•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

താപസകന്യക നിത്യതയില്‍

ഗുജറാത്തിലെ വനാന്തരങ്ങളില്‍ താപസജീവിതം നയിച്ച കത്തോലിക്കാസന്ന്യാസിനി പ്രസന്നാദേവി 88-ാം വയസ്സില്‍ വിടവാങ്ങി.

ദൈവസ്‌നേഹത്തിന്റെ ധീരോദാത്തമായ യോഗാത്മകജീവിതശൈലിയിലൂടെ പ്രപഞ്ചത്തോടും മനുഷ്യരോടും അനിതരസാധാരണമായ ചങ്ങാത്തം സ്ഥാപിച്ച കത്തോലിക്കാ ഋഷിവര്യയാണ് ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന സന്ന്യാസിനി സിസ്റ്റര്‍ പ്രസന്നാദേവി.
സിംഹവും പുലികളും മേയുന്ന ഗീര്‍വനത്തില്‍ മലയാളിയായ ഈ സന്ന്യാസിനി ഒറ്റയ്ക്കു ജീവിച്ചിരുന്നത് ഏവര്‍ക്കും ഒരു അദ്ഭുതംതന്നെയായിരുന്നു.
പ്രത്യേക അനുമതിയിലൂടെയാണ് പ്രസന്നാദേവിയുടെ സന്ന്യാസജീവിതത്തിന് മാര്‍പാപ്പാ അംഗീകാരം നല്‍കിയത്. ഒട്ടേറെ ഗുണപാഠങ്ങളുടെ ഒരു സര്‍വകലാശാലയായാണ് പ്രസന്നാദേവിയെ പലരും കണ്ടിരുന്നത്.
ആത്മീയനവീകരണത്തിനും ദൈവാനുഭവത്തിനും ദൈവഹിതം തിരിച്ചറിയുന്നതിനുമായി അനേകര്‍ പ്രസന്നാദേവിസിസ്റ്ററുടെ പക്കല്‍ എത്തുമായിരുന്നു.
തൊടുപുഴ എഴുമുട്ടം കുന്നപ്പള്ളില്‍ അന്നക്കുട്ടി ഇരുപത്തിരണ്ടാം വയസ്സില്‍ കന്യാസ്ത്രീയായി. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാര്‍ട്ട് എന്ന സന്ന്യാസിനീസമൂഹത്തിലെ ഗുജറാത്തിലെ മഠത്തിലായിരുന്നു സിസ്റ്ററിന്റെ സമര്‍പ്പിതജീവിതത്തിന്റെ തുടക്കം.
പിന്നീട് താപസജീവിതം തിരഞ്ഞെടുത്ത അന്നക്കുട്ടി പ്രസന്നാദേവി എന്ന പേരു സ്വീകരിച്ച് ഗീര്‍വനാന്തരങ്ങളില്‍ തപസ്സാരംഭിച്ചു. 1997 ലാണ് വത്തിക്കാന്‍ പ്രസന്നാദേവിയെ സന്ന്യാസിനിയായി അംഗീകരിച്ചത്.
ഗീര്‍വനത്തിലെ ഗിര്‍നാര്‍ പ്രദേശത്തെ ഗുഹയില്‍ താപസ ജീവിതം നയിച്ച പ്രസന്നാദേവിക്ക് കാട്ടിലെ ഫലമൂലാദികളായിരുന്നു ഭക്ഷണം. ഒറ്റയ്‌ക്കെങ്ങനെ കാട്ടില്‍ കഴിയുന്നു എന്ന ചോദ്യത്തിന് 'ഞാന്‍ ഒറ്റയ്ക്കല്ലല്ലോ, ദൈവമില്ലേ കൂടെ' എന്നായിരുന്നു മറുപടി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)