റെസോന മാലിക്ക് ഹീന എന്ന ബംഗാളി പെണ്‍കുട്ടിക്കു മാര്‍ച്ച് 20 ന് 16 വയസ്സു തികയും. ഇരട്ടിമധുരത്തോടെയായിരിക്കും റെസോന ഇക്കുറി ജന്മദിനമാഘോഷിക്കുക. തിരുവനന്തപുരത്തു നടന്ന 400 മീറ്റര്‍ ദേശീയ ഓപ്പണ്‍ മീറ്റില്‍ 16 ല്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ റെസോന (53.22 സെ) തൊട്ടുപിന്നാലെ ഉഡുപ്പിയില്‍ ദേശീയ യൂത്ത് അത്‌ലറ്റിക്‌സില്‍ 18 ല്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിലും സ്വര്‍ണം നേടി. (53.44 സെ.) ബംഗാളിലെ നാദിയ ജില്ലയിലെ ഷോയിന്ദഡ് ഗ്രാമത്തില്‍നിന്നുള്ള ഈ പെണ്‍കുട്ടിയുടെ നേട്ടം ചെറുതല്ല. തുടരെ രണ്ടു ദേശീയമത്സരങ്ങളില്‍ 54 സെക്കന്‍ഡില്‍ താഴെ സമയത്തില്‍ ഒരു ലാപ് ഓടിയെത്തുക എന്നതു ശ്രദ്ധേയമാണ്. റെസോന ബംഗാളില്‍ കല്യാണ്‍ ചൗധരിയുടെ ശിക്ഷണത്തില്‍നിന്ന് ബംഗളൂരുവില്‍ അജയ് അര്‍ജുന്റെ ശിക്ഷണത്തിലേക്കു മാറിയിട്ട് അധികമായില്ല. 400 മീറ്റര്‍ വനിതാവിഭാഗത്തില്‍ ഇന്ത്യ പ്രതീക്ഷയോടെ കാണുന്ന മറ്റൊരു താരമായ പ്രിയാ മോഹന്‍ പോയ വര്‍ഷം 52.37 സെക്കന്റില്‍ ഒരു ലാപ് ഓടിയിരുന്നു. പ്രിയയ്ക്കു പ്രായം 19.
അതേ, മൂന്നു പതിറ്റാണ്ടിലേറെ മലയാളിവനിതകള്‍ കുത്തകയാക്കിയിരുന്ന 400 മീറ്റര്‍ ഓട്ടത്തില്‍ അവര്‍ പിന്നാക്കംപോകുന്നു. ഇതരസംസ്ഥാനക്കാര്‍ കുതിക്കുന്നു. ഉഡുപ്പിയില്‍ റെസോന തകര്‍ത്ത മീറ്റ് റെക്കാര്‍ഡ് പി.ടി. ഉഷയുടെ ശിഷ്യ ജിസ്‌ന മാത്യു 2017 ല്‍ സ്ഥാപിച്ചതായിരുന്നു (53.88). ജിസ്‌നയും വിസ്മയയും ആയിരുന്നു 400 മീറ്ററില്‍ കേരളത്തില്‍നിന്ന് ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ ടീമില്‍ സാന്നിധ്യമറിയിച്ചത്.
തിരുവനന്തപുരം കാര്യവട്ടത്തു നടന്ന 400 മീറ്റര്‍ മത്സരങ്ങളുടെ ചിത്രം നോക്കാം. അണ്ടര്‍ 18 വിഭാഗത്തില്‍ സ്വര്‍ണം മഹാരാഷ്ട്രയുടെ ഖുഷി സാധന ഉമേഷിന്. അണ്ടര്‍ 20 വിഭാഗത്തില്‍ ജയിച്ചത് കര്‍ണാടകയുടെ പ്രിയമോഹന്‍. സീനിയര്‍ വനിതകളില്‍ സ്വര്‍ണം ആന്ധ്രയുടെ ജ്യോതിക ശ്രീയ്ക്കും. പ്രമുഖ മലയാളിതാരങ്ങള്‍ മത്സരിച്ചില്ല എന്നു പറഞ്ഞ് ന്യായീകരിക്കാനാകില്ല. സീനിയര്‍ വനിതാവിഭാഗത്തില്‍ മാത്രമാണ് കേരളത്തിനു സാധ്യതയുണ്ടായിരുന്നത്.
ദേശീയ യൂത്ത് മീറ്റില്‍ വെള്ളി നേടിയത് മഹാരാഷ്ട്രയുടെ ഇഷാ രാജേഷ് ജാദവും വെങ്കലം കരസ്ഥമാക്കിയത് മഹാരാഷ്ട്രയുടെതന്നെ ഖുഷി സാധന ഉമേഷുമാണ്. ഇടക്കാലത്ത് ഉയര്‍ന്നുകേട്ട പേരുകളിലും അഞ്ജലി ദേവി, ഐശ്വര്യമിശ്ര-മലയാളി ബന്ധമില്ലായിരുന്നു. ടോക്യോ ഒളിപിക്‌സില്‍ മത്സരിച്ച ഇന്ത്യന്‍ അത്‌ലറ്റിക് ടീമില്‍ മലയാളി വനിതകള്‍ ആരുമില്ലായിരുന്നു. അന്നുമുതല്‍ ഉയരുന്ന ചോദ്യമാണ് - മലയാളി വനിതാ അത്‌ലറ്റുകള്‍ക്ക് എന്തുപറ്റി?
ഒന്നു തിരിഞ്ഞുനോക്കിയാലോ? 1982 ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലം നേടിയ പത്മിനിതോമസ് (സെല്‍വന്‍) 4ഃ400 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ഒരു ട്രയല്‍ നാടകത്തിലൂടെ തഴയപ്പെട്ടില്ലായിരുന്നുവെങ്കില്‍ ശ്രീകുമാരിയമ്മയും ആ റിലേ ടീമില്‍ ഓടിയേനെ. 1984 ല്‍ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ഫൈനലില്‍ കടന്ന റിലേ ടീമില്‍ ഉഷയും ഷൈനിയും വത്സമ്മയും ഉണ്ടായിരുന്നു. 1986 ല്‍ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ ഉഷയ്ക്കു സ്വര്‍ണം. ഷൈനിക്കു വെള്ളി. റിലേ ടീമില്‍ ഇവര്‍ക്കൊപ്പം വത്സമ്മയും മത്സരിച്ചു. 1988 ല്‍ സോള്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ ഒരു ലാപ് ഓട്ടക്കാരായി ഉഷയും ഷൈനിയും വത്സമ്മയും മേഴ്‌സിക്കുട്ടനും ഉണ്ടായിരുന്നു.
1996 ല്‍ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ റിലേ ടീമില്‍ ഉഷ തഴയപ്പെട്ടപ്പോഴും മൂന്നു മലയാളികള്‍ ടീമിലെത്തി. ഷൈനിയും റോസക്കുട്ടിയും ബീനാമോളും. സിഡ്‌നി ഒളിംപിക്‌സില്‍ ബീനാമോള്‍ സെമിയില്‍ കടന്നു. റിലേ ടീമില്‍ ബീനാമോളും ജിന്‍സി ഫിലിപ്പും സ്ഥാനം നേടി. അക്കാലത്തെ മികച്ച സമയം കുറിച്ചിട്ടും ഒളിംപിക് ട്രാക്കില്‍ ഓടാന്‍ മഞ്ജിമ കുര്യാക്കോസിനു ഭാഗ്യമില്ലാതെപോയി.
2004 ല്‍ ആഥന്‍സ് ഒളിംപിക്‌സില്‍ ബീനാമോളും ചിത്ര കെ. സോമനും 2008 ല്‍ ചിത്രയും 2012 ല്‍ ടിന്റു ലൂക്കയും 2016 ല്‍ ടിന്റുവും അനില്‍ഡ തോമസും ടീമിലുണ്ടായിരുന്നു. ഏഷ്യന്‍ ഗെയിംസിലാകട്ടെ 1990 ല്‍ റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമില്‍ ഉഷയും ശാന്തിമോള്‍ ഫിലിപ്പും അംഗങ്ങളായിരുന്നു. 1994 ല്‍ ഷൈനിയും ഉഷയും കെ. സാറാമ്മയും റിലേ ടീമിനെ വെള്ളി അണിയിച്ചു. സാറാമ്മയ്ക്ക് 400 മീറ്ററില്‍ വെങ്കലവും കിട്ടി. 98 ല്‍ ഉഷ തഴയപ്പെട്ടപ്പോള്‍ പകരമെത്തിയത് ജിന്‍സി ഫിലിപ്പ്. ഒപ്പം ബീനാമോളും റോസക്കുട്ടിയും ഓടി.
ബുസാന്‍ ഏഷ്യന്‍ ഗെയിംസ് റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ ബീനാമോളും ജിന്‍സിയും അംഗങ്ങളായിരുന്നു. 2006 ല്‍ ദോഹയില്‍ മലയാളി പ്രാതിനിധ്യം ചിത്ര കെ. സോമനില്‍ ഒതുങ്ങി. 2010 ല്‍ സിനി ജോസ് കേരളത്തിന്റെ പ്രതിനിധിയായി ഇന്ത്യയ്ക്കു സ്വര്‍ണം നേടി. 2014 ല്‍ ടിന്റു ലൂക്കയും 2018 ല്‍ വിസ്മയയും മലയാളി പ്രതിനിധികളായി സുവര്‍ണവിജയത്തില്‍ പങ്കാളികളായി. 2018 ല്‍ ജക്കാര്‍ത്തയില്‍ വിസ്മയ ടീമിലെത്തിയപ്പോള്‍ തഴയപ്പെട്ടത് ജിസ്‌ന മാത്യുവാണ് എന്നും ഓര്‍ക്കുക. ഇതിനു തൊട്ടുമുമ്പ് ഭുവനേശ്വറില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒരു മൈല്‍ റിലേയില്‍ വിജയിച്ചപ്പോള്‍ ജിസ്‌ന മാത്യു തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ജക്കാര്‍ത്തയില്‍ അവസാനടീമിലെത്താന്‍ കഴിയാതെ നിരാശപ്പെട്ട ജിസ്‌നയെ ഭുവനേശ്വറിലെ മികവ് ഓര്‍മിപ്പിച്ച് ആശ്വസിപ്പിച്ചത് ഓര്‍ത്തുപോകുന്നു.
റിസര്‍വ് ഉള്‍പ്പെടെ ആറുപേര്‍ വരുന്ന റിലേ ടീമില്‍ (കൊവിഡ് കാലത്ത് ഇത് അഞ്ചുപേരാക്കി ചുരുക്കി.) നാലുപേരും മലയാളികളായിരുന്ന കാലം മാറി. കഷ്ടിച്ച് ഒന്നേ രണ്ടോ പേരില്‍ മലയാളിപ്രാതിനിധ്യം ഒതുങ്ങി. ഇപ്പോള്‍ അതും സംശയത്തിലായി. പ്രധാന കാരണം വിസ്മയയും ജിന്‍സിയുമൊക്കെ ഇന്ത്യയുടെ മുന്‍നിര 400 മീറ്റര്‍ ഓട്ടക്കാര്‍ അല്ല എന്നതുതന്നെ. മുന്‍കാലചിത്രം ഇങ്ങനെയല്ല. പത്മിനിയും ഉഷയും ഷൈനിയും ബീനാമോളും സാറാമ്മയുമൊക്കെ 400 മീറ്റര്‍ വ്യക്തിഗത ഇനത്തിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചവരായിരുന്നു. അവരൊക്കെ വ്യക്തിഗതമെഡലും നേടിയിരുന്നു.
ചൈനയില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഏഷ്യന്‍ ഗെയിംസ് നടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷം നിശ്ചയിച്ചിരുന്ന ഗെയിംസ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഈ വര്‍ഷം ഏഷ്യാഡ് നടന്നാല്‍ 400 മീറ്ററില്‍ എത്ര മലയാളികള്‍ ഇന്ത്യന്‍ ടീമില്‍ കാണും? ഒരു നിശ്ചയവുമില്ല. റിയോ ഒളിംപിക്‌സില്‍ മത്സരിച്ച അനില്‍ഡ തോമസ് വീണ്ടും പരിശീലനം തുടങ്ങിയെന്നു കേട്ടപ്പോള്‍ സന്തോഷം തോന്നി. അനില്‍ഡയെ വിളിച്ച് ആശംസകള്‍ നേരുകയും ചെയ്തതാണ്. അനില്‍ഡ ഫോമിലെത്തിയാല്‍ നമുക്കു പ്രതീക്ഷയ്ക്കു വകയുണ്ട്.
ലോങ് ജംപില്‍ മലയാളി വനിതാതാരങ്ങള്‍ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട് എന്നതു മാത്രമാണ് ആശ്വാസം. ശക്തമായൊരു രണ്ടാംനിരയും ലോങ് ജംപിലുണ്ട്. ചില ലോങ് ജംപ് താരങ്ങള്‍ സ്പ്രിന്റിലും മികവു കാട്ടുന്നുണ്ട്. പക്ഷേ, 400 മീറ്ററില്‍ ഈ പ്രകടനം പോരാ. 800 മീറ്ററില്‍ തിളങ്ങുന്ന താരങ്ങളെ 4ഃ400 മീറ്റര്‍ റിലേയില്‍ പരീക്ഷിക്കുക പതിവാണ്. അതുപോലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കുന്നവര്‍ക്കും ഒരു മൈല്‍ റിലേയില്‍ അവസരമുണ്ട്. പക്ഷേ, 800 മീറ്ററിലും കേരളത്തിനു വലിയ പ്രതീക്ഷയില്ല.
ദേശീയതലത്തില്‍ വനിതകള്‍ക്കായി 800 മീറ്റര്‍ മത്സരം ആദ്യമായി ഏര്‍പ്പെടുത്തിയപ്പോള്‍ സ്വര്‍ണം നേടിയത് പാലാ സ്വദേശിനി സിസിലിയാമ്മ ജോസഫാണ്. തുടര്‍ന്ന് സിസിലിയാമ്മയുടെ അനുജത്തി ഫിലോമിന ജോസഫ് ദേശീയചാംപ്യനായി. ഇരുവരും കായികാധ്യാപകരായിരുന്നു. സിസിലിയാമ്മ അകാലത്തില്‍ വിടപറഞ്ഞു. പുതിയ 800 മീറ്റര്‍ ഓട്ടക്കാരെ കണ്ടെത്താന്‍ ഒരു കോച്ചിങ് സെന്റര്‍ തുടങ്ങുന്നതിനെക്കുറിച്ച് ഫിലോമിന ജോസഫ് അടുത്ത നാളില്‍ സംസാരിച്ചിരുന്നു. പക്ഷേ, സമര്‍പ്പണമുള്ള ഒരു പുതിയ താരനിരയെ കാണാന്‍ കഴിയുന്നില്ല. കണ്ടെത്തിയാലല്ലേ പരിശീലനത്തെക്കുറിച്ചു ചിന്തിക്കാന്‍ കഴിയൂ.
അത്‌ലറ്റിക്‌സില്‍ അക്ഷയഖനിയായിരുന്ന കേരളത്തിനെന്തുപറ്റി? പുരുഷന്മാര്‍ കുതിക്കുമ്പോള്‍ വനിതകള്‍ കിതയ്ക്കുന്നു.