പാലാ : കര്‍ഷകവര്‍ഷത്തില്‍ തുടക്കംകുറിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരുന്നതിനും ക്രിയാത്മകസംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനുമായി അടുത്ത പത്തു വര്‍ഷം പാലാ രൂപത കര്‍ഷകദശകമായി ആചരിക്കുമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലും മാതൃകാപരമായ മുന്നേറ്റം കാര്‍ഷികരംഗത്ത് ഉറപ്പുവരുത്താന്‍ കര്‍ഷകവര്‍ഷാചരണത്തിനു കഴിഞ്ഞതായും, പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായമാകുന്നവിധം കാര്‍ഷികസംരംഭങ്ങള്‍ ആരംഭിക്കുവാന്‍ രൂപത നേതൃത്വം നല്‍കുമെന്നും ബിഷപ് പറഞ്ഞു. മേല്‍ത്തരം വിത്തിനങ്ങളുടെയും ഹൈബ്രീഡ് തൈകളുടെയും ലഭ്യത ഉറപ്പാക്കാന്‍ വിത്തുബാങ്കും കാര്‍ഷികനഴ്‌സറിയും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ഇവയ്‌ക്കൊപ്പം പാലാ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കോംപ്ലക്‌സില്‍ മൂല്യവര്‍ദ്ധിതോത്പന്ന നിര്‍മ്മാണയൂണിറ്റിനു തുടക്കമാകുമെന്നും അദ്ദേഹം അറിയിച്ചു.
സ്വയംപര്യാപ്തതയും വരുമാനവര്‍ദ്ധനയും ലക്ഷ്യംവെച്ചു വ്യത്യസ്തങ്ങളായ കാര്‍ഷികപ്രവൃത്തികള്‍ക്ക് കര്‍ഷകകൂട്ടായ്മകളും കുടുംബങ്ങളും മുന്നിട്ടിറങ്ങിയിരിക്കുന്നതിലൂടെ കാര്‍ഷികവിപ്ലവത്തിനു നേതൃത്വം കൊടുക്കുന്നവരാകാന്‍ പാലാക്കാര്‍ക്കു കഴിഞ്ഞിരിക്കുന്നതായും ബിഷപ് അഭിപ്രായപ്പെട്ടു.
പാലാ ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന കര്‍ഷകവര്‍ഷാചരണാവലോകനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ അദ്ധ്യക്ഷനായിരുന്നു. രൂപത സിഞ്ചെല്ലൂസുമാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, എ.കെ.സി.സി. ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, പി.എസ്.ഡബ്ല്യു.എസ്. ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, എസ്.എം.വൈ.എം. ഡയറക്ടര്‍ ഫാ. തോമസ് തയ്യില്‍, പി.എസ്.ഡബ്ല്യു.എസ്. പി.ആര്‍.ഒ. ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍ പി.വി.ജോര്‍ജ് പുരയിടം എന്നിവര്‍ സംസാരിച്ചു.