•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

കാലം കാതോര്‍ത്തിരുന്ന മഹാമംഗളവാര്‍ത്ത

ദിമാതാപിതാക്കന്മാരുടെ പാപംമൂലം തകര്‍ന്നടിഞ്ഞ ദൈവമനുഷ്യബന്ധം പുനഃസ്ഥാപിക്കാന്‍ ദൈവം ഒരു രക്ഷകനെ പറുദീസയില്‍വച്ച് വാഗ്ദാനം ചെയ്തു (ഉത്പ. 3:15). മനുഷ്യന്റെ അധഃപതനത്തില്‍ മനംനൊന്ത കരുണാമയനായ ദൈവം തന്റെ ജനത്തിനുവേണ്ടി സംസാരിച്ചു: ''കന്യക  ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള ഇമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും.'' അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്‍ജനം രക്ഷകന്റെ വരവിനായി കാതോര്‍ത്തു കാത്തിരുന്നു. അതിനായി ദൈവം ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട വിശുദ്ധരായിരുന്ന യൊവാക്കിം - അന്നാ ദമ്പതികളെയാണു തിരഞ്ഞെടുത്തൊരുക്കിയത്. നീണ്ട 22 വര്‍ഷക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ദൈവം അവര്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചത്. മറിയം എന്നവര്‍ കുഞ്ഞിനു പേരിട്ടു. വാര്‍ദ്ധക്യത്തില്‍ ലഭിച്ച ഉദരഫലത്തെ അവര്‍ ദൈവവേലയ്ക്കായി മുന്നേകൂട്ടി സമര്‍പ്പിച്ചിരുന്നു. അതിനാല്‍, അവര്‍ തങ്ങളുടെ കുഞ്ഞിന് ശൈശവത്തില്‍ത്തന്നെ ഒരു യഹൂദപെണ്‍കുട്ടി അറിഞ്ഞിരിക്കേണ്ട മതാചാരങ്ങളും ഭക്താനുഷ്ഠാനങ്ങളും വിശുദ്ധലിഖിതങ്ങളും മാത്രമല്ല, ആത്മീയവും ഭൗതികവുമായ ജ്ഞാനവും പകര്‍ന്നുനല്‍കിയിരുന്നു.

മറിയത്തിനു മൂന്നു വയസ്സായപ്പോള്‍ അവളുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ദൈവാലയത്തില്‍ സമര്‍പ്പിച്ചുകൊണ്ട് തങ്ങളുടെ നേര്‍ച്ച നിറവേറ്റി. പ്രായത്തില്‍ക്കവിഞ്ഞ വിവേകവും വിശുദ്ധിയും വിനയവും പക്വതയും ജ്ഞാനവുംകൊണ്ട് ദൈവം അവളെ അലങ്കരിച്ചിരുന്നു. ഭക്തിനിര്‍ഭരമായ ദൈവാലയാന്തരീക്ഷത്തില്‍ മറിയം ഒരു മാടപ്പിറാവിനെപ്പോലെ ജീവിച്ചുപോന്നു. ഇക്കാലയളവില്‍  അവളുടെ മാതാപിതാക്കളും സ്വര്‍ഗപ്രാപ്തരായി. കൗമാരത്തിലേക്കു കടന്ന മറിയത്തിന് യഹൂദാചാരപ്രകാരം ദൈവാലയശുശ്രൂഷ അവസാനിപ്പിക്കേണ്ട സമയമായി. പുരോഹിതര്‍ ആലോചനായോഗം ചേര്‍ന്ന് മറിയത്തിനു വിവാഹാലോചന തുടങ്ങി. മറിയത്തെ വിവരമറിയിച്ചു. അവള്‍ അതീവദുഃഖത്തോടെ തന്റെ ഹൃദയവ്യഥകള്‍ ദൈവമുമ്പാകെ ഏറ്റുപറഞ്ഞു. ദൈവഹിതപ്രകാരമുള്ള ഏതു തീരുമാനത്തിനും 'ഉവ്വ്' പറയുവാന്‍ അവളുടെ അനുസരണവും വിധേയത്വവും പക്വതയും അവളെ പ്രാപ്തയാക്കിയിരുന്നു. അങ്ങനെ ദാവീദിന്റെ വംശജനായ ജോസഫുമായുള്ള വിവാഹനിശ്ചയത്തിന് മറിയം കീഴ്‌വഴങ്ങി. പുരോഹിതരുടെ അനുഗ്രഹാശിസ്സുകളോടെ മറിയം ജോസഫുമൊത്ത് ദൈവാലയത്തോടും അവിടുത്തെ നിവാസികളോടും നിറകണ്ണുകളോടെ യാത്ര ചൊല്ലി നസ്രസ്സിലെ ഭവനത്തിലേക്കു മടങ്ങി.
സമാനതകളുള്ള രണ്ടു വ്യക്തിത്വങ്ങളെ ദൈവമാണു കൂട്ടിച്ചേര്‍ത്തത്. മറിയം നിത്യകന്യാത്വം  ദൈവത്തിനു നേര്‍ന്നുവെങ്കില്‍ ജോസഫാകട്ടെ പൂര്‍ണബ്രഹ്‌മചര്യവും ദൈവമുമ്പാകെ അടിയറവു പറഞ്ഞിരുന്നു. മാത്രമല്ല, അവര്‍ രണ്ടുപേരും രക്ഷകന്റെ വരവിനായി പ്രാര്‍ഥനയോടെ കാത്തിരുന്നവരുമാണ്. ഇവരിലൂടെയാണ്  ദൈവം തന്റെ  പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിച്ചുകൊണ്ട് രക്ഷാകരചരിത്രത്തിന്റെ കവാടം തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. ജോസഫും മറിയവും ദൈവത്തോട് ആലോചന ചോദിച്ചുകൊണ്ട് തങ്ങളുടെ കുടുംബത്തിന് അടിത്തറ പാകുവാന്‍ തുടങ്ങി. പ്രാര്‍ഥനയും തപശ്ചര്യകളും സദ്പ്രവൃത്തികളുംവഴി അവര്‍ അനുനിമിഷം ദൈവത്തെ പ്രസാദിപ്പിച്ചിരുന്നു!
മറിയം തന്റെ പതിവു തെറ്റാതെയുള്ള പാതിരാപ്രാര്‍ഥനയ്ക്കായി ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ മുറിയാകെ പ്രകാശപൂരിതമായി കാണപ്പെട്ടു. അവള്‍ ഭയചകിതയായി  ചുറ്റും നോക്കി. തത്ക്ഷണം തന്റെ മുമ്പില്‍  ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഇപ്രകാരം പറഞ്ഞു: ''കൃപ നിറഞ്ഞവളേ സ്വസ്തി! കര്‍ത്താവു നിന്നോടുകൂടെ. നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്.'' അവള്‍ വിസ്മയത്തോടെ ദൂതനെത്തന്നെ നോക്കിനിന്നു. ദൂതന്‍ തുടര്‍ന്നു: ''മറിയമേ, നീ ഭയപ്പെടേണ്ട. നീ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. അവന്‍ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല.'' മറിയം ദൂതനോടു പറഞ്ഞു: ''ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.'' ദൂതന്‍ മറുപടി പറഞ്ഞു: ''പരിശുദ്ധാത്മാവ് നിന്റെമേല്‍വരും. അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നു പറഞ്ഞിരുന്ന അവള്‍ക്കിത് ആറാംമാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ലല്ലോ.'' മറിയം പറഞ്ഞു: ''ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ.'' അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍നിന്നു മറഞ്ഞു (ലൂക്കാ. 1:28-38). 
മറിയത്തിന്റെ ചിന്ത ബുദ്ധിയുടെ തലത്തില്‍നിന്നു ഹൃദയത്തിന്റെ ആഴത്തിലേക്കിറങ്ങി. ത്രിത്വത്തിന്റെ സഹവാസം അവള്‍ അനുഭവിച്ചറിഞ്ഞു. അവളുടെ ഉദരത്തിലും ഹൃദയത്തിലും വചനം മാംസമണിഞ്ഞു! സ്വര്‍ഗവും ഭൂമിയും കൈകോര്‍ത്ത അനര്‍ഘനിമിഷങ്ങളായിരുന്നു അത്. എന്നിട്ടും യുഗങ്ങളുടെ കാത്തിരിപ്പിനു പരിസമാപ്തികുറിച്ചുകൊണ്ട് മാനവചരിത്രത്തിലെ മഹത്തായ സംഭവം നടക്കാന്‍ പോകുന്ന നിമിഷങ്ങളാണിതെന്നൊന്നും മറിയമെന്ന നിഷ്‌കളങ്കകന്യകയ്ക്കു മനസ്സിലായിരുന്നില്ല. എങ്കിലും എല്ലാം  അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചു. നേരം പുലര്‍ന്നപ്പോള്‍ തന്റെ ഇളയമ്മയുടെ വാര്‍ദ്ധക്യഗര്‍ഭത്തെക്കുറിച്ചു മാത്രം മറിയം ജോസഫിനോടു പങ്കുവച്ചു. അവര്‍ തിടുക്കത്തില്‍ത്തന്നെ ക്ലേശകരമെങ്കിലും സന്തോഷത്തോടെ ഏലീശ്വായുടെ ഭവനത്തിലേക്ക് തങ്ങളുടെ ആദ്യത്തെ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുകയുണ്ടായി. 
പരിശുദ്ധാത്മാവിനാല്‍ പൂരിതരായ രണ്ടു സ്ത്രീരത്‌നങ്ങള്‍!! ഇവരുടെ സംഗമവേളയിലാണ് രണ്ടായിരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും പുതുമ  നഷ്ടപ്പെടാത്ത നൂതനമായൊരു വിപ്ലവഗാനം മറിയത്തിന്റെ സര്‍ഗചേതനയില്‍നിന്നു പൊട്ടിയൊഴുകിയത്. എലിസബത്തിന്റെ ഭവനത്തില്‍വച്ചാണ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ മറിയം ലോകത്തെ കീഴ്‌മേല്‍ മറിക്കാന്‍ പര്യാപ്തമായ സ്‌തോത്രഗീതം ആലപിക്കുന്നത്. ശക്തനായ ദൈവം തന്റെ പിതാക്കന്മാരോടു ചെയ്തിരുന്ന വാഗ്ദാനം ദാസിയായ തന്നിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന് അനുഭവിച്ചറിഞ്ഞ മറിയത്തിന്റെ സന്തോഷം കരകവിഞ്ഞൊഴുകി എന്നതാണു  പരമാര്‍ഥം.
പരിശുദ്ധ കന്യാമറിയത്തിന്റെ  മംഗളവാര്‍ത്തദിനമായ മാര്‍ച്ച് 25 നോടനുബന്ധിച്ച് പ്രോലൈഫ് ദിനംകൂടി ആചരിക്കുന്നുവെന്നത് ഏറെ സമുചിതവും ചിന്തോദ്ദീപകവുമാണ്. കാരണം, ലോകം കണ്ടിട്ടുള്ളവരില്‍വച്ച് ഏറ്റവും മഹത്തരമായ പ്രോ-ലൈഫറാണ് പരിശുദ്ധ കന്യാമറിയം. അവളുടെ ജീവിതംതന്നെയാണവളുടെ  സന്ദേശം. ഭൗമികകാഴ്പ്പാടില്‍ മറിയം ഏറ്റെടുത്ത മാതൃത്വം ഒരുക്കമംഗളവാര്‍ത്തയാണെന്നു നിസ്സംശയം പറയാം. കാരണം, യഹൂദനിയമനുസരിച്ച് സ്വന്തം ജീവന്റെ നിലനില്പുപോലും അവഗണിച്ചുകൊണ്ട് ദൈവത്തില്‍ മാത്രം ശരണംവച്ച് ബോധപൂര്‍വം ഉദരഫലത്തെ ഹൃദയത്തിലും ഉദരത്തിലും ഏറ്റെടുത്തവളാണ് മറിയം. മാതാക്കള്‍ പ്രതിസന്ധികളെയും പ്രതികൂലങ്ങളെയും അവഗണിച്ചുകൊണ്ട് ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കി ദൈവം നല്‍കുന്ന ഉദരഫലത്തിന്റെ സംരക്ഷകരും  ഉടമസ്ഥരുമാകണമെന്ന് മറിയം ഓര്‍മപ്പെടുത്തുന്നു! ഈ ഭൂമിയില്‍ പിറക്കുന്ന ഓരോ കുഞ്ഞും  ഓരോ 'രക്ഷകന്‍'ആണെന്ന് എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും മതസാരഥികളും ലോകത്തോടാഹ്വാനം ചെയ്തിരിക്കുന്നു. ദൈവത്തിന്റെ കൈയൊപ്പോടുകൂടിയ അഞ്ചരക്കോടിയോളം പുണ്യജന്മങ്ങള്‍ പ്രതിവര്‍ഷം ഈ ഭൂമുഖത്തു വധിക്കപ്പെടുന്നുവെന്നുള്ളത്  എത്രയോ വേദനാജനകവും ഭയാനകവുമാണ്.
ജനിക്കുന്ന കുഞ്ഞുങ്ങളെക്കാള്‍ വളരെയധികമാണ് വധിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍. ഇവരുടെയെല്ലാം നിഷ്‌കളങ്കരക്തം വീണു കുതിര്‍ന്ന മണ്ണ് പ്രതികാരത്തിനായി ദാഹിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ക്കു തടയിടാന്‍ ആര്‍ക്കാണ് കഴിയുക? ''ദൈവമാണ് മനുഷ്യന്റെ അന്തരംഗത്തിനു രൂപം നല്‍കിയതും അമ്മയുടെ ഉദരത്തില്‍ അവനെ മെനഞ്ഞതും'' (സങ്കീ. 139:13). ആ ജീവനെ ഹനിക്കാന്‍ മനുഷ്യനാരാണ് അധികാരം നല്‍കിയത്? ഈ മരണസംസ്‌കാരത്തില്‍നിന്നു ജീവന്റെ സംസ്‌കാരത്തിലേക്കുള്ള ഒരു ഉള്‍വിളി ആദ്യം ലഭിക്കേണ്ടത് മാതാക്കള്‍ക്കാണ്. കാരണം, അവര്‍ ഭൂമിയിലെ ദൈവത്തിന്റെ പകരക്കാരികളാണ്. അമ്മമാരുടെ വറ്റാത്ത സ്‌േനഹവും വരളാത്ത കരുണയും മിഴിവാര്‍ന്ന വിശുദ്ധിയും ശക്തിയും ഒന്നിച്ചൊഴുകി ഈ ഭൂമിയെ കുളിര്‍പ്പിക്കട്ടെ. അതിനായി ഒരു റോള്‍മോഡലായി പരിശുദ്ധ അമ്മയുണ്ടെന്നുള്ളതാണ് പരമപ്രധാനമായ പരമാര്‍ഥം.
സമത്വത്തിനും സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുംവേണ്ടി അടുക്കളയില്‍നിന്ന് അരങ്ങെത്തെത്തി അടരാടുന്ന സംഘടിതരായ സ്ത്രീകള്‍ പെരുകിവരുന്ന കാലമാണിത്. എന്നാല്‍, ജീവന്റെ സംരക്ഷണം ലക്ഷ്യമിട്ട് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഒരുമയോടെ പ്രതികരിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്താല്‍ കൂണു മുളയ്ക്കുന്നതുപോലെ ഉയര്‍ന്നുവരുന്ന അബോര്‍ഷന്‍ ക്ലിനിക്കുകള്‍ നിലംപതിക്കുമെന്നത് ഒരു നഗ്നസത്യമാണ്. ഈ തിരിച്ചറിവിലേക്കു ലോകം പ്രവേശിക്കട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)