•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

കണ്ണീരൊപ്പാനാകട്ടെ സര്‍ക്കാരുകള്‍

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇന്ത്യയില്‍ 41 ലക്ഷം യുവാക്കള്‍ക്കു തൊഴില്‍ നഷ്ടമായെന്നാണ് അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെയും (ഐഎല്‍ഒ) ഏഷ്യന്‍ വികസന ബാങ്കിന്റെയും (എഡിബി) പഠനറിപ്പോര്‍ട്ട്. ഇതു ചെറുപ്പക്കാരുടെ മാത്രം കണക്കാണ്. കാര്‍ഷിക, നിര്‍മാണ മേഖലയിലാണ് ഏറ്റവുമധികം പേര്‍ക്ക് ഇന്ത്യയില്‍ ജോലി നഷ്ടമായത്. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷികമേഖല എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.

2019 ലെ പഠനറിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് 16 കോടി യുവാക്കളാണ് (24 ശതമാനം) തൊഴിലോ വിദ്യാഭ്യാസമോ മറ്റു പരിശീലനമോ ഇല്ലാതെ സമയം പാഴാക്കുന്നത്. യുവാക്കളിലെ തൊഴിലില്ലായ്മ 13.8 ശതമാനമായി വര്‍ദ്ധിച്ചു. മുതിര്‍ന്നവരിലെ തൊഴിലില്ലായ്മ ഇതേ കാലയളവില്‍ മൂന്നു ശതമാനം മാത്രമേയുള്ളൂ. ഇന്ത്യയില്‍ നാലില്‍ ഒരാള്‍ ഇപ്പോഴും ദാരിദ്ര്യത്തിലാണെന്നും കണെ്ടത്തി. ഇവരില്‍ ചിലരെങ്കിലും കൊടിയ പട്ടിണിയിലുമാണ്. 
മാസങ്ങള്‍ നീണ്ട ലോക്ഡൗണ്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും വിവിധ പരിശീലനകേന്ദ്രങ്ങളും തൊഴില്‍ശാലകളും ഫാക്ടറികളും ലോക്ഡൗണില്‍ പൂട്ടിയിടേണ്ടിവന്നതോടെ രാജ്യത്തെ യുവജനങ്ങള്‍ നൂറ്റാണ്ടിലെ ഏറ്റവും കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്.
കാലാവസ്ഥാവ്യതിയാനം 
വില്ലനാകുന്നു

ഗ്രാമീണമേഖലയിലെയും ചെറുപട്ടണങ്ങളിലെയും ദുരിതങ്ങളാണ് എക്കാലവും കൂടുതല്‍ അവഗണിക്കപ്പെടുന്നത്. നാട്ടിന്‍പുറങ്ങളില്‍ യുവാക്കളോടൊപ്പം മുതിര്‍ന്ന പൗരന്മാരും അരപ്പട്ടിണിയിലാണു കഴിയുന്നത്. കാര്‍ഷികോത്പങ്ങളുടെ വിലത്തകര്‍ച്ചയും ഉത്പാദനത്തിലെ കുറവും കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ ചെലവുകളിലെ വര്‍ധനയുമെല്ലാം സാധാരണക്കാരെ വല്ലാതെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളോടു സര്‍ക്കാരുകള്‍ കണ്ണടയ്ക്കുകയും ചെയ്യുന്നു.
ഉത്തരേന്ത്യയിലെ വന്‍കിടകര്‍ഷകര്‍ ലോക്ഡൗണിന്റെ ആദ്യകാലത്തെ കഷ്ടപ്പാടുകളില്‍നിന്ന് ഒരുവിധം കരകയറിവരുകയാണ്. ഹിന്ദിസംസ്ഥാനങ്ങളിലെ കാര്‍ഷികോത്പന്നങ്ങള്‍ക്കു താരതമ്യേന മെച്ചപ്പെട്ട താങ്ങുവില നല്‍കി സര്‍ക്കാരുകള്‍ സംഭരിക്കുന്നതാണ് ഗുണകരമായത്. ഗോതമ്പ്, നെല്ല്, പയര്‍വര്‍ഗങ്ങള്‍, സവോള, കിഴങ്ങ്, പച്ചക്കറികള്‍ എന്നിവയ്‌ക്കെല്ലാം ലോക്ഡൗണ്‍ കാലത്തു വിപണിയില്‍ ചെലവുകൂടിയതും ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കു തെല്ലൊരു ആശ്വാസമായിട്ടുണ്ട്.
എങ്കിലും മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ബിഹാര്‍, ഒഡീഷ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി മിക്ക സംസ്ഥാനങ്ങളും കാര്‍ഷികമേഖല പൊതുവേ നേരിടുന്ന പ്രതിസന്ധികളില്‍ നിന്നു മോചിതരല്ല. അന്താരാഷ്ട്ര കരാറുകളുടെ തിരിച്ചടികളെക്കാളും വിളകളുടെ വിലക്കുറവിനെക്കാളും കാലാവസ്ഥയിലെ വ്യതിയാനമാണ് കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്താകെ ഇതേ പ്രശ്‌നമുണ്ട്. 
പ്രളയവും വരള്‍ച്ചയും ഒരുപോലെ കര്‍ഷകരുടെ കണ്ണീരിനു കാരണമാകുന്നത് കേരളം എല്ലാ വര്‍ഷവും അനുഭവിക്കുന്നുണ്ട്. മൂന്നാര്‍ പെട്ടിമുടിയില്‍ ഉണ്ടായതുപോലുള്ള പ്രകൃതിദുരന്തങ്ങളും പാവങ്ങളായ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതമാണ് തച്ചുടയ്ക്കുന്നത്. ഓരോ ദുരന്തത്തിനും പ്രകൃതിക്ഷോഭങ്ങള്‍ക്കും പിന്നാലെ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങും. പിറ്റേവര്‍ഷം മറ്റൊരിടത്തു ദുരന്തവും പ്രളയക്കെടുതികളും ആവര്‍ത്തിക്കുന്നു. വേനല്‍ക്കാലത്തിന്റെ വറുതികളും വര്‍ഷംതോറും തനിയാവര്‍ത്തനമാണു കാണുന്നത്.
കാര്‍ഷികപദ്ധതികളിലെ 
ധൂര്‍ത്തും ദുരന്തമാണ്

കേരളത്തിന്റെ സമ്പദ്ഘടനയുടെയും സാധാരണജനങ്ങളുടെയും പ്രധാന ആശ്രയമാണ് തോട്ടവിളകളും നാണ്യവിളകളും സുഗന്ധവിളകളുമെല്ലാം. കേരളത്തിലെ കാര്‍ഷികമേഖല വര്‍ഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. നാളികേരം, റബര്‍, തേയില, കാപ്പി, കുരുമുളക്, ഏലം, നെല്ല്, അടയ്ക്ക, കശുവണ്ടി, ജാതി, ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞള്‍, കൊക്കോ തുടങ്ങി സംസ്ഥാനത്തിന്റെ ഏതെങ്കിലും കൃഷി ഇന്നു ലാഭകരമായി നടത്താന്‍ കഴിയാത്ത നിലയാണ്. 
പക്ഷേ, വലിയ വാഗ്ദാനങ്ങള്‍ക്കും പൊള്ളയായ പദ്ധതികള്‍ക്കുമപ്പുറം സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കു സഹായം എത്തിക്കുന്നില്ല. കൃഷിവകുപ്പിന്റെ പേരില്‍ ചെലവാക്കുന്ന മൊത്തം തുകയുടെ 60-70 ശതമാനത്തിലേറെ ഉദ്യോഗസ്ഥര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും യാത്രാ, ദിവസപ്പടികളുമായി ചെലവാക്കുന്നതാണു ദുര്യോഗം. 
നിരവധിയായ ഓഫീസുകളും അതിന്റെ ചെലവുകളുംകൂടിയാകുമ്പോള്‍ കാര്‍ഷികമേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തുന്ന തുകയുടെ സിംഹഭാഗവും കര്‍ഷകര്‍ക്കു ഗുണമില്ലാതെ ചെലവാകുന്ന നില. പദ്ധതികളുടെയും സെമിനാറുകളുടെയും പരസ്യങ്ങളുടെയും പേരില്‍ ചെലവിടുന്ന തുകകൂടിയാകുമ്പോള്‍ ഫലത്തില്‍ കര്‍ഷകര്‍ വഞ്ചിക്കപ്പെടുന്നു. ഖജനാവില്‍നിന്നു ചെലവാക്കുന്ന ഓരോ നൂറു രൂപയിലും 20 രൂപപോലും കര്‍ഷകനു കിട്ടുന്നില്ല. 
റബര്‍, തേയില, കോഫി, സ്‌പൈസസ്, നാളികേര, കയര്‍ ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളുടെ നേരിയ ഗുണം മാത്രമാണ് സാധാരണ കര്‍ഷകരിലെത്തുന്നത്. റബര്‍ബോര്‍ഡും മറ്റും സാവധാനം ഇല്ലാതാക്കുന്ന കേന്ദ്രനയംകൂടിയാകുമ്പോള്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെയും സാധാരണ കര്‍ഷകരുടെയും നടുവൊടിയും. കര്‍ഷകരുടെ പക്കല്‍ മിച്ചം പണമില്ലാതായതോടെ കാര്‍ഷികമേഖലകളിലെ ബിസിനസുകളും തകര്‍ന്നടിഞ്ഞു. 
കര്‍ഷകരെ സര്‍ക്കാര്‍ 
മാറോടണയ്ക്കട്ടെ

അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ വളരെ ഫലപ്രദമായ പദ്ധതികളാണു നടപ്പാക്കുന്നത്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഇത്തരം രാജ്യങ്ങളില്‍ കര്‍ഷകര്‍ക്കു നേരിട്ടു കാര്യമായ സാമ്പത്തികസഹായവും നല്‍കി. അതിലേറെ, അന്താരാഷ്ട്ര വ്യാപാരകരാറുകളില്‍നിന്നു കര്‍ഷകര്‍ക്കു നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ അതതു സര്‍ക്കാരുകള്‍ വ്യക്തമായ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. 
എന്നാല്‍, ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലെ കാര്‍ഷികവിളകളുടെ വില കുത്തനെ ഇടിക്കാനും കര്‍ഷകരുടെ നട്ടെല്ലൊടിക്കാനും മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ആസിയാന്‍, സാര്‍ക്ക് അടക്കമുള്ള അന്താരാഷ്ട്രകരാറുകള്‍ വഴിതെളിച്ചത്. 
വന്‍കിട ടയര്‍ ലോബിക്കു വേണ്ടി കേന്ദ്രത്തിലെ കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ കര്‍ഷകരെ ഒറ്റുകൊടുത്തത് അനുഭവിക്കുകയാണു കേരളത്തിലെ പതിനൊന്നു ലക്ഷം റബര്‍ കര്‍ഷകരും അവരെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ലക്ഷക്കണക്കിനു തൊഴിലാളികളും.
കര്‍ഷകര്‍ക്കായി ഉണരണം 
സര്‍ക്കാരും സമൂഹവും

കര്‍ഷകര്‍ക്കു മതിയായ സാമ്പത്തികസഹായം നല്‍കുകയാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ അടിയന്തരമായി ചെയ്യേണ്ടത്. കാര്‍ഷികോത്പന്നങ്ങള്‍ക്കു ന്യായവില ഉറപ്പാക്കി സംഭരിക്കുകയും താങ്ങുവിലയും വിലസ്ഥിരതാഫണ്ടും പ്രഖ്യാപിച്ചു ഫലപ്രദമായി നടപ്പാക്കുകയും വേണം. കടക്കെണിയിലുള്ള പതിനായിരക്കണക്കിനു ചെറുകിട, നാമമാത്രകര്‍ഷകരുടെ കടവും പലിശയും എഴുതിത്തള്ളാനുള്ള നടപടികളും അനിവാര്യമാണ്. 
കര്‍ഷകരെ വീണ്ടും ആത്മഹത്യയിലേക്കും കൊടിയ ദുരിതങ്ങളിലേക്കും തള്ളിവിട്ടാല്‍ കേരളവും രാജ്യവും കൂടുതല്‍ പ്രതിസന്ധിയിലാകാനേ ഉപകരിക്കൂ. കേരളത്തിലെ കര്‍ഷകരില്‍ 90 ശതമാനത്തിലേറെ ചെറുകിടക്കാരാണെന്നതും ആരും മറക്കാതിരിക്കട്ടെ. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും പൊതുസമൂഹവും കൈകോര്‍ത്താല്‍ കോടിക്കണക്കിനു സാധാരണകര്‍ഷകരെയും രാജ്യത്തെയും രക്ഷിക്കാനാകും. 
സര്‍ക്കാരുകളും രാഷ്ട്രീയപ്പാര്‍ട്ടികളും ജനങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍ ഭിന്നതകള്‍ മറന്ന് തൊഴിലാളികളെയും കര്‍ഷകരെയും രക്ഷിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണം. ഫലപ്രദമായ നടപടികള്‍ക്കു സമയം ഇനിയും വൈകിയിട്ടില്ല. ഭരണക്കാരെ ഉണര്‍ത്താന്‍ പൊതുസമൂഹം ശബ്ദം ഉയര്‍ത്തുമെന്നും പ്രത്യാശിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)