കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്ത് കേരളത്തിലെ അധ്വാനശീലരായ ചെറുകിട കര്‍ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച കാര്‍ഷികവിളയാണ് റബര്‍. അവര്‍ റബര്‍കൃഷിമേഖലയിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങി; സാഹസികമായി ആധുനികകൃഷിരീതികള്‍ സ്വീകരിച്ചു, കഠിനാദ്ധ്വാനം ചെയ്തു, പണം മുടക്കി. ഏഴു വര്‍ഷം കഴിഞ്ഞുമാത്രം എന്തെങ്കിലും ആദായം കിട്ടാന്‍ സാധ്യതയുള്ള ഈ കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ അവര്‍ക്കു ശക്തിപകര്‍ന്നത് മൂന്നു കാരണങ്ങളായിരുന്നു.
1. ഏതു പുതിയ സംരംഭത്തിലും ചാടിയിറങ്ങാനും പണം മുടക്കാനുമുള്ള സന്നദ്ധത അവര്‍ക്കു ലഭ്യമാക്കിയ സംരംഭകസ്വഭാവം (enterprenership)
2. കര്‍ഷകര്‍ക്കാവശ്യമായ ശാസ്ത്രീയവിജ്ഞാനവും സാമ്പത്തികസഹായവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആഴമായി പഠിച്ച് ഗവേഷണം നടത്തി, പരിഹാരമാര്‍ഗ്ഗം കണെ്ടത്തി, ആ വിവരം കര്‍ഷകര്‍ക്കു പകര്‍ന്നുകൊടുക്കാനുള്ള സംവിധാനവും വിപണനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഒരേ സ്ഥലത്തുതന്നെ ലഭ്യമാക്കുന്ന റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനശൈലി.
3. റബറിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം മനസ്സിലാക്കി ഈ കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ ഉറച്ച തീരുമാനം.
അങ്ങനെയാണ് 70 വര്‍ഷം മുന്‍പ് ഇന്ത്യയിലെ മൊത്തം റബറുത്പാദനം 15000 ടണ്‍ എന്ന സ്ഥിതിയില്‍നിന്ന് 2010 ആയപ്പോഴേക്കും 9,50,000 ടണ്‍ ആയി ഉയര്‍ന്നത്.
റബറിന്റെ ഉത്പാദനം വര്‍ദ്ധിച്ചതനുസരിച്ച് അതിന്റെ ആവശ്യവും വര്‍ദ്ധിക്കാനായി ഇന്ത്യാഗവണ്‍മെന്റ് റബര്‍ വ്യവസായങ്ങളെയും പ്രോത്സാഹിപ്പിച്ചു. അങ്ങനെ റബര്‍ കൃഷിയുടെ വളര്‍ച്ചയോടൊപ്പം ബലൂണും കയ്യുറയും നിരോധും റബര്‍ഷീറ്റും റബര്‍മെത്തയും സൈക്കിള്‍ ടയര്‍മുതല്‍ ട്രക്ക് ടയറുകളും വിമാനത്തിന്റെ ടയറുകളുംവരെയുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായങ്ങളും ഇന്ത്യയില്‍ വളര്‍ന്നു. റബറിന്റെ ഉത്പാദനത്തോടൊപ്പം അതിന്റെ ഡിമാന്റും ഉയര്‍ന്നു. റബര്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകനു ന്യായമായ വില ലഭിക്കാനിടയായി. മിക്കപ്പോഴും ഡിമാന്‍ഡിനൊപ്പം റബര്‍ ഉത്പാദിപ്പിക്കാന്‍ നമുക്കു കഴിയാതെ പോയിരുന്നു. കമ്മി നികത്താനാവശ്യമായ റബര്‍ ഇറക്കുമതിചെയ്യാനും, ആവശ്യത്തിലേറെ റബര്‍ ഇറക്കുമതി ചെയ്യാതിരിക്കാനും റബര്‍ ബോര്‍ഡിന്റെ സഹായത്തോടെ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു.
പക്ഷേ, ക്രമേണ ടയര്‍ വ്യവസായമേഖല വന്‍ വളര്‍ച്ച നേടി. അവരുടെ സംഘടന ഒരു വലിയ സമ്മര്‍ദ്ദശക്തിയായിത്തീരുന്നതും, വിപണി നിയന്ത്രിക്കുന്നതുമാണ് നാം പിന്നീടു കണ്ടത്. ഒരുവശത്ത് രാജ്യത്തെ റബറുത്പാദനത്തിന്റെ 95 ശതമാനവും ഉത്പാദിപ്പിക്കുന്ന ചെറുകിട കര്‍ഷകന്‍. ആഴ്ചതോറും താന്‍ ഉത്പാദിപ്പിക്കുന്ന റബര്‍ഷീറ്റുമായി അയാള്‍ വിപണിയിലെത്തുന്നു.
ഷീറ്റ് വിറ്റിട്ടു വേണം, അരിയും അത്യാവശ്യസാധനങ്ങളും വാങ്ങാന്‍. മറുവശത്ത് വന്‍കിട ടയര്‍കമ്പനികളുടെ സംഘടന. അവര്‍ പറയുന്ന വിലയ്ക്ക് റബര്‍ വില്‍ക്കാനേ ചെറുകിടകര്‍ഷകനു കഴിയൂ.
ചെറുകിടകര്‍ഷകരെ വന്‍കിട ടയര്‍ കമ്പനികളുടെ ചൂഷണത്തില്‍നിന്നു രക്ഷിക്കാനായി റബര്‍ ബോര്‍ഡ് 1950 കളില്‍ത്തന്നെ റബര്‍മേഖലയില്‍ റബര്‍ മാര്‍ക്കറ്റിംഗ് സഹകരണസംഘങ്ങള്‍ സ്ഥാപിച്ചിരുന്നു. പക്ഷേ, 1985-86 ല്‍, ഒരു അവലോകനം നടത്തിയപ്പോള്‍ മനസ്സിലായി, ഇവിടെ ഉത്പാദിപ്പിക്കുന്ന റബറിന്റെ അഞ്ചു ശതമാനംപോലും ഈ സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ക്കു സംഭരിക്കാനും വിപണനം ചെയ്യാനും കഴിയുന്നില്ലെന്ന്. അതായത്, റബര്‍ വിപണിയുടെ നിയന്ത്രണം ടയര്‍ കമ്പനികളുടെ കൈവശംതന്നെയായിരുന്നു, എന്നര്‍ത്ഥം. സഹകരണസംഘങ്ങളെല്ലാം കോട്ടയം, കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കര്‍ഷകര്‍ ജീവിക്കുകയും റബര്‍ കൃഷി ചെയ്യുകയും റബര്‍ ഉത്പാദിപ്പിക്കുകയും ചെയ്തത് മേല്‍പ്പറഞ്ഞ താലൂക്ക് കേന്ദ്രങ്ങളില്‍ അല്ല. ഗ്രാമങ്ങളിലായിരുന്നു. അവിടെനിന്നു റബര്‍ ഷീറ്റ് ചുമന്ന് നഗരത്തിലെത്തിച്ച് ഈ സംഘങ്ങള്‍ക്കു വില്‍ക്കുക പ്രായോഗികമല്ല. അവരുടെ ഗ്രാമത്തിലുള്ള റബര്‍വ്യാപാരിക്ക് ഉല്‍പന്നം വിറ്റ് കാശു വാങ്ങുകയായിരുന്നു, അവര്‍ക്കു സൗകര്യപ്രദം. റബര്‍ മാര്‍ക്കറ്റിംഗ് സഹകരണസംഘത്തിനു ഗ്രാമതലത്തില്‍ ശാഖയോ ഷീറ്റ് സംഭരണകേന്ദ്രമോ സ്ഥാപിക്കുന്നത് ചെലവേറിയ കാര്യമാണ്. വാടക, അവിടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെല്ലാം സര്‍ക്കാര്‍ നിരക്കില്‍ ശമ്പളവും കൊടുക്കണമല്ലോ. ചുരുക്കത്തില്‍ ഈ റബര്‍ സഹകരണസംഘങ്ങള്‍ക്ക് ഓരോ ഗ്രാമത്തിലുമുള്ള സ്വകാര്യവ്യാപാരികളോട് മത്സരിക്കാന്‍ കഴിയാതെ പോയി. ടയര്‍ കമ്പനിക്കുവേണ്ടി തദ്ദേശീയവ്യാപാരികള്‍ അവര്‍ പറഞ്ഞ വിലയ്ക്ക് റബര്‍ വാങ്ങി. ഈ സാഹചര്യത്തില്‍ സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സംഘങ്ങള്‍ക്ക് ഗ്രാമതലത്തില്‍ പുതിയ വേരുകള്‍ (ശാഖകള്‍) അവര്‍ക്കു പണച്ചെലവില്ലാതെ ലഭ്യമാക്കാനായി ഗ്രാമതലത്തില്‍ ഉത്പാദകസംഘങ്ങള്‍, സംഘടിപ്പിക്കുകയായിരുന്നു. ഒരു ഗ്രാമത്തിലെ റബര്‍ കര്‍ഷകരെല്ലാവരും അതില്‍ അംഗങ്ങള്‍. അവരുടെ ഉത്പന്നം മുഴുവന്‍ ഗ്രാമത്തിലെ ഉത്പാദകസംഘത്തിനു നല്‍കുക. കര്‍ഷകരുടെ റബര്‍ഷീറ്റ് തൂക്കി വാങ്ങാനും റബര്‍പ്പാല്‍ നല്‍കുന്നവരുടെ പാലിലെ ഉണക്കറബറിന്റെ അംശം കണ്ടുപിടിക്കാനുമുള്ള ഉപകരണങ്ങളും, പ്ലാറ്റ്‌ഫോം ബാലന്‍സ് ഉള്‍പ്പെടെ ഓരോ റബറുത്പാദകസംഘത്തിനും സൗജന്യമായി റബര്‍ ബോര്‍ഡുതന്നെ ലഭ്യമാക്കി. അംഗങ്ങളായ കര്‍ഷകര്‍ക്കാവശ്യമായ വളം, രോഗനിവാരണത്തിനുള്ള മരുന്നുകള്‍, പ്ലാസ്റ്റിക് ചിരട്ട, അതിന്റെ ഹോള്‍ഡര്‍, ഫോര്‍മിക് ആസിഡ് തുടങ്ങിവയെല്ലാം വാങ്ങി നല്‍കാനും റബര്‍ ബോര്‍ഡ് തീരുമാനിച്ചു. കര്‍ഷകരുടെ ആവശ്യാനുസരണം ഓരോ ഉത്പന്നവും വാങ്ങാനായി കണക്കെടുത്തു. എല്ലാ സംഘങ്ങളുടെയും ആവശ്യം ഒന്നിച്ചുകൂട്ടി ടെണ്ടര്‍ വിളിച്ചപ്പോള്‍ കമ്പനികള്‍ വളരെക്കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ നല്‍കാന്‍ മുന്‍പോട്ടുവന്നു. എന്‍.പി.കെ. രാസവളങ്ങള്‍ 30 ശതമാനംവരെ വിലകുറച്ച് നമുക്കു ലഭിച്ചു. റബര്‍ ബോര്‍ഡ് പണം മുടക്കിയില്ല, ഒരു ഉത്പന്നവും വാങ്ങിയില്ല, സംഭരിച്ചുമില്ല. വളക്കമ്പനിക്കാര്‍ ഉത്പാദകസംഘങ്ങളുടെ ആവശ്യാനുസരണം, ഉത്പന്നം കേരളത്തിലെ പ്രധാനകേന്ദ്രങ്ങളിലെത്തിച്ചു. ഓരോ സംഘത്തിനും നല്‍കേണ്ട ഉത്പന്നത്തിന്റെ അളവ് റബര്‍ ബോര്‍ഡ് വളക്കമ്പനിയെ അറിയിച്ചു. നമുക്ക് ടെണ്ടര്‍മൂലം ലഭിച്ച കുറഞ്ഞ വിലയ്ക്ക് സംഘങ്ങള്‍, വളം ഗ്രാമത്തിലെത്തിച്ച് കര്‍ഷകര്‍ക്കു വിതരണം ചെയ്തു. കര്‍ഷകര്‍ക്കാവശ്യമുള്ള മറ്റ് ഉത്പാദനോപാധികളും റബര്‍ ബോര്‍ഡ്, എല്ലാവരുടെയും ഡിമാന്‍ഡ് കണക്കിട്ട്, ടെണ്ടര്‍ വിളിച്ചപ്പോള്‍ വളരെക്കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ കഴിഞ്ഞു.
അന്നു നാം കരുതിയത്, നമ്മുടെ ഗ്രാമതല റബര്‍ ഉത്പാദനകസംഘങ്ങളെ (ആര്‍.പി.എസ്.), താലൂക്ക് തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റബര്‍ മാര്‍ക്കറ്റിംഗ് സഹകരണസംഘങ്ങള്‍, തങ്ങളുടെ അംഗങ്ങളായി സ്വീകരിക്കുമെന്നും, അങ്ങനെ ഗ്രാമതലത്തില്‍ ഈ ആര്‍.പി.എസുകള്‍, അവരുടെ ശാഖകള്‍പോലെ പ്രവര്‍ത്തിച്ച് ഇരുകൂട്ടര്‍ക്കും പ്രയോജനപ്രദമായിത്തീരുമെന്നുമായിരുന്നു. പക്ഷേ, ഈ സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സംഘങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന രാഷ്ട്രീയനേതാക്കള്‍ ആര്‍.പി.എസ്സുകളെ അവരുടെ ശാഖകള്‍പോലെ ഉപയോഗിക്കാന്‍ തയ്യാറായില്ല. അപ്പോഴാണ്, ഓരോ പ്രദേശത്തും, റബറുത്പാദകസംഘങ്ങളുടെ ഏപ്പക്‌സ് സംഘംപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കമ്പനികള്‍ സ്ഥാപിക്കാന്‍ റബര്‍ ബോര്‍ഡ് തയ്യാറായത്. ഇങ്ങനെ നിലവില്‍ വന്ന ഒരു കമ്പനിയായ അടൂര്‍ റബ്ബേഴ്‌സ് വിജയകരമായ പ്രവര്‍ത്തനം കാഴ്ചവച്ച് രജതജൂബിലി ആഘോഷിക്കുകയാണ്. കമ്പനിക്കും, അതിന്റെ അംഗങ്ങളായ ആര്‍.പി.എസുകള്‍ക്കും കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും വിജയാശംസകള്‍!
ഇന്ന് അനിയന്ത്രിതമായി ഇറക്കുമതിറബര്‍ എത്തുന്നു. നമ്മുടെ റബറിന്റെ വിലയിടിയുന്നു. കേന്ദ്രസര്‍ക്കാര്‍ നമ്മുടെ നേരേ ദയാദൃഷ്ടി തിരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്ക് റബര്‍ റീപ്ലാന്റിംഗ് നടത്തരുത്; പകരം എണ്ണപ്പനയും കൊക്കോയും പറങ്കിമാവും തെങ്ങും, ഫലവൃക്ഷങ്ങളും കൃഷി ചെയ്യൂ എന്ന്, എന്നെപ്പോലുള്ളവര്‍ക്കു പറയേണ്ടിവന്നിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തികമേഖലയുടെ നട്ടെല്ലായ റബറിന്റെ പ്രാധാന്യം മനസ്സിലാക്കി നയം തിരുത്താന്‍ കേന്ദ്രം തയ്യാറാകുമോ?