•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

തിരിച്ചറിവ്

  • സി. തെരേസ് കോഴികൊത്തിക്കല്‍ S H
  • 30 March , 2023

''ഹലോ, ഹലോ.'' അയാള്‍ തിരക്കിട്ട്, വളരെ സന്തോഷത്തോടെ ഫോണ്‍ ചെയ്തുകൊണ്ട് ത്രീസ്റ്റാര്‍ ഹോട്ടലിന്റെ പ്രവേശനകവാടത്തില്‍നിന്നിറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കുകയാണ്.
''ഹലോ, ഗോപൂ, കച്ചവടം ഉറപ്പിച്ചു. നമ്മള്‍ പ്രതീക്ഷിച്ച തുകയ്ക്കുതന്നെ എഗ്രിമെന്റ് വയ്ക്കാന്‍ കഴിഞ്ഞു. ഇനി ഉടന്‍തന്നെ ഒരു വാടകവീട് കണ്ടുപിടിക്കണം.''
''ശരി, ഇന്ന് ഇത്രയും ലേറ്റായതുകൊണ്ട്, നാളെ വിശദമായി സംസാരിക്കാം, ഒക്കെ.''
അയാള്‍ ഫോണ്‍ ഓഫാക്കി കാറില്‍ കയറി ഓടിച്ചുപോയി. പാതിരാത്രിയായിരുന്നെങ്കിലും ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ച പ്രതീതിയായിരുന്നു അപ്പോള്‍ അയാളുടെ മനസ്സില്‍.
രാത്രി ഒരു മണി. വീടിന്റെ പോര്‍ച്ചില്‍ കാര്‍ നിര്‍ത്തി അയാള്‍ പുറത്തിറങ്ങി. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. എങ്കിലും അയാളുടെ മുഖത്ത് വിജയശ്രീലാളിതന്റെ ഭാവമാണ്.  
അയാള്‍ ബെല്ലടിക്കുന്നതിനുമുമ്പേ, ഭാര്യ വന്ന് വാതില്‍ തുറന്നു. അവളുടെ മുഖത്ത് ഉറക്കച്ചടവും, നിരാശാഭാവവുമാണ്. വാക്കുകള്‍ കുഴയുന്നുണ്ടെങ്കിലും ഓസ്‌കര്‍ അവാര്‍ഡുമായി വന്നവനെപ്പോലെ അയാള്‍ വാചാലനായി.
''എടീ, കച്ചവടം ഉറപ്പിച്ചു. 50 കോടിതന്നെ. നാളെത്തന്നെ വാടകവീട്ടിലേക്കു മാറാന്‍ എല്ലാം തയ്യാറാക്കുക. എനി..., എനിക്ക് തി...രക്കുണ്ട്. എന്റെ ഫിലിം, എന്റെ ഫിലിം.'' അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. താമസിയാതെ ഉറക്കത്തിലേക്കു വഴുതിവീണു.
അവള്‍ ദുഃഖത്തോടെ അയാളെ നോക്കിനിന്നു.
പഴയകാലങ്ങള്‍ അവളുടെ ഓര്‍മയില്‍ വന്നു; ധനവും പ്രൗഢിയും ഉള്ള കുടുംബമായിരുന്നെങ്കിലും, അമ്മ നല്ല ദൈവവിശ്വാസത്തിലും മൂല്യങ്ങളിലുമാണ് തങ്ങള്‍ മൂന്നുപേരെയും വളര്‍ത്തിയത്. പഠിച്ചു ജോലിയും കിട്ടി. അമ്മയ്ക്ക് എന്നെ ഒരു സിസ്റ്റര്‍ ആക്കണമെന്നായിരുന്നു ആഗ്രഹം. തനിക്കും താത്പര്യമായിരുന്നു. പക്ഷേ, ധനമോഹിയായിരുന്ന അപ്പന്‍ കോടികളുടെ സ്വത്തു കണ്ട്, സുഹൃത്തിന്റെ മകനെക്കൊണ്ട് നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിച്ചു. അന്നുമുതല്‍ തുടങ്ങിയതാണ് അടിമയെപ്പോലുള്ള ഈ നരകജീവിതം. ഇത്രയുംകാലം നല്ല ഒരു വീടെങ്കിലും ഉണ്ടായിരുന്നു. നാളെമുതല്‍ അതും ഇല്ലാതാകുകയാണ്.
4.30 ന് അലാം മുഴങ്ങി. അവള്‍ ചാടിയെണീറ്റു. കുട്ടികളെ സ്‌കൂളില്‍ അയയ്ക്കണമല്ലോ. ആത്മഗതം ചെയ്തുകൊണ്ട് അടുക്കളയിലേക്കു പോയി. ജോലിക്കിടയില്‍ കുട്ടികളെ വിളിച്ചുണര്‍ത്തി. കുട്ടികള്‍, കണ്ണു തുറന്നതേ ചോദിച്ചു: ''മമ്മീ, ഡാഡീ വന്നോ?'' 
''വന്നു മക്കളേ, ഉറങ്ങുവാ.'' അവള്‍ മറുപടി പറഞ്ഞു. ''ഞങ്ങള്‍ സ്‌കൂളില്‍ പോകുന്നതിനുമുമ്പ് ഡാഡി എഴുന്നേല്‍ക്കുമോ?'' അവര്‍ അല്പം സങ്കടത്തോടെ ചോദിച്ചു. ''എത്ര ദിവസമായി ഡാഡിയെ കണ്ടിട്ടും  സംസാരിച്ചിട്ടും.'' അവര്‍ കൂട്ടിച്ചേര്‍ത്തു.
''സാരമില്ല മക്കളേ, ഡാഡിയുടെ ജോലിത്തിരക്കുകൊണ്ടല്ലേ?'' അവള്‍ കുട്ടികളെ സമധാനിപ്പിച്ചു.
''അമ്മേ, ഞങ്ങള്‍ ഇന്നു സുഖമില്ലാന്നു പറഞ്ഞ് സ്‌കൂളില്‍ പോകാതിരിക്കട്ടെ. ഞങ്ങള്‍ക്കു ഡാഡിയോടു മിണ്ടാന്‍ കൊതിയാ അമ്മേ. കൂട്ടുകാരൊക്കെ, അവരുടെ ഡാഡിമാരുടെ വിശേഷങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ക്കു സങ്കടം വരും.'' അവള്‍ മക്കളെ ചേര്‍ത്തുപിടിച്ച് കട്ടിലില്‍ ഇരുന്നു. അവളുടെ കണ്ണില്‍നിന്നു കണ്ണീര്‍ക്കണങ്ങള്‍ അവരുടെ ശിരസ്സില്‍ ഉതിര്‍ന്നുവീണുകൊണ്ടിരുന്നു.
എട്ടുമണിക്ക് സ്‌കൂള്‍ബസ് വീട്ടുപടിക്കലെത്തി. അവര്‍ രണ്ടുപേരുടെയും ബാഗുമെടുത്ത് ബസിന്റെ അടുത്തേക്ക് കുട്ടികളെയും കൂട്ടി നടന്നു.
അവള്‍ പെട്ടെന്ന് തിരിച്ചു വീട്ടിലേക്കു നടന്നു. പ്രയോജനം ഇല്ലെങ്കിലും കുട്ടികളുടെ ആഗ്രഹം ഒന്നുകൂടി പറഞ്ഞുനോക്കാം. അവര്‍ മനസ്സില്‍ ഓര്‍ത്തു. അവര്‍ കാപ്പിയെടുത്ത് മേശപ്പുറത്തുവച്ചശേഷം അയാള്‍ കിടന്ന മുറിയുടെ വാതില്‍ക്കല്‍പോയി എത്തിനോക്കി. 
അയാള്‍ മുറിയില്‍ ഇല്ലായിരുന്നു. ബാത്ത്‌റൂമില്‍നിന്നു വെള്ളം വീഴുന്ന ശബ്ദം. അവള്‍ തിരിച്ചുനടക്കാന്‍ ഭാവിച്ചപ്പോള്‍  അകത്തുനിന്ന് ''എന്റെ ഡ്രസ് എവിടെ?'' എന്ന ചോദ്യം.
അവള്‍ ഒരു പാവയെപ്പോലെ വേഗം ചെന്ന് അലമാരയില്‍നിന്നു പാന്റും ഷര്‍ട്ടും എടുത്തു കൊടുത്തു.
''ഏറ്റവും പുതിയത് മതി ഇന്ന്'' അയാള്‍ പറഞ്ഞു. 
അവള്‍ അതെടുത്തു കൊടുത്തിട്ട് അടുക്കളയിലേക്കു പോയി.
അയാള്‍ വേഗം റെഡിയായി ഡൈനിങ് ഹാളിലെത്തി കസേരയിലിരുന്നു. കസേര വലിക്കുന്ന ശബ്ദംകേട്ട് അവര്‍ ഓടിയെത്തി, ഭക്ഷണം വിളമ്പിയിട്ട് അരികത്തു നോക്കിനിന്നു. 'നീയും കൂടി ഇരിക്ക്' എന്നു പറയുമെന്ന് ഓരോ ദിവസവും അവള്‍ ആഗ്രഹിക്കും. പക്ഷേ, ഇതുവരെ അത് ഉണ്ടായിട്ടില്ല.
''നമ്മള്‍ നാളെ എങ്ങോട്ടാ മാറുന്നത്?'' അവള്‍ മടിച്ചുമടിച്ചു ചോദിച്ചു.
''ടൗണിലോട്ടാ, അധികനാള്‍ അവിടെ കഴിയേണ്ടിവരില്ല.'' നീ കണ്ടോ? എന്റെ പടം അടുത്ത ആഴ്ച റിലീസാകും കോടികള്‍ നമ്മള്‍ക്കു ലഭിക്കും. വമ്പന്‍ വിജയം നേടിയ കോടികളുടെ ചിത്രമാകും എന്റേത്. കഥ, തിരക്കഥ, സംവിധാനം... എല്ലാം ഈ ഞാന്‍തന്നെ. അപ്പോള്‍ നമുക്ക് ഇതിലും മെച്ചമായ മാളിക വാങ്ങാം.'' അവള്‍ ദുഃഖത്തോടെ, എല്ലാം കേട്ടുനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഈ പടം റീലീസാകുമ്പോള്‍, ആ കുപ്പായമിട്ട അവളുമാര് ഒന്ന് ഒതുങ്ങും.'' അയാള്‍ ഇതു പറഞ്ഞുകൊണ്ട് എഴുന്നേറ്റ് കൈകഴുകി.
''ഡാഡിയെ കാണാന്‍, മിണ്ടാന്‍ കൊതിയാവുന്നു എന്നു പറഞ്ഞിട്ടാണു കുട്ടികള്‍ പോയത്.'' 
'സമയം കിട്ടുമ്പോള്‍ കാണാമെന്ന് അവരോടു പറഞ്ഞേക്ക് നിസംഗതയോടെ പറഞ്ഞിട്ട് അയാള്‍ കാറില്‍ കയറി ഓടിച്ചുപോയി.
കാര്‍ കണ്ണില്‍നിന്നു മറയുന്നതുവരെ അവള്‍ നിശ്ചലയായി നോക്കിനിന്നു.
ഡാര്‍ക്ക് മൂവീസിന്റെ ഓഫീസില്‍ അയാളുടെ റിലീസാകുന്ന  പടവുമായി ബന്ധപ്പെട്ട എല്ലാവരും ഒത്തുചേര്‍ന്നിട്ടുണ്ട്. അവര്‍ക്കെല്ലാം കൊടുക്കാനുള്ള വന്‍തുകകള്‍ ഇന്നാണ് നല്‍കുന്നത്. ഇതുവരെയും അവരെയൊക്കെ പറഞ്ഞു സമാധാനിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു.
കന്യാസ്ത്രീക്കുപ്പായമിട്ട് അഭിനയിച്ചവര്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. കാരണം, അവരാണ് ഈ കഥ വിജയിപ്പിക്കുന്നത്.
ഓഫീസിലെ കാര്യങ്ങള്‍ക്കുശേഷം എല്ലാവരും  ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്കാണ് പായ്ക്കപ്പ്പാര്‍ട്ടിക്കായി പോയത്. അല്പം വൈകിയാലും ഒന്നിനും കുറവു വരുത്താന്‍ അയാള്‍ തയ്യാറല്ലായിരുന്നു. 
ഏറെ വൈകി ഹോട്ടലില്‍നിന്നിറങ്ങി  എല്ലാവരും അവരവരുടെ വാഹനങ്ങളില്‍ വീടുകളിലേക്കു പോയി. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. പേഴ്‌സിലവശേഷിച്ച ആയിരം രൂപയ്ക്ക്  എണ്ണയടിച്ച് പമ്പില്‍നിന്നിറങ്ങി. 
''സാരമില്ല, പണം തീര്‍ന്നാലും, ഒറ്റയാഴ്ചയ്ക്കുശേഷം കോടികളല്ലേ കിട്ടാന്‍ പോകുന്നത്.'' അയാള്‍ ആത്മഗതം ചെയ്തുകൊണ്ട് വണ്ടി റോഡിലേക്കിറക്കിയതേ ഒരു ടിപ്പര്‍ വന്ന് കാറിലിടിച്ചു.
'ഠോ!' കനത്തമഴയിലും നാടിനെ നടുക്കുന്ന ഒരു ശബ്ദവും, ഒറ്റനിലവിളിയും മാത്രം.
പമ്പിന്റെ സമീപത്തായിരുന്നതിനാല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ ഓടിച്ചെന്നു.
സമീപത്തുള്ള വീടുകളിലെല്ലാം ലൈറ്റ് തെളിഞ്ഞു. നായ്ക്കള്‍ ഓരോന്നായി ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു. ഓരോരുത്തരായി ടോര്‍ച്ചിന്റെയും ഫോണിന്റെയും ഒക്കെ വെളിച്ചവുമായി ഓടിയെത്തി.
''വണ്ടി കണ്ടിട്ട്, പോയെന്നാ തോന്നുന്നത്.'' അതില്‍ ഒരാള്‍ പറഞ്ഞു. അവര്‍ തിരക്കിട്ട് തകര്‍ന്ന വണ്ടിക്കുള്ളില്‍നിന്ന് അയാളെ എടുത്ത് മറ്റൊരു വാഹനത്തില്‍ കയറ്റി, വേഗം ഹോസ്പിറ്റലിലേക്കു പാഞ്ഞു.
പെട്ടെന്ന് കാഷ്വാലിറ്റിയില്‍ കയറ്റി പ്രഥമശുശ്രൂഷകള്‍ നല്‍കി. അപ്പോഴും അയാള്‍ക്ക് ചലനമൊന്നും ഉണ്ടായിരുന്നില്ല. സിസ്റ്റേഴ്‌സ് ഉറക്കെ പ്രാര്‍ഥിച്ചു: ഈശോയേ, കരുണയായിരിക്കണേ, രക്ഷിക്കണേ. മാതാവേ സഹായത്തിനു വരണമേ.
വേഗംതന്നെ,സര്‍ജന്‍ എത്തി. രാത്രിയില്‍തന്നെ മൂന്നുമണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍.  കാല്‍മുട്ടിനു താഴെ മുറിച്ചു കളയത്തക്കവിധം തകര്‍ന്നുപോയിരുന്നു. ഇത് ആരാണെന്നോ  എന്താണെന്നോ,  ഒന്നും ചിന്തിക്കാതെ, മുറിവേറ്റ ക്രിസ്തുവിനെമാത്രം മുന്നില്‍കണ്ട്, അവര്‍ ശുശ്രൂഷ നല്‍കിക്കൊണ്ടിരുന്നു. ''ഞങ്ങള്‍ നോക്കിക്കോളാം, നിങ്ങള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ ഒന്ന് അറിയിച്ചാല്‍ ഉപകാരമായിരുന്നു'' സിസ്റ്റേഴ്‌സ് കൂടെ വന്നവരോടു പറഞ്ഞു.
'ഞങ്ങള്‍ ചെയ്യാം.' എന്നു പറഞ്ഞ് അവര്‍ പിരിഞ്ഞു. സിസ്റ്റേഴ്‌സ് അയാളുടെ കിടക്കയ്ക്കരികേ കണ്ണിമയ്ക്കാതെ, കാത്തിരുന്നു.
വെളുപ്പാന്‍കാലമായപ്പോള്‍ അയാളുടെ ചുണ്ടുകള്‍ ഒന്നു ചലിച്ചു. ''സിസ്റ്ററേ?''
''എന്താ എന്തുവേണം?''അവര്‍ ആശ്വാസത്തോടെ ചോദിച്ചു.
'വെള്ളം' എന്ന് ചുണ്ടനക്കി അയാള്‍ പറഞ്ഞു.
അവര്‍ അല്പാല്പമായി വായില്‍ വെള്ളം ഒഴിച്ചുകൊടുത്തു. വീണ്ടും അയാള്‍ മയക്കത്തിലേക്കു വഴുതി വീണു.
അവര്‍ പ്രാര്‍ഥിച്ചുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു. നേരം വെളുത്തപ്പോള്‍ കാറിനടുത്തുനിന്നു കിട്ടിയ നമ്പറില്‍ അന്വേഷിച്ച് ഭാര്യയെ വിവരം അറിയിച്ചു. 
അവര്‍ കുട്ടികളെയും കൂട്ടി  എത്തി. ഡാഡിയെ ഞങ്ങള്‍ക്കിന്നു കാണാമല്ലോ എന്ന സന്തോഷമായിരുന്നു കുട്ടികള്‍ക്ക്. കാര്യത്തിന്റെ ഗൗരവം അവര്‍ മനസ്സിലാക്കിയിരുന്നില്ല. 
അവള്‍ റിക്കവറി റൂമില്‍ എത്തുമ്പോള്‍ വെള്ളയുടുപ്പിട്ട മാലാഖമാര്‍ തന്റെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതാണ് കാണുന്നത്.
അവരില്‍ ഒരാള്‍ ഓടിവന്ന് അവളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു:
''പേടിക്കണ്ട. അപകടനില തരണം ചെയ്തു.''
മറ്റൊരു സിസ്റ്റര്‍ കുട്ടികളെ ചേര്‍ത്തുപിടിച്ച് തലയില്‍ തലോടിക്കൊണ്ടു പറഞ്ഞു. 
''മക്കള്‍ വിഷമിക്കരുത്, ഡാഡി കുറച്ചുദിവസം കഴിയുമ്പോള്‍ സുഖമാകും. കുഞ്ഞുങ്ങള്‍ പ്രാര്‍ഥിച്ചാല്‍ മതി.''
കുട്ടികളെ ഇടത്തും വലത്തുമിരുത്തി സിസ്റ്റര്‍ അടുത്തു കിടന്ന ബഞ്ചില്‍ ഇരുന്നു. സിസ്റ്ററിന്റെ വാക്കുകള്‍ അവര്‍ക്ക് ആശ്വാസം പകര്‍ന്നു.
പിറ്റേദിവസം തന്നെ അയാളെ റൂമിലേക്കു മാറ്റി. അയാള്‍ കണ്ണു തുറക്കുമ്പോഴെല്ലാം തന്റെ ഫിലിമിലെ കഥാപാത്രങ്ങളെയാണ് കാണുന്നത് എന്ന് വേഷംകണ്ട് അയാള്‍ ഓര്‍ത്തു. പക്ഷേ, എന്റെ കഥാപാത്രങ്ങളുടെ സ്വഭാവം ഇതല്ലല്ലോ? ഓപ്പറേഷനെത്തുടര്‍ന്നുള്ള മയക്കത്തിലായിരുന്നതിനാല്‍ ഒന്നും വ്യക്തമായില്ല അയാള്‍ക്ക്.
എന്നാല്‍, നല്ല ബോധത്തിലേക്കു തിരിച്ചുവന്നപ്പോള്‍ അയാള്‍ക്കു മനസ്സിലായി, തന്റെ ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കുന്നു!
എന്റെ സ്വപ്നങ്ങള്‍ ചിറകറ്റു വീണിരിക്കുന്നു! ഈ കുപ്പായക്കാര്‍, മാലാഖമാര്‍ ആയിരുന്നില്ലെങ്കില്‍ ഈ ഭൂമുഖത്ത് താന്‍ ഉണ്ടാകുമായിരുന്നില്ല. 
അതൊരു തിരിച്ചറിവായിരുന്നു. തന്റെ ജീവന്‍ രക്ഷിച്ച കന്യാസ്ത്രീ അമ്മമാരെ അപമാനിച്ചെഴുതിയ കഥ അയാള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
അയാള്‍ കിടക്കയില്‍ കിടന്ന് കൈകള്‍കൂപ്പി യാചിച്ചു: ''പൊറുക്കണേ അമ്മമാരേ പൊറുക്കണേ.'' അവര്‍ അയാളുടെ കരങ്ങളില്‍ പിടിച്ചു പറഞ്ഞു: ''സാരമില്ല.'' അയാള്‍ തേങ്ങിക്കൊണ്ടു പറഞ്ഞു: ''എനിക്ക് എല്ലാം നഷ്ടമായി. പക്ഷേ, എന്റെ ആത്മാവിനെ രക്ഷിക്കാന്‍ നിങ്ങള്‍, മാലാഖമാര്‍ കാരണമായി, നന്ദി നന്ദി.''
''ഇനിയും ഞാന്‍ എഴുതും, ഈ പുണ്യജീവിതത്തിന്റെ മഹത്ത്വത്തെക്കുറിച്ച്'' അപ്പോഴും പുറത്ത് മഴ തകര്‍ത്തുപെയ്യുന്നുണ്ടായിരുന്നു. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)