കാക്കനാട്: കൊവിഡിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മഹാമാരിയെ അതിജീവിക്കുക എന്ന നിയോഗത്തില്‍ സഭയില്‍ എല്ലാവരും ഈ വര്‍ഷത്തെ എട്ടുനോമ്പ് തീക്ഷ്ണമായി അനുഷ്ഠിക്കണമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പരി. കന്യാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തെക്കുറിച്ച് ഓഗസ്റ്റ് 30 ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് അഭിവന്ദ്യ കര്‍ദ്ദിനാള്‍ ഇക്കാര്യം അറിയിച്ചത്.
സീറോ മലബാര്‍ സിനഡ് തീരുമാനമനുസരിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ എല്ലാവരും നോമ്പ് ആചരിക്കേണ്ടതാണ്. ഈ ദിവസങ്ങളില്‍ പകര്‍ച്ചവ്യാധിയില്‍നിന്നുള്ള അതിജീവനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടരണം. നോമ്പുദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ വര്‍ജിക്കേണ്ടതാണ്.
നോമ്പിനിടയിലുള്ള നാലാം തീയതി വെള്ളിയാഴ്ച സാധിക്കുന്ന എല്ലാവരും ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. അന്നേദിവസം സഭയിലെ മെത്രാന്മാരും, രൂപതക്കാരും സമര്‍പ്പിതരുമായ എല്ലാ വൈദികരും ഈ മഹാമാരിയെ അതിജീവിക്കുന്നതിന് ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണം. ആ വിശുദ്ധ കുര്‍ബാനയില്‍ ജനങ്ങളെല്ലാവരും ഏതെങ്കിലും രീതിയില്‍ സംബന്ധിക്കുവാന്‍ പരിശ്രമിക്കണം. സഭ മുഴുവന്‍ ഒരേ ദിവസം ഒന്നിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവസന്നിധിയില്‍ അതു കൂടുതല്‍ സ്വീകാര്യമാകുമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.