•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ഏഷ്യയിലെ സഭ : സമ്പന്നതയും വെല്ലുവിളികളും

തായ്‌ലന്റിലെ ബാങ്കോക്ക് അതിരൂപതയുടെ അതിമനോഹരമായ അജപാലനകേന്ദ്രത്തില്‍വച്ച് ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫെറന്‍സിന്റെ (എഫ്.എ.ബി.സി) നേതൃത്വത്തില്‍ 2023 ഫെബ്രുവരി 23-27 തീയതികളില്‍ നടന്ന ഏഷ്യന്‍ സിനഡല്‍ അസംബ്‌ളി സഭയുടെ സിനഡല്‍യാത്രയിലെ മനോഹരമായ കാല്‍വയ്പ് ആയിരുന്നു. വത്തിക്കാനിലെ സിനഡല്‍ സെക്രട്ടറിയേറ്റിനു നേതൃത്വം നല്‍കുന്ന ജനറല്‍ സെക്രട്ടറി കാര്‍ഡിനല്‍ മാരിയോ  ഗ്രക്ക്,  അണ്ടര്‍ സെക്രട്ടറി സി. നത്തലി ബെക്വാര്‍ട് എന്നിവരുള്‍പ്പെടുന്ന സിനഡല്‍ ടീം ഏഷ്യന്‍ അസംബ്ലിക്കു നേതൃത്വം നല്‍കി. അസംബ്‌ളിയില്‍ ഏഷ്യയിലെ 29 രാജ്യങ്ങളില്‍നിന്നായി 17 മെത്രാന്‍സമിതിയെയും സീറോ മലബാര്‍ സഭാ സിനഡിനെയും പ്രതിനിധീകരിച്ച് 6 കര്‍ദിനാള്‍മാര്‍, 5 ആര്‍ച്ചുബിഷപ്പുമാര്‍, 18 ബിഷപ്പുമാര്‍, 28 വൈദികര്‍, 4 സന്ന്യാസിനികള്‍, 19 അല്മായപ്രതിനിധികള്‍ എന്നിവര്‍ ഏഷ്യന്‍ സിനഡില്‍ സംബന്ധിച്ചു.    

സിനഡാലിറ്റി : ചരിത്രവഴികള്‍ 
ആഗോള കത്തോലിക്കാസഭയില്‍ 2023 ലും 24 ലും നടക്കാനിരിക്കുന്ന സിനഡിനു മുന്നോടിയായി വത്തിക്കാനിലെ സിനഡല്‍ ഹാളില്‍ 2021 ഒക്‌ടോബര്‍ ഒമ്പതിന് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഗോള സിനഡല്‍ പ്രക്രിയയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പാ തുടക്കംകുറിച്ചു. സിനഡാത്മകതയുള്ള സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം  ('“For a  Synodal Church: Communion, Participation, and Mission”')എന്നതാണ് സിനഡിന്റെ പ്രമേയം. രൂപതാതലം, മെത്രാന്‍സമിതികളുടെ കോണ്‍ഫെറന്‍സ്തലം, ഭൂഖണ്ഡതലം, ആഗോളതലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് ഈ സിനഡല്‍പ്രക്രിയ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. സഭയുടെ താഴെത്തട്ടിലുള്ള ഓരോ പ്രാദേശികസഭയെയും ദൈവജനം മുഴുവനെയും വിവിധ ഘട്ടങ്ങളായി ശ്രവിക്കാനും അതുവഴി, ഒരേ പ്രേഷിതദൗത്യത്തിനായുള്ള എല്ലാവരുടെയും പങ്കാളിത്തവും കൂട്ടായ്മയും ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുന്നു. 
സിനഡും സിനഡാലിറ്റിയും: സിനഡ് എന്ന പദത്തിന് സഭയുടെ പാരമ്പര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. വഴിയില്‍ ഒരുമിച്ചു യാത്രചെയ്യുക എന്നതാണ് ഇതിന്റെ അടിസ്ഥാന അര്‍ഥം. എമ്മാവൂസിലേക്കുള്ള വഴിയില്‍ ഒരുമിച്ചു യാത്രചെയ്ത ക്രിസ്തുവിനെ (ലൂക്ക 24:13-52) അനുസ്മരിപ്പിക്കുന്ന ഒരു യാത്രയാണിത്. ഈ ആശയം ആദിമക്രിസ്ത്യാനികളുടെ ഇടയില്‍ വളരെ ആഴത്തില്‍ വേരൂന്നിയിരുന്നു. 'വഴിയുടെ തീര്‍ഥാടകര്‍' എന്നാണവര്‍ വിളിക്കപ്പെട്ടിരുന്നത്. 
സിനഡാലിറ്റി എന്നത് സിനഡില്‍നിന്ന് ഉദ്ഭവിക്കുന്നതും നടപ്പിലാകുന്നതുമായ പ്രക്രിയയാണ്. അടിസ്ഥാനപരമായി സിനഡാലിറ്റി എന്നത് ഒരുമിച്ചുള്ള യാത്രയാണ്. ദൈവം നമ്മോടും എല്ലാവരോടും പറയുന്നത് പരസ്പരം കേള്‍ക്കാന്‍ ശ്രവിക്കുന്നതിലൂടെ ഇതു സംഭവിക്കുന്നു. സിനഡല്‍പ്രക്രിയ കേവലം യാന്ത്രികമായിട്ടുള്ള ഡാറ്റാശേഖരണമോ ചര്‍ച്ചകളുടെയും മീറ്റിങ്ങുകളുടെയും പരമ്പരയോ അല്ല; പ്രത്യുത, ദൈവം ആഗ്രഹിക്കുന്ന രീതിയിലുള്ള സഭയാകാനുള്ള ആധികാരികമായ ശ്രവണത്തിന്റെയും വിവേകപൂര്‍ണമായ തിരഞ്ഞെടുപ്പിന്റെയും അനുഭവമാകണം. 
''പരിശുദ്ധാത്മാവേ, അങ്ങയുടെ മുന്നില്‍ ഞങ്ങള്‍ നില്‍ക്കുന്നു''(Adsumus Sancte Spiritus)  എന്ന പ്രാര്‍ഥനയോടെയാണ് 1962 ഒക്‌ടോബര്‍ 11 ന് വിശുദ്ധ ജോണ്‍ 23 ാമന്‍ പാപ്പാ ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തത്. പരിശുദ്ധാത്മാവിന്റെ നൂതനമായ അഭിഷേകത്തിന്റെ കാറ്റ് സഭയിലാകമാനം നിറയാന്‍ സഭയുടെ ജനലുകള്‍ തുറന്നിടാന്‍ പാപ്പാ ആഹ്വാനം ചെയ്തു. അന്ന് സഭ നേരിട്ടുകൊണ്ടിരുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കു നടുവില്‍ സഭയ്ക്കുള്ളില്‍നിന്നുള്ള കടുത്ത എതിര്‍പ്പുകളെ ധൈര്യസമേതം നേരിട്ടുകൊണ്ടാണ്  പാപ്പാ കൗണ്‍സില്‍ നടത്തിയത് എന്ന് ജോണ്‍ 23-ാമന്‍ പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ച വേളയില്‍ (2014 ഏപ്രില്‍ 27) ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു.   
സിനഡാലിറ്റി എന്നത് ഭൂരിപക്ഷാഭിപ്രായ സമവായത്തിനുള്ള അന്വേഷണമല്ലെന്നും പകരം, പരിശുദ്ധാത്മാത്മാവില്‍ നയിക്കപ്പെടുന്ന ശൈലിയാണെന്നും 2022 ജനുവരി 13-ാം തീയതി പാപ്പാ വ്യക്തമാക്കി. സഭയിലെ ഓരോ അംഗത്തിനും സംസാരിക്കാനുള്ള അവസരമുണ്ട്. സിനഡാലിറ്റി എന്നത് വെറും ലളിതമായ ചര്‍ച്ചയല്ല, കേവലം വിശേഷണപദമല്ല, രാഷ്ട്രീയത്തില്‍ ചെയ്യുന്നതുപോലെ പാര്‍ലമെന്റുപോലുള്ള രീതിയുമല്ല, കേവലം ഒരു  പദ്ധതിയോ ആവിഷ്‌കരിക്കേണ്ടുന്ന പ്രോഗ്രാമോ അല്ല; മറിച്ച് പരസ്പരം പങ്കുവയ്ക്കുന്ന, ഫലപ്രദമായ രീതിയില്‍ അപ്പസ്‌തോലരാകാനുള്ള ക്രൈസ്തവന്റെ വിളിയില്‍ ഭാഗഭാഗിത്വം ഉറപ്പിക്കത്തക്കവിധത്തിലുള്ള പ്രവര്‍ത്തനശൈലിയാണത്. 
സിനഡാലിറ്റി: സീറോമലബാര്‍സഭയില്‍ 
പരസ്പരം ശ്രവിക്കാനും ഒന്നിച്ചുനടക്കാനും ആഹ്വാനം ചെയ്യുന്ന ഈ ജീവിതാനുഭവം പൗരസ്ത്യസഭകളില്‍ സജീവമാണ്. സീറോ മലബാര്‍ സഭയില്‍ തുടക്കംമുതല്‍തന്നെ വിവിധ രൂപതകളില്‍ നിലവിലുള്ള ഇടവകപ്രതിനിധിയോഗം, പൊതുയോഗം, പാസ്റ്ററല്‍ കൗണ്‍സിലുകള്‍, വൈദികസമിതികള്‍, റീജിയണല്‍ സമിതിയോഗങ്ങള്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലികള്‍  തുടങ്ങിയവ സിനഡാലിറ്റിയുടെ ഉദാഹരണങ്ങളാണ്. 
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് സീറോമലബാര്‍ സഭയും ഈ പ്രക്രിയയില്‍ സജീവമായി ഭാഗഭാക്കായി. വിവിധ രൂപതകള്‍ക്കായി  നല്‍കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍  വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകളില്‍നിന്നുള്ള കണ്ടെത്തലുകളുടെ ഫലമായി ലഭിച്ച സിനഡല്‍ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സംക്ഷിപ്ത റിപ്പോര്‍ട്ട് തയ്യാറാക്കി ഏഷ്യന്‍ മെത്രാന്‍ സമിതിക്കും ഭാരത മെത്രാന്‍ സമിതിക്കും വത്തിക്കാന്‍ സിനഡല്‍ സെക്രട്ടറിയേറ്റിനും  സമര്‍പ്പിച്ചു. 
എഫ്.എ.ബി.സിക്കു നല്‍കിയ  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍നിന്നു കിട്ടിയ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലും  തയ്യാറാക്കിയ കരടുരേഖയിന്മേലുള്ള ചര്‍ച്ചയാണ് അസംബ്ലിയില്‍ പ്രധാനമായും നടന്നത്. അസംബ്ലിയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഭാരത മെത്രാന്‍ സമിതിയുടെ അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ  മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സീറോ മലബാര്‍ സഭ ഡോക്ട്രിനല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍, സീറോ മലബാര്‍ സഭാവക്താവ് ഡോ. കൊച്ചുറാണി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ഏഷ്യന്‍ സിനഡ്: ധന്യതകളും ആഭിമുഖ്യങ്ങളും 
ഏഷ്യയിലെ സഭ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളാലും ഭാഷകളാലും വംശീയതകളാലും പാരമ്പര്യങ്ങളാലും അനുഗൃഹീതമാണ്. വിശ്വാസങ്ങളിലും മൂല്യങ്ങളിലും പ്രതീകങ്ങളിലും വ്യത്യസ്തതയുള്ളപ്പോഴും നാനാത്വത്തിലെ  ഏകത്വം ഏഷ്യന്‍ജനതയെ പരസ്പരം ഒന്നിപ്പിക്കുന്നു. ഏറ്റവും വലുതും ബൃഹത്തായ ജനസംഖ്യയുള്ളതുമായ ഏഷ്യയിലുടനീളം ഈ സിനഡല്‍പ്രക്രിയയ്ക്ക് വലിയ സ്വീകാര്യതയാണു ലഭിച്ചത്. ഏഷ്യന്‍ ആധ്യാത്മികത ആഴത്തിലുള്ള ഭക്തിയിലും സജീവമായ വിശ്വാസജീവിതത്തിലും സഭയോടുള്ള അഗാധമായ സ്‌നേഹത്തിലും ദൃഢപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി. ഇത് സഭയുടെ ജീവിതത്തിന് സമൃദ്ധിയും സന്തോഷവും നല്‍കുന്നു. 
പരിഗണിക്കപ്പെടേണ്ട തലങ്ങള്‍ 
ഏഷ്യയിലുടനീളം വ്യാപകമായ ദാരിദ്ര്യം, സാമ്പത്തിക അസന്തുലിതാവസ്ഥ, വ്യവസ്ഥാപരമായ അഴിമതിയുടെ വെല്ലുവിളികള്‍, കുടിയേറ്റം,  രാഷ്ട്രീയ അസ്ഥിരത, പാരിസ്ഥിതികഭീഷണികള്‍ ഇവയെല്ലാം മതപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ വെല്ലുവിളികളാണ്. 
സഭയ്ക്കുള്ളില്‍ത്തന്നെ ശ്രദ്ധപതിപ്പിക്കേണ്ട വിവിധ മേഖലകളുമുണ്ട്. വൈദിക, സന്ന്യസ്തജീവിത ദൈവവിളികളുടെ പ്രോത്സാഹനം, കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ക്ലെരിക്കലിസം, നേതൃത്വരംഗത്തും നയരൂപീകരണസമിതികളിലും സ്ത്രീകളുടെയും സമര്‍പ്പിതസഹോദരിമാരുടെയും യുവജനങ്ങളുടെയും  പ്രാതിനിധ്യത്തിന്റെ കുറവ്, യുവജനങ്ങള്‍, കുട്ടികള്‍, കുടുംബം എന്നിവയുടെ പരിശീലനങ്ങള്‍, മിശ്രവിവാഹങ്ങള്‍, വൈവാഹികകൂദാശയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള സഹജീവിതം, വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍, ഭ്രൂണഹത്യകള്‍, സിംഗിള്‍ പേരന്റിങ്, ഗാര്‍ഹികപീഡനം, എല്‍.ജി.ബി.റ്റി.ക്യു. എന്നിവ പ്രത്യേക പരിഗണന തേടുന്നു. സാമൂഹികമാധ്യമങ്ങളുടെ  അമിതവും നിഷേധാത്മകവുമായ ദുരുപയോഗങ്ങള്‍ ഏറെ വിവേകപൂര്‍ണമായ ശ്രദ്ധ ആവശ്യപ്പെടുന്നു.
സഭ എല്ലാവരുടെയും ഭവനമാണ്. ഒഴിവാക്കപ്പെട്ടു എന്നു തോന്നുന്നവരുടെയും ആവശ്യങ്ങള്‍ പരിഗണിക്കുന്നതാണ് സിനഡാത്മകത. വിവിധ കൂട്ടായ്മകളുടെ കൂട്ടായ്മയായി ഒരുമിച്ചു നടക്കേണ്ടതിന്റെ  പ്രാധാന്യത്തെക്കുറിച്ചുള്ള ആഗോള അവബോധത്തിലേക്കാണ് സിനഡല്‍ പ്രക്രിയ നയിക്കേണ്ടത്. അതിനാല്‍, സിനഡല്‍യാത്രകള്‍ കൃപയുടെയും സൗഖ്യത്തിന്റെയുമാണ്.  
ഭാവിമുന്‍ഗണനകള്‍ 
വൈവിധ്യപൂര്‍ണവും വ്യത്യസ്തവുമായ ഏഷ്യന്‍പ്രതികരണങ്ങളുടെയും സിനഡല്‍ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട ജീവിതശൈലികളും ഊന്നലുകളും അസംബ്ലിയില്‍ പരാമര്‍ശിക്കപ്പെട്ടു. 
1. രൂപീകരണം: ഒരു സിനഡല്‍ സഭയ്ക്ക് പ്രാരംഭവും തുടരുന്നതുമായ രൂപീകരണം ആവശ്യമാണ്. അത് കുടുംബങ്ങള്‍, സെമിനാരിക്കാര്‍, വൈദികര്‍, ബിഷപ്പുമാര്‍,  സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിങ്ങനെ  എല്ലാ തലത്തിലും എല്ലാവര്‍ക്കുംവേണ്ടി സജ്ജമാക്കണം. സിനഡല്‍ നേതൃത്വശൈലികള്‍ വിവേചനത്തോടെ ഉപയോഗിച്ച് ജനതകളുടെയും സംസ്‌കാരത്തിന്റെയും ഉന്നമനത്തിനായി രൂപപ്പെടണം. സിനഡല്‍ സഭയുടെ ദൗത്യവും ദര്‍ശനവും കൃത്യമായി പരിപോഷിപ്പിക്കപ്പെടണം. 
2. മിഷനറിശിഷ്യത്വം: ക്രൈസ്തവന്റെ വിശ്വാസം യേശുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിലും സഭയോടുള്ള  ഇഴുകിച്ചേരലിലും അധിഷ്ഠിതമാണ്. ഈ വിശ്വാസം പ്രഘോഷിക്കാനും വിശ്വാസജീവിതം പങ്കുവയ്ക്കാനുമുള്ള അടിസ്ഥാനവിളിയും ഏതൊരു ക്രിസ്തുശിഷ്യന്റെയും അടിസ്ഥാന പ്രേഷിതദൗത്യമാണ്. സഭാത്മകപക്വതയില്‍ സുവിശേഷം പങ്കുവയ്ക്കാനുള്ള പരിശീലനവും ആവശ്യമാണ്.
3. പ്രാര്‍ഥനയും ആരാധനയും: ക്രിസ്തുവിന്റെ ഏകശരീരത്തിലെ അംഗങ്ങളെന്ന നിലയില്‍ പ്രാര്‍ഥനയും ആരാധനക്രമവും സഭാമക്കളുടെ വിശ്വാസജീവിതത്തിന്റതന്നെ ഭാഗമാവണം. അതോടൊപ്പംതന്നെ എല്ലാവര്‍ക്കും ദൈവത്തെ ആരാധിക്കാനുള്ള മൗലികസ്വാതന്ത്ര്യം ഭൂഖണ്ഡത്തില്‍ ലഭ്യമാവണം. 
4. പൊതുഭവനത്തിന്റെ പരിപാലനം: പാരിസ്ഥിതികപ്രതിസന്ധികള്‍ എല്ലായ്‌പ്പോഴും ദുര്‍ബലരായവരെ കൂടുതല്‍ ബാധിക്കുന്നു. പൊതുഭവനമായ ഭൂമിയുടെ സംരക്ഷണവും പ്രപഞ്ചത്തിന്റെ പരിപാലനവും സഭയുടെ അജപാലനവിഷയമാണ്. പാരിസ്ഥിതികപ്രതിസന്ധിയുടെ തീക്ഷ്ണത കണക്കിലെടുത്ത് ദൈവത്തിന്റെ സൃഷ്ടിയായ ഭൂമിയുടെ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഹരിതസഭയ്ക്ക് കഴിയണം. 
5. ഉള്‍ക്കൊള്ളലും ഉള്‍ച്ചേരലും: സ്ത്രീകള്‍, യുവജനങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ഒഴിവാക്കപ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, തെരുവുകുട്ടികള്‍, പ്രായമായവര്‍, പീഡിപ്പിക്കപ്പെടുന്നവര്‍, ട്രാന്‍സ്ജന്റേഴ്‌സ്, തടവുകാര്‍, അഭയാര്‍ഥികള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും അജപാലനപരിചരണം നല്‍കണം. സഭയാകുന്ന കൂടാരത്തില്‍ എല്ലാവര്‍ക്കും സ്ഥാനം കണ്ടെത്താനാവണം. 
6. ഉത്തരവാദിത്വവും സുതാര്യതയും: സാമ്പത്തികകാര്യങ്ങളില്‍ മാത്രമല്ല, തീരുമാനമെടുക്കല്‍പ്രക്രിയകളിലും ഭരണനടത്തിപ്പിലും കൂടുതല്‍ ഉത്തരവാദിത്വത്തോടും സുതാര്യതയോടുംകൂടി പ്രവര്‍ത്തിക്കാനുള്ള ക്ഷണവുംകൂടിയാണ് സിനഡാലിറ്റി. വ്യത്യസ്തകാരിസങ്ങളെ പ്രോത്സാഹിപ്പിച്ച് സഹകരണവും സഹ ഉത്തരവാദിത്വവും പ്രോത്സാഹിപ്പിക്കണം.     
7. വിഭവങ്ങളുടെ പങ്കുവയ്ക്കല്‍: ലോകബാങ്കിന്റെ കണക്കനുസരിച്ച് ഏഷ്യയിലെ 320 ദശലക്ഷത്തിലധികം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലാണു കഴിയുന്നത്. വ്യവസ്ഥാപിത അഴിമതിയും സമ്പത്ത് കേന്ദ്രീകരിക്കലും വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വവും കൂടുതല്‍ നിര്‍ണായകമായ അജപാലന ഇടപെടലുകളിലേക്കു സിനഡല്‍ സഭയെ നയിക്കുന്നു. ഭൗതികദാനങ്ങളോടൊപ്പം ആത്മീയദാനങ്ങളും പങ്കുവയ്ക്കുന്ന പ്രേഷിതസഭയായി മാറാന്‍ ഏഷ്യയിലെ സഭയ്ക്കു കഴിയണം. 
8. വിവാഹവും കുടുംബവും: കുടുംബം സിനഡാലിറ്റിയുടെ വിദ്യാലയമാവണം. കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളുടെയും തകര്‍ച്ചയുടെയും സാഹചര്യത്തില്‍ ഗാര്‍ഹികസഭയുടെ സംരക്ഷണവും പരിപോഷണവും ഉറപ്പാക്കുന്നതില്‍ ഏറെ അജപാലനശ്രദ്ധ ആവശ്യമാണ്. മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ക്കായുള്ള പലായനത്തില്‍ ഒറ്റപ്പെട്ടുപോവുന്ന വൃദ്ധമാതാപിതാക്കളുടെ സംരക്ഷണവും വിവാഹത്തെക്കുറിച്ചുള്ള ഭയവും ഈ ദൈവവിളിയിലുള്ള പ്രതിബദ്ധതയില്ലായ്മയും മക്കളുടെ വിശ്വാസപരിശീലനവും അടിസ്ഥാന കുടുബയൂണിറ്റുകളുടെ (ബി.സി.സി.) രൂപപ്പെടുത്തലും കുടുംബജീവിതത്തിന്റെ ആധ്യാത്മികതയില്‍ പ്രധാനപ്പെട്ടതാണ്. 
9.സമാധാനനിര്‍മാണം: ക്രിസ്തുവിന്റെ സമാധാനത്തിലേക്ക് എല്ലാവരെയും എത്തിക്കുന്നതില്‍നിന്ന് വര്‍ധിച്ചുവരുന്ന ക്ലരിക്കലിസവും സുഖസൗകര്യങ്ങള്‍ക്കായുള്ള ആവേശവും സഭയോടുള്ള പ്രതിബദ്ധതയില്ലായ്മയും സുവിശേഷ ഊര്‍ജം ഇല്ലാതാക്കുന്നു. മതാന്തരസംഭാഷണത്തിലൂടെ സുവിശേഷത്തിന്റെ മിഷനറിമാരാകാന്‍ ഏഷ്യയിലെ സഭ ക്ഷണിക്കുന്നു. സമാധാനനിര്‍മാണപ്രവൃത്തികളില്‍ പരസ്പരശ്രവണത്തിലൂടെയും നടത്തുന്ന യാത്രയില്‍ സഭ എല്ലാവരെയും അനുഗമിക്കുന്നു     
എല്ലാത്തലങ്ങളിലും പരിശുദ്ധാത്മാവിനെ ശ്രവിക്കാനും ഏകീകരണത്തിനും അനുരഞ്ജനത്തിനുമുള്ള വഴികള്‍ തുറക്കാനുമായുള്ള ആര്‍ജവം ഈ യാത്രയുടെ ഊര്‍ജമാവണം. സിനഡിന്റെ ലോഗോ ലക്ഷ്യമാക്കുന്നതുപോലെ വിവിധതലത്തിലും ശ്രേണിയിലുമുള്ള വ്യക്തികള്‍ നടത്തുന്ന ഒരുമിച്ചുള്ള യാത്രയില്‍ ജ്ഞാനവും പ്രകാശവും നിറയണം. ദൈവം നമ്മില്‍നിന്ന് ആഗ്രഹിക്കുന്ന സഭയാകാനുള്ള ക്ഷണമാണിത്. ഇവാഞ്ചലി ഗൗദിയത്തില്‍ ആരംഭിച്ച്, ലൗദാത്തോ സിയിലൂടെ കടന്ന് ഫ്രത്തെല്ലി തൂത്തിയില്‍ എത്തിനില്‍ക്കുമ്പോള്‍ ഈ അനുയാത്രയും സഹഗമനവും പ്രതീക്ഷിക്കുന്ന വ്യക്തിപരമായ ഉള്‍ച്ചേര്‍ക്കലിലൂടെ സംഘാതമായി മലമുകളില്‍ പണിത ഭവനംപോലെ ഏഷ്യയിലെ സഭ ഏറെ ദീപ്തമാവട്ടെ എന്നു പ്രത്യാശിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)