കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്ന ബാലാവകാശക്കമ്മീഷന്റെ അഭിപ്രായം വ്യത്യസ്തമായ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. നിലവില്‍ മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നാല്‍ കണ്ടുകെട്ടാമെന്നും ലേലം വിളിച്ച് പി.റ്റി.എ. ഫണ്ടില്‍ മുതല്‍കൂട്ടാമെന്നുമുള്ള 2010 ലെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവാണ് നിലവിലുള്ളത്. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാമെന്ന ബാലാവകാശക്കമ്മീഷന്‍ ഉത്തരവ് വിദ്യാഭ്യാസവകുപ്പ് തിടുക്കപ്പെട്ടു നടപ്പാക്കാനിടയില്ല. വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ അനുവദിച്ചാലുള്ള പ്രായോഗികബുദ്ധിമുട്ടും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അധ്യാപകര്‍ക്കുള്ള ആശങ്കയും ഇതിനോടകം സ്‌കൂള്‍ അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്. കമ്മീഷന്‍ വേണ്ടത്ര പഠനം നടത്തിയിട്ടാണോ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്നു സംശയമുണ്ട്.
മൊബൈല്‍ ഫോണ്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മസ്തിഷ്‌കത്തിലെ ഇടത്-വലത് അര്‍ധഗോളങ്ങള്‍ തമ്മിലുള്ള ഏകോപനം നഷ്ടപ്പെടും. ഇടത് അര്‍ധഗോളം ഓര്‍മശക്തി, യുക്തിചിന്ത, ഭാഷാസ്വാധീനം, ഗണിതപാടവം എന്നിവയെ നിയന്ത്രിക്കുന്നു. വലത് അര്‍ധഗോളം കലാപരമായ കഴിവുകള്‍, സൗന്ദര്യാസ്വാദനം, മനുഷ്യത്വം, നന്മ തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കുന്നു. ഇവ തമ്മില്‍ ഏകോപനമില്ലെങ്കില്‍ സമയബോധം നഷ്ടപ്പെടും. രാത്രി-പകല്‍ വ്യത്യാസമനുഭവമാകില്ല. ദൈനംദിനകാര്യങ്ങള്‍ താളംതെറ്റും. ഭക്ഷണക്രമം ശ്രദ്ധയില്‍ വരില്ല. രാത്രി ഉറക്കം കുറയുമ്പോള്‍ പിറ്റേന്ന് പകല്‍ മുഴുവന്‍ മന്ദത അനുഭവപ്പെടും. പകല്‍ ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, ഉന്മേഷക്കുറവ്, വിശപ്പില്ലായ്മ എന്നിവ പ്രകടമാകും. അമിതദേഷ്യം, എടുത്തുചാട്ടം തുടങ്ങിയ പെരുമാറ്റപ്രശ്‌നങ്ങളും ഉണ്ടാകും. വീണ്ടും ഫോണ്‍ ഉപയോഗം തുടര്‍ന്നാല്‍ വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും നീങ്ങാനിടയുണ്ട്. അമിത ഓണ്‍ലൈന്‍ ഗെയിം ശീലമാക്കിയവരില്‍ അക്രമസ്വഭാവം, സാധനങ്ങള്‍ നശിപ്പിക്കല്‍ എന്നിവയും കണ്ടുവരുന്നുണ്ട്. മൊബൈല്‍ ഫോണ്‍ അശ്ലീലവീഡിയോസ് ഷെയര്‍ ചെയ്യപ്പെടുന്നതിനും കാണുന്നതിനും ഇടയാക്കുകയും അത് ലൈംഗിക അരാജകത്വത്തിലേക്കു വഴിതുറക്കുകയും ചെയ്യാം.
വിദ്യ അഭ്യസിപ്പിക്കുക എന്ന അധ്യാപകദൗത്യം ഫലപ്രദമായി നിറവേറ്റാന്‍ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ആസക്തി തടസ്സമായിമാറും. സമൂഹമാധ്യമ ആസക്തി ഉത്കണ്ഠ, വിഷാദം എന്നിവ ഉള്‍പ്പെടെ നിരവധി മാനസികപ്രശ്‌നങ്ങള്‍ക്കിടവരുത്തുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍സമയം കഴിയുംവരെ ഫോണ്‍ സ്വിച്ച് ഓഫാക്കി സൂക്ഷിക്കണമെന്ന ബാലാവകാശക്കമ്മീഷന്‍ നിര്‍ദേശവും കുട്ടികള്‍ക്കിടയില്‍ സാധ്യമാകാനിടയില്ല. കുട്ടിക്കാലത്തുനിന്ന് യൗവനത്തിലേക്കുള്ള കാലഘട്ടം (കൗമാരം) പരിവര്‍ത്തനത്തിന്റേതാണ്. ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങള്‍ കാരണം കൗമാരക്കാര്‍ പലതരം പ്രലോഭനങ്ങള്‍ക്കും വിധേയരാകും. നിയന്ത്രണമില്ലാത്ത എടുത്തുചാടിയുള്ള പെരുമാറ്റം, ചെയ്യരുതെന്നു നിര്‍ദേശിക്കപ്പെടുന്ന കാര്യങ്ങളിലേക്കുള്ള ആകര്‍ഷണം, എന്തും പരീക്ഷിച്ചറിയാനുള്ള ആഗ്രഹം എന്നിവ കൗമാരസവിശേഷതകളാണ്. ലൈംഗികജിജ്ഞാസയും ഈ കാലഘട്ടത്തില്‍ കൂടുതലാണ്. അതുകൊണ്ട് ഫോണ്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ട്.
പലയിടത്തും വിദ്യാര്‍ഥികളെ ലഹരിവാഹകരായി ലഹരിമാഫിയ ഉപയോഗിക്കുന്നുണ്ട്. ദേഹ-ബാഗ് പരിശോധനകള്‍ വിലക്കിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ദേഹ-ബാഗ് പരിശോധനകള്‍ എയര്‍പോര്‍ട്ട്, പ്രധാന ഹോട്ടലുകള്‍, മാളുകള്‍, സിനിമാ തീയറ്ററുകള്‍ എന്നിവിടങ്ങളിലൊക്കെ ഉള്ളതാണ്. കുട്ടികളെ സദാസമയവും സംശയത്തിന്റെ നിഴലില്‍ നിറുത്തി വിശ്വാസമില്ലാത്തവിധം നിരീക്ഷണത്തിനു വിധേയമാക്കാതെ, അവരുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും ഹനിക്കാതെ പരിശോധനകള്‍ നടത്തുന്നതാണ് അഭികാമ്യം. ബാഗ്, ലഞ്ച്‌ബോക്‌സ്, വസ്ത്രങ്ങള്‍ എന്നിവയില്‍ ഒരു കണ്ണുള്ളത് നല്ലതുതന്നെ. കൗമാരകാലഘട്ടത്തില്‍ കുട്ടികള്‍ വഴിമാറാതിരിക്കാന്‍ അധ്യാപകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധ അനിവാര്യമാണ്.