പാലാ: മഹാകവികളായ കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, സിസ്റ്റര്‍ മേരി ബനീഞ്ഞ, പ്രവിത്താനം പി.എം. ദേവസ്യാ എന്നിവരുടെ സ്മരണ നിലനിറുത്തുന്നതിനും അവരെക്കുറിച്ചു പുതുതലമുറയില്‍ അവബോധം ജനിപ്പിക്കുന്നതിനുമായി ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാവ്യോത്സവം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി മാറി. ഫെബ്രുവരി 11 ന് പാലാ ദീപനാളം ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മത്സരാര്‍ഥികളുടെയും കാവ്യാസ്വാദകരുടെയും മഹാകവികളുടെ കുടുംബാംഗങ്ങളുടെയും മഹനീയസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി.
അനുസ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ട മഹാവ്യക്തിത്വങ്ങളാണ് മഹാകവികളായ കട്ടക്കയവും പ്രവിത്താനവും ബനീഞ്ഞാമ്മയുമെന്ന് കാവ്യോത്സവം ഉദ്ഘാടനം ചെയ്ത ചിക്കാഗോ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയാത്ത് പറഞ്ഞു.
പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി മഹാകവികളുടെ സാഹിത്യസംഭാവനകളെ സമഗ്രമായി വിലയിരുത്തി സംസാരിച്ചു.
സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പലും ഭാഷാ ധ്യാപകനുമായ ഡോ. ഡേവിസ് സേവ്യര്‍, ദീപനാളം ചീഫ് എഡിറ്റര്‍ ഫാ. കുര്യന്‍ തടത്തില്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു.
മൂന്നു മഹാകവികളുടെയും കൃതികളില്‍നിന്നു തിരഞ്ഞെടുത്ത കാവ്യഭാഗങ്ങളാണ് മത്സരാര്‍ഥികള്‍ അവതരിപ്പിച്ചത്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന മത്സരത്തിന് വൈകുന്നേരത്തോടെ തിരശ്ശീല വീണു.
ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം ജോ ബാസ്റ്റിന്‍, നവീന്‍ റ്റി. ഇടശേരി, ശ്രേയ സുരേഷ് എന്നിവര്‍ കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ പാലാ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയംഗങ്ങളും പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥികളുമാണ്. കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മൂന്നാംസ്ഥാനം നേടിയ ശ്രേയ സുരേഷ്.
സമ്മേളനത്തില്‍വച്ച് ദീപനാളം അഖിലകേരളാടിസ്ഥാനത്തില്‍ നടത്തിയ ചെറുകഥ, കവിത, ഉപന്യാസം, ചിത്രരചന എന്നീ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും മാര്‍ ജേക്കബ് അങ്ങാടിയത്ത് വിതരണം ചെയ്തു.