കാറ്റത്തു ഞാങ്ങണപോലാടുന്ന വിശ്വാസം ഞാന്‍
ഏറ്റവുമിറക്കവും തിളയ്ക്കും നൂല്‍പ്പാലത്തില്‍
വേപഥുപൂണ്ടുനില്‌ക്കെ നിന്നിളം നിശ്വാസവും
വേര്‍ക്കുമെന്നാത്മാവിനെ തഴുകിക്കടന്നുപോയ്!
ലോകവുമൈശ്വര്യവും കണ്‍കളിലാ നേരത്ത്
ആയിരം കാന്താരിപോല്‍ പൂത്തുലഞ്ഞാടിയല്ലോ
നീറുന്ന മനസ്സോടെ കാരുണ്യവചസ്സായ് നീ
സാന്ത്വനം പൊഴിഞ്ഞതും കേള്‍ക്കുവാനായീലല്ലോ.
കുതിച്ചും കൂലംകുത്തി മറിഞ്ഞുമോളം തല്ലി-
പ്പതയ്ക്കും നദിപോലെ ഒഴുകിയൊഴിഞ്ഞു ഞാന്‍.
വര്‍ഷകാലമാം മോഹജീവിതമുഴക്കങ്ങള്‍ ഹര്‍ഷങ്ങളൊക്കെ വേനല്‍ച്ചൂടേറ്റു വരണ്ടുപോയ്.
പൊട്ടിയ കണ്ണാടിപോലിത്തിരി വട്ടങ്ങളില്‍
വെട്ടമില്ലാതെ മങ്ങി ചത്തുപോയാത്മാവില്‍ ഞാന്‍!
പിന്‍വിളി വിളിച്ചെന്റെ മനസ്സില്‍ സ്‌നേഹത്തിന്റെ
പൊന്‍നിലാവൊളികൊണ്ടു നീ വിളിക്കുന്ന നേരം
തുളുമ്പും നിന്‍മാനസം മൊഴിയും തേനലതന്‍
വിളുമ്പില്‍ തൊടാന്‍പോലും വന്നതില്ലെന്നഹന്ത!
ഇഷ്ടികപോലെ വരണ്ടുണങ്ങിപ്പോയൊരന്റെ
കഷ്ടതമാറ്റും ദാഹനീരായി നീയെന്‍ താതാ.
കൈവിട്ട നാണ്യംപോലെ ഞാനിന്നു നിറം മങ്ങി-
യെങ്കിലും നെഞ്ചില്‍ച്ചേര്‍ത്തു വച്ചീലേ കാരുണ്യമേ!
നൂറില്‍നിന്നൊറ്റപ്പെട്ടോരജമെങ്കിലും എന്നെ
മാറിലേറ്റുവാനോടിയെത്തീലേ വാത്സല്യമേ,
കീറിയ ചേലത്തുമ്പില്‍ നിന്‍വിരല്‍ തൊടുംനേരം നേരിനൂഷ്മളസ്‌നേഹമായി നീ തലോടവേ
ക്ഷണമെന്‍ ശരീരവും മനസ്സും കുളിര്‍ന്നുപോയ്,
വീണതന്‍ കമ്പിപോലെ പിടഞ്ഞു പാടിപ്പോയി.
വരവേറ്റെന്നെ ക്ഷമിച്ചാത്മസൂനുവായ് വീണ്ടും വരദാനമായെനിക്കേകി നിന്‍ സൗഭാഗ്യങ്ങള്‍...!
എങ്ങനെ നിന്‍ കരങ്ങള്‍ കാരുണ്യമൊഴുക്കുന്ന
മംഗളസ്പര്‍ശമേറ്റു വാങ്ങിടും പാപിയാം ഞാന്‍....!
എങ്ങനെ നിന്മാറിലെ സ്പന്ദനച്ചൂടോടൊട്ടി
എന്നെ വിസ്മരിച്ചങ്ങേയാത്മാവിലലിഞ്ഞീടും?
ഇനി ഞാനിതാ നിന്റെ കനിവിന്‍ കൈത്താങ്ങിന്മേല്‍
തനിയേ വീണുറങ്ങും പൈതലായ് ചാഞ്ഞീടുന്നു.
കവിത
കനിവിന്‍ കൈത്താങ്ങ്
