അനവധി മേഖലകളില്‍ ബി.സി.ഐകള്‍ ഇപ്പോള്‍ നിലവിലുണ്ട്. (സംസാരശേഷി നശിച്ച ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ് അങ്ങനെയാണ് ലോകത്തോടു സംസാരിച്ചിരുന്നത്). ഈ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ഉപയോഗവും വരുംദശകങ്ങളില്‍ വര്‍ധിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനത്തിലെ സ്വകാര്യതയുടെയും സുരക്ഷയുടെയും ആവശ്യകത അത്യന്താപേക്ഷിതമാണ്.
ബിസിഐകള് സാധാരണമായി ഒരു വ്യക്തിയുടെ തലയില്‍ പ്രയോഗിക്കുന്ന സെന്‍സറുകളാണ്. ഈ ഉപകരണങ്ങള്‍ സാധാരണയായി ഒരു വ്യക്തിയുടെ തലച്ചോറില്‍നിന്നുള്ള സിഗ്നല്‍ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും അവയോടു പ്രതികരിക്കുകയും ചെയ്യുന്നു. ഈ ഉപകരണങ്ങള്‍ ശരീരത്തിലെ ഇലക്ട്രിക്കല്‍ ആക്ടിവിറ്റി മാപ് ചെയ്യുന്ന ഒരു ഇലക്ട്രോഎന്‍സെഫലോഗ്രാം(ഇ.ഇ.ജി.)പോലെ പ്രവര്‍ത്തിക്കും. ബിസിഐ സാങ്കേതികതയില്‍ ബ്രെയിനും ഉപകരണങ്ങളും തമ്മില്‍ ബ്ലൂടൂത്ത്, വയര്‍ലെസ് സാങ്കേതികവിദ്യകള്‍ വഴി വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്നതിനാല്‍ എ.ഐ., മെഷീന് ലേണിങ് (എം.എല്‍) എന്നിവ ഉള്‍ക്കൊള്ളിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും.
മനുഷ്യശരീരത്തില്‍ മസ്തിഷ്കത്തിന്റെ വിവരവിശകലനത്തിലുള്ള ശാസ്ത്രജ്ഞരുടെ ആഴമായ തിരിച്ചറിവാണ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍. സിഗ്നലുകളെയും വിവരങ്ങളെയും അളക്കാവുന്ന കമ്പ്യൂട്ടിങ്ങിനാവശ്യമായ പ്രധാന ഘടകമാണ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍. എ.ഐ. മെഷീന് ലേണിങ്ങി(എം.എല്‍) നെക്കാള്‍ ഒരു പടി മുന്നില്‍ സ്വയം ചിന്തിക്കുന്ന, വിശകലനം ചെയ്യുന്ന ചിപ്പുകള്‍ ശാസ്ത്രജ്ഞരുടെ സ്വപ്നമായിരുന്നു. മസ്തിഷ്കംപോലെ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് പോളിമര്‍ മെറ്റീരിയല്‍ ഇപ്പോള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. അതുവഴി മനുഷ്യശരീരത്തില്‍ മസ്തിഷ്കത്തെപ്പോലെ സ്വയം സിഗ്നലുകള്‍ പ്രോസസ് ചെയ്യുന്നതിന് സങ്കീര്‍ണമായ അനവധി സര്‍ക്യൂട്ടുകള്‍ ആവശ്യമില്ലാതെ ഒരേസമയം മനസ്സിലാക്കാനും ചിന്തിക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും കഴിയുന്ന ചിപ്പുകള്‍ ആദ്യമായി ശാസ്ത്രജ്ഞര്‍ അടുത്തിടെ സൃഷ്ടിച്ചിട്ടുണ്ട്. ഇവയുപയോഗിച്ചുള്ള ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകള്‍ അവയുടെ പിന്നീടുള്ള തലമുറയുടെ ഭാവി നിര്‍ണയിച്ചേക്കാം.