ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് പുത്തന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കി ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത വിദ്യാഭ്യാസചട്ടക്കൂടിനു തുടക്കമായി. വിദ്യാഭ്യാസ തൊഴില്‍ യോഗ്യതകള്‍ക്ക് അംഗീകാരം നല്‍കുന്ന ''ഫ്രെയിംവര്‍ക്ക് മെക്കാനിസം ഫോര്‍ മ്യൂച്വല്‍ റെക്കഗ്നിഷന്‍ ഓഫ് ക്വാളിഫിക്കേഷന്‍'' ധാരണാപത്രത്തില്‍ ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസമന്ത്രി ജേസണ്‍ ക്ലെയറും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാനും ഒപ്പിട്ടു. ഇതിന്റെ തുടര്‍ച്ചയായി 2023 മാര്‍ച്ച് 8 ന് ഗുജറാത്തിലെ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയായ ഡീകിനിന്റെ കാമ്പസും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രഖ്യാപിച്ചു.
സംയുക്ത വിദ്യാഭ്യാസ കൗണ്‍സില്‍
2011 ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത ഓസ്‌ട്രേലിയ- ഇന്ത്യ എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായി വിദ്യാഭ്യാസം, ട്രെയിനിങ്, ഗവേഷണം എന്നീ തലങ്ങളിലുള്ള തുടര്‍നടപടികളാണ് പുതിയ ഉഭയകക്ഷിക്കരാറില്‍ എത്തിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, സയന്‍സ്, വ്യവസായം, ഇന്നോവേഷന്‍, ഗവേഷണം, രാജ്യാന്തരവിദ്യാഭ്യാസം എന്നിങ്ങനെ വിവിധ രംഗങ്ങളുമായി വിദ്യാഭ്യാസ കൗണ്‍സില്‍ ഇരുരാജ്യങ്ങളെയും കോര്‍ത്തിണക്കുന്നു. എഴുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഓസ്‌ട്രേലിയയില്‍ പഠിക്കുന്നു. കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ 1.5 ദശലക്ഷം വിദ്യാര്‍ഥികള്‍ ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നു പഠിച്ചിറങ്ങി. അറുപത്താറായിരത്തോളംപേര്‍ അപേക്ഷകള്‍ നല്‍കി കാത്തിരിക്കുമ്പോള്‍ പുതിയ നീക്കങ്ങള്‍ കൂടുതല്‍ പ്രതീക്ഷകളുയര്‍ത്തുന്നു.
ഫ്രെയിംവര്‍ക്ക് മെക്കാനിസം എന്ത്?
ഇന്ത്യയിലെ യുജിസി അംഗീകൃത കോളജുകളില്‍നിന്നുള്ള കോഴ്‌സുകള്‍ ഓസ്‌ട്രേലിയ അംഗീകരിക്കും. ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ അംഗീകാരമുണ്ടാകും. ഇതിന്റെ തുടര്‍ച്ചയായി കൂടുതല്‍ പഠനത്തിനും തൊഴിലിനുമായി ഓസ്‌ട്രേലിയയിലേക്കു കടന്നുചെല്ലാന്‍ ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പമുണ്ടാകും. ഇന്ത്യയിലെ വിദ്യാഭ്യാസയോഗ്യത ഓസ്‌ട്രേലിയയില്‍ അംഗീകരിക്കപ്പെടും. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേടുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയിലും അംഗീകാരം ലഭിക്കും. ഓസ്‌ട്രേലിയയില്‍ നാലുവര്‍ഷംവരെയുള്ള പഠനത്തിനെത്തുന്ന ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മാര്‍ച്ച് 8 ന് പ്രഖ്യാപിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ ഉച്ചകോടി
2023 മാര്‍ച്ച് 11 ന് ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ-ഓസ്‌ട്രേലിയ ഉച്ചകോടി, 2022 ഏപ്രില്‍ 2 ന് ഒപ്പുവച്ചതും ഡിസംബര്‍ 29 മുതല്‍ നടപ്പാക്കാനാരംഭിച്ചതുമായ സമഗ്ര സാമ്പത്തിക സഹകരണ വ്യാപാരക്കരാറിന്റെ തുടര്‍ച്ചയായിരുന്നു. വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊര്‍ജം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷാസഹകരണം, വിദ്യാഭ്യാസം, തൊഴില്‍മേഖലകള്‍, എന്നിവയെല്ലാമായിരുന്നു ഉച്ചകോടിയിലെ ചര്‍ച്ചാവിഷയങ്ങള്‍. മാര്‍ച്ച് 9 ന് ബോംബെയില്‍ നടന്ന ഓസ്‌ട്രേലിയ-ഇന്ത്യ സിഇഒ ഫോറത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയ സാമ്പത്തികസഹകരണവും വ്യാപാര ഉടമ്പടിയും ബിസിനസ് ടു ബിസിനസ് സഹകരണത്തിന്റെ ഭാവിമേഖലകളും വ്യാപാര നിക്ഷേപഅവസരങ്ങളും ചര്‍ച്ചചെയ്യപ്പെട്ടു.
സമഗ്ര സാമ്പത്തിക ഉടമ്പടി
പതിറ്റാണ്ടു പഴക്കമുള്ള ചര്‍ച്ചകളുടെ വിജയപരാജയങ്ങള്‍ക്കും ആര്‍സിഇപി കരാറില്‍നിന്ന് 2019 നവംബറില്‍ ഇന്ത്യയുടെ പിന്‍വാങ്ങലിനുംശേഷമുള്ള ഉഭയകക്ഷിച്ചര്‍ച്ചകളുടെ ബാക്കിപത്രമാണ് 2022 ഏപ്രില്‍ 2 ന് ഒപ്പിട്ട ഇന്ത്യ - ഓസ്‌ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണ വ്യാപാരക്കരാര്‍. 1995 ലെ ലോകവ്യാപാരക്കരാറില്‍നിന്നു വ്യത്യസ്തമായി ചരക്കുകളുടെ കയറ്റിറക്കുമതികൂടാതെ വ്യത്യസ്ത തലങ്ങള്‍കൂടി ലക്ഷ്യംവയ്ക്കുന്നതാണ് ഈ കരാര്‍. ഇവ പ്രധാനമായും സേവനമേഖലകള്‍, നിക്ഷേപങ്ങള്‍, സാമ്പത്തിക സാങ്കേതികസഹകരണം, ബൗദ്ധികസ്വത്തവകാശം, മത്സരക്ഷമത, വ്യാപാരപ്രശ്‌നപരിഹാരവേദി എന്നിവയും ഉള്‍പ്പെടുന്നു. ഉന്നതവിദ്യാഭ്യാസതൊഴില്‍ രംഗത്തെ പരസ്പരധാരണകള്‍ സേവനമേഖലയുടെ ഭാഗമായി ഉള്‍പ്പെടുന്നു.
സേവനക്കരാറില്‍ പറയുന്നതെന്ത്?
മെഡിക്കല്‍, എഞ്ചിനീയറിങ് പ്രൊഫഷണനുകളിലുള്ളവര്‍ക്ക് പുതിയ കരാറിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഓസ്‌ട്രേലിയയില്‍ ഡിപ്ലോമപോലെയുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്കാര്‍ക്ക് ഒന്നരവര്‍ഷംവരെയും, ബിരുദം കഴിഞ്ഞവര്‍ക്ക് രണ്ടു വര്‍ഷംവരെയും പിജി കഴിഞ്ഞവര്‍ക്ക് മൂന്നു വര്‍ഷംവരെയും താത്കാലിക തൊഴില്‍വിസ ലഭിക്കും. ഡോക്ടറല്‍ഡിഗ്രിയുള്ളവര്‍ക്ക് പഠനം കഴിഞ്ഞ് നാലു വര്‍ഷം തുടരാം. ഫസ്റ്റ് ക്ലാസ് (ഓണേഴ്‌സ്) നേടുന്ന ബിരുദവിദ്യാര്‍ഥിക്ക് രണ്ടിനുപകരം മൂന്നു വര്‍ഷം അവിടെ തുടരാം. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി (ഐസിടി) തുടങ്ങിയ വിഷയങ്ങളിലുള്ളവര്‍ക്കാണിതു ബാധകമാകുക. ഒരുലക്ഷം പേര്‍ക്ക് ഗുണം ലഭിച്ചേക്കും. ആറു മാസം ജോലിയും ആറു മാസം പഠനവുമുള്‍പ്പെടെ വര്‍ക് ആന്‍ഡ് ഹോളിഡേ വീസ പ്രതിവര്‍ഷം ആയിരത്തോളം പേര്‍ക്കു ലഭിക്കും.
കരാറുകളില്ലാത്ത അവസ്ഥയിലും പഠനത്തിനും ജോലിക്കുമായി ഇന്ത്യയിലെ യുവത്വം ഓസ്‌ട്രേലിയയില്‍ ശക്തമായ കുടിയേറ്റം നടത്തുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി താദാത്മ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വേതനവും സാമൂഹികസുരക്ഷിതത്വവും ഓസ്‌ട്രേലിയ ഉറപ്പാക്കുന്നതു പ്രാധാന്യമേറ്റുന്നു.
യു.കെ., കാനഡ, ജര്‍മനി, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളുമായി നിലവിലുള്ള വിദ്യാഭ്യാസ-തൊഴില്‍ കരാറുകളെക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസ തൊഴിലവസരങ്ങളും സാധ്യതകളുമേറുന്നതാണ് ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത കരാര്‍. 135 ല്‍പ്പരം ഉപമേഖലകളും ഇക്കൂട്ടത്തില്‍പെടുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ സന്ദര്‍ശനം
2023 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 3 വരെ ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസമന്ത്രി ജേസണ്‍ ക്ലെയറിന്റെ നേതൃത്വത്തില്‍ പത്തു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുള്‍പ്പെടെ 30 അംഗ വിദ്യാഭ്യാസവിദഗ്ധസമിതിയാണ് ഇന്ത്യയിലുണ്ടായിരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാനും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനും മുമ്പാകെ നടത്തിയ ചര്‍ച്ചകളാണ് വിദ്യാഭ്യാസരംഗത്തെ പരസ്പരധാരണകള്‍ക്കു രൂപംനല്‍കിയത്. ഓസ്‌ട്രേലിയയിലെ പതിനൊന്നില്‍പ്പരം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിവേദനങ്ങളും അപേക്ഷകളുമാണ് കൈമാറിയതും ധാരണയിലെത്തിയതും. വിദ്യാഭ്യാസമേഖലകളിലെ ഗവേഷണം, അക്കാദമിക് തലങ്ങളുടെ പ്രോത്സാഹനം എന്നിവയ്ക്കുപുറമേ കാര്‍ഷികമേഖലയിലെ തൊഴില്‍പരിശീലനത്തിനായി 1.89 ദശലക്ഷം ഡോളറും ഓസ്‌ട്രേലിയ പങ്കുവയ്ക്കും.
യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയിലേക്ക്
വിദേശസര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി യുജിസിയുടെ കരടുപ്രഖ്യാപനം 2023 ജനുവരിയില്‍ പുറത്തുവന്നു. ഇന്ത്യ-ഓസ്‌ട്രേലിയ വിദ്യാഭ്യാസക്കരാറിന്റെ ഭാഗമായി ഓസ്‌ട്രേലിയായിലെ ഡീകിന്‍ യൂണിവേഴ്‌സിറ്റിയുടെ കാമ്പസ് ഔദ്യോഗികമായി ഇന്ത്യയില്‍ തുറക്കുന്ന പ്രഖ്യാപനവും മാര്‍ച്ച് 8 ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഗുജറാത്തിലെത്തി നടത്തി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് കാമ്പസ്. ക്യൂ.എസ്. ലോകറാങ്കില്‍ 500 ല്‍ താഴെവരുന്ന യൂണിവേഴ്‌സിറ്റികള്‍ക്കാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം അനുവദിക്കുന്നതെന്ന് യുജിസി കരടുരേഖയില്‍ വ്യക്തമാക്കിയിരുന്നു. ഡീകിന്‍ യൂണിവേഴ്‌സിറ്റി 266-ാം സ്ഥാനത്താണ്. 1994ല്‍ സ്ഥാപിതമായ ഈ യൂണിവേഴ്‌സിറ്റി 50 യങ് യൂണിവേഴ്‌സിറ്റികളുടെ പട്ടികയിലുമുണ്ട്. ഡീകിന്‍ യൂണിവേഴ്‌സിറ്റിക്ക് ഓസ്‌ട്രേലിയയില്‍ നാല് കാമ്പസുകളും 132 രാജ്യങ്ങളിലായി 60,000 ലേറെ വിദ്യാര്‍ഥികളുമുണ്ട്. ഒരു പതിറ്റാണ്ടു മുമ്പുമുതല്‍ ഇന്ത്യയിലെ വിവിധ പട്ടണങ്ങളില്‍ ലെയ്‌സണ്‍ ഓഫീസുകളും പ്രവര്‍ത്തിച്ചുവരുന്നു.
2022 ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോകോത്തരനിലവാരമുള്ള വിദേശ യൂണിവേഴ്‌സിറ്റികളെ ഇന്ത്യയില്‍ അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര നിയമക്കുരുക്കുകളും നിയന്ത്രണങ്ങളും ബാധകമായിരിക്കില്ലെന്നും സൂചിപ്പിച്ചു. ഗിഫ്റ്റ് സിറ്റിയില്‍ സയന്‍സ്, എഞ്ചിനീയറിങ്, ശാസ്ത്രസാങ്കേതികം, സാമ്പത്തികകാര്യം എന്നീ വിഷയങ്ങളില്‍ പ്രാമുഖ്യമെന്നും നടത്തിയ പ്രഖ്യാപനം 2023 മാര്‍ച്ച് 8 ന് യാഥാര്‍ഥ്യമായിരിക്കുന്നത് അഭിമാനിക്കാം.
ക്യു.എസ്. ലോകറാങ്കില്‍ 85-ാം സ്ഥാനത്തും ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പത്താം സ്ഥാനത്തുമുള്ള വോളഗോങ് യൂണിവേഴ്‌സിറ്റിയും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലേക്കു കടന്നുവരുന്നു. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, ഫിനാന്‍സ് മേഖലയിലുള്ള കോഴ്‌സുകള്‍ക്കാണ് പ്രധാനമായും പ്രവേശനം. ഫീസ് ക്രമീകരണങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കും. ഇന്ത്യയില്‍നിന്ന് വോളഗോങ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് ഇന്ത്യയില്‍ കാമ്പസ് ആരംഭിക്കുന്നതിനു പ്രേരകമെന്ന് വൈസ് ചാന്‍സലര്‍ പട്രീഷാ ഡേവിഡ്‌സണ്‍ സൂചിപ്പിച്ചു. ഇതിനോടകം 2500 ല്‍പ്പരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, എഞ്ചിനീയറിങ്, ഐറ്റി, തുടങ്ങിയ വിഷയങ്ങളില്‍ വോളഗോങ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 8,300 ഓളം ഇന്ത്യക്കാരായ പൂര്‍വവിദ്യാര്‍ഥികളുമുണ്ട്.
ബിരുദം നേടാനായി ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 160% വര്‍ധനയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി ക്ലെയര്‍ അവകാശപ്പെടുമ്പോഴും ചൈനീസ്‌വിദ്യാര്‍ഥികളുടെ ഓസ്‌ട്രേലിയയിലേക്കുള്ള വരവില്‍ വന്‍ കുറവാണ് ഈ നാളുകളില്‍ രേഖപ്പെടുത്തുന്നത്. ഇതാണ് ഇന്ത്യന്‍ യുവത്വത്തെത്തേടി ഓസ്‌ട്രേലിയ നീങ്ങാനുള്ള ഒരു കാരണം. മോറോഷ് യൂണിവേഴ്‌സിറ്റിയും ഡബിള്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമുമായി ഇന്ത്യയിലേക്കെത്തുന്നു. ഇങ്ങനെ അന്താരാഷ്ട്ര സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് അവസരങ്ങള്‍ നേടിയെടുക്കാന്‍ ഇന്ത്യയിലെ പുതുതലമുറ ശ്രമിക്കുമ്പോള്‍ വിഘടിച്ചുനിന്നിട്ടു കാര്യമില്ല. വിദ്യാഭ്യാസരംഗത്ത് രാജ്യാന്തരമത്സരക്ഷമത കൈവരിക്കാന്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയും സര്‍വകലാശാലകളും ശ്രമിക്കുകയാണ് വേണ്ടത്.
കേരളം കണ്ണുതുറക്കണം
നിയന്ത്രണങ്ങളും നിരോധനങ്ങളുമേര്‍പ്പെടുത്തി ഉന്നതവിദ്യാഭ്യാസമേഖലയെ ചുവപ്പുനാടയില്‍ കുരുക്കി കൂച്ചുവിലങ്ങിടാതെ തുറന്ന വിദ്യാഭ്യാസസമീപനം സ്വീകരിക്കാന്‍ വൈകിക്കൂടാ. നാട്ടില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അവസരങ്ങള്‍ തേടി പറന്നുപോകാന്‍ പുതുതലമുറയ്ക്കു മടിയില്ലെന്നു തെളിയിക്കപ്പെട്ടിരിക്കുമ്പോള്‍ ആഗോള അവസരങ്ങളുടെ ആകര്‍ഷണകേന്ദ്രമാകാനും രാജ്യാന്തര സര്‍വകലാശാലകളുമായി കൈകോര്‍ത്ത് സംയുക്തമായി പദ്ധതികള്‍ നടപ്പാക്കാനുമുള്ള ചടുലനീക്കങ്ങള്‍ക്ക് സംസ്ഥാന ഭരണനേതൃത്വം ആര്‍ജവം കാണിക്കണം. ഇന്ത്യ-ഓസ്‌ട്രേലിയ വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളിലൂടെ എന്തു നേട്ടമുണ്ടാക്കാമെന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല ഗൗരവമായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ നല്ലത്.
യുകെ, കാനഡ, അമേരിക്ക, ജര്‍മനി എന്നിങ്ങനെ കേരളത്തിലെ യുവത്വം ഒഴുകിപ്പോകുമ്പോഴാണ് ഓസ്‌ട്രേലിയയിലേക്കുള്ള പുത്തന്‍വാതിലുകളും തുറക്കുന്നത്. ബൗദ്ധിക ഒഴുക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് കാര്യമായ അഴിച്ചുപണിക്കൊന്നും തയ്യാറാകാതെ ദേശീയ വിദ്യാഭ്യാസ നയങ്ങളെ നിരന്തരം വിമര്‍ശിച്ചും രാഷ്ട്രീയപിടിവാശിയില്‍ പരസ്പരം പോരടിച്ചും കോടതിവ്യവഹാരങ്ങളിലേര്‍പ്പെട്ടും ചെളിവാരിയെറിഞ്ഞും ആത്മസംതൃപ്തിയടയുകയാണ് കേരളം. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റിപ്പരീക്ഷകളില്‍ റാങ്കുകള്‍ ഉള്‍പ്പെടെ ഉന്നതവിജയം നേടിയവരും വിവിധ ബോര്‍ഡുകളുടെ 12-ാം ക്ലാസ് പരീക്ഷകളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയവരും ഉന്നതപഠനത്തിനും തൊഴിലിനുമായി നാടുവിടുമ്പോള്‍ ബുദ്ധിയും കഴിവുമുള്ള ഒരു തലമുറ നഷ്ടപ്പെടുന്നുവെന്നുള്ള പരമസത്യം ഭരണപരിഷ്‌കര്‍ത്താക്കളുടെ ബോധമണ്ഡലത്തില്‍ ഇനിയും ഉയരാത്തത് ദുഃഖകരം.
കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന ദയനീയത കടന്നുവന്നിട്ടും വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് കൊട്ടിഘോഷിക്കുന്നതിനപ്പുറം തുടര്‍നടപടികളോ മാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങളോ ഇല്ല. പരമ്പരാഗതശൈലിയില്‍നിന്നു മാറി അടിമുടി പൊളിച്ചെഴുത്തിനു വിധേയമാക്കിയും കലാലയ കക്ഷിരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിയും അധ്യാപകരുടെയും അക്കാദമിക് തലങ്ങളുടെയും നിലവാരമുയര്‍ത്തിയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റങ്ങളും മത്സരക്ഷമതയും കൈവരിക്കാനാകുന്നില്ലെങ്കില്‍ കേരളം കാണാനിരിക്കുന്നത് വലിയ ബൗദ്ധികത്തകര്‍ച്ചയും തിരിച്ചുവരാത്ത യുവതയുടെ നിലയ്ക്കാത്ത ഒഴുക്കുമായിരിക്കും.