''പുതിയ കുടുംബത്തിന്‍ കതിരുകളുയരുന്നു... തിരുസ്സഭ വിജയത്തിന്‍ പൊന്‍തൊടുകുറിയണിയുന്നു.'' ഗാനത്തിലെപ്പോലെ അനുഗൃഹീതമായ പുതിയ കുടുംബങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴാണ് തിരുസ്സഭ വിജയിക്കുന്നത്. അതിനാല്‍ത്തന്നെ സഭ വിവാഹമെന്ന കൂദാശയെ പാവനമായി കാണുന്നു.
വിവാഹം വ്യക്തിപരമായ കാര്യമാണ്. വിവാഹം ആഗ്രഹിക്കാതെ ഏകസ്ഥജീവിതം നയിക്കുന്നവരുമുണ്ട്. എന്നാല്‍, ഇവിടെ പറഞ്ഞുവരുന്നത് വിവാഹം ആഗ്രഹിച്ചിട്ടും നടക്കാതെ വിവാഹതടസ്സം നേരിടുന്നതിനെക്കുറിച്ചാണ്. ആരാധനാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും പലപ്പോഴും വിവാഹതടസ്സം ഒരു പ്രധാന പ്രാര്‍ഥനാവിഷയമായി വരുന്നതു കാണാം.
കണ്ണു തുറപ്പിക്കേണ്ട യാഥാര്‍ഥ്യങ്ങള്‍
കേരളക്രൈസ്തവരുടെ, പ്രത്യേകിച്ച് സീറോ മലബാര്‍ നസ്രാണികളുടെ വിവാഹം കുറഞ്ഞുവരുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. 2019 ഒക്‌ടോബര്‍ ആറിന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പുറപ്പെടുവിച്ച ഇടയലേഖനപ്രകാരം, സീറോ മലബാര്‍ സഭയില്‍ മുപ്പതു വയസ്സു കഴിഞ്ഞ ഒരു ലക്ഷത്തോളം പുരുഷന്മാര്‍ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ തടസ്സം നേരിടുന്നതായി കാണിക്കുന്നു.
കൊറോണയെ ത്തുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യം, ജോലിനഷ്ടം, ഗള്‍ഫ് പ്രവാസികളുടെ മടക്കം തുടങ്ങിയവ ഈ സംഖ്യ ഭീമമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടാകാം.
ഇവിടെ ശ്രദ്ധിക്കേണ്ടത് ഒരു ലക്ഷം പുരുഷന്മാര്‍ വിവാഹജീവിതത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ സൃഷ്ടിക്കപ്പെട്ടേെന എന്നതാണ്.
നിലവിലുള്ള രൂപതകളിലെ കുടുംബങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ സംഖ്യയാണ്.
പാലാ രൂപതയില്‍ നിലവിലുള്ളത് അറുപത്തിയെണ്ണായിരം കുടുംബങ്ങളാണ് (കൃത്യമായി 68,388). ഇത്രയും ആളുകള്‍ വിവാഹതടസ്സം നേരിടുന്നതിലൂടെ സീറോ മലബാര്‍ സഭയ്ക്കു നഷ്ടപ്പെടുന്നത് ഒന്നോ രണ്ടോ രൂപതയ്ക്കു തുല്യമായ കുടുംബങ്ങളാണ്.
വിവാഹതടസ്സത്തിനുള്ള പ്രധാന കാരണങ്ങള്‍
ജനസംഖ്യാ സെന്‍സസ് പ്രകാരം, കേരളത്തില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ അധികമാണ്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്.) കെ.സി. സക്കറിയ നടത്തിയ പഠനപ്രകാരവും സുറിയാനി ക്രൈസ്തവരില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ അധികമാണ്. അങ്ങനെ വരുമ്പോള്‍, ഒരു ലക്ഷത്തിലധികം പുരുഷന്മാര്‍ വിവാഹതടസ്സം നേരിടുന്നെങ്കില്‍ അതു ചില സാമൂഹികയാഥാര്‍ഥ്യങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു.
സാമൂഹികസാമ്പത്തിക അവസ്ഥയിലുണ്ടായ മാറ്റം
പരമ്പരാഗതമായി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് സുറിയാനിക്രൈസ്തവരില്‍ ഭൂരിഭാഗവും. കാര്‍ഷികസമൂഹത്തില്‍ സാധാരണമായി ഭൂസ്വത്തും ആദായവും കൈകാര്യം ചെയ്തിരുന്നത് പുരുഷന്മാരാണ്. അത്തരം സമൂഹങ്ങളില്‍, വിവാഹാലോചനകളില്‍ കുടുംബപാരമ്പര്യവും ഭൂസ്വത്തും നിര്‍ണായകഘടകങ്ങളായിരുന്നു.
എന്നാല്‍, 1990 കള്‍ക്കുശേഷവും കാര്യങ്ങള്‍ മാറിമറിഞ്ഞു. കാര്‍ഷികമേഖല തകര്‍ന്നടിയാന്‍ തുടങ്ങി. വിളനാശം, വിലത്തകര്‍ച്ച, വന്യമൃഗശല്യം തുടങ്ങിയവമൂലം കൃഷി ആദായകയമല്ലാതായി. ഇതു സുറിയാനി ക്രൈസ്തവകുടുംബങ്ങളെ സാമ്പത്തികപിന്നാക്കാവസ്ഥയില്‍ എത്തിച്ചു. ഭൂസ്വത്ത് ഉണ്ടെങ്കിലും ജീവിക്കാന്‍ പറ്റാത്ത സ്ഥിതി. ഈ സന്ദര്‍ഭത്തിലാണ് പ്രതീക്ഷയുടെ പൊന്‍വെട്ടവുമായി വിദേശകുടിയേറ്റവും പ്രത്യേകിച്ച് നഴ്‌സിങ് കോഴ്‌സും വന്നുചേര്‍ന്നത്. ഉപരിപഠനത്തിനും വിദേശകുടിയേറ്റത്തിനും മുന്നില്‍ നിന്നത് സുറിയാനിക്രൈസ്തവകുടുംബങ്ങളിലെ പെണ്‍കുട്ടികളായിരുന്നു. അവര്‍ കൊണ്ടുവന്ന സാമ്പത്തികം കാര്‍ഷികത്തകര്‍ച്ചയിലും സുറിയാനിസമൂഹത്തിനു പിടിവള്ളിയായി.
ചുരുക്കിപ്പറഞ്ഞാല്‍, മികച്ച വിദ്യാഭ്യാസവും സാമ്പത്തികമെച്ചവും സുറിയാനിപെണ്‍കുട്ടികള്‍ കൈവരിച്ചു. സുറിയാനി ആണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്തും ജോലിമേഖലയിലും കഴിവു തെളിയിച്ചെങ്കിലും ഒരു വിഭാഗത്തിന് അതു സാധിച്ചില്ല.
ഇങ്ങനെ മാറിമറിഞ്ഞ സുറിയാനിസമൂഹത്തില്‍ ആദ്യകാലത്തെപ്പോലെ വിവാഹാലോചനകള്‍ തുടര്‍ന്നാല്‍ തടസ്സം നേരിടും എന്നുറപ്പ്.
അനന്തമായി നീളുന്ന അന്വേഷണം
എല്ലാം തികഞ്ഞ ഒരു വ്യക്തിയെ ജീവിതപങ്കാളിയായി ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പൂര്‍ണനായ വ്യക്തിക്കുവേണ്ടിയുള്ള അന്വേഷണം ചിലപ്പോള്‍ അനന്തമായി തുടരും.
വിവാഹാലോചനകളുടെ സമയത്ത് മാതാപിതാക്കള്‍ പലപ്പോഴും പെണ്‍കുട്ടിയെക്കാള്‍ അധികം വിദ്യാഭ്യാസവും വരുമാനവുമുള്ള പുരുഷനായി ശ്രമിക്കും. മികച്ച വിദ്യാഭ്യാസവും ശമ്പളവും വാങ്ങുന്ന പെണ്‍കുട്ടികളെക്കാള്‍ ഉയര്‍ന്ന പുരുഷന്മാരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ വിവാഹം നീണ്ടു പോവുകയും ചെയ്യും. ഇതിനൊപ്പം കുടുംബപൊങ്ങച്ചങ്ങളും സ്ത്രീധനംപോലെയുള്ള സാമൂഹികതിന്മകളും ചേരുമ്പോള്‍ വിവാഹതടസ്സത്തില്‍ അദ്ഭുതപ്പെടാനില്ല. 'എല്ലാം തികഞ്ഞ വ്യക്തിയെ കണ്ടെത്തിയിരുന്നെങ്കില്‍ ഞാന്‍ അച്ചനാകുമായിരുന്നോടോ?' എന്ന ക്രിസോസ്റ്റം തിരുമേനിയുടെ ഹാസ്യം ഇവിടെ അര്‍ഥവത്താണ്.
എല്ലാം കഴിഞ്ഞ് കഴിക്കുന്ന വിവാഹം
വിദ്യാഭ്യാസം, ജോലി, കരിയര്‍ തുടങ്ങി എല്ലാം സെറ്റായ ശേഷമായിരിക്കും മിക്കപ്പോഴും വിവാഹാലോചനകള്‍ തുടങ്ങുക. എല്ലാം കഴിഞ്ഞ് വിവാഹം കഴിക്കുമ്പോഴേക്കും കാലം കഴിഞ്ഞുപോയിരിക്കും. കേരളത്തില്‍ വിവാഹപ്രായം കഴിഞ്ഞവര്‍ ഏറ്റവും കൂടുതലുള്ള സമൂഹമാണ് സുറിയാനിക്രൈസ്തവരെന്ന് പഠനങ്ങള്‍ പറയുന്നു. കേരളക്രൈസ്തവരുടെ ഇടയില്‍ വര്‍ധിക്കുന്ന വന്ധ്യതയ്ക്കു കാരണങ്ങളിലൊന്ന് വൈകിയുള്ള വിവാഹമാണ്.
പാശ്ചാത്യ ലിബറല്‍ സംസ്‌കാരത്തിന്റെ കടന്നുകയറ്റം
പാശ്ചാത്യലിബറല്‍ സംസ്‌കാരം വ്യക്തികേന്ദ്രീകൃതമാണ്. അതനുസരിച്ചു വിവാഹവും കുടുംബജീവിതവും ബാധ്യതയാണ്. അതിനാല്‍ത്തന്നെ അവര്‍ ''ലിവിങ് ടുഗതര്‍'പോലെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം ഫ്രീ ലിവിങ് ആശയം ക്രൈസ്തവയുവജനങ്ങളെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍, ഭാരതീയസംസ്‌കാരം കുടുംബമൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതും സാമൂഹികാധിഷ്ഠിതവുമാണ്. കെട്ടുറപ്പുള്ള കുടുംബങ്ങള്‍ ഉള്ളതാണ് ഭാരതീയസമൂഹങ്ങളുടെ വളര്‍ച്ചയ്ക്കു കാരണം. സീറോ മലബാര്‍ സഭ ആഗോള കത്തോലിക്കാസഭയുടെ പ്രധാന ശക്തിസ്രോതസ്സുകളില്‍ ഒന്നായി മാറാനുള്ള കാരണവും ഇതുതന്നെ.
ശക്തമായ കുടുംബബന്ധങ്ങള്‍ ഇല്ലാത്ത സമൂഹം അതിവേഗം നശിച്ചുപോകും. കാരണം, കുടുംബങ്ങളിലാണ് കുഞ്ഞുങ്ങളുടെ രൂപീകരണം നടക്കേണ്ടത്. അവരാണ് നാളെ രാജ്യത്തിന്റെ പൗരന്മാരും സഭയിലെ വിശ്വാസികളുമായി മാറുന്നത്. ഈ രൂപീകരണപ്രക്രിയ നടന്നില്ലെങ്കില്‍ സമൂഹം ക്ഷയിച്ചുകൊണ്ടിരിക്കും. ഇതിന് പാശ്ചാത്യനാടുകളിലേക്കു കണ്ണോടിച്ചാല്‍ മതി. ഉദാഹരണത്തിന്, കാനഡയിലെ വെള്ളക്കാരുടെ സമൂഹം ഇത്തരം ലിബറല്‍ നയങ്ങള്‍ സ്വീകരിച്ച് ജീവിതം വെറും അടിപൊളി മാത്രമാക്കി മാറ്റി. ഫലമോ സാമ്പത്തികമായും രാഷ്ട്രീയമായും ഇല്ലതായിക്കൊണ്ടിരിക്കുകയാണ് ആ സമൂഹം. എന്നാല്‍, ഭാരതീയകുടുംബദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് അധ്വാനിച്ച കാനഡയിലെ സിക്ക് സമൂഹം പ്രബലമായി മാറി. നിലവില്‍, കാനഡയുടെ കേന്ദ്രകാബിനറ്റില്‍ അഞ്ച് സിക്ക് മന്ത്രിമാരുണ്ട്. കാനഡയുടെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവ് ജഗ്മീത് സിങ് എന്ന സിഖ് വംശജനാണ്. അതായത്, കാനഡയ്ക്ക് ഒരു സിക്ക് പ്രധാനമന്ത്രി ഉടനുണ്ടാകും. അതിനര്‍ഥം കാനഡ വെള്ളക്കാരില്‍നിന്ന് സിക്ക് വംശജരിലേക്കു കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. യൂറോപ്പിലെ പല രാജ്യങ്ങളുടെയും ഗതി ഇതുതന്നെയാണ്. അമിതമായ ലിബറല്‍ നയങ്ങള്‍ സ്വീകരിക്കുകയും കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം കല്പിക്കുകയും ചെയ്യാത്ത സമൂഹങ്ങളില്‍നിന്ന് രാജ്യങ്ങള്‍തന്നെ കൈവിട്ടുപോകും.
വിവാഹതടസ്സം നീക്കാനുള്ള മാര്‍ഗങ്ങള്‍
ശരിയായ മനോഭാവത്തോടെയുള്ള വിവാഹാന്വേഷണം
വിവാഹാലോചനകളുടെ സമയത്ത് മാതാപിതാക്കള്‍ അത്യാവശ്യ പൊങ്ങച്ചങ്ങളും കമ്പോളസംസ്‌കാരത്തിന്റെ കൊടുക്കല്‍വാങ്ങല്‍ ചിന്തയും ഉപേക്ഷിച്ച് സ്വാഭാവശുദ്ധിയുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കണം. വിദ്യാഭ്യാസവും വരുമാനവും ജീവിതത്തിന് ആവശ്യമാണെങ്കിലും, അതുമാത്രം മതിയെന്നു ചിന്തിക്കുന്നത് ആത്യന്തികമായി അപകടത്തില്‍ എത്തിക്കും.
നേരത്തേയുള്ള വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണം
ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം, നേരത്തേ വിവാഹം കഴിക്കുന്ന കേരളത്തിലെ മറ്റു സമുദായങ്ങളില്‍ അഭിവൃദ്ധിക്കു കുറവില്ല എന്നതാണ്. വിവാഹശേഷം ഉപരിപഠനമോ ജോലിയോ നടക്കില്ല എന്ന ചിന്ത മാറ്റണം. എന്റെ വ്യക്തിപരമായ അനുഭവം പറയുകയാണെങ്കില്‍ വിവാഹത്തിനുശേഷമാണ് ഞാന്‍ എ.ആര്‍.എസ്. പരീക്ഷ എഴുതിയെടുക്കുന്നതും കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിക്കുന്നതും. ഞങ്ങളുടെ കുഞ്ഞിന്റെ ജനനശേഷമാണ് ഞാന്‍ പി.എച്ച്.ഡി. പൂര്‍ത്തിയാക്കുന്നത്.
അതിനാല്‍ത്തന്നെ വിവാഹകാര്യത്തില്‍ എന്റെ ചിന്ത 'ഒറ്റയ്ക്കു തുഴഞ്ഞ് അവശരാകുന്നതിനേക്കാള്‍ നല്ലത് രണ്ടുപേര്‍ ചേര്‍ന്ന് ജീവിതത്തോണി ലക്ഷ്യത്തിലെത്തിക്കാന്‍ ശ്രമിക്കുന്നതാണ്.' എന്തുതന്നെയായാലും പഠനം, കരിയര്‍ തുടങ്ങിയ ഒഴികഴിവുകള്‍ പറഞ്ഞ് വിവാഹം വൈകിപ്പിക്കുന്നതു തിരുത്തപ്പെടണം.
സഭയുടെ നിലവിലുള്ള മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ നവീകരിക്കപ്പെടണം
മുന്‍കാലങ്ങളില്‍ വിവാഹാലോചനകള്‍ നടന്നിരുന്നത് ഇടനിലക്കാര്‍വഴിയോ ബന്ധുജനങ്ങള്‍വഴിയോയാണ്. എന്നാല്‍, ഇന്ന് ആ മേഖല കൈയടക്കിയിരിക്കുന്നത് ഓണ്‍ലൈന്‍ സ്ഥാപനങ്ങളാണ്. ഇതു കൂടുതല്‍ പ്രൊഫൈലുകള്‍ കണ്ടെത്താന്‍ സഹായിക്കും. എന്നാല്‍, ഇതില്‍ ചില സ്ഥാപനങ്ങള്‍ കനത്ത വരിസംഖ്യയാണു വാങ്ങുന്നത്. പ്രമുഖ ക്രൈസ്തവമാട്രിമോണിയല്‍ സൈറ്റിന്റെ ഭീമമായ വാര്‍ഷികഫീസ് നല്‍കി അതില്‍ ചേരാന്‍ സാധാരണക്കാരായ സുറിയാനിമക്കള്‍ക്ക് എത്രത്തോളം സാധിക്കുമെന്ന് എനിക്കു പലപ്പോഴും സംശയം തോന്നാറുണ്ട്. 'പണമുള്ളവര്‍ ചേര്‍ന്നാല്‍ മതി' എന്നാണ് നമ്മുടെ ചിന്തയെങ്കില്‍ 'പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണണ്ട' എന്ന മന്ത്രിയുടെ നിലപാടു പോലെയാകും അത്.
എല്ലാ രൂപതകള്‍ക്കും സീറോ മലബാര്‍ സഭയ്ക്ക് മൊത്തത്തിലുമായി ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകളുണ്ട്. ഒപ്പം സഭയുടെ മുഖപത്രമായ ദീപികയ്ക്കും മാട്രിമോണിയല്‍ സൈറ്റുണ്ട്. എന്നാല്‍, ചിലതിന്റെയെങ്കിലും സ്ഥിതി പരിതാപകരമാണ്. അപ്‌ഡേറ്റ് ചെയ്യാത്ത ടെക്‌നോളജിയും യൂസര്‍ ഫ്രണ്ട്‌ലി അല്ലാത്തതുമാണ് പ്രധാന പ്രശ്‌നം. സ്വകാര്യസൈറ്റുകളുടേതുപോലെ സഭയുടെ മാട്രിമോണിയല്‍ സൈറ്റുകള്‍ പരിഷ്‌കരിക്കാവുന്നതാണ്. ന്യായമായ നിരക്കില്‍ സേവനം നല്‍കാനായാല്‍ അതു സഭാമക്കള്‍ക്ക് ഉപകാരപ്രദമാകും.
പ്രാദേശികമായി ജീവിതപങ്കാളിയെ കണ്ടെത്താനുള്ള അവസരമൊരുക്കുക.
ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകളിലെ ആയിരക്കണക്കിലെ പ്രൊഫൈലുകളില്‍നിന്ന് തങ്ങള്‍ക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ പാടുപെടുകയാണ് മിക്കവരും. എന്നുമാത്രമല്ല, കുറേപ്പേര്‍ തങ്ങളുടെ പ്രദേശത്തുനിന്നുതന്നെ വിവാഹലോചന കണ്ടെത്താന്‍ താത്പര്യപ്പെടുന്നു. പ്രാദേശികമായി ജീവിതപങ്കാളികളെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ സഭാസംവിധാനത്തിന് ഒരുക്കാവുന്നതേയുള്ളൂ. അതിനായി, വിവാഹം ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മകള്‍ കൃത്യമായ ഇടവേളകളില്‍ ഫൊറോനാതലത്തിലോ രൂപതാതലത്തിലോ നടത്തം.
കെസിവൈഎം പോലുള്ള യുവജനപ്രസ്ഥാനങ്ങള്‍ക്കും യുവജന ആനിമേറ്റേഴ്‌സായ വൈദികര്‍ക്കും സിസ്റ്റേഴ്‌സിനും ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്കാം.
പുതിയ കുടുംബങ്ങള്‍ സ്ഥാപിക്കപ്പെടട്ടെ
കുടുംബങ്ങള്‍ സ്ഥാപിക്കപ്പെടുന്നത് സഭയുടെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും നിലനില്പിനാവശ്യമാണ്. കാരണം, നല്ല കുടുംബങ്ങളില്‍നിന്നാണ് അനുഗൃഹീതരായ വൈദികരും സന്ന്യസ്തരും അല്മായരും ഉയര്‍ന്നുവരിക.