•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

മോഹന്‍ബഗാന്‍ ഒരു വികാരം

ന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിനു തുടക്കമിട്ട 2014 മുതല്‍ കൊല്‍ക്കത്ത ടീം കളത്തിലൂടെ ആദ്യ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണു കളിച്ചത്. അടുത്ത രണ്ടു സീസണിലും ഇതേ പേരില്‍ കളിച്ചു. ഒന്നും മൂന്നും പതിപ്പുകളില്‍ കിരീടവും നേടി. പിന്നീട് എ.ടി.കെ. എന്ന പേരില്‍ ഇറങ്ങി 2019 - 20 ല്‍ ഇവര്‍ നേതാക്കളായി. അടുത്തവര്‍ഷം എ.ടി.കെ.യും മോഹന്‍ബഗാനും ലയിച്ചു. അങ്ങനെ എ.ടി.കെ. - മോഹന്‍ ബഗാന്‍ ടീം രൂപപ്പെട്ടു. ആ ടീം ഇതാ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായിരിക്കുന്നു. പക്ഷേ, ബഗാന്‍ ആരാധകര്‍ തൃപ്തരല്ല. ഒടുവില്‍ അടുത്ത സീസണില്‍ പേരു മാറ്റി ക്ലബ് പരമ്പരാഗത ആരാധകരെ തൃപ്തിപ്പെടുത്തുന്നു. ഇനീ ടീം 'മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്' ആയിട്ടാകും കളിക്കുക.
മോഹന്‍ ബഗാന്‍ ടീം കൊല്‍ക്കത്തയിലോ ബംഗാളിലോ മാത്രമല്ല; ഇന്ത്യയില്‍ത്തന്നെ ആകെ ഒരു വികാരമാണ്. അതിനു പിന്നില്‍ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. ഉജ്ജ്വലപോരാട്ടങ്ങളുടെ കഥയുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനുവരെ ഉത്തേജകം പകര്‍ന്ന വിജയങ്ങളുണ്ട്. ഫുട്‌ബോള്‍പ്രേമികള്‍ ഹൃദയത്തിലേറ്റിയ ക്ലബ് ബഗാന്‍മാത്രമാണെന്നല്ല പറഞ്ഞുവന്നത്. അത്തരം ക്ലബുകളില്‍ ഒന്നാംനിരയില്‍ ബഗാനുണ്ട് എന്നുമാത്രം.
കൊല്‍ക്കത്തയില്‍ത്തന്നെ ഈസ്റ്റ് ബംഗാളിനും മുഹമ്മദന്‍ സ്‌പോര്‍ട്ടങ്ങിനും ആരാധകര്‍ ഏറെയുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡും വരുന്നതിനുമുമ്പ്. ഐ ലീഗും അതിനു മുമ്പുള്ള ദേശീയ ലീഗും വരുന്നതിനും മുമ്പത്തെ കഥയെന്നു പറയാം. ബംഗാളും ഗോവയും കേരളവും പഞ്ചാബുമൊക്കെയായിരുന്നു ഇന്ത്യയിലെ ഫുട്‌ബോള്‍ കേന്ദ്രങ്ങള്‍. പഞ്ചാബില്‍ ജെ.സി.ടി. ഫഗ്‌വാരയും പഞ്ചാബ് പൊലീസും. ഗോവയില്‍ വാസ്‌കോയും ഡെംപോയും സാല്‍ഗോക്കറും ചര്‍ച്ചില്‍ ബ്രദേഴ്‌സും. മുംബൈയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (മഹീന്ദ്ര യുണൈറ്റഡ്), എയര്‍ ഇന്ത്യ, ബംഗളൂരു എച്ച് എ.എല്‍, ഹൈദരാബാദില്‍ ഹൈദരാബാദ് പൊലീസ്, കേരളത്തില്‍ ഫാക്ടും പ്രീമിയര്‍ ടയേഴ്‌സും ടൈറ്റാനിയവും. അതിനുമുമ്പ് കുണ്ടറ ആലിന്‍ഡും പിന്നീട് കണ്ണൂര്‍ കെല്‍ട്രോണും കേരള പൊലീസും. 
ഫെഡറേഷന്‍ കപ്പ് ജേതാക്കളായിരുന്നു ഇന്ത്യയിലെ ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍. ഫെഡറേഷന്‍ കപ്പ് തുടങ്ങുംമുമ്പ് ഡ്യൂറാന്‍ഡ് കപ്പ്, റോവേഴ്‌സ് കപ്പ് തുടങ്ങിയവയുടെ വിജയികളെ സൂപ്പര്‍ ക്ലബുകളായി കണക്കാക്കി.
കേരളത്തില്‍ത്തന്നെ അരഡസനോളം അഖിലേന്ത്യാ ടൂര്‍ണമെന്റുകള്‍ നടന്നിരുന്നു. സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അന്ന് ഉത്സവമായിരുന്നു. ഇന്ത്യയിലെ ഒന്നാംനിര താരങ്ങളെ ഇവിടെ കാണാമായിരുന്നു. കളി കാണാന്‍ കാണികള്‍ ഇരമ്പിയെത്തിയിരുന്നു. നിറഞ്ഞ ഗാലറികളെ സാക്ഷിനിര്‍ത്തിയാണ് അഖിലേന്ത്യാ ടൂര്‍ണമെന്റുകളും നടത്തിയിരുന്നത്. 
ലോകനിലവാരത്തില്‍ 100 ന് അപ്പുറമാണ് ഇന്ത്യയുടെ സ്ഥാനമെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നമുക്കിന്ന് മഹാസംഭവമാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പിന്തുണക്കാരായി മഞ്ഞപ്പട ഗാലറി നിറച്ച് ഇന്ത്യയില്‍ത്തന്നെ ശ്രദ്ധ നേടി. 2022 ലെ ഐ.എസ്.എല്‍. ഫൈനലില്‍ ഹൈദരാബാദ് എഫ്.സി. ബ്ലാസ്റ്റേഴ്‌സ് കളി കാണാന്‍ എത്രയോ മലയാളികള്‍ ഗോവയില്‍ എത്തി. 1950 കളിലെയും 60 കളിലെയും ഹൈദരാബാദ് പൊലീസിന്റെയും ഹൈദരാബാദ് ടീമിന്റെതന്നെയും പാരമ്പര്യം ഉയര്‍ത്തിക്കാട്ടിയാണ് അന്ന് ഹൈദരാബാദ് എഫ്.സി. കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്‍തള്ളി ചാമ്പ്യന്മാരായത്.
ഇത്തവണ എ.ടി.കെ. മോഹന്‍ബഗാന്‍ ഫൈനലില്‍ ബംഗളുരു എഫ്.സിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി (4-3). മഡ്ഗാവില്‍ ആയിരുന്നു മത്സരം. നിശ്ചിതസമയത്തും അധികസമയത്തും കളി സമനിലയില്‍ ആയിരുന്നു (2-2) എന്നു കാണുമ്പോള്‍ പോരാട്ടം ഇഞ്ചോടിഞ്ച് എന്നു മനസ്സിലാക്കാം. ഷൂട്ടൗട്ടില്‍ ഭാഗ്യം ഒരു ഘടകമാണ്. കേരള ബ്ലാസ്റ്റേഴ്‌സിനെ സുനില്‍ ഛേത്രിയുടെ വിവാദഗോളിനു പിന്തള്ളിയ ബംഗളുരുവിന്റെ തോല്‍വി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശ്വസിപ്പിച്ചിരിക്കാം. റഫറിയിങ്ങിനെതിരേ ബ്ലാസ്റ്റേഴ്‌സിനു പിന്നാലെ ബംഗളുരു എഫ്.സി.യും പരാതിപ്പെട്ടു. അടുത്ത സീസണില്‍ ഐ.എസ്.എലില്‍ 'വാര്‍' സാങ്കേതികവിദ്യ നടപ്പാക്കി റഫറിയിങ്പിഴവുകള്‍ക്കു പരിഹാരം കണ്ടെത്തിയേക്കാം.
കളിമികവിനൊപ്പം ഭാഗ്യവും തുണച്ചിട്ടായാലും എ.ടി.കെ. മോഹന്‍ ബഗാന്‍ ടീം ആദ്യകിരീടജയം സാധ്യമാക്കി; തുടര്‍ന്നാണ് പുതിയ പേരു സ്വീകരിച്ചത്. സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഓഹരിപങ്കാളിത്തമാണ് തുടക്കത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്നു പേരുവരാന്‍ കാരണമായത്. അത്‌ലറ്റിക്കോ പിന്‍വാങ്ങിയപ്പോള്‍ എ.ടി.കെ.യ്ക്ക് എണ്‍പതുശതമാനവും ബഗാന് ഇരുപതുശതമാനവും ഓഹരിയുമായി 'എ.ടി.കെ. മോഹന്‍ ബഗാന്‍' രൂപമെടുത്തു. ഇനി പത്താം സീസണില്‍ 'മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്‍സ്' ആണെന്ന് ക്ലബ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്ക പ്രഖ്യാപിച്ചപ്പോള്‍ ബഗാന്‍ എന്ന വികാരത്തിന് അംഗീകാരമായി. എ.ടി.കെ. മോഹന്‍ ബഗാന്‍ ആയിരുന്നപ്പോള്‍ ക്ലബിനെ എ.ടി.കെ. എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഇനി മോഹന്‍ ബഗാന്‍ എന്നു വിളിക്കുമ്പോള്‍ ചരിത്രവും പാരമ്പര്യവും സംയോജിക്കുന്ന പഴയ വമ്പന്‍ ക്ലബ് പ്രഫഷണല്‍ ലേബലോടെ പുനര്‍ജീവിക്കും. അതാണ് ആരാധകര്‍ ആഗ്രഹിച്ചതും.
ചരിത്രം ഒന്നു പരിശോധിക്കാം. കല്‍ക്കട്ട (കൊല്‍ക്കത്ത) ഇന്ത്യന്‍ തലസ്ഥാനമായിരുന്ന കാലം. 1911, ജൂലൈ 29. കല്‍ക്കട്ട ഫുട്‌ബോള്‍ ക്ലബ് ഗ്രൗണ്ട് ആണു വേദി. ഈസ്റ്റ് യോര്‍ക്‌ഷെര്‍ റെജിമെന്റ് (ഗാസിയാബാദ്) എന്ന് ബ്രിട്ടീഷ് ടീമിനെ അട്ടിമറിച്ച് (2-1) മോഹന്‍ ബഗാന്‍ ഐ.എഫ്.എ. ഷീല്‍ഡ് കരസ്ഥമാക്കി. ബ്രിട്ടീഷ് ഭരണത്തിനെതിരേ ശക്തമായ മുന്നേറ്റം നടത്തിയ ബംഗാളികളുടെ സ്വാതന്ത്ര്യസമരത്തിന് ഉത്തേജകം പകര്‍ന്ന വിജയം. 'അമൃതബസാര്‍ പത്രിക' എന്ന ദേശീയദിനപത്രം ബഗാന്റെ വിജയത്തെക്കുറിച്ചു മുഖപ്രസംഗം എഴുതി. സ്‌പോര്‍ട്‌സിനെക്കുറിച്ച്  ഒരു ഇന്ത്യന്‍ പത്രം എഴുതിയ ആദ്യ മുഖപ്രസംഗമായിരുന്നു അത്. 1911 ലെ ഐ.എഫ്.എ. ഷീല്‍ഡ് ഫൈനലിന് 80000 ത്തിലധികം കാണികള്‍ സാക്ഷികളായി,  ഇന്നത്തെപ്പോലെ ഉയര്‍ന്ന ഗാലറികള്‍ ഇല്ലായിരുന്നു. ഗോള്‍ വിവരങ്ങള്‍ എഴുതിയ പട്ടങ്ങള്‍ പറത്തിയാണ് മുന്നിലെ ഭാഗ്യവാന്മാരായ കാണികള്‍ പിന്നിലെ നിര്‍ഭാഗ്യവാന്‍മാരെ കളിവിവരം അറിയിച്ചത്. കാണികള്‍ക്കായി പ്രത്യേകട്രെയിനും ബോട്ടുമൊക്കെ ഏര്‍പ്പെടുത്തേണ്ടിവന്നു.
മോഹന്‍ ബഗാന്‍ സ്‌പോര്‍ട്ടിങ് ക്ലബ് രൂപവത്കരിച്ചത് 1889 ല്‍ ആണ്. തുടര്‍ന്ന് മോഹന്‍ ബഗാന്‍ അത്‌ലറ്റിക് ക്ലബ് ആയി. 1904 ല്‍ കുച്ച് ബിഹാര്‍  ട്രോഫി നേടിക്കൊണ്ടായിരുന്നു തേരോട്ടം തുടങ്ങിയത്. ഇന്ത്യയില്‍ ഏറ്റവും അധികം ടൂര്‍ണമെന്റുകള്‍ ജയിച്ച ഫുട്‌ബോള്‍ ക്ലബ് ആയി. ദേശീയ ലീഗിലും ഐ ലീഗിലും കിരീടം നേടി. എ.ടി.കെ.യായി ഐ.എസ്.എല്ലിലും ഇനി ബഗാന്‍ എന്ന യഥാര്‍ഥ പേരില്‍ വിജയം സാധ്യമാകുമോ? കാത്തിരിക്കാം. ഫലമെന്തായാലും മോഹന്‍ബഗാന്‍ എന്ന പേര് ഒരു വികാരമാണ്. ഒരു ആവേശമാണ്. 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)