മരണമട ഞ്ഞാല്‍ അടുത്തപടി എന്താണ്? പൗരാണികമനുഷ്യര്‍ക്കൊക്കെ തങ്ങളുടേതായ സങ്കല്പങ്ങളുണ്ടായിരുന്നു.
ഈസ്റ്റാഫ്രിക്കന്‍ ജനതയുടെ ചിന്താഗതി ഒരു പ്രത്യേകവിധത്തിലാണ്: മരിക്കുന്നവര്‍ നീങ്ങുക അടുത്തതലമുറയിലേക്കാണ് - പേരക്കിടാങ്ങളിലേക്ക്. അവരില്‍ കടന്നുകൂടി അവര്‍ വീണ്ടും ആവാസമുറപ്പിക്കും. മുത്ത ശ്ശന്‍ ആണ്‍കുട്ടിയിലേക്കും മുത്തശ്ശി പെണ്‍കുട്ടിയിലേക്കുമാണ് പോകുന്നത്. അതുകൊണ്ട്, ധാരാളം പൗത്രരുണ്ടാകാന്‍ മുത്തശ്ശനും മുത്തശ്ശിയും ആഗ്രഹിക്കുക സ്വാഭാവികമാണല്ലോ. ദമ്പതിമാരുടെ ആഗ്രഹവും മറിച്ചല്ല - ധാരാളം മക്കളുണ്ടാകണം. 20 ഉം 25 ഉം കുട്ടികളുള്ള കുടുംബങ്ങള്‍ സാധാരണമാണ്. രോഗം വന്നും പട്ടിണികിടന്നും പലതും ബാല്യത്തിലേ മരിച്ചുപോകുന്നതുകൊണ്ട് ജനസംഖ്യാനിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നില്ലെന്നത് വേറിട്ടൊരു കാര്യം!
ഒരു ആദിവാസിസമൂഹത്തോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു: ''എനിക്കു ഭാര്യയില്ല, മക്കളുമില്ല. പേരക്കിടാങ്ങള്‍ ഉണ്ടാകാനും പോകുന്നില്ല. ഞാന്‍ മരിച്ചാല്‍ എങ്ങോട്ടു പോകും? തുടര്‍ന്ന് മുമ്പോട്ടുപോകാന്‍ നിര്‍വാഹമില്ലല്ലോ.''
കുറെനേരം അവര്‍ കൂട്ടംകൂടിയിരുന്ന് ആലോചിച്ചു. അവസാനം അവര്‍ കണ്ടെത്തിയ ഉത്തരം ഒരാള്‍ വന്നു പറഞ്ഞു: ''പുറകോട്ട്-പുറപ്പെട്ടിടത്തേക്ക്.''
ആ ഉത്തരംകേട്ട് അല്പസമയം ഞാനും ആലോചിച്ചുനിന്നു: ശരിയല്ലേ, അയാള്‍ പറഞ്ഞത്? പിറകോട്ടുതന്നെയല്ലേ ഞാന്‍ പോകുന്നതും പോകേണ്ടതും. ഞാന്‍ മാത്രമല്ല, മരണശേഷം എല്ലാവരും പോകേണ്ടതും പിറകോട്ടുതന്നെയാണ് - പുറപ്പെട്ടിടത്തേക്ക്. മരിച്ചുകഴിയുന്നതോടെ നമ്മുടെ തീര്‍ഥാടനം അവസാനിക്കുകയായി. ഇനി തിരിച്ചുപോകണം - പുറപ്പെട്ട സ്ഥലത്തേക്ക്.
അപ്പോള്‍, നാം എവിടെനിന്നാണു പുറപ്പെട്ടത്? ശാരീരികമായിപ്പറഞ്ഞാല്‍ അമ്മയുടെ ഉദരത്തില്‍നിന്നാണ്. എങ്കിലും, അവിടേക്ക് എത്തിച്ചേരുന്നതിനുമുമ്പുതന്നെ നമ്മെ അറിഞ്ഞു വിശുദ്ധീകരിച്ചയച്ച അവിടെനിന്നാണ് നാം പുറപ്പെട്ടത്. അവിടം തന്നെയാണ് നമ്മുടെ പിതൃഭവനവും.
പിതൃഭവനത്തില്‍നിന്ന് ഇറങ്ങിപ്പുറപ്പെട്ട ധൂര്‍ത്തപുത്രനു വഴിതെറ്റിപ്പോയി. അവസാനം ആ യഹൂദബാലന്‍ ചെന്നെത്തിയത് പന്നികളുടെ കൂട്ടത്തിലാണ്. 'പന്നി' എന്നുകേട്ടാല്‍ പത്തുപ്രാവശ്യം ഓക്കാനിച്ചു തുപ്പുന്ന പിതാവിന്റെ മകനാണവന്‍. പക്ഷേ, പറഞ്ഞിട്ടു വിശേഷമില്ല. അതൊന്നും അവനെ സ്പര്‍ശിച്ചതേയില്ല. അവന്‍ പന്നികളുടെ കൂട്ടത്തില്‍ത്തന്നെ കഴിഞ്ഞു. അവറ്റകളുടെ തവിടു കട്ടുതിന്നുകൊണ്ടുപോലും വിശപ്പടക്കുവാന്‍ അവന്‍ ആഗ്രഹിച്ചു. അതുപോലും കിട്ടാതെ വന്നപ്പോഴാണ് അവനു തിരിച്ചറിവു കൈവരുന്നത് - 'അവനു സുബോധം ഉണ്ടായി' (ലൂക്കാ. 15-7).
അവന്‍ തിരിച്ചുപോകുവാന്‍ തീരുമാനിച്ചു - പുറപ്പെട്ടിടത്തേക്ക്. അവിടെ ചെന്നു ഞാന്‍ പറയും: 'പിതാവേ, എനിക്കു തെറ്റിപ്പോയി, അങ്ങേ മകനെന്നു വിളിക്കപ്പെടാന്‍ ഞാന്‍ യോഗ്യനല്ല. ഒരു ദാസനായി എന്നെ സ്വീകരിക്കണമേ.' പക്ഷേ, അവനെ കണ്ടപാടേ സര്‍വതും മറന്ന പിതാവ് ഓടിച്ചെല്ലുന്നു. അണപൊട്ടിയൊഴുകിയ പിതൃസ്‌നേഹം അവനെ വാരിയെടുത്തു ചുംബിക്കുന്നു. അവന്റെ പന്നിക്കുപ്പായങ്ങളൊക്കെ പറിച്ചുമാറ്റി കുളിപ്പിച്ചു വൃത്തിയാക്കി മേല്ത്തരം വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്യുന്നു. പുറപ്പെട്ടിടത്തു മടങ്ങിയെത്തുമ്പോള്‍ നമുക്കൊക്കെ ഉണ്ടാകാവുന്ന അനുഭവം!
തന്റെ കുറ്റംകൊണ്ടല്ലെങ്കിലും വഴിമാറി നീങ്ങിയിരുന്ന മറ്റൊരു വ്യക്തിയാണ് ജോണ്‍ ഹെന്റി ന്യൂമാന്‍. പഠിച്ചുകൊണ്ടിരുന്ന കാലം മുതല്‍ അദ്ദേഹത്തെ ഒരു ആകുലത അലട്ടുകയാണ്: വഴിതെറ്റിയാണോ, താന്‍ സഞ്ചരിക്കുന്നത്? താന്‍ കാത്തുസൂക്ഷിക്കുന്ന ആംഗ്ലിക്കന്‍ ആശയഗതിയാണോ അതോ കത്തോലിക്കാവിശ്വാസമാണോ നേരായ മാര്‍ഗം? അസ്വസ്ഥത കടന്നലുകളെപ്പോലെ അദ്ദേഹത്തെ കടന്നാക്രമിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം പൊയ്‌പോയി. അതു വീണ്ടെടുക്കാന്‍ ഇത്തിരി ചൂടുള്ള കാലാവസ്ഥ തേടി അദ്ദേഹം ഇറ്റലിയിലേക്കു നീങ്ങി-കപ്പല്‍ മാര്‍ഗം. ഇടയ്ക്ക് കപ്പല്‍ കേടായിക്കിടന്നതുമൂലം മൂന്നാഴ്ചയോളം യാത്ര മുടങ്ങി. കരകാണാക്കടലിലെന്നപോലെ കോളിളക്കങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലും ആഞ്ഞടിച്ചു. ഇരുണ്ടുമൂടിയ ഒരു രാത്രിയില്‍ കപ്പലിന്റെ മട്ടുപ്പാവില്‍ ആ ഏകാന്തപഥികന്‍ തികച്ചും ചിന്താധീനനായി ഇരിക്കുകയായിരുന്നു. അകലെ ഒരു കൊച്ചുദീപം കൂരിരുളിനെ തള്ളിത്തള്ളി നീക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അതുപോലെ ഇത്തിരി വെളിച്ചം തനിക്കും കിട്ടിയിരുന്നെങ്കില്‍! കൂരിരുട്ടില്‍ തപ്പിത്തടയുന്ന വഴിപോക്കനെപ്പോലെ അദ്ദേഹം കെഞ്ചി പ്രാര്‍ഥിച്ചു.
''ഘലമറ സശിറഹ്യ ഘശഴവ േമാശറേെ വേല ലിരശൃരഹശിഴ ഴഹീീാ...
ഠവല ിശഴവ േശ െറമൃസ മിറ ക മാ ളമൃ ളൃീാ വീാല''
'സാന്ത്വനപ്രകാശമേ, നയിച്ചാലും. ഒരു തരി വെളിച്ചം തരണമേ. പിതൃഭവനത്തില്‍ നിന്നും ഏറെ ദൂരെയാണു ഞാന്‍...' ഏതായാലും വഴികാണാനും വഴിതെറ്റാതെ പിതൃഭവനത്തില്‍ എത്തിച്ചേരാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഈസ്റ്റാഫ്രിക്കന്‍ ആദിവാസികളുടേതു ബാന്റുസംസ്‌കാരമാണ്. അതിനു ജീവിതാന്ത്യത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചും വ്യക്തമായ ദര്‍ശനമൊന്നുമില്ല. അതാണ്, മരണാനന്തരം മരുമക്കളിലേക്കു തിരിക്കുമെന്ന് അവര്‍ ചിന്തിക്കുന്നതിന്റെ കാരണം. അവസാനം കൂട്ടത്തോടെ സ്രഷ്ടാവിന്റെ അടുത്ത് എത്തിച്ചേരുമെന്ന് അവരും കരുതുന്നുണ്ടാവാം.
പഴയ മനുഷ്യനെക്കാള്‍ അറിവുള്ളവനാണ് ഇന്നത്തെ മനുഷ്യന്‍. അവന്റെ ചിന്തയ്ക്കു കൂടുതല്‍ വ്യക്തതയും കൃത്യതയും കൈവന്നിട്ടുമുണ്ട്. എങ്കിലും, ജീവിതത്തിന്റെ നാല്‍ക്കവലയില്‍ പഴയവനെപ്പോലെ വഴിതെറ്റി അലയുകയാണവനും.
ജീവിതലക്ഷ്യത്തില്‍നിന്ന് അകന്നുപോയതാണ്, ദൈവത്തിങ്കലേക്കുള്ള തീര്‍ഥാടനത്തില്‍ വഴിമാറിപ്പോയതാണ് ആധുനികമനുഷ്യനു പറ്റിയ തരക്കേട്. 'തിരുവനന്തപുരം' എന്ന ബോര്‍ഡുമായി തെരുവിലിറങ്ങുന്ന വണ്ടിക്ക് ഒരിടത്തും സ്വസ്ഥമായി നില്ക്കുവാന്‍ സാധ്യമല്ല. തലസ്ഥാനനഗരിയാണ് അതിന്റെ ലക്ഷ്യം. അതെപ്പോഴും അങ്ങോട്ടുതന്നെ പാഞ്ഞുകൊണ്ടിരിക്കണം. വഴിതെറ്റിപ്പോയാല്‍ വിഷയം വഷളാവുകയേയുള്ളൂ. ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ അതിനു സ്വസ്ഥത കൈവരുകയില്ല. നമ്മുടെ കാര്യവും അങ്ങനെതന്നെ. നമ്മുടെ ഓരോരുത്തരുടെയും നെറ്റിത്തടത്തിലും അദൃശ്യമായൊരു ബോര്‍ഡുണ്ട്-'ദൈവം'. ആ ലക്ഷ്യത്തിലെത്തുന്നതുവരെ നാമും അസ്വസ്ഥരായിരിക്കും.
മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള അമേരിക്കന്‍ ബഹിരാകാശപദ്ധതിയായിരുന്നു 'പ്രോജക്ട് അപ്പോളോ.' ഏതാണ്ട് പതിമ്മൂന്നോളംപേര്‍ അവിടെപ്പോയി സുരക്ഷിതരായി തിരിച്ചെത്തിയിട്ടുമുണ്ട്. എന്തായിരുന്നു കാരണം? തങ്ങള്‍ പുറപ്പെട്ടിടത്തുതന്നെ തിരിച്ചെത്തേണ്ടവരാണെന്നുള്ള ബോധം ഓരോ നിമിഷവും അവര്‍ക്കുണ്ടായിരുന്നു. ഏല്പിക്കപ്പെട്ട ദൗത്യം കൃത്യമായി പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു അവരുടെ ലക്ഷ്യം. അതനുസരിച്ച് അവര്‍ നീങ്ങി - വളരെ ജാഗ്രതയോടും അതിലേറെ ശ്രദ്ധയോടുംകൂടെ. അതില്‍ അവര്‍ പരിപൂര്‍ണമായി വിജയിക്കുകയും ചെയ്തു.
അതുപോലെതന്നെയാണ് ഭൂമിയിലെ തീര്‍ഥാടകരായ നമ്മുടെ കാര്യവും. അധികമൊന്നും ആലോചിക്കാതെയാണെങ്കിലും ആ ആഫ്രിക്കന്‍ ആദിവാസി പറഞ്ഞുപോയതിന്റെ അര്‍ഥം വളരെ കൃത്യമാണ്. തിരിച്ചുപോകേണ്ടവരാണ് നാമെല്ലാവരും. പുറപ്പെട്ടിടം തന്നെയാണ് നമ്മുടെ ലക്ഷ്യസ്ഥാനം. ഏല്പിക്കപ്പെട്ടിരിക്കുന്ന ജീവിതദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിച്ചേരുവാന്‍ വേണ്ടിയാണ് നാം നിയോഗിക്കപ്പെട്ടിരിക്കുന്നതും.