•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

ചരിത്രപാഠങ്ങള്‍ പുറന്തള്ളപ്പെടുമ്പോള്‍ !

സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന കേന്ദ്ര ഭരണത്തിനു കീഴില്‍ രാജ്യത്തെ പാഠപുസ്തകങ്ങളെ കാവിവത്കരിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ മുന്നോട്ടുപോവുകയാണ്. തങ്ങള്‍ക്കു ഹിതകരമല്ലാത്ത പാഠഭാഗങ്ങള്‍ വെട്ടിനിരത്തിയും താത്പര്യമുള്ളവ ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുപോലും ഉള്‍പ്പെടുത്തിയുമാണ് പാഠപുസ്തകങ്ങളുടെ ഈ കാവിവത്കരണം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ആറുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രമീമാംസ, സമൂഹികശാസ്ത്രം, 
പൗരശാസ്ത്രം, ഹിന്ദിഭാഷ എന്നിവയില്‍നിന്ന് സുപ്രധാന വിവരങ്ങളും  അധ്യായങ്ങളും എന്‍.സി.ഇ.ആര്‍.ടി. വെട്ടിനിരപ്പാക്കിയ വാര്‍ത്ത പുറത്തുവരുന്നത്.
2014 ല്‍ നരേന്ദ്ര മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം വലിയ മാറ്റങ്ങളാണു നടപ്പാക്കുന്നത്. പാഠപുസ്തകത്തില്‍ വരുത്തിയ എല്ലാ തിരു
ത്തലുകളുടെയും മാറ്റങ്ങളുടെയും സമഗ്രപട്ടിക എന്‍.
സി.ഇ.ആര്‍.ടി. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. എന്നാല്‍, അധ്യയനവര്‍ഷം ആരംഭിച്ചതിനാല്‍ അന്ന്അതു പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. ചരിത്രഭാഗങ്ങള്‍ നീക്കം ചെയ്ത് പുനഃപ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ 2023-2024 അക്കാദമിക് വര്‍ഷമായപ്പോഴാണ് പുറത്തിറങ്ങുന്നത്. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍നിന്ന് മുഗള്‍ചരിത്രം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കി.
ഗാന്ധിവധം പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കിപ്രധാനപ്പെട്ട തിരുത്തലുകള്‍ നടത്തിയത് 12-ാം ക്ലാസില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി വിദ്യാര്‍ഥി
കള്‍ പഠിച്ചുപോന്ന എന്‍.സി.ഇ.ആര്‍.ടിയുടെ രാഷ്ട്രതന്ത്രശാസ്ത്രപുസ്തകത്തിലാണ്. ഒഴിവാക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഭാഗം ശ്രദ്ധിക്കുക: 'ഹിന്ദു - മുസ്ലിം ഐക്യത്തിനുവേണ്ടിയുള്ള ഗാന്ധിജിയുടെ ദൃഢചിത്തവും നെഞ്ചുറപ്പുള്ളതുമായ തീവ്രോദ്യമം അത്രത്തോളമാകയാല്‍ അത് ഹിന്ദുത്വതീവ്രവാദികളെ പ്രകോപി
പ്പിക്കുകയും അവര്‍ ഗാന്ധിജിയെ വധിക്കാന്‍ അനേകം  നടത്തുകയും ചെയ്തു. ഗാന്ധിജിയുടെ കൊലപാതകം രാജ്യത്തെ വര്‍ഗീയസ്ഥിതിവിശേഷ
ത്തില്‍ മാന്ത്രികമായ പ്രഭാവമാണുണ്ടാക്കിയത്. വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്താന്‍ തുടങ്ങി. ആര്‍.
എസ്.എസ്. പോലുള്ള സംഘടനകളെ അല്പകാലം നിരോധിച്ചു.' ഗാന്ധിവധവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെ ചരിത്രത്തില്‍നിന്നു തുടച്ചുമാറ്റുന്നതിനുവേണ്ടിയാണ് ഈ തമസ്‌കരണമെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയും പടിക്കുപുറത്ത്
സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയുമായ മൗലാനാ അബുള്‍ കലാം ആസാദിനെയും എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പ്ലസ് വണ്‍ രാഷ്ട്രമീമാംസാ പാഠപുസ്തകത്തിലെ 'ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അറ്റ് വര്‍ക്ക്' എന്ന ഭാഗത്തുനിന്നാണ് ആസാദിനെ ഒഴിവാക്കിയത്. പാഠപുസ്തകത്തിലെ ആദ്യ ചാപ്റ്ററിലാണ് ഈ പാഠഭാഗം വരുന്നത്. കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ എട്ടു പ്രധാനപ്പെട്ട കമ്മിറ്റികളുണ്ടായിരുന്നുവെന്ന് പ്രസ്തുത പാഠഭാഗത്തില്‍ പറയുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ പട്ടേല്‍, മൗലാനാ ആസാദ്, അംബേദ്കര്‍ എന്നിവരെല്ലാം കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചുവെന്നാണ് പരിഷ്‌കരിക്കുന്നതിനുമുമ്പ് എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തിലുണ്ടായിരുന്നത്. എന്നാല്‍, പരിഷ്‌കരിച്ച പതിപ്പില്‍ ആസാദിന്റെ പേര് അപ്രത്യക്ഷമായിരിക്കുന്നു. ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ നിര്‍ണായകസ്ഥാനം വഹിച്ച വ്യക്തിയാണ് അബ്ദുള്‍ കലാം ആസാദ്. 
കൂടാതെ, ജമ്മു കശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ത്തതു സംബന്ധിച്ച പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 'ദി ഫിലോസഫി ഓഫ് കോണ്‍സ്റ്റിറ്റിയൂഷന്‍' എന്ന പത്താമത്തെ അധ്യായത്തില്‍ ഒരു വാക്യംതന്നെ നീക്കം ചെയ്തിരിക്കുകയാണ്. 'ജമ്മു കശ്മീരിന്റെ ഇന്ത്യന്‍ യൂണിയനിലേക്കുള്ള പ്രവേശനം ഭരണഘടനയുടെ 370  വകുപ്പുപ്രകാരം അതിന്റെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ്' എന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. ഈ ഭാഗം ഒഴിവാക്കി.
അടിയന്തരാവസ്ഥയെക്കുറിച്ചു രേഖപ്പെടുത്തിയിരുന്ന ഭാഗങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന്, 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ അടിയന്തരാവസ്ഥയെക്കുറിച്ചു പരാമാര്‍ശിക്കുന്ന 'സ്വാതന്ത്ര്യംമുതല്‍ ഇന്ത്യയിലെ രാഷ്ട്രീയം' എന്ന അധ്യായത്തിലെ അഞ്ചു പേജുകള്‍ വെട്ടിമാറ്റി. 'ജനാധിപത്യക്രമത്തിന്റെ പ്രതിസന്ധി' എന്ന തലക്കെട്ടിലുള്ള അധ്യായത്തിലെ നീക്കം ചെയ്ത ഉള്ളടക്കത്തില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
ആറാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളില്‍നിന്ന് സമകാലിക ഇന്ത്യയിലെ സാമൂഹികപ്രസ്ഥാനങ്ങളായി മാറിയ പ്രതിഷേധങ്ങളെ വിശദീകരിക്കുന്ന മൂന്ന് അധ്യായങ്ങള്‍ ഒഴിവാക്കി. ഉദാഹരണത്തിന്, 12-ാം ക്ലാസിലെ 'പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ്' എന്ന പുസ്തകത്തില്‍നിന്ന് 'റൈസ് ഓഫ് പോപ്പുലര്‍ മൂവ്‌മെന്റ്‌സ്' എന്ന അധ്യായം ഒഴിവാക്കി. ആറാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ(അവര്‍ പാസ്റ്റ്‌സ് ക) വര്‍ണവ്യവസ്ഥയെ  ക്കുറിച്ചുള്ള ഭാഗം പകുതിയാക്കി വെട്ടിക്കുറച്ചു. ജാതിവ്യവസ്ഥയുടെ പാരമ്പര്യസ്വഭാവം, ആളുകളെ തൊട്ടുകൂടാത്തവരായി തരംതിരിക്കല്‍, ജാതിസമ്പ്രദായത്തെ നിരാകരിക്കല്‍ എന്നിവയെക്കുറിച്ചുള്ള വാക്യങ്ങള്‍ 'കിങ്ഡം, കിങ്‌സ്, ആന്‍ ഏര്‍ളി റിപ്പബ്ലിക്' എന്ന അധ്യായത്തില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്. 
12-ാം ക്ലാസ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന 'സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ രാഷ്ട്രീയം' എന്ന പാഠപുസ്തകത്തില്‍നിന്ന് 'ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം', 'ഏകകക്ഷി ആധിപത്യത്തിന്റെ കാലഘട്ടം' എന്നിവയും നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഭാരതീയ ജനസംഘം, സ്വതന്ത്ര പാര്‍ട്ടി എന്നിവയുടെ ആധിപത്യത്തിന്റെ സ്വഭാവം പഠിപ്പിക്കുന്ന പാഠഭാഗങ്ങളും ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകമായ 'ജനാധിപത്യ രാഷ്ട്രീയം - രണ്ടാം' പാഠപുസ്തകത്തില്‍നിന്ന് 'ജനാധിപത്യവും വൈവിധ്യവും', 'ജനകീയസമരങ്ങളും പ്രസ്ഥാനങ്ങളും', 'ജനാധിപത്യത്തോടുള്ള വെല്ലുവിളികള്‍' എന്നീ പാഠങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
ഗുജറാത്ത് കലാപം
2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും എന്‍.സി.ഇ.ആര്‍.ടി. സോഷ്യല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ്' എന്ന നിലവിലെ 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ അവസാന അധ്യായത്തിലെ കലാപത്തെക്കുറിച്ചുള്ള രണ്ടു പേജുകള്‍ വെട്ടിമാറ്റി. ഇതിലെ ആദ്യപേജില്‍ സംഭവങ്ങളുടെ കാലഗണനയെക്കുറിച്ചുള്ള ഒരു ഖണ്ഡികയുണ്ട്. കര്‍സേവകര്‍ ഉണ്ടായിരുന്ന ട്രെയിനില്‍ തീവച്ചത്, തുടര്‍ന്ന് മുസ്ലിങ്ങള്‍ക്കെതിരായ അക്രമം, അക്രമം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഗുജറാത്ത് സര്‍ക്കാരിനെതിരായ ദേശീയ മനുഷ്യാവകാശക്കമ്മിഷന്റെ വിമര്‍ശനം എന്നിവയാണ് ഉള്‍പ്പെട്ടിരുന്നത്. 'മതവികാരം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമൂലം സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ഗുജറാത്ത്, നമുക്കു മുന്നറിയിപ്പു നല്‍കുന്നു. ഇത് ജനാധിപത്യരാഷ്ട്രീയത്തിനു ഭീഷണിയാണ്'- എന്ന ഭാഗമുള്ള ഖണ്ഡികയും നീക്കം ചെയ്തതില്‍ ഉള്‍പ്പെടുന്നു.
രണ്ടാമത്തെ പേജില്‍ (ഇപ്പോള്‍ നീക്കിയത്) മൂന്നു പത്രറിപ്പോര്‍ട്ടുകളുടെ കൊളാഷും കൂടാതെ, ഗുജറാത്ത് സര്‍ക്കാര്‍ കലാപം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള 2001-2002 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍നിന്നുള്ള എന്‍.എച്ച്.ആര്‍.സിയുടെ നിരീക്ഷണത്തിന്റെ ഉദ്ധരണിയും ഉള്‍ക്കൊള്ളുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പ്രസിദ്ധമായ 'രാജധര്‍മ' പരാമര്‍ശവും നീക്കം ചെയ്തു. ''രാജധര്‍മം പിന്തുടരണമെന്നാണ് മുഖ്യമന്ത്രിക്കുള്ള എന്റെ സന്ദേശം. ഒരു ഭരണാധികാരി തന്റെ പ്രജകള്‍ക്കിടയില്‍ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും കാണിക്കരുത്'' 2002 മാര്‍ച്ചില്‍ അഹമ്മദാബാദില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അരികിലിരുത്തി വാജ്പേയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ആവര്‍ത്തിക്കുന്ന ഒഴിവാക്കലുകള്‍
പാഠപുസ്തകങ്ങളില്‍നിന്ന് ഇത്തരം അധ്യായങ്ങള്‍ നീക്കം ചെയ്യുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ചേരിചേരാപ്രസ്ഥാനം, ശീതയുദ്ധകാലഘട്ടം, ആഫ്രോ-ഏഷ്യന്‍ പ്രദേശങ്ങളിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗള്‍കോടതികളുടെ ചരിത്രരേഖകള്‍, വ്യവസായവിപ്ലവം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഉപേക്ഷിച്ചിരുന്നു. 2014 ല്‍ നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷമുള്ള മൂന്നാമത്തെ പാഠപുസ്തക അവലോകനമാണിത്. ആദ്യത്തേത് 2017 ല്‍ നടന്നു. അതില്‍ എന്‍.സി.ഇ.ആര്‍.ടി 182 പാഠപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ഡാറ്റ അപ്‌ഡേറ്റുകളും ഉള്‍പ്പെടെ 1,334 മാറ്റങ്ങള്‍ വരുത്തി. രണ്ടാമത്തെ അവലോകനം 2019 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രകാശ് ജാവദേക്കറുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികളുടെ ഭാരം കുറയ്ക്കാനെന്ന പേരിലായിരുന്നു ആരംഭിച്ചത്. പുതിയ ദേശീയ വിദ്യാഭ്യാസനയം (ചഋജ) 2020 ന്റെ വ്യവസ്ഥകള്‍ അനുസരിച്ച് പാഠപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുവേണ്ടിയാണ് ഈ പരിഷ്‌കാരങ്ങള്‍ എന്നാണ് എന്‍.സി.ഇ.ആര്‍.ടി പറയുന്നത്.
എന്‍.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചരിത്രതമസ്‌കരണത്തിനെതിരേ വലിയ വിമര്‍ശനമാണ് രാജ്യത്തിനകത്തും പുറത്തും ഉയരുന്നത്. സൈമണ്‍ ഷാമ എന്ന ബ്രിട്ടിഷ് ചരിത്രകാരന്‍ പ്രതികരിച്ചത് 'ഇത് ചരിത്രത്തിനെതിരായ മറ്റൊരു അപകീര്‍ത്തികരമായ യുദ്ധമാണ്' എന്നാണ്. 'ഹിന്ദുദേശീയവാദഭരണത്തിന്‍കീഴില്‍ ഇന്ത്യന്‍ സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്ന അറിവിനെക്കുറിച്ചുള്ള അജ്ഞതയുടെ ആലിംഗനത്തിന്റെ മറ്റൊരു അധ്യായം ഈ നീക്കം അടയാളപ്പെടുത്തുന്നു'വെന്നാണ് ഗ്രന്ഥകാരനും പ്രശസ്ത ചരിത്രകാരനുമായ ഓഡ്രി ട്രൂഷ്‌കെ പറഞ്ഞത്. 
ചരിത്രത്തെ വക്രീകരിച്ചും തമസ്‌കരിച്ചും പുതിയ ചരിത്രം അടിച്ചേല്പിക്കുന്നതിനാണ് രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് വളരെ അപകടകരമായ നീക്കമാണ്. പുതിയ ചരിത്രനിര്‍മിതികള്‍ ഏകപക്ഷീയമാവുമ്പോള്‍ അതിലൂടെ വാര്‍ത്തെടുക്കപ്പെടുന്ന ഭാവിതലമുറകള്‍ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രവക്താക്കളായി മാറുമെന്ന സ്ഥിതിവിശേഷമാണു മുമ്പിലുള്ളത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)