•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

ഒരുമയില്‍ ഉണരട്ടെ തൊഴില്‍ദിനങ്ങള്‍

ചിതറിക്കിടക്കുന്ന സംഭവങ്ങളെയും വസ്തുക്കളെയും മനുഷ്യമനസ്സുകളെയും ഇഴചേര്‍ത്ത് മനോഹരസൃഷ്ടികളാക്കുകയാണ് സാഹിത്യത്തിന്റെ ആത്യന്തികലക്ഷ്യം (സഹിതോ ഭവഃസാഹിത്യം). ഏതൊരു തൊഴിലിന്റെയും ലക്ഷ്യം സഹിതോ ഭവഃ (കൂട്ടിക്കെട്ടുക)തന്നെയാണ്. ഓരോ തൊഴിലും ഒരു കലയാണ്. കല ആനന്ദദായകമാണ്. ആനന്ദം ഒരുമയിലാണ്.
വിഭജിച്ചുപോയ മനുഷ്യമനസ്സുകളെ ഒരുമിപ്പിക്കുന്നതിനുവേണ്ടി സ്വയം വിഭജിക്കപ്പെട്ട യേശുനാഥന്റെ ഉത്ഥാനാനുഭവലഹരിയാണ് സഭാസമൂഹം മുഴുവനും. ഉയിര്‍പ്പനുഭവത്തിന്റെ നാലാമത്തെ ആഴ്ച ആരംഭിക്കുന്നത് മേയ്മാസപ്പുലരിയിലാണ്. മേയ്മാസദിനങ്ങള്‍ പൂവുകള്‍ക്കു പുണ്യകാലവും രാവുകള്‍ക്കു വേളിക്കാലവും എന്നാണ് കവി പാടുന്നത്. മലങ്ങളായ മേടവും ഇടവവും കൈകോര്‍ക്കുന്ന മേയ്മാസം വിവാഹാഘോഷങ്ങളുടെയും ഇതര ആഘോഷങ്ങളുടെയും വസന്തകാലമാണ്. 
അന്നൊരു മേയ്മാസദിനത്തിലാണ്, ചൂഷണത്തിനു വിധേയരായി അസംഘടിതരായിരുന്ന മൂന്നുലക്ഷം തൊഴിലാളികള്‍ ചിക്കാഗോ നഗരത്തില്‍ ഒരുമിച്ചുകൂടിയത്. കൃത്യമായിപ്പറഞ്ഞാല്‍ 1891 മേയ് ഒന്നാംതീയതി വെള്ളിയാഴ്ച. തൊഴിലിന്റെ മഹത്ത്വം ഉറക്കെപ്പാടി തൊഴിലാളികളുടെ അവകാശം നേടിയെടുക്കാന്‍ ഒരുമിച്ചുകൂടിയ ആ ജനലക്ഷങ്ങള്‍ ഐക്യത്തിന്റെ ശക്തി കണ്ടു. കൂട്ടായ്മയുടെ മാധുര്യം ആസ്വദിച്ചു. അന്നുമുതല്‍ മേയ് ഒന്ന് ലോകതൊഴിലാളിദിനമായി ആചരിച്ചുപോരുന്നു. തൊഴിലാളികളായി ഒരു കൂട്ടരെമാത്രം മാറ്റി നിര്‍ത്തുന്നത് ശരിയല്ല സര്‍വരും തൊഴിലാളികളാണ്. മുതലാളിയെന്നും തൊഴിലാളിയെന്നും തൊഴില്‍ ദാതാവെന്നും തൊഴില്‍ സ്വീകര്‍ത്താവെന്നും പദപ്രയോഗങ്ങള്‍ ഉണ്ടെങ്കിലും തൊഴില്‍ദാനവും ഒരു തൊഴിലാണ്. അതുകൊണ്ട് മെയ്  ഒന്ന് തൊഴില്‍ ചെയ്യുന്ന എല്ലാവരുടേതുമാണ്. 
പണിയെടുക്കുന്നവന്റെ മധ്യസ്ഥനും മാതൃകയും തിരുക്കുടുംബത്തിന്റെ നായകന്‍ വി. യൗസേപ്പാണ്. അവനൊരു മരപ്പണിക്കാരന്‍ ആശാരിയായിരുന്നു. തച്ചനും ശില്പിയും ആശാരിയുടെ സമാനപദങ്ങളാണ്. ചിതറിക്കിടക്കുന്ന വസ്തുക്കളെ കൂട്ടിയോജിപ്പിച്ച് മനോഹരരൂപങ്ങള്‍ ഉണ്ടാക്കുകയാണ് ഓരോ തച്ചനും ശില്പിയും ചെയ്യുന്നത്. യൗസേപ്പ് എന്ന തച്ചന്‍തൊഴിലാളി തന്റെ തൊഴില്‍ ഭംഗിയായി ചെയ്ത് കുടുംബത്തെ പരിപാലിച്ചു. ഒരേ അര്‍ഥമുള്ള രണ്ടു പദങ്ങള്‍ കൂടിച്ചേര്‍ന്ന ശബ്ദമാണ് യൗസേപ്പിതാവ്. വളര്‍ത്തുന്നവന്‍, പാലനം ചെയ്യുന്നവന്‍ എന്നര്‍ഥം. അതുകൊണ്ട് യൗസേപ്പിതാവ് ഡബിള്‍ പിതാവാണ്. യൗസേപ്പിതാവിന്റെ തൊഴിലാണ് ഏതു മേഖലയിലായാലും ഓരോ വ്യക്തിക്കും ചെയ്യാനുള്ളത്. അജഗണങ്ങള്‍ക്കു നേരിട്ടു നേതൃത്വം കൊടുക്കുന്ന വൈദികരെ ഒരുമിച്ചുനിര്‍ത്തുകയാണ് ഒരു മെത്രാന്റെ തൊഴില്‍. മെത്രാന്മാരെ ഒരുമിച്ചുനിര്‍ത്തുകയാണ് ആര്‍ച്ചുബിഷപ്പിന്റെ തൊഴില്‍. ശരിതെറ്റുകള്‍ തിരിച്ചറിഞ്ഞ് ശരിയുടെ മേച്ചില്‍പുറം തേടുകയാണ് അജഗണങ്ങളുടെ തൊഴില്‍. താങ്കളുടെ തൊഴിലിന്റെ മഹത്ത്വം മനസ്സിലാക്കാതെ, ധരിച്ചിരിക്കുന്ന വസ്ത്രം മടക്കിക്കുത്തി തെരുവില്‍ മുദ്രാവാക്യം മുഴക്കുന്നവര്‍ വിഭജനത്തിന്റെ വക്താക്കളാണ്. വിഭജനം പിശാചിന്റെ തൊഴിലാണ്. ഈ തൊഴില്‍ ഏറ്റെടുക്കുന്നവരുടെ എണ്ണം അനുദിനം ഏറുകയാണ്. എല്ലാ രംഗത്തും യൗസേപ്പിന്റെ തൊഴില്‍ കൂട്ടിയോജിപ്പിക്കുകയായിരുന്നു. മരവും മനസ്സും. മരംപോലുള്ള മനസ്സുകളെ മയപ്പെടുത്തി കൂട്ടിയോജിപ്പിക്കുന്നവനാണ് നല്ല തൊഴിലാളി. നമ്മുടെ രാഷ്ട്രീയ മതനേതാക്കന്മാര്‍ നല്ല തൊഴിലാളികള്‍ ആകേണ്ടിയിരിക്കുന്നു.
മഹനീയതൊഴിലെന്നോ ഹീനതൊഴിലെന്നോ വകഭേദമില്ലെന്നും എല്ലാ തൊഴിലും മഹനീയമാണെന്നും തൊഴിലാളിദിനം വീണ്ടും ഓര്‍മപ്പെടുത്തുന്നു. എല്ലാ തൊഴിലും രാഷ്ട്രനിര്‍മിതിക്ക് അനിവാര്യമാണ്. ഉത്തമതൊഴിലെന്നും അധമതൊഴിലെന്നും തൊഴിലിനെ വ്യാഖ്യാനിച്ച് മനുഷ്യരെ പല തട്ടുകളായി തിരിച്ചിരുന്ന ഒരു അധമസംസ്‌കാരം പണ്ടിവിടെ ഉണ്ടായിരുന്നു. അതിന്റെ വാങ്ങലുകള്‍ രാജ്യത്തിന്റെ പലഭാഗത്തും ഇന്നുമുണ്ട്. അതിനു മതപരിവേഷം കൂടി കൊടുത്തപ്പോള്‍ വേര്‍തിരിവ് രാക്ഷസീയഭാവമായി മാറിക്കൊണ്ടിരിക്കുന്നു. ഇതു മാറി ഈശ്വരഭാവം വിടരണം.
ഈശ്വരഭാവം സ്‌നേഹത്തിന്റെ ഭാവമാണ്. ഒരുമയുടെ ഭാവമാണ്. പിതാവേ, നമ്മള്‍ ഒന്നായിരിക്കുന്നതുപോലെ ഇവരും ഒന്നാകണമെന്നു പ്രാര്‍ത്ഥിച്ച ഈശോ ഐക്യത്തിന്റെ ബലിവസ്തുവായി. ഐഹികദൗത്യം പൂര്‍ത്തിയാക്കിയ ഈശോ തന്റെ തൊഴില്‍ തുടരാന്‍ പത്രോസിനെ ഭരമേല്പിച്ചു (യോഹ. 21: 15-14). ഏറ്റെടുത്ത തൊഴില്‍ പത്രോസ് ഭംഗിയായി പൂര്‍ത്തിയാക്കി. ദൗത്യനിര്‍വഹണത്തിനിടയില്‍ പത്രോസ് വീരമൃത്യു പ്രാപിച്ചു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)