•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

കൊവിഡിന് പിന്നാലെ മറ്റൊരു പ്രഹരമായി എച്ച് 3 എന്‍ 2

ലോകത്തെ മുഴുവന്‍ ''പൂട്ടിയിട്ട'' കൊവിഡ് 19 നു പിന്നാലെ ഇതാ, അടുത്ത മഹാമാരിയും എത്തിയിരിക്കുന്നു.
ഇന്‍ഫ്‌ളുവന്‍സയുടെ ഉപവിഭാഗമായ എച്ച് 3 എന്‍ 2 (H3 N2) വൈറസ്ബാധമൂലം കടുത്ത പനിയുടെ ലക്ഷണങ്ങളുമായി ആയിരക്കണക്കിനാളുകള്‍ ആശുപത്രികളിലെത്തുന്നതായി ഐ സി എം ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വൃത്തങ്ങള്‍ അറിയിച്ചു. ചുമ, പനി, ശരീരവേദന, മൂക്കൊലിപ്പ്, ശ്വാസംമുട്ടല്‍, ഛര്‍ദി, അതിസാരം തുടങ്ങിയ ലക്ഷണങ്ങളുമായി നിരവധിപേരാണ് ചികിത്സ തേടിയെത്തുന്നത്.
35 ലക്ഷംമുതല്‍ 50 ലക്ഷംവരെ പേര്‍ക്ക് ഓരോ വര്‍ഷവും ഇന്‍ഫ്‌ളുവന്‍സാവൈറസുകള്‍ ബാധിക്കുന്നുണ്ടെന്നും 3 ലക്ഷംമുതല്‍ 5 ലക്ഷംവരെ ആളുകള്‍ ഓരോ വര്‍ഷവും മരണപ്പെടുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയും വെളിപ്പെടുത്തിയിട്ടുണ്ട്. 1968 ല്‍ ഹോങ്കോങ്ങില്‍ കണ്ടെത്തിയ വൈറസുകളാണിപ്പോള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അണുബാധ വിട്ടൊഴിയാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ടെങ്കിലും മരണനിരക്ക് കൊവിഡ് 19 നേക്കാള്‍ കുറവായിരിക്കുമെന്ന ഐ സി എം ആറിന്റെ നിഗമനമാണ് ആശ്വാസം പകരുന്നത്.
എന്നാല്‍, കൊവിഡ് 19 വന്നപ്പോഴുണ്ടായതിനെക്കാള്‍ ബുദ്ധിമുട്ട് എച്ച് 3 എന്‍ 2 വൈറസ് ബാധിതര്‍ക്കുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. രോഗബാധിതരില്‍ 92 ശതമാനം പേരില്‍ പനി, 80 ശതമാനംപേര്‍ക്ക് ചുമ, 27 ശതമാനം പേര്‍ക്ക് ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. 16 ശതമാനം പേര്‍ക്ക് ന്യൂമോണിയ ബാധിക്കുകയും 6 ശതമാനം പേര്‍ക്ക് അപസ്മാരം ഉണ്ടാവുകയും ചെയ്തു. അതിസാരവും ഛര്‍ദിയും ഉണ്ടായ സംഭവങ്ങളും വാര്‍ത്തയായിരുന്നു.
എച്ച് 3  എന്‍ 2 വൈറസുകള്‍ കൊവിഡ് 19 നു സമാനമായ അനുബന്ധരോഗങ്ങള്‍ക്കു വഴിവച്ചേക്കുമെന്ന ആശങ്ക ആരോഗ്യവിദഗ്ധര്‍ക്കുണ്ട്. കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അസുഖം ബാധിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഹൃദ്രോഗവും ന്യൂമോണിയയും പിടിപെട്ട അനേകര്‍ മരണത്തിനു കീഴടങ്ങിയതായി കൊവിഡനന്തരപഠനങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. രോഗം ഭേദമായവരില്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്നും കണ്ടുവരുന്നത് കൊവിഡ് 19 ന്റെ തിരിച്ചുവരവാണോയെന്നു സംശയം ജനിപ്പിക്കുന്നു.
എച്ച് 3 എന്‍ 2 വൈറസുകള്‍ ബാധിച്ച ഇന്ത്യക്കാരായ 451 പേരില്‍ മൂന്നു പേര്‍ മരണത്തിനു കീഴടങ്ങിയത് അടുത്ത നാളുകളിലാണ്. കര്‍ണാടകയില്‍നിന്നുള്ള പ്രമേഹരോഗിയായ 82 കാരന്‍ ഹിരേഗൗഡ, ഹരിയാനയില്‍നിന്നുള്ള  ഒരു ശ്വാസകോശാര്‍ബുദക്കാരന്‍ എന്നിവരും, എച്ച് 1 എന്‍ 1 ബാധിച്ച ഒരു ഗുജറാത്തുകാരനുമാണ് ആദ്യം മരണപ്പെട്ടത്. ഏറ്റവുമൊടുവില്‍ മരിച്ച മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ സ്വദേശിയായ 23 വയസ്സുകാരന്‍ എംബിബിഎസ് വിദ്യാര്‍ഥിയുടെ രക്തസാമ്പിളുകളില്‍ എച്ച് 3 എന്‍ 2 വൈറസുകള്‍ കണ്ടെത്തിയിരുന്നു.
പ്രതിരോധവാക്‌സിന്‍ തയ്യാറെന്ന് ഭാരത്ബയോടെക്
വാക്‌സിനുകള്‍ ലഭ്യമായ പനിയാണ് ഇപ്പോള്‍ പടരുതെന്ന ആശ്വാസവാക്കുകള്‍ ആരോഗ്യവകുപ്പു പുറത്തിറക്കുന്നുണ്ടെങ്കിലും  ഭീതി ഒഴിയാന്‍ പര്യാപ്തമല്ല. വൈറസുകള്‍ക്കു തുടര്‍ച്ചയായി ജനിതകമാറ്റം സംഭവിക്കുന്നതാണ് പ്രധാന വെല്ലുവിളി. ഇന്ത്യയില്‍ കൊവിഡിനെ പിടിച്ചുകെട്ടിയെന്നവകാശപ്പെടുന്ന കൊവിഷീല്‍ഡിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഉത്പാദിപ്പിച്ചിട്ടുള്ള  ഒസെല്‍റ്റാമിവിര്‍, പെരാമിവിര്‍, ബൊലോക്‌സാമിവിര്‍ എന്നീ വാക്‌സിനുകള്‍ ഫ്‌ളൂവൈറസുകളെ ചെറുക്കാന്‍ പര്യാപ്തമാണെന്ന് അവകാശപ്പെടുന്നുണ്ട്. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിലും ഫലപ്രദമായി ഉപയോഗിച്ചാല്‍ എച്ച് 3 എന്‍ 2 വൈറസുകളെ വരുതിയിലാക്കാമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്. മാസ്‌കുകള്‍ ശരിയാംവണ്ണം ധരിക്കുകയും സാമൂഹികാകലം പാലിക്കുകയും കൈകള്‍ ശുചിയാക്കുകയും രോഗബാധയുണ്ടെന്നു തെളിഞ്ഞാല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്യുന്നതും രോഗവ്യാപനത്തെ തടയും. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുമ്പോള്‍ത്തന്നെ പ്രതിരോധമരുന്നുകള്‍ കഴിച്ചുതുടങ്ങണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
2009 ല്‍ രൂപപ്പെട്ട എച്ച് 1 എന്‍ 1 വൈറസുകളുടെ ജീനുകളാണ് എച്ച് 3 എന്‍ 2 വൈറസുകളിലും ഉള്ളതെന്നു കണ്ടെത്തിയിട്ടുണ്ട്. 2010 ല്‍ യു എസില്‍ പന്നികളില്‍ പ്രത്യക്ഷപ്പെട്ട വൈറസുകള്‍ പക്ഷികളിലേക്കും മനുഷ്യരിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. 2011 അവസാനത്തോടെ 12 മനുഷ്യരില്‍ വൈറസുകള്‍ കണ്ടെത്തി. അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെയും 65 വയസ്സിനുമുകളിലുള്ളവരെയുമാണ് വൈറസുകള്‍ കടന്നാക്രമിക്കുകയെന്നും പഠനങ്ങളില്‍നിന്നു വ്യക്തമായിട്ടുണ്ട്. ശ്വാസകോശങ്ങളെയും ഹൃദയത്തെയും നേരിട്ടാക്രമിക്കാന്‍ എച്ച് 3 എന്‍ 2 വൈറസുകള്‍ക്കു കഴിയും. ഗുരുതരന്യൂമോണിയയ്ക്കും വെന്റിലേറ്റര്‍ ചികിത്സയ്ക്കും കാരണമാകുന്ന ടൈപ്പ് ബി ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് രണ്ടു മാസത്തിനിടെ അഞ്ചു കുട്ടികളെ പീഡിയാട്രിക് ഐ സി യു വില്‍ പ്രവേശിപ്പിച്ചതായി ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയധികൃതര്‍ അറിയിച്ചു. കൂടുതല്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്ന അഡിനോ വൈറസ് ബാധിതരായ 11 കുട്ടികള്‍ തീവ്രപരിചരണവിഭാഗത്തിലുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
കണ്ണുകളെയും ശ്വാസനാളിയെയും ബാധിക്കുന്ന അഡിനോ വൈറസുകള്‍ കൊവിഡ് 19 പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുമെന്ന മുന്നറിയിപ്പുമുണ്ട്. ഈ മാസം അവസാനത്തോടെ രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയാണ് ഐ സി എം ആര്‍ അധികൃതര്‍ക്കുള്ളത്. കൂടുതല്‍ ആളുകളിലേക്കു രോഗം പടരാന്‍ സാധ്യതയുണ്ടെങ്കിലും ജീവഹാനി ഉണ്ടാക്കില്ലെന്നും അതിനാല്‍ത്തന്നെ ആശങ്ക വേണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മനുഷ്യജീവനെടുത്ത 1918-20 വര്‍ഷങ്ങളിലെ സ്പാനിഷ് ഫ്‌ളൂവിന്റെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. 5 കോടി പേരുടെ  ജീവനാണ് സ്പാനിഷ് ഫ്‌ളൂ കവര്‍ന്നത്. ഇത്,  രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മരണസംഖ്യയ്ക്കു തുല്യമാണ്. ഇന്ത്യയില്‍മാത്രം ഒന്നേ മുക്കാല്‍ കോടി മനുഷ്യരുടെ ജീവന്‍ നഷ്ടമായതായും കണക്കാക്കിയിട്ടുണ്ട്. പക്ഷികള്‍വഴിയാണ് രോഗാണുക്കള്‍ മനുഷ്യശരീരങ്ങളില്‍ പ്രവേശിച്ചതെങ്കിലും വൃത്തിഹീനമായ അന്നത്തെ ചുറ്റുപാടുകളാണ് രോഗവ്യാപനത്തിനു കാരണമെന്നു നിരീക്ഷിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസുകള്‍ 68 ലക്ഷത്തിലധികം  ആളുകളെയാണു കൊന്നൊടുക്കിയത്. പക്ഷികളെയും വന്യമൃഗങ്ങളെയും  ജീവനോടെയെത്തിച്ച് മാംസം വിറ്റിരുന്ന ചൈനയിലെ വുഹാനിലുള്ള തുറന്ന ചന്തയില്‍ ഉദ്ഭവിച്ചുവെന്നു കരുതപ്പെടുന്ന കൊറോണ വൈറസുകള്‍ മനുഷ്യജന്യമായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. മധ്യകേരളത്തിലെ നാലു ജില്ലകളെ വിഷപ്പുകയില്‍ മൂടിയ ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരം ഒരു ദേശീയദുരന്തമായി പ്രഖ്യാപിക്കുകയും ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള  നടപടികള്‍ സ്വീകരിക്കുകയും വേണം. പാതവക്കുകളിലും പുഴകളിലും കായല്‍/കടല്‍ത്തീരങ്ങളിലുമെല്ലാം  മാലിന്യക്കൂമ്പാരങ്ങള്‍  സൃഷ്ടിക്കുന്ന സാമൂഹികവിരുദ്ധരെ കണ്ടെത്താനും മാതൃകാപരമായി ശിക്ഷിക്കാനുമുള്ള ഇച്ഛാശക്തി  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരും സൃഷ്ടിച്ചെടുക്കാത്തിടത്തോളം  കാലം മഹാമാരികള്‍ ഒന്നിനുപിറകേ മറ്റൊന്നായി മനുഷ്യരാശിയെ വേട്ടയാടുമെന്ന കാര്യത്തില്‍ സംശയംവേണ്ട.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)