•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

കുരിശിന്റെ വഴിയില്‍ പുതിയ കീര്‍ത്തനവുമായി ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍

പുതിയ രചനയും സംഗീതവുമായി ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍ ചിട്ടപ്പെടുത്തിയ നവീന ''കുരിശിന്റെ വഴി'' ശ്രദ്ധേയമാവുന്നു. ഇപ്പോള്‍ത്തന്നെ ആയിരക്കണക്കിന് ഓണ്‍ലൈന്‍ പ്രേക്ഷകര്‍ ഈ ആല്‍ബം ഏറ്റെടുത്തുകഴിഞ്ഞു.
കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനിയിലും വെസ്റ്റേണിലും അഗാധപാണ്ഡിത്യമുള്ള ഫാ. പുത്തൂരിന്റെ അര്‍ഥസമ്പുഷ്ടവും ഇമ്പകരവുമായ ഈരടികള്‍ ആലപിച്ചിരിക്കുന്നത് സുപ്രസിദ്ധ പിന്നണിഗായികയായ മിന്‍മിനിയാണ്.
ഈ ഗാനരചനയ്ക്കും സംഗീതസംവിധാനത്തിനും പരിശുദ്ധാത്മാവിന്റെ ഇടപെടലില്‍ താനൊരു നിമിത്തമാവുകയായിരുന്നുവെന്ന് ഫാ. പുത്തൂര്‍ വിനയത്തോടെ പറയുന്നു. ഒരു ഭക്തിഗാനം രചിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍, അത് ഒരു 'കുരിശിന്റെ വഴി'യായി മാറുകയായിരുന്നു. ഏതോ ഒരു ഉള്‍പ്രേരണയില്‍, ഈ പുതിയ സ്ലീവാപ്പാതയുടെ പ്രാരംഭഗാനവും സമാപനഗാനവും പതിന്നാലു സ്ഥലങ്ങളിലെ പാട്ടുകളുമെല്ലാം കാവ്യാത്മകമായി ഒഴുകിയിറങ്ങുകയായിരുന്നു. തീര്‍ച്ചയായും അതു പരിശുദ്ധാത്മശക്തിയുടെ കൃപതന്നെ - അച്ചന്‍ പറയുന്നു. 
ഇതിന്റെ മേല്‍നോട്ടവും ഓര്‍ക്കസ്ട്രയും നിര്‍വഹിച്ചിരിക്കുന്നത് ഫാ. പുത്തൂരിന്റെ സഹോദരനും പ്രമുഖഗിത്താറിസ്റ്റുമായ ജോസ് തോമസാണ്. കോറസ് ആലപിച്ചിരിക്കുന്നത് സഹോദരപുത്രന്‍ ഫാ. ബിബിനും ബിബിന്റെ  സഹോദരി ഗീതുമോളും.
ഫാ. ആബേല്‍ സി.എം.ഐ., ഫാ. ജോസഫ് മാവുങ്കല്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ കുരിശിന്റെ വഴിയില്‍ നിന്നു വ്യത്യസ്തമായ ഒരു പരമ്പരാഗത ഈണം കേരളസഭയില്‍ മുമ്പു നിലവിലിരുന്നു അതേ ഈണത്തിലും വചനസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമാണ് പുതിയ കുരിശിന്റെ വഴി രൂപപ്പെടുത്തിയിരിക്കുന്നത്. 
സീറോ മലബാര്‍ സഭയുടെ സമ്പൂര്‍ണ റാസക്രമം, അര്‍ണോസ് പാതിരിയുടെ പുത്തന്‍പാന, നിരവധി ഭക്തിഗാനകാസറ്റുകള്‍ എന്നിവയും ഫാ. പുത്തൂര്‍ നവ്യസംഗീതത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ പാലാ രൂപതയിലെ പൈക സെന്റ് ജോസഫ് പള്ളി വികാരിയാണ്.
     - ജോസഫ് കുമ്പുക്കന്‍

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)