ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവര്‍ക്കും മുസ്ലിംകള്‍ക്കുംകൂടി പട്ടികജാതിപദവി നല്‍കുന്നതു പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ക്രൈസ്തവ, മുസ്ലിം ദളിതര്‍ക്കും പട്ടികജാതിപദവി അനുസരിച്ചുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നു കേന്ദ്ര സാമൂഹികനീതി ശക്തീകരണവകുപ്പു മന്ത്രി ഡോ. വീരേന്ദ്രകുമാര്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറില്‍ നിയമിച്ച കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സെക്രട്ടേറിയറ്റ് സഹായവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍, ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷന്റെ 2007 ലെ റിപ്പോര്‍ട്ട് അംഗീകരിക്കാതെ പുതിയ കമ്മീഷനായി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെ നിയമിച്ചതായി ലോക്‌സഭയിലെ സര്‍ക്കാരിന്റെ മറുപടിയിലില്ല. ദളിത് ക്രൈസ്തവര്‍ക്കും മുസ്ലിംകള്‍ക്കും പട്ടികജാതി പദവി നല്‍കി വിദ്യാഭ്യാസ, തൊഴില്‍സംവരണ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനെ സുപ്രീംകോടതിയില്‍ കഴിഞ്ഞമാസവും കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ചില ആന്തരികവും സൂക്ഷ്മവുമായ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ രംഗനാഥമിശ്ര കമ്മീഷന്‍ പരാജയപ്പെട്ടുവെന്നാണ് കേന്ദ്രം കോടതിയില്‍ പറഞ്ഞത്.