•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ഇനിയും വായിക്കപ്പെടണം ഈ സാഹിത്യവിചാരങ്ങള്‍

മലയാളഗദ്യശൈലീവല്ലഭനായ പ്രഫ. മാത്യു ഉലകംതറ മണ്‍മറഞ്ഞിട്ട് ഫെബ്രുവരി 24 ന് ഒരുവര്‍ഷം

മലയാളഗദ്യശൈലീവല്ലഭനായ പ്രഫ. മാത്യു ഉലകംതറയുടെ സാഹിത്യവിചാരങ്ങള്‍ക്കിന്ന് ഏറെ പ്രസക്തിയുണ്ട്. ക്രൈസ്തവസാഹിത്യം വിവിധ മാനങ്ങള്‍ തേടുകയും സഭാചരിത്രം പുതുനിര്‍മ്മാണത്തിലേക്കു നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രഫ. മാത്യു ഉലകംതറ പുതുവായനകള്‍ക്കു വിധേയമാകുന്നത്. മലയാളസാഹിത്യത്തിലും ക്രൈസ്തവസഭാചരിത്രത്തിലും വിജയഗാഥ രചിച്ച ബഹുമുഖപ്രതിഭയായിരുന്ന ഇദ്ദേഹം ബാക്കിവച്ചിരിക്കുന്നത് തുടര്‍പഠനസാധ്യതകളുള്ള അമൂല്യമായ രത്‌നശേഖരം തന്നെയാണ്.
സാഹിത്യകാരനും അധ്യാപകനും ഭാഷാപണ്ഡിതനുമായിരുന്ന  ഇദ്ദേഹം ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങി.  ''ക്രിസ്തുഗാഥ'' എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. മഞ്ജരിവൃത്തത്തിന്റെ സൗന്ദര്യമാവാഹിച്ച് സുവിശേഷങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ക്രിസ്തുഗാഥയെന്ന മഹാകാവ്യം മലയാളസാഹിത്യയുലകം മുഴുവന്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, പാലാ നാരായണന്‍നായര്‍, സിസ്റ്റര്‍ മേരി ബനീഞ്ഞ തുടങ്ങിയവരുടെ കൃതികള്‍ക്ക് ഇദ്ദേഹം എഴുതിയ അവതാരികകള്‍ സഹൃദയരുടെ  പ്രശംസ ധാരാളം ഏറ്റുവാങ്ങിയതായിരുന്നു.പ്രഫ. ഉലകംതറയുടെ ''വിമര്‍ശിക്കപ്പെടുന്ന വിശ്വാസം'' എന്ന ഗ്രന്ഥം യഥാര്‍ഥത്തില്‍  വിശ്വാസസംരക്ഷണപ്പോരാട്ടമാണു  നടത്തുന്നത്.  ഉലകംതറയുടെ 'സാഹിത്യം എങ്ങോട്ട്?' എന്ന ഗ്രന്ഥവും മൂന്നു പതിറ്റാണ്ടോളം മലയാളസാഹിത്യത്തില്‍ വലിയ ചലനമാണ് ഉണ്ടാക്കിയത്. 
വൈക്കം ആറാട്ടുകുളത്തിനു സമീപം ഉലകംതറ വര്‍ക്കി - അന്ന ദമ്പതികളുടെ മകനായി 1931 ജൂണ്‍ ആറിനു പിറന്ന മാത്യു ഉലകംതറ 1954 ല്‍ കേരള സര്‍വകലാശാലയില്‍നിന്നു മലയാളസാഹിത്യത്തില്‍ ഇരട്ട ഫസ്റ്റ് ക്ലാസോടെ ബിഎ പാസായി. 1959 ല്‍ മദ്രാസ് സര്‍വകലാശാലയില്‍ പ്രൈവറ്റായി ചേര്‍ന്ന് ഒന്നാംറാങ്കോടെ എംഎ വിജയിച്ചു. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ മലയാളം അധ്യാപകനായും വകുപ്പധ്യക്ഷനായും 32 വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയില്‍ ഓണററി പ്രഫസറായി. കേരളത്തിലെ മൂന്നു സര്‍വകലാശാലകള്‍ ഇദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനഗ്രന്ഥങ്ങള്‍ പാഠപുസ്തകങ്ങളാക്കി. 
ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായും താലന്ത് മാസികയുടെ സഹപത്രാധിപരായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യപരിഷത് സെക്രട്ടറി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉപദേശകസമിതി യംഗം തുടങ്ങിയ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 
സാഹിത്യശാസ്ത്രം, വിമര്‍ശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സാഹിത്യവിസ്തൃതിയാണ് ഉലകംതറയുടേത്. കൃത്യമായ പഠനവും വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധേയമാണ് ഉലകംതറയുടെ ഓരോ അവതാരികകളും. സാമാന്യവായനകളില്‍ നിന്നല്ല അദ്ദേഹത്തിന്റെ പഠനങ്ങള്‍ രൂപപ്പെട്ടുവന്നിരുന്നത്; സൂക്ഷ്മമായ സാഹിത്യവിചാരങ്ങളും ഇഴകീറിയുള്ള വിമര്‍ശനാത്മകസമീപനങ്ങളുമായിരുന്നു അത്. വിമര്‍ശസോപാനം, ആലോചനാമൃതം, സാഹിത്യപീഠിക, അപൂര്‍വരശ്മികള്‍, ഭീരുക്കളുടെ സ്വര്‍ഗം, കയ്പും മധുരവും, ആത്മഭാഷിതങ്ങള്‍, ക്രിസ്തുബിംബങ്ങള്‍ മലയാളത്തില്‍, ഹൈന്ദവം ക്രൈസ്തവം, കഥാസുഭാഷിതങ്ങള്‍, അര്‍ണോസ് പാതിരി, ഐ.സി. ചാക്കോ, ആദ്യത്തെ മരണം, വെളിച്ചത്തിന്റെ മകള്‍, വിശ്വപ്രകാശം തുടങ്ങിയവയാണ് ഉലകംതറയുടെ മറ്റു പ്രധാന കൃതികള്‍.
സീറോ മലബാര്‍സഭ പരമോന്നതബഹുമതിയായ 'സഭാതാരം' നല്‍കി ഇദ്ദേഹത്തെ  ആദരിച്ചു.
ഉപരിപ്ലവമായ പഠനങ്ങള്‍ക്കപ്പുറം  അഗാധമായ ഗവേഷണസാധ്യതകളാണ് അദ്ദേഹത്തിന്റെ ഓരോ രചനയും മുന്നോട്ടുവയ്ക്കുന്നത്. ദൃഢത പ്രാപിക്കേണ്ട ക്രൈസ്തവസാഹിത്യത്തിന്റെ അടിവേരുകള്‍ ഇദ്ദേഹത്തിന്റെ സാഹിത്യകൃതികളിലുണ്ട്. രൂഢമൂലമായി കിടക്കുന്ന ക്രൈസ്തവസാഹിത്യത്തിന്റെ ബിംബങ്ങളും പ്രതിമാനങ്ങളുമായി ഉലകംതറയുടെ കാവ്യസങ്കല്പങ്ങള്‍ പുനര്‍വായനയ്ക്കു വിധേയമാകേണ്ടതുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)