•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ജ്ഞാനസമൃദ്ധിയുടെ വിനയതേജസ്സ്

  • ഡോ. റൂബിള്‍രാജ്
  • 30 March , 2023

കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെ എതിര്‍ക്കുന്നു. ദൈവം അവനെ സഹായിക്കുകയില്ല എന്നു പലരും എന്നെക്കുറിച്ചു പറയുന്നു. കര്‍ത്താവേ, അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്ത്വവും. എന്നെ ശിരസ്സുയര്‍ത്തിനിര്‍ത്തുന്നതും അവിടുന്നുതന്നെ. (സങ്കീ. 3: 1-3).
എതിര്‍ത്തവരുടെമുമ്പില്‍ ദൈവാശ്രയത്വത്താല്‍ ശിരസ്സുയര്‍ത്തിനിന്ന ഒരാത്മീയപിതാവായിരുന്നു  മാര്‍ ജോസഫ് പവ്വത്തില്‍. നിലപാടുകളിലെ  ഉറപ്പും ബോധ്യങ്ങളിലെ വ്യക്തതയും പറയുന്നതിലെ സത്യസന്ധതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി. മുന്നിലെ അധികാരത്തിന്റെ പടവുകളോ സ്വീകാര്യതയുടെ 
കുളിര്‍മയോ അദ്ദേഹത്തെ ഒരിക്കലും മോഹിപ്പിച്ചില്ല. മരുഭൂമിയില്‍ വിളിച്ചു പറഞ്ഞവനെപ്പോലെ അദ്ദേഹം നിരന്തരം സഭാമക്കളോടും പൊതുസമൂഹത്തോടും സംവദിച്ചുകൊണ്ടിരുന്നു.
പവ്വത്തില്‍ പിതാവ് എല്ലാം കണ്ടും കേട്ടും ജീവിച്ച മെത്രാനാണ്. പക്ഷേ, അദ്ദേഹം കണ്ടതെല്ലാം സഭയുടെ കണ്ണുകളിലൂടെ മാത്രമായിരുന്നു. ''എനിക്കു ജീവിക്കുക സഭയാണ്'' എന്നു പറഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച പിതാവിന് മറ്റൊരു മാര്‍ഗവും അനുയോജ്യവുമല്ലായിരുന്നു. സഭയുടെ നേത്രങ്ങളിലൂടെ അദ്ദേഹം 
ആരാധനക്രമത്തെയും വിദ്യാഭ്യാസത്തെയും സാമൂഹികപ്രവര്‍ത്തനത്തെയും നോക്കിക്കണ്ടു. പിതാവ് ചെയ്തതിനും പറഞ്ഞതിനുമെല്ലാം സഭാത്മകമായ ഒരു സ്പര്‍ശമുണ്ടായിരുന്നു. സഭയുടെ ചട്ടക്കൂട് അദ്ദേഹത്തിനു തടസ്സമായിരുന്നില്ല. മറിച്ച്, ആ നിയന്ത്രണം  അദ്ദേഹം ആസ്വദിക്കുകയും സഭാമക്കള്‍ക്കെല്ലാം ബാധകമാണെന്നു സംശയലേശമെന്യേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തിന്റെ തനിമ വീണ്ടെടുക്കുന്നതിലും ഉറവിടങ്ങളിലേക്കുപോയി അതിനെ ശുദ്ധീകരിക്കുന്നതിലും പവ്വത്തില്‍ പിതാവ് വഹിച്ച പങ്ക് സഭാചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ്. ചുറ്റും ഉയര്‍ന്ന എതിര്‍പ്പിന്റെ ആരവങ്ങളെക്കാള്‍ പിതാവ് പ്രാധാന്യം നല്‍കിയത് 
ഉള്ളില്‍നിന്ന് ഉയര്‍ന്ന ദൈവികശബ്ദത്തിനാണ്, തന്റെ വായനയും അറിവും മനനവും ഉറപ്പാക്കിയ ബോധ്യങ്ങള്‍ക്കാണ്. 
പവ്വത്തില്‍ പിതാവിന് വിദ്യാഭ്യാസരംഗം ഒരു സംസ്‌കാരികപ്രവര്‍ത്തനം എന്നതിലുപരി ആത്മീയപ്രവര്‍ത്തനമായിരുന്നു. സേവനത്തെക്കാളുപരി 
ശുശ്രൂഷയായിരുന്നു. ക്രൈസ്തവവിദ്യാഭ്യാസം വ്യതിരിക്തമായിരിക്കണമെന്നത് അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷ ആയിരുന്നു. അറിവുപകര്‍ന്നു നല്‍കുന്ന ആലയങ്ങളായി വിദ്യാലയങ്ങള്‍ ചുരുങ്ങാതെ രൂപീകരണസ്ഥാപനങ്ങളായി അവ മാറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അറിവ് വിജ്ഞാനതൃഷ്ണ വര്‍ധിപ്പിക്കുമെങ്കിലും അകക്കണ്ണു തുറപ്പിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്, അറിവിനൊപ്പം മൂല്യബോധനവും നല്‍കണമെന്ന് പിതാവ് നിഷ്‌കര്‍ഷിച്ചിരുന്നു. വാല്യു എജ്യുക്കേഷന്‍ പഠനത്തിന്റെ ഭാഗമാകണമെന്ന് മറ്റു പലരെക്കാളും മുമ്പായി പിതാവ് അഭിപ്രായപ്പെട്ടു.
ഇന്ന് വിദ്യാഭ്യാസരംഗത്തെ സ്ഥിരം പദങ്ങളായ ഇക്വുറ്റി, ഇന്‍ക്ലൂസീവ്‌നെസ്, എക്‌സെലന്‍സ് എന്നിവ പിതാവിനെ സംബന്ധിച്ച് പുതിയ കാര്യമൊന്നുമായിരുന്നില്ല. ചില ഇടതുപക്ഷക്കാര്‍ ഇവ അവരുടെ സംഭാവനയായി അവകാശവാദം ഉന്നയിക്കുമ്പോള്‍, പിതാവിന്റെ മുഖത്ത് അപൂര്‍വമായി
മാത്രം വിരിയുന്ന ചിരിയായിരിക്കും വികാരം. കാരണം, പിതാവിന്റെ വിദ്യാഭ്യാസദര്‍ശനത്തിന്റെ അടിത്തറ തന്നെയാണ് ഇവ.
തന്റെ കാലയളവില്‍ സഭയുടെ വിദ്യാഭ്യാസദര്‍ശനം ചിട്ടപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ചുവെന്നതു മാത്രമല്ല പൗവത്തില്‍ പിതാവിന്റെ സംഭാവന. വിദ്യാഭ്യാസനേതൃത്വത്തിലും അദ്ദേഹം തന്റേതായ പങ്കുവഹിച്ചു. എപ്പിസ്‌കോപ്പല്‍സഭകളിലെ മേലധ്യക്ഷന്മാരെയും സഭയിലെ വിദ്യാഭ്യാസവിദഗ്ധരെയും ഉള്‍പ്പെടുത്തി ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ എന്ന കൂട്ടായ്മയുടെ രൂപീകരണത്തിലും ഇടപെടലുകളിലും പിതാവു സജീവനേതൃത്വം നല്‍കി. ഒരു കാലത്ത് വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്തവസഭയുടെ സംഘാതമായ ശബ്ദമായിരുന്നു കൗണ്‍സിലിന്റേത്. പ്രശ്‌നകലുഷിത
സമയങ്ങളില്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ അഭിപ്രായങ്ങള്‍ അധികാരികള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്തിരുന്നു.
കെ.സി.ബി.സി. ചെയര്‍മാനായും രണ്ടു തവണ സി.ബി.സി.ഐ. യുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച കാലയളവിലും വിദ്യാഭ്യാസം തന്റെ നെഞ്ചോടു 
ചേര്‍ത്തുവച്ച വിഷയമായിരുന്നു. ഒപ്പം, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശവും അദ്ദേഹത്തിന്റെ സത്വരശ്രദ്ധ പതിഞ്ഞ മേഖലയാണ്. ഒരുപക്ഷേ, പിതാവ് ഏറ്റവുമധികം ഉദ്ധരിച്ച ഭരണഘടനാവകുപ്പ് ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 30 ആയിരിക്കും. ഭരണഘടനാവ്യവസ്ഥകളിലൂടെ ന്യൂനപക്ഷാവകാശം സംരക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം അളവറ്റതായിരുന്നു. അതിന്റെ സംരക്ഷണം അദ്ദേഹത്തിന്റെ ജീവിതവ്രതവും. 'നിതാന്തജാഗ്രതയാണ് ജനാധിപത്യത്തിനു കൊടുക്കേണ്ട വില' എന്ന മുന്നറിയിപ്പ്, ന്യൂനപക്ഷാവകാശങ്ങളുടെ കാര്യത്തിലും അനുയോജ്യമാണ് എന്ന പക്ഷക്കാരനായിരുന്നു പിതാവ്. എവിടെയെങ്കിലും ന്യൂനപക്ഷാവകാശധ്വംസനം ഉണ്ടായാല്‍ ആദ്യം ഉയര്‍ന്നിരുന്നത് പവ്വത്തില്‍പിതാവിന്റെ ശബ്ദമായിരുന്നു. പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വ്യവഹാരങ്ങളിലൂടെയും പ്രസ്തുത അവകാശം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹം ഏക്കാലത്തും ജാഗരൂകനായിരുന്നു.
1972 ലെ വിദ്യാഭ്യാസസമരത്തില്‍ മാര്‍ പവ്വത്തില്‍ പങ്കെടുക്കുമ്പോള്‍, സഹായമെത്രാനായി അഞ്ചു മാസത്തെ പരിചയംമാത്രമാണ് കൈമുതലായി ഉണ്ടാ
യിരുന്നത്. 
തന്റെ ചിന്തയുടെ തെളിമകൊണ്ടും വാക്കുകളുടെ മൂര്‍ച്ചകൊണ്ടും ബോധ്യത്തിന്റെ ഉറപ്പുകൊണ്ടും അദ്ദേഹം വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. മെത്രാന്മാര്‍ സമരത്തിനിറങ്ങുന്നതിനെ വിമര്‍ശിച്ചവരോട്, രാകി മൂര്‍ച്ചകൂട്ടിയ വാക്കുകളില്‍ അദ്ദേഹം പ്രതികരിച്ചു. 'സഭയ്ക്കു മാര്‍ഗനിര്‍ദേശം നല്‍കാന്‍ സഭാധ്യക്ഷന്‍ എന്ന നിലയിലും സമുദായത്തിന്റെയും രാജ്യത്തിന്റെയും ഉത്തമതാത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട പൗരന്‍ എന്ന നിലയിലും മെത്രാന്മാര്‍ക്ക് വിദ്യാഭ്യാസപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം സ്ഥാപിച്ചെടുത്തു.
ദളിത്‌ക്രൈസ്തവരുടെ ഉന്നമനം പിതാവിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു. അവരെ സഭാഗാത്രത്തോടു ചേര്‍ത്തു നിറുത്തുന്നതിലും അവരുടെ ക്ഷേമകാര്യങ്ങളിലും പിതാവ് ബദ്ധശ്രദ്ധനായിരുന്നു. 1997 ല്‍ 50 ലക്ഷം രൂപയുടെ ദളിത്‌ക്ഷേമനിധി ആരംഭിച്ച് അവരുടെ വിദ്യാഭ്യാസ, പാര്‍പ്പിട, ചികിത്സാവശ്യങ്ങള്‍ നിറവേറ്റുന്നതിനു തുടക്കമിട്ടു. നിയമനങ്ങളിലും പ്രവേശനത്തിനും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തി. പാസ്റ്ററല്‍ കൗണ്‍സില്‍പോലെയുള്ള സഭാസംവിധാനത്തില്‍ ദളിതരുടെ പ്രാതിനിധ്യം ഉറപ്പാക്കി. അവരുടെ ശബ്ദം ദുര്‍ബലമാകരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. മാധ്യമങ്ങളുടെ വളര്‍ച്ചയും സ്വാധീനവും മുന്‍കൂട്ടിക്കണ്ട ഒരു സന്ന്യാസിവര്യനായിരുന്നു പിതാവ്. അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ദിശാബോധം നല്‍കുന്നതിലും അപചയങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ആര്‍ക്കുംമുമ്പേ, പിതാവ് മാധ്യമവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞുതുടങ്ങി. മാധ്യമങ്ങള്‍ക്കുണ്ടാകേണ്ട പ്രതിബദ്ധതയും ജനാധിപത്യസംരക്ഷണത്തില്‍ അവ വഹിക്കേണ്ട പങ്കും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. മാധ്യമങ്ങളുടെ സ്വാധീനവും ശക്തിയും തിരിച്ചറിഞ്ഞ് മാധ്യമപഠനത്തിനുവേണ്ടി ഒരു കലാലയംതന്നെ അദ്ദേഹം സ്ഥാപിച്ചു - സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷന്‍.
അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സമൂഹം ശാപമായും അവജ്ഞയോടെയും കണ്ടിരുന്ന കാലയളവില്‍ അവര്‍ക്കുവേണ്ടി ഒരു സ്‌പെഷല്‍ സ്‌കൂള്‍ - ആശാഭവന്‍ ആരംഭിക്കുന്നതിന് അദ്ദേഹം മുമ്പോട്ടുവന്നു. അവരുടെ പരിശീലനം, താമസം, തൊഴില്‍ ഇവയെ സമന്വയിപ്പിച്ച് ആശാഭവന്‍ സുവര്‍ണജൂബിലിനിറവില്‍ നില്‍ക്കുമ്പോള്‍ അത് പിതാവിനുള്ള വേറിട്ട സ്മാരകമാകും.
നിരീശ്വരവാദവും കമ്മ്യൂണിസവും ഒരിക്കലും പിതാവിനു ദഹിച്ചിരുന്നില്ല. പഠിച്ചത്  സാമ്പത്തികശാസ്ത്രമാണെങ്കിലും കമ്മ്യൂണിസത്തെ ഒരിക്കലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. കമ്മ്യൂണിസത്തിലൂടെ കേരളത്തിനുണ്ടായ നന്മയെക്കാള്‍, അന്താരാഷ്ട്രതലത്തില്‍ കമ്മ്യൂണിസം ചെയ്തുകൂട്ടിയ മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളും അപ്രായോഗികതയുമാണ് അദ്ദേഹം ശ്രദ്ധിച്ചത്. അവസരം ലഭിച്ചപ്പോഴൊക്കെ പിതാവ് കമ്മ്യൂണിസത്തിനും നിരീശ്വരത്വത്തിനും എതിരായി ശബ്ദമുയര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ പ്രവചനാത്മകസ്വഭാവം പിന്നീട് ലോകം തിരിച്ചറിഞ്ഞു.
സ്വന്തം സമുദായത്തിനുവേണ്ടി നിലകൊള്ളുമ്പോഴും സമുദായസൗഹാര്‍ദം നിലനിറുത്തുന്നതില്‍ പിതാവ് ശ്രദ്ധാലുവായിരുന്നു. ഒരു ബഹുസ്വരസമൂഹത്തില്‍ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം നിലനില്‌ക്കേണ്ടത് നിലനില്പിന് ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. സി.ബി.സി.ഐ. പ്രസിഡന്റായിരുന്ന കാലത്ത് റിലീജയസ് ഫെലോഷിപ് ഫൗണ്ടേഷന്‍ സ്ഥാപിച്ച്, അതിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് മൂന്നു ദിവസം നീണ്ടുനിന്ന സെമിനാര്‍ സംഘടിപ്പിച്ചത് ഈ രംഗത്തെ ശ്രദ്ധേയമായ ഒരു കാല്‍വയ്പായിരുന്നു. ഡോ. സിറിയക് തോമസ് സാറിനൊപ്പം അതിനുവേണ്ടി യത്‌നിച്ചത് എന്റെ മധുരമായ ഓര്‍മയാണ്. പ്രസ്തുത സമ്മേളനത്തില്‍ അന്നത്തെ കേരളമുഖ്യമന്ത്രി ഇ. കെ. നായനാര്‍ പങ്കെടുത്തു സംസാരിച്ചത് വലിയ വാര്‍ത്തയായിരൂന്നു.
അല്മായരുടെ ശക്തീകരണം പിതാവിന്റെ പ്രത്യേകശ്രദ്ധ പതിഞ്ഞ മേഖലയായിരുന്നു. സഭയുടെ വിവിധ സംഘടനകളിലൂടെയും എ.കെ.സി.സി. മുതലായ പ്രസ്ഥാനങ്ങളിലൂടെയും അനേകം അല്മായനേതാക്കളെ പിതാവ് വളര്‍ത്തിയെടുത്തു. അവരെ കേള്‍ക്കാനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം സദാ ജാഗരൂകനായിരുന്നു. അല്മായര്‍ക്ക് സഭാവിജ്ഞാനം നല്‍കാന്‍ 'മാര്‍ത്തോമ്മാവിദ്യാനികേതന്‍' സ്ഥാപിച്ചതും പവ്വത്തില്‍പിതാവായിരുന്നു. കേരളസഭയിലെ നൂതനസംരംഭമായിരുന്നു അത്. 
പിതാവിന്റെ പ്രവര്‍ത്തനമേഖലയുടെ വൈവിധ്യം ശ്രദ്ധാര്‍ഹമാണ്. കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിക്കാനും പ്രകൃതിക്കുവേണ്ടി വാദിക്കാനും ആദിവാസികള്‍ക്കുവേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും പിതാവ് സമയം കണ്ടെത്തിയിരുന്നു. ഒരു വേനല്‍ക്കാലത്ത്, പുരയിടത്തില്‍ മഴക്കുഴി കുഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പിതാവെഴുതിയ സര്‍ക്കുലര്‍ ഇടവകപ്പള്ളിയില്‍ വായിച്ചപ്പോള്‍, അടുത്തിരുന്ന വിശ്വാസി, 'ഇങ്ങേര്‍ക്ക് അറിയാന്‍ പാടില്ലാത്തതായി ഒന്നുമില്ലല്ലോ' എന്നു ചോദിച്ചത് ലേഖകന്റെ മനസ്സിലുണ്ട്.
പവ്വത്തില്‍പിതാവ് ചിന്തകളുടെ തമ്പുരാനായിരുന്നു. അതുകൊണ്ടുതന്നെ ഗൗരവമാണ് മുഖത്തെ സ്ഥായീഭാവം. എന്നാല്‍, അദ്ദേഹം നര്‍മം ഇഷ്ടപ്പെട്ടിരുന്നു, പറഞ്ഞിരുന്നു. കാലിലെ എല്ലുപൊട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിതാവിനെ കാണാന്‍ ചെന്നപ്പോള്‍, സ്‌പെഷ്യാലിറ്റി സംവിധാനത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് എന്റെ ഓര്‍മയിലുണ്ട്. പ്രഭാതസന്ദര്‍ശനത്തിനെത്തിയ 'ഓര്‍ത്തോ' ഡോക്ടറോട് ചെറിയ പനി അനുഭവപ്പെടുന്നുണ്ടെന്ന് അറിയിച്ചപ്പോള്‍ അക്കാര്യം ഫിസിഷ്യനോടു പറയാന്‍ നിര്‍ദേശിച്ച് നടന്നുനീങ്ങിയെന്നു പറഞ്ഞപ്പോള്‍ പിതാവിന്റെ മുഖത്തു ചിരിപടര്‍ന്നത് ഒരപൂര്‍വദൃശ്യമായി എനിക്കു തോന്നി.സന്ന്യാസിയല്ലെങ്കിലും സന്ന്യാസിയെപ്പോലെ ജീവിച്ച വ്യക്തിയായിരുന്നു പവ്വത്തില്‍ പിതാവ്. വാക്കുകളിലെ മിതത്വം അദ്ദേഹം ജീവിതത്തിലും പകര്‍ത്തി. ലാളിത്യം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ആര്‍ഭാടം പിതാവിന് അന്യമായിരുന്നു.
സന്ന്യാസിയും ലോകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഓര്‍മയിലുള്ള ഒരു ചിന്ത കുറിച്ച് ഈ ലേഖനം അവസാനിപ്പിക്കാം. പ്രസ്തുത ബന്ധം, വള്ളവും വെള്ളവും തമ്മിലുള്ള ബന്ധത്തിനു തുല്യമാണ്. വള്ളത്തിന് വെള്ളത്തിലേ നിലനില്പുള്ളൂ. പക്ഷേ, വെള്ളം അകത്തുകയറാതിരിക്കണം. കയറിയാലോ? വള്ളം മുങ്ങും. അതുപോലെ സന്ന്യാസി ലോകത്തിലാണു ജീവിക്കേണ്ടത്. എന്നാല്‍, ലോകം - ലൗകികത - അകത്തുകയറാതെ നോക്കണം. കയറിയാലോ? സന്ന്യാസി സംസാരിയാകും. ലോകത്തില്‍ ജീവിക്കുമ്പോഴും ലോകത്തെ ഉള്ളില്‍ കയറ്റാതെ അകറ്റിനിര്‍ത്തിയ സന്ന്യാസിവര്യനായിരുന്നു പവ്വത്തില്‍പിതാവ്. നിര്‍മമത അദ്ദേഹത്തിന്റെ സന്തതഭാവമായിരുന്നു. ധന്യപിതാവിന്റെ സ്മരണയ്ക്കുമുമ്പില്‍ മിഴിനീരിന്റെ നനവുള്ള ഓര്‍മപ്പൂക്കള്‍!

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)