•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

വിശ്വാസവീഥിയിലെ വെള്ളിനക്ഷത്രം

സംസാരത്തിലും പെരുമാറ്റത്തിലും ശാന്തതയും സൗമ്യതയും സദാ കളിയാടുന്നു. കൊന്ത കെട്ടിയും കൈവേലകള്‍ ചെയ്തും തന്റെ സമയവും ആരോഗ്യവും വിലപ്പെട്ടതാക്കുന്നു. ലളിതവും വിനയാന്വിതവും അദ്ധ്വാനപൂര്‍ണ്ണവുമായ ജീവിതത്തിന്റെ ഉടമയായ പയസമ്മ പൂര്‍ണ്ണമായ വിശ്വസ്തതയുടെയും കൃത്യനിഷ്ഠയുടെയും ജീവിക്കുന്ന സാക്ഷ്യമാണ്.
ഒന്നും അവകാശമായി കാണാതെ, ലഭിക്കുന്നതെല്ലാം ദാനമായി സ്വീകരിച്ച് ജീവിതത്തെ ധന്യമാക്കുന്ന ഈശോയുടെ തിരുഹൃദയമലര്‍വാടിയിലെ ഒരു സുന്ദരപുഷ്പമാണ് സി. പയസ് പള്ളിപ്പുറത്തുശേരി എസ്.എച്ച്. ദൈവത്തെയും ദൈവജനത്തെയും സ്‌നേഹിക്കുക എന്ന ഏകലക്ഷ്യത്തോടെ ജീവിക്കുന്ന പയസമ്മ തിരുഹൃദയസന്ന്യാസിനീസമൂഹത്തിന്റെ അഭിമാനമാണ്. 
വേമ്പനാട്ടുകായലിന്റെ തീരത്ത് പള്ളിപ്പുറത്തുശേരി വീട്ടില്‍ കുഞ്ഞുമത്തായിയുടെയും മറിയക്കുട്ടിയുടെയും സീമന്തപുത്രിയായി 1930 സെപ്റ്റംബര്‍ മാസത്തില്‍ സി. പയസ് ഭൂജാതയായി. മാമ്മോദീസാപ്പേര് മറിയാമ്മ എന്നായിരുന്നു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തിരുഹൃദയസന്ന്യാസിനീസമൂഹത്തില്‍ അര്‍ത്ഥിനിയായി ചേര്‍ന്നു.
1948 ല്‍ ആദ്യവ്രതവാഗ്ദാനം ചെയ്ത് വി. പത്താം പീയൂസ് പാപ്പായുടെ നാമം സ്വീകരിച്ചു. 1950 ല്‍ ടി.ടി.സി. പാസ്സായി. പാലാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, ബിഷപ്പാകുന്നതിനുമുമ്പ് പാലാ സെന്റ് തോമസ് ടി.ടി.ഐ.യില്‍ ഹെഡ്മാസ്റ്ററായിരിക്കേ, അദ്ദേഹത്തിന്റെ ശിഷ്യയാകാനും പിന്നീട് അവിടെത്തന്നെ അധ്യാപികയാകാനും കഴിഞ്ഞത് അതുല്യഭാഗ്യമായി പയസമ്മ ഓര്‍മ്മിക്കുന്നു. 1952 ല്‍ നിത്യവ്രതവാഗ്ദാനം ചെയ്ത് ഈശോയുടെ സ്വന്തമായിത്തീര്‍ന്ന പയസമ്മ സന്ന്യാസസമര്‍പ്പണജീവിതത്തിന്റെ 73 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 
തിരുഹൃദയസന്ന്യാസിനീസമൂഹത്തിന്റെ സിദ്ധിയിലും തനിമയിലും ജീവിക്കാന്‍ പയസമ്മ എന്നും ശ്രദ്ധാലുവാണ്. തന്റെ ജീവിതത്തിന്റെ ഓരോ ശ്വാസോച്ഛ്വാസവും കര്‍ത്താവിനോടുള്ള കൃതജ്ഞതാര്‍പ്പണമാണെന്ന് പയസമ്മ ഡയറിയില്‍ കുറിച്ചിട്ടിരിക്കുന്നു. ആദ്ധ്യാത്മികജീവിതത്തിന്റെ അന്തസ്സത്ത പിതാവായ ദൈവത്തോടുള്ള കൃതജ്ഞതയും ഈശോയുടെ തിരുഹൃദയത്തോടുള്ള സവിശേഷമായ ഭക്തിയുമാണ്. 
വിശ്വാസപരിശീലനരംഗത്ത് അരനൂറ്റാണേ്ടാളം സേവനമനുഷ്ഠിച്ച പയസ്സമ്മ, മതബോധനം ലഭിക്കാത്ത കുഞ്ഞുങ്ങള്‍ വെള്ളം ലഭിക്കാതെ വാടിപ്പോകുന്ന ചെടികള്‍ക്കു തുല്യമാണെന്നു പഠിപ്പിക്കുന്നു. കാല്‍നൂറ്റാണ്ടുകാലം പ്രഥമദിവ്യകാരുണ്യസ്വീകരണത്തിനായി കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചു. പാലാ സെന്റ് പയസ് ബാലഭവനില്‍ നിരവധി വര്‍ഷങ്ങള്‍ സേവനമനുഷ്ഠിച്ച പയസമ്മ കുട്ടികളുടെ ഭൗതികവും മാനസികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിക്കുവേണ്ടി യത്‌നിച്ചു.
അനേകരുടെ ജീവിതപ്രശ്‌നങ്ങളിലേക്കു കടന്നുചെന്ന് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ പയസമ്മയ്ക്കു സാധിച്ചിട്ടുണ്ട്. ഇടവകവകാരിമാരുടെ നിര്‍ദ്ദേശാനുസരണം ഭവനങ്ങള്‍ സന്ദര്‍ശിക്കാനും കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമൊക്കെ പയസമ്മയ്ക്ക് ഒരു പ്രത്യേക സിദ്ധിയുണ്ടായിരുന്നു. വളരെയധികം ആളുകളെ മാമ്മോദീസായ്ക്ക് ഒരുക്കാനും മാനസാന്തരപ്പെടുത്താനും അവരെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്കു നയിക്കാനും പയസമ്മയ്ക്കു കഴിഞ്ഞു. വിവാഹമെന്ന കൂദാശ സ്വീകരിക്കാതെ ഒരുമിച്ചുകഴിയുന്നവരെയും മിശ്രവിവാഹക്കെണിയില്‍പ്പെട്ടവരെയും നേര്‍വഴിയിലേക്കു നയിക്കാന്‍ ദൈവം പയസമ്മയെ ഉപകരണമാക്കി.
പാലാ കത്തീഡ്രല്‍, പാറപ്പള്ളി എന്നിവ കേന്ദ്രീകരിച്ചായിരുന്നു പയസമ്മയുടെ മുഖ്യപ്രവര്‍ത്തനങ്ങള്‍. നരിയങ്ങാനം, കുരുവിനാല്‍, പാലാസാന്തോം എന്നിവിടങ്ങളില്‍ ശുശ്രൂഷകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ജൂണിയര്‍സിസ്റ്റേഴ്‌സിന്റെ ഗുരുനാഥയായി നീണ്ട വര്‍ഷങ്ങള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാര്‍ദ്ധക്യത്തിന്റെ ക്ഷീണമൊന്നും വകവയ്ക്കാതെ ദീര്‍ഘനേരം മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന പയസമ്മ ചെറുപ്പക്കാര്‍ക്ക് ശക്തിയും പ്രചോദനവുമാണ്. സംസാരത്തിലും പെരുമാറ്റത്തിലും ശാന്തതയും സൗമ്യതയും സദാ കളിയാടുന്നു. കൊന്ത കെട്ടിയും കൈവേലകള്‍ ചെയ്തും തന്റെ സമയവും ആരോഗ്യവും വിലപ്പെട്ടതാക്കുന്നു. ലളിതവും വിനയാന്വിതവും അദ്ധ്വാനപൂര്‍ണ്ണവുമായ ജീവിതത്തിന്റെ ഉടമയായ പയസമ്മ പൂര്‍ണ്ണമായ വിശ്വസ്തതയുടെയും കൃത്യനിഷ്ഠയുടെയും ജീവിക്കുന്ന സാക്ഷ്യമാണ്. 
നവതിയുടെ നിറവിലെത്തിയിരിക്കുന്ന സി. പയസ് പള്ളിപ്പുറത്തുശേരി പാലാ എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ഹൗസില്‍ (വാഴേമഠം) വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)