•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ദേശീയ വനിതാ വോളിയില്‍ കേരളത്തിന്റെ ജൈത്രയാത്ര

പുരുഷന്മാര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായപ്പോള്‍ വനിതകള്‍ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പു നിലനിര്‍ത്തി.  ഗുവാഹത്തിയില്‍ നടന്ന എഴുപത്തൊന്നാമത്  ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നമ്മുടെ വനിതാ ടീം കരസ്ഥമാക്കിയത് തുടര്‍ച്ചയായ അഞ്ചാം കിരീടം. പലപ്പോഴും മലയാളിതാരങ്ങളുടെ മികവിലായിരുന്നു റയില്‍വേസിന്റെ ആധിപത്യമെങ്കിലും കലാശക്കളിയില്‍ കേരളത്തിന്റെ വനിതാ ടീം അവര്‍ക്കുമുമ്പില്‍ കീഴടങ്ങുന്നതു പതിവായിരുന്നു. ആ കഥ മാറുകയാണ്. ഇത്തവണ ഫൈനലില്‍ കേരളം റയില്‍വേസിനെ തോല്പിച്ചത്  ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക്. മൂന്നാം സെറ്റ് ജയിച്ച റയില്‍വേ രണ്ടും നാലും സെറ്റുകളില്‍ പൊരുതിത്തോല്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ വനിതകള്‍ പൊരുതി നേടിയ വിജയമായി ഇതിനെ വിശേഷിപ്പിക്കാം.
പ്രമുഖ താരങ്ങള്‍ പലരും പ്രൈം വോളി ലീഗില്‍ കളിക്കുന്നതിനാല്‍ കേരളത്തിന്റെ പുരുഷ ടീം ദുര്‍ബലമായിരുന്നു. പങ്കെടുത്ത നാലു കളികളിലും അവര്‍ പരാജയപ്പെട്ടു. പ്രൈം വോളി ലീഗ്  അട്ടിമറിക്കാനാണ് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അതേ സമയത്ത് ദേശീയ ചാമ്പ്യന്‍ഷിപ്പും ഫെഡറേഷന്‍ കപ്പുമൊക്കെ സംഘടിപ്പിക്കുന്നതെന്ന വിമര്‍ശനം പല ഭാഗങ്ങളില്‍നിന്നും  ഉയരുന്നുണ്ട്. അതിലുപരി വോളിബോള്‍ ഫെഡറേഷന് കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്തതിനാല്‍ ചാമ്പ്യന്‍ഷിപ്പിനു പ്രസക്തിയില്ലെന്നു വാദിക്കുന്നവരുമുണ്ട്. ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ടീമിനു പകരം കോടതിവിധിയോടെ മത്സരിച്ച,  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലിപ്പിച്ച  ടീം ഇരട്ട സ്വര്‍ണം നേടിയതും ചരിത്രം. പക്ഷേ, ഇതൊന്നും നമ്മുടെ വനിതകളുടെ വോളി മികവിന്റെ മാറ്റു കുറയ്ക്കുന്നില്ല.
ദേശീയ സ്‌പോര്‍ട്‌സ്  കോഡ് ലംഘിച്ചുവെന്നപേരില്‍ കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രാലയം 2020 ജൂണ്‍ 25 ന് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനുശേഷമുള്ള ഫെഡറേഷന്റെ പ്രവര്‍ത്തനവും അവര്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പുകളും  ഗവണ്‍മെന്റംഗീകൃതമല്ല. ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ജോലിക്കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അംഗീകരിക്കുകയുമില്ല. പക്ഷേ, കായികസംഘടനകള്‍ സ്വതന്ത്ര അധികാരമുള്ളവയാണ്. അവയ്ക്കുള്ള ഗ്രാന്റ് തടയാന്‍ മാത്രമേ സര്‍ക്കാരിനു കഴിയൂ. സര്‍ക്കാരിന്റെ അമിത ഇടപെടല്‍ ഉണ്ടായാല്‍ രാജ്യാന്തരഫെഡറേഷനും ഒളിമ്പിക് കമ്മിറ്റിയും ദേശീയ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കും. ഇന്ത്യയ്ക്കു രാജ്യാന്തരമത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വരും.
പോയവര്‍ഷം, അണ്ടര്‍ 17 ലോകകപ്പ് വനിതാ ഫുട്‌ബോള്‍ നടത്താന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അംഗീകാരം ഫിഫ പിന്‍വലിക്കാനൊരുങ്ങിയതും ഒടുവില്‍ കഷ്ടിച്ചു രക്ഷപ്പെട്ടതും മറക്കാറായിട്ടില്ല. ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ കായികമേളകളില്‍ ടീമിനെ അയയ്ക്കുന്നത് ദേശീയ ഒളിമ്പിക്‌സ് അസോസിയേഷനാണ്. സര്‍ക്കാരിന് അവരെ തുണയ്ക്കാം. ടീമിനെ ഒരുക്കുന്നതിലും സഹായിക്കാം. ഫെഡറേഷനുകളുടെ പ്രവര്‍ത്തനങ്ങളിലെ അമിത സര്‍ക്കാര്‍ ഇടപെടല്‍ ഐ.ഒ.സി. അംഗീകരിക്കില്ല. സദ്ദാം ഹുസൈന്‍ ഇറാക്ക് പ്രസിഡന്റായിരുന്നപ്പോള്‍ പുത്രന്‍ ഉദയ്ഹുസൈന്‍ ആയിരുന്നു കായികസംഘടനകളെ  നിയന്ത്രിച്ചത്. ഒടുവില്‍ ഇറാക്ക്  ദേശീയ ഒളിമ്പിക് അസോസിയേഷനെ ഐ.ഒ.സി. സസ്‌പെന്‍ഡു ചെയ്തു.
കായികസംഘടനകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കാതെ  അവയെ രാജ്യതാത്പര്യത്തിനും രാജ്യത്തെ കായികനിയമങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും കേന്ദ്രസര്‍ക്കാരും ശ്രമിക്കണം. കേരളത്തിലും അരഡസനോളം സംഘടനകളില്‍ പിളര്‍പ്പുണ്ട്. ഒരു കൂട്ടര്‍ക്ക് ദേശീയ സംഘടനയുടെ അംഗീകാരമുണ്ടെങ്കില്‍ ഇതരര്‍ക്ക് കേരളസ്‌പോര്‍ട്‌സ്  കൗണ്‍സിലിന്റെ അംഗീകാരമുണ്ട്. ജീവിതം സ്‌പോര്‍ട്‌സിനായി സമര്‍പ്പിച്ച കായികതാരങ്ങളാണു വിഷമിക്കുന്നത്. ദേശീയ ഫെഡറേഷന്‍ നടത്തുന്ന ദേശീയ മത്സരങ്ങളിലും അതിനുമുമ്പ് സംസ്ഥാന അസോസിയേഷന്‍ നടത്തുന്ന സംസ്ഥാനചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരാകുന്നു. സമാന്തരസംഘടനകള്‍ വ്യത്യസ്തമത്സരങ്ങള്‍ നടത്തിയാല്‍ താരങ്ങള്‍ വിഷമിക്കും.
മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കാതെ നമ്മുടെ കളിക്കാര്‍ വിയര്‍പ്പൊഴുക്കി നേടുന്ന വിജയങ്ങളെ കുറച്ചുകാണുകയല്ല വേണ്ടത്. പ്രഫഷണല്‍ ലീഗുകള്‍ തുടങ്ങിയശേഷം ദേശീയചാമ്പ്യന്‍ഷിപ്പിന്റെയും ഫെഡറേഷന്‍ കപ്പിന്റെയുമൊക്കെ ഗ്ലാമര്‍ കുറഞ്ഞിട്ടുണ്ട്. അതു വോളിബോളില്‍ മാത്രമല്ല സംഭവിച്ചത്. മലപ്പുറത്ത് ദേശീയഫുട്‌ബോള്‍ വിജയിച്ച് സന്തോഷ് ട്രോഫി നേടിയ കേരളടീമിനെ മുന്‍കാലങ്ങളില്‍ ജയിച്ച ടീമുകള്‍ക്കൊപ്പം കാണാന്‍ കഴിയുമോ? മത്സരങ്ങളും പഴയ നിലവാരത്തില്‍ എത്തിയില്ല. പക്ഷേ, ദേശീയവിജയം അതല്ലാതാകില്ല.
പരിശീലകയായി 
കേരളത്തിന്റെ മരുമകള്‍
ഗുവാഹത്തിയില്‍ കിരീടം നേടിയ കേരളടീമിനെ പരിശീലിപ്പിച്ച ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിനി രാധിക പരുചുരി കേരളത്തിന്റെ മരുമകളാണ്. ഇന്ത്യന്‍ താരം വര്‍ക്കല സ്വദേശി കപില്‍ദേവിന്റെ ഭാര്യയായാണ്, പല തവണ ഇന്ത്യയ്ക്കുവേണ്ടി കളിച്ച രാധിക തിരുവനന്തപുരത്തെത്തിയത്. റയില്‍വേ ഉദ്യോഗസ്ഥ. ഇതിനുമുമ്പ് മൂന്നു തവണ കേരളം ജേതാക്കളായപ്പോള്‍ രാധിക അസിസ്റ്റന്റ് കോച്ചായിരുന്നു. അബ്ദുള്‍ നാസര്‍ ആയിരുന്നു പരിശീലകന്‍. ഇത്തവണ ആദ്യമായാണ് മുഖ്യപരിശീലകയായി രാധിക ചുമതലയേറ്റത്. അസിസ്റ്റന്റ് കോച്ചായി അശ്വിനി എസ്. കുമാറുമുണ്ടായിരുന്നു. എസ്. സൂര്യയാണ് കേരളത്തെ നയിച്ചത്.
ടീമില്‍ ഏഴുപേര്‍ കെ.എസ്.ഇ.ബിയില്‍നിന്നും മൂന്നു പേര്‍ കേരളപോലീസില്‍നിന്നുമുള്ളവരാണ്. സായ്‌യില്‍നിന്ന് ഒരാളും 'ഖേലോ ഇന്ത്യ'യില്‍നിന്ന് ഒരാളും. (രണ്ടുപേര്‍ സായ് പ്രതിനിധികള്‍എന്നു വേണമെങ്കില്‍ പറയാം) ഏറെക്കാലമായി കേരളവോളിബോളില്‍ കെ.എസ്.ഇ.ബി. താരങ്ങളുടെ സാന്നിധ്യം പ്രകടമാണ്. അവര്‍ക്കൊപ്പം പോലീസ്താരങ്ങളും എത്തുന്നുവെന്നത് നല്ല സൂചനയാണ്. ഫാക്ടും കെ.എസ്.ആര്‍.ടി.സിയുമൊക്കെ മുമ്പ് വോളിബോള്‍ ശക്തികളായിരുന്നു.
സൂര്യയ്‌ക്കൊപ്പം ഇത്തവണ കേരളത്തിനു കളിച്ച കെ.എസ്. ജിനി, കെ. അമിത, ജി. അഞ്ജുമോള്‍, ആര്‍.എസ്. ശില്പ, കെ.പി. അനുശ്രീ, എന്‍.എസ്. ശരണ്യ, കെ. അഭിരാമി, അനന്യശ്രീ, മായാ തോമസ്, അനഘ രാധാകൃഷ്ണന്‍, എന്‍. അശ്വതി, രവീന്ദ്രന്‍ എന്നിവര്‍ അനുമോദനമര്‍ഹിക്കുന്നു. 
പാലാ സ്വദേശി ജോര്‍ജ് വര്‍ഗീസ് എന്ന വോളിബോള്‍ കളിക്കാരന്‍ അധ്യാപകനായി 1957 ല്‍ നാമക്കുഴി സ്‌കൂളിലെത്തിയതോടെയാണ് കേരളത്തിലെ വനിതാ വോളിബോള്‍ ചരിത്രം യഥാര്‍ഥത്തില്‍ തുടങ്ങുന്നത്. കേരളം ആദ്യമായി ദേശീയ സ്‌കൂള്‍സ് കിരീടം ചൂടിയപ്പോഴും കേരളസര്‍വകലാശാല നടാടെ അഖിലേന്ത്യാ ചാമ്പ്യന്‍മാരായപ്പോഴും  (യഥാക്രമം 1964-65 ലും 69-70 ലും) നായികയായ റോസ്‌ലിന്‍ ജോസഫ് ജോര്‍ജ് വര്‍ഗീസിന്റെ ശിഷ്യയായിരുന്നു. പിന്നീട് നാമക്കുഴി സഹോദരിമാരും അയിരൂര്‍ സഹോദരിമാരും വോളിബോള്‍ കോര്‍ട്ടില്‍ ഇടിമുഴക്കം സൃഷ്ടിച്ചു.
1970 ല്‍ ഉദയ്പൂരില്‍ ആദ്യമായി ദേശീയ വോളിബോള്‍ ഫൈനലില്‍ കടന്ന കേരള വനിതകള്‍ 71-72 ല്‍ ജാംഷഡ്പൂരില്‍ കെ.സി. ഏലമ്മയുടെ നേതൃത്വത്തില്‍ പ്രഥമ ദേശീയ കിരീടം ചൂടി.  ആ കഥ തുടരുന്നു. ഫെഡറേഷനിലെ പടലപിണക്കംമൂലം ഇന്ത്യന്‍ ജേഴ്‌സി പലര്‍ക്കും നഷ്ടപ്പെട്ടപ്പോള്‍ 2018 ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ടീമിലെ 14 പേരില്‍ പലരും മലയാളികളായിരുന്നു. ഫെഡറേഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഈ വര്‍ഷം ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും മലയാളികളുടെ നിറസാന്നിധ്യം പ്രതീക്ഷിക്കാം. അതിലേക്കുള്ള ചുവടുവയ്പാകട്ടെ ഗുവാഹത്തിയിലെ വിജയം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)