മാര്‍ച്ച് 8-ലോകവനിതാദിനം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു: നിങ്ങള്‍ ഒരു ജനതയുടെ ഉന്നമനം ലക്ഷ്യമിടുന്നെങ്കില്‍, ആദ്യം അവിടത്തെ സ്ത്രീകളുടെ ഉയര്‍ച്ച ലക്ഷ്യമിടുക. സ്ത്രീ നന്നായാല്‍ കുടുംബം നന്നായി. കുടുംബം നന്നായാല്‍ സമൂഹം നന്നായി, നാടു നന്നായി. രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ഇതാവണം നിങ്ങളുടെ ലക്ഷ്യം.
സ്ത്രീ ശക്തയാകുമ്പോള്‍ പുരുഷനും കുടുംബവും സമൂഹവും രാജ്യവും ശക്തീകരിക്കപ്പെടുകയാണ്. വിവേചനങ്ങളും അതിക്രമങ്ങളും ഇല്ലാത്തൊരു ലോകമാണ് ഇന്നിന്റെ ആവശ്യം. ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കുക അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യലക്ഷ്യങ്ങളാണ്.
പതിറ്റാണ്ടുകളായി വനിതാദിനങ്ങള്‍ ആചരിക്കുന്നുണ്ടെങ്കിലും ലോകത്തിന്റെ മിക്കഭാഗത്തും സ്ത്രീകളുടെ അവസ്ഥ ഇന്ന് എങ്ങനെയാണെന്നു ചിന്തിക്കേണ്ടതുണ്ട്.
ലോകജനസംഖ്യയുടെ പകുതിവരുന്ന സ്ത്രീകള്‍ ഇന്നും നേട്ടങ്ങളില്‍ പുരുഷനെക്കാള്‍ ഏറെ പിന്നിലാണെന്നതു വസ്തുതയാണ്. വീട്ടകങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ ഭരണചക്രം തിരിക്കുന്നതും വിമാനം പറത്തുന്നതും ലോകത്തിനുതന്നെ അഭിമാനിക്കാവുന്ന തരത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും ശരിതന്നെ. അമേരിക്കയുടെയും ഇന്ത്യയുടെയുമെല്ലാം ഭരണതലപ്പത്ത് ഇന്ന് സ്ത്രീകളുണ്ട്. സരോജിനി നായിഡു, ആനി ബസന്റ് തുടങ്ങിയ സ്വാതന്ത്ര്യസമരപോരാളികള്‍മുതല്‍ ജനാധിപത്യത്തിന്റെ കാവലാളുകളായി തിളങ്ങിയ ഇന്ദിരാ ഗാന്ധിയും പ്രതിഭ പാട്ടീലും ഏറ്റവുമൊടുവില്‍ ദ്രൗപതി മുര്‍മുവുംവരെയുള്ള വനിതാരത്‌നങ്ങള്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്നു. എന്നാല്‍, ഈ മുന്നേറ്റത്തിനിടയിലും രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതരാണെന്നു പറയാനാകുമോ?
മിക്കവാറും എല്ലാ മേഖലകളിലു കഴിവിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ഉയര്‍ന്നസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയെങ്കിലും സ്ത്രീകള്‍ക്ക് അവകാശപ്പെട്ട നീതിയും സുരക്ഷിതത്വവും ഈ ആധുനികലോകത്തും പൂര്‍ണമായി ലഭിക്കുന്നില്ല.
ഏത് ലിംഗവിഭാഗത്തില്‍പെടുന്നവര്‍ക്കും തുല്യമായി അവകാശപ്പെട്ട പ്രപഞ്ചത്തിലാണ് നാം വസിക്കുന്നതെന്ന ബോധ്യം ഓരോ വ്യക്തിക്കുമുണ്ടാകേണ്ടതുണ്ട്. ലിംഗഭേദമില്ലാതെ പരസ്പരം ബഹുമാനിക്കുന്ന സംസ്‌കാരം കുടുംബങ്ങളില്‍നിന്നുതന്നെ ആരംഭിക്കണം. കുടുംബാന്തരീക്ഷം ലിംഗനീതിയില്‍ അധിഷ്ഠിതമാകണം.ജോലികള്‍ ലിംഗവ്യത്യാസമില്ലാതെ ചെയ്യാനുള്ള മനോഭാവം കുടുംബങ്ങളില്‍ രൂപീകരിക്കപ്പെടണം. എങ്കിലേ സ്ത്രീകള്‍ക്കും ഈ സമൂഹത്തില്‍ അഭിമാനത്തോടെ സന്തോഷമായി ജീവിക്കാനാകൂ.
നമ്മുടെ കൊച്ചുകേരളത്തില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരാണോ? എത്രയോ പെണ്‍കുട്ടികളാണ് ഭര്‍ത്താക്കന്മാരാലും കാമുകന്മാരാലുമൊക്കെ കൊല്ലപ്പെടുന്നത്, പിച്ചിച്ചീന്തപ്പെടുന്നത്! ഈ സാഹചര്യങ്ങള്‍ക്കൊക്കെ മാറ്റം വന്നാലേ വനിതാദിനാചരണംകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായി എന്നു പറയാനാകൂ.
ശമ്പളവും തൊഴില്‍സാഹചര്യങ്ങളും മോശമായിരുന്ന കാലത്ത് ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന്റെ, മുന്നേറ്റത്തിന്റെ ദിനമായാണ് വനിതാദിനം എഴുതപ്പെടുന്നത്.
1908 ല്‍ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീത്തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗരഹൃദയത്തിലൂടെ ഒരു പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ജോലിസമയത്തില്‍ കുറവുവരുത്തുക, ശമ്പളത്തില്‍ വര്‍ധന വരുത്തുക, വോട്ടവകാശം നല്‍കുക എന്നിവ ആവശ്യപ്പെട്ട ഈ സമരക്കാരുടെ പ്രക്ഷോഭമായിരുന്നു ലോകവനിതാദിനം എന്ന ചിന്തയ്ക്കു തുടക്കമിട്ടത്. ഒരു വര്‍ഷത്തിനുശേഷം 1909 ഫെബ്രുവരി 28 ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയുടെ പ്രവര്‍ത്തികയായ തെരേസ മാല്‍ക്കീലിന്റെ നിര്‍ദേശപ്രകാരം, 'ദേശീയ വനിതാദിനം' എന്നു വിളിക്കപ്പെടുന്ന വനിതാദിനാചരണം നടന്നു. ക്ലാരാ സെറ്റ്കിന്‍ എന്ന ജര്‍മന്‍ മാര്‍ക്സിസ്റ്റ് തത്ത്വചിന്തികയാണ് ഈ ദിനത്തെ ഒരു അന്തര്‍ദേശീയദിനമാക്കി മാറ്റുകയെന്ന ആശയം മുന്നോട്ടുവച്ചത്. 1910 ല്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സ്ത്രീത്തൊഴിലാളി കോണ്‍ഗ്രസിലാണ് ക്ലാര ഇങ്ങനെയൊരു കാര്യം നിര്‍ദേശിക്കുന്നത്. 1911 മാര്‍ച്ച് 19 ന് ഓസ്ട്രിയ, ഡെന്മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഒരു ദശലക്ഷത്തിലധികം വനിതകള്‍ ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്‌നി ലോകമാകെ പടര്‍ന്നുപിടിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. അമേരിക്കയില്‍ 1909 മുതല്‍ വനിതാദിനം ആചരിക്കുന്നുവെങ്കിലും 1975 ലാണ്, ഐക്യരാഷ്ട്രസഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. അന്നത്തെ ആ സമരകാഹളം സ്ത്രീമുന്നേറ്റത്തിന്റെ ശബ്ദമായി മാറി.
എല്ലാ വര്‍ഷവും മാര്‍ച്ച് 8 നു മാത്രം നടക്കേണ്ടതല്ല സ്ത്രീശക്തീകരണം. വരുംതലമുറയിലെ പെണ്‍കുട്ടികള്‍ക്കെങ്കിലും ധീരരായി വളരാനുള്ള സാഹചര്യം ഒരുക്കുന്നതാവണം അത്. എല്ലാ മേഖലകളിലും സ്ത്രീക്ക് തുല്യപ്രാധാന്യം ലഭിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നാം ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്ന ദിനമാണിത്. അതിനുള്ള ശ്രമങ്ങള്‍ കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നുമാണ് ഉണ്ടാകേണ്ടത്. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളിലും ലിംഗനീതിക്കനുസൃതമായ മാറ്റങ്ങള്‍ പകര്‍ന്നുനല്‍കണം. വീട്ടില്‍നിന്നു കിട്ടുന്ന പാഠങ്ങളും മാതൃകകളുമാണ് ആണ്‍മക്കളെ ഭാവിയില്‍ സ്ത്രീസംരക്ഷകരോ പീഡകരോ ആയി വാര്‍ത്തെടുക്കുന്നത്. ഒരു സമൂഹജീവി എന്ന നിലയില്‍ സ്ത്രീക്ക് അവകാശപ്പെട്ടത് നേടിക്കൊടുക്കാന്‍, ഒപ്പം നില്ക്കാന്‍ പുരുഷനാവണം.
സാമൂഹികനീതിയോടൊപ്പംതന്നെ ലിംഗനീതിയും സാധിതമായാല്‍മാത്രമേ സുസ്ഥിരമായ നല്ല നാളെകള്‍ എന്ന ലക്ഷ്യപ്രാപ്തി കൈവരിക്കാനാകൂ.
ലിംഗസമത്വത്തിനായുള്ള നീക്കങ്ങള്‍ ശക്തിപ്രാപിക്കുന്നത് സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസനേട്ടങ്ങള്‍, ആരോഗ്യം, രാഷ്ട്രീയമായ ശക്തീകരണം, സാമ്പത്തികപങ്കാളിത്തം എന്നിങ്ങനെ നാലു സൂചകങ്ങള്‍ ഉപയോഗിച്ചാണ് ലോകത്ത് സ്ത്രീകളുടെ സ്ഥാനം കണക്കാക്കുന്നത്. വിദ്യാഭ്യാസനേട്ടങ്ങളിലും ആരോഗ്യത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനോടൊപ്പമാണ്. എന്നാല്‍, ഭരണരംഗത്തും സാമ്പത്തിക പങ്കാളിത്തത്തിലും സ്ത്രീയുടെ സ്ഥാനം ദയനീയമാണ്.
രാജ്യത്ത് 60 ശതമാനം ജോലി സ്ത്രീകള്‍ ചെയ്യുന്നുണ്ടെങ്കിലും 10 ശതമാനം വരുമാനമേ അവര്‍ക്കു ലഭിക്കുന്നുള്ളൂ. വേതനമില്ലാത്ത വീട്ടുജോലി ചെയ്യുന്നവരാണധികവും. വേതനം കുറഞ്ഞ ചെറിയ ജോലികള്‍ക്കുപകരം കൂടുതല്‍ ശമ്പളം ലഭിക്കുന്ന സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ് മേഖലകളിലേക്ക് സ്ത്രീകള്‍ കടന്നുവരേണ്ടതുണ്ട്. എങ്കിലേ സാമ്പത്തികസമത്വത്തിലേക്ക് അവള്‍ എത്തിച്ചേരുകയുള്ളൂ. കൂടുതല്‍ സാമൂഹിക-രാഷ്ട്രീയ ശക്തീകരണവും ഉണ്ടാകേണ്ടിയിരിക്കുന്നു. സ്ത്രീ ശക്തീകരിക്കപ്പെടുമ്പോള്‍ പുരുഷനും കുടുംബവും സമൂഹവും രാജ്യവും ശക്തീകരിക്കപ്പെടുകയാണ്.
വരുംകാലങ്ങളിലെ വനിതാമുന്നേറ്റത്തിന് കാഹളം ഇന്നേ മുഴങ്ങേണ്ടിയിരിക്കുന്നു. ഒരു സ്ത്രീയുടെയും പെണ്‍കുഞ്ഞിന്റെയും കണ്ണീര്‍ വീഴാത്ത നാളുകള്‍ കടന്നുവരട്ടെ. ആക്രമിക്കപ്പെടുമെന്ന ഭീതിയില്ലാതെ അവര്‍ക്കിവിടെ ജീവിക്കാനാകണം. അവരുടെ ചിരിക്കുന്ന മുഖങ്ങള്‍ നാടിനും ലോകത്തിനും അഭിമാനമായി നിറയുന്ന നാളുകള്‍ക്കായി കാത്തിരിക്കുക?