പാലാ: ആതുരശുശ്രൂഷാരംഗത്ത് മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ക്രൈസ്തവസ്ഥാപനങ്ങള്‍ വളരുന്നത് പൊതുസമൂഹത്തിനു സാഹോദര്യത്തിലൂന്നിയ ശുശ്രൂഷ ചെയ്താണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സുവര്‍ണജൂബിലിയാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി.
ക്രിസ്തു നല്‍കിയ സ്‌നേഹസന്ദേശമാണ് സഭയുടെ പ്രവര്‍ത്തനങ്ങളിലും ശുശ്രൂഷകളിലുമുള്ളതെന്നും ക്രൈസ്തവര്‍ ആര്‍ക്കും ഭീഷണിയല്ലെന്നും കര്‍ദിനാള്‍ തുടര്‍ന്നുപറഞ്ഞു.
പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സ്ഥാനം പൊതുജനങ്ങളുടെ ഹൃദയത്തിലാണെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. നാച്യുറോപ്പതി പ്രോജക്ട് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യാതിഥിയായി രുന്നു. ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, കൗണ്‍സിലര്‍ ജിമ്മി ജോസഫ് താഴത്തേല്‍, എഫ്.സി.സി. അസിസ്റ്റന്റ് മദര്‍ ജനറാള്‍ സിസ്റ്റര്‍ ഡോ. റോസ് അനിത, റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, ഡോ. മാത്യു തോമസ്, ഡോ. സണ്ണി വി. സക്കറിയ, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ ഗ്രേയ്‌സ് മുണ്ടപ്ലാക്കല്‍, അഡ്മിനിട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ളി ജോസ് എന്നിവര്‍ പ്രസംഗിച്ചു. മരിയന്‍ സെന്ററിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കിയ എം. യേശുദാസ്, ഡോ. റെയ്‌നോള്‍ഡ്, സിസ്റ്റര്‍ ആനി ട്രീസ, സിസ്റ്റര്‍ പൗളിനോസ് മരിയ, സിസ്റ്റര്‍ ലിസാ മാര്‍ട്ടിന്‍, സിസ്റ്റര്‍ ആന്‍ ഫെലിക്‌സ്, ഡോ. സിസ്റ്റര്‍ ആന്‍മരിയ, സിസ്റ്റര്‍ ബെന്‍സി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.