രണ്ടു ദിവസം സ്ഥലത്തുണ്ടായിരുന്നില്ല ആ വീട്ടുകാര്‍. കുടുംബസമേതം ഒരു വിനോദയാത്രയ്ക്കു പോയിരിക്കുകയായിരുന്നു. തങ്കച്ചനും ഭാര്യയും അവരുടെ വിവാഹത്തിന്റെ പത്താംവാര്‍ഷികം ആഘോഷിച്ചത് അങ്ങനെയാണ്. ഓമനകളായ രണ്ടു മക്കളോടൊത്ത് ആ ദമ്പതികള്‍ ചെലവഴിച്ച രണ്ടു ദിവസം ആഹ്ലാദഭരിതവും സന്തോഷസമൃദ്ധവുമായിരുന്നു.
ഉത്തമമാതൃകയായി മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുക തങ്കച്ചന്റെ കുടുംബത്തെയാണ്. ശാന്തിയും സമാധാനവും കൂടുകെട്ടി വസിക്കുന്ന കുടുംബം. സ്‌നേഹവും വിശ്വാസവും പൂത്തുവിരിയുന്ന അന്തരീക്ഷം. ഭക്തിയും പ്രാര്‍ഥനയും അവിടെ സുഗന്ധം പരത്തുന്നു.
ദശവാര്‍ഷികാഘോഷം അവിസ്മരണീയമാക്കി തങ്കച്ചനും കുടുംബവും തിരിച്ചുവന്നു. വീടിന്റെ മുറ്റത്തെത്തിയപ്പോള്‍ തങ്കച്ചന്‍ നടുങ്ങിപ്പോയി.
വാതിലുകളും ജനാലകളും ഭദ്രമായി അടച്ചുപൂട്ടി പോയതാണ്. ജനാല ആരോ തുറന്നിരിക്കുന്നു. ബലം പ്രയോഗിച്ചു കുത്തിത്തുറന്നിരിക്കുകയാണ്. കമ്പികള്‍ നന്നായി വളച്ച് ഒരാള്‍ക്കു കടക്കാനുള്ള പഴുതുണ്ടാക്കിയിട്ടുണ്ട്. ഭാര്യയും മക്കളും സ്തംഭിച്ചുനിന്നു. അവര്‍ കരയാന്‍ തുടങ്ങി.
തങ്കച്ചന്‍ ഉടനെ വീടുതുറന്ന് പരിഭ്രാന്തിയോടെ പരിശോധന ആരംഭിച്ചു. ഭാര്യയും മക്കളും തീപിടിച്ച മനസ്സോടെ ഓരോ മുറിയിലേക്കോടി. തങ്കച്ചന്‍ പോയത് പണവും വിലപ്പെട്ട രേഖകളും സൂക്ഷിച്ചിരിക്കുന്ന മുറിയിലേക്ക്. ഭാര്യ ആഭരണങ്ങളുള്ള അലമാരിയുടെ അടുത്തേക്ക്. മക്കള്‍ അവരുടെ ഇഷ്ടവസ്തുക്കളും സമ്മാനങ്ങളും വച്ചിരിക്കുന്ന സ്ഥലത്തേക്ക്.
നോക്കിയപ്പോള്‍ സേഫ് തുറന്നിട്ടില്ല. കള്ളനു തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഓ! ദൈവം രക്ഷിച്ചു. തങ്കച്ചന് ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. ഉടനെ തങ്കച്ചന്‍ മറ്റൊരു മുറിയിലേക്കു കടന്നു. അപ്പോള്‍ അതാ മേശപ്പുറത്ത് ഒരു എഴുത്തിരിക്കുന്നു. തങ്കച്ചന്റെ നെഞ്ചിടിപ്പു വര്‍ദ്ധിച്ചു. പിടയ്ക്കുന്ന ഹൃദയത്തോടും വിറയ്ക്കുന്ന കൈകളോടുംകൂടി അതെടുത്തുനോക്കി. അതിലിങ്ങനെ കുറിച്ചിരിക്കുന്നു:
''പ്രിയ സാര്‍,
നിങ്ങളുടെ വീടിനുള്ളില്‍ കയറാന്‍ ഞാന്‍ ഒരുപാടു ശ്രമം നടത്തി. എല്ലാം പരാജയപ്പെട്ടു. ഒടുവില്‍ വളരെ ക്ലേശിച്ചാണ് ജനാല തുറക്കാന്‍ കഴിഞ്ഞത്. അതു കേടുവരുത്തിയിട്ടാണെങ്കിലും എനിക്കു കടക്കാനുള്ള പഴുതുണ്ടാക്കി. ജീവിക്കാന്‍വേണ്ടി തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നവനാണു ഞാന്‍. എനിക്കു പണമാണാവശ്യം. സേഫ് കിടക്കുന്ന മുറിയെന്നു കരുതി ഞാന്‍ പ്രവേശിച്ചത് നിങ്ങളുടെ പ്രാര്‍ഥനാമുറിയിലേക്കാണ്.
''പെട്ടെന്ന് എന്റെ കണ്ണുകള്‍ ആ ചുമരിലെ ഒരു ചിത്രത്തില്‍ പതിഞ്ഞു. ഉണ്ണിയെയും പിടിച്ചുനില്‍ക്കുന്ന അമ്മയുടെ മനോഹരചിത്രം. സുന്ദരിയായ അമ്മ. സ്‌നേഹം വഴിഞ്ഞൊഴുകുന്ന പുഞ്ചിരിക്കുന്ന മുഖം. ഓമനത്തമുള്ള ഉണ്ണി.
''ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഇതേമാതിരി ഒരു ചിത്രമാണ് എന്റെ അമ്മയുടെ മുറിയിലുണ്ടായിരുന്നത്. അമ്മ അതു നോക്കി പ്രാര്‍ഥിക്കുമായിരുന്നു. അമ്മ എന്നും എന്നോടു പറയാറുണ്ടായിരുന്നു. ''നന്മ ചെയ്യണം. നല്ല മാര്‍ഗത്തില്‍ ജീവിക്കണം...''
''എനിക്കു മൂന്നു വയസ്സുള്ളപ്പോള്‍ എന്റെ പിതാവ് മരിച്ചു. പിന്നെ അമ്മ ജീവിച്ചതും കഷ്ടപ്പെട്ടതും എനിക്കുവേണ്ടിയാണ്. ആറാംക്ലാസില്‍ പഠിക്കുന്ന ഞാന്‍ ഒരു ദിവസം സ്‌കൂള്‍ വിട്ടുവരുമ്പോള്‍, എന്റെ വീടിന് തീ പിടിച്ചിരിക്കുന്നുവെന്ന് ആരോ പറഞ്ഞു. കേട്ടപാടെ വ്യസനംപൂണ്ട് ഓടിപ്പാഞ്ഞെത്തിയപ്പോള്‍ എല്ലാ കത്തിച്ചാമ്പലായിരിക്കുന്നു. എന്റെ പ്രിയപ്പെട്ട അമ്മയും അമ്മയുടെ പ്രിയപ്പെട്ട ആ ചിത്രവും എല്ലാം പോയി. വാവിട്ടു കരയാനേ എനിക്കു കഴിഞ്ഞുള്ളൂ.
''ഞാന്‍ അനാഥനായി. ആരും സ്‌നേഹം തന്നില്ല. ആര്‍ക്കും എന്നെ വേണ്ട. തെറ്റിലൂടെ ഞാന്‍ വളര്‍ന്നു. കടത്തിണ്ണകളില്‍ കഴിഞ്ഞുകൂടി. മോഷണം തൊഴിലായി സ്വീകരിച്ചു. എങ്ങനെയൊക്കെയോ ഇതുവരെ ജീവിച്ചു.
''സാര്‍, എന്റെ അമ്മയുടെ കിടപ്പുമുറിയിലെ അതേ ചിത്രം - ഞാനതിനെ വീണ്ടും വീണ്ടും നോക്കി. ആ അമ്മയും എന്റെ അമ്മയും എന്നോട് എന്തൊക്കെയോ പറയുന്നതുപോലെ തോന്നി. കുറച്ചുനേരം ആ ചിത്രത്തില്‍ത്തന്നെ ഉറ്റു നോക്കിയിരുന്നു. അതില്‍നിന്ന് ഒരു പ്രകാശം വരുന്നതുപോലെ. അത് എന്റെ ആത്മാവിലേക്കു കടക്കുന്നുവോ? അതെന്നെ കീഴ്‌പ്പെടുത്തിയോ? ഞാന്‍... ഞാനല്ലാതായോ? അറിഞ്ഞുകൂടാ.
''ഞാനീ നിമിഷത്തില്‍, നിങ്ങളുടെ പ്രാര്‍ഥനാമുറയിലിരുന്നുകൊണ്ട് ഒരു തീരുമാനമെടുക്കുന്നു. ഇനിയുള്ള എന്റെ യാത്ര നേരായ മാര്‍ഗത്തിലൂടെയാണ്. മോഷ്ടിക്കാന്‍ കയറിയ ഞാന്‍ ഈ നിമിഷംമുതല്‍ മോഷ്ടാവല്ലാതായിത്തീരുകയാണ്. നിങ്ങള്‍ പരിഭ്രമിക്കേണ്ടാ. നിങ്ങളുടെ വീട്ടില്‍ നിന്നു യാതൊരു സാധനവും ഞാന്‍ മോഷ്ടിച്ചിട്ടില്ല.
''തെറ്റാണെങ്കിലും ഒരു സംഗതി ഞാന്‍ ചെയ്യുന്നുണ്ട്. ചുമരിലെ ആ ചിത്രം ഞാന്‍ കൊണ്ടുപോകുന്നു. അതുമാത്രം. ഈ മോഷ്ടാവിന്റെ അവസാനത്തെ മോഷണം. എന്നോടു ക്ഷമിക്കുക.
ഒരു സുഹൃത്ത്.''