മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴിതുറക്കുമോ?
''ഈ യുദ്ധം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല, ഇത് ജയിക്കാന്‍വേണ്ടിയുള്ള യുദ്ധമാണ്. യുക്രെയ്‌നില്‍ നമ്മള്‍ ജയിക്കുകതന്നെ ചെയ്യും. ഇവിടെ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകവും നശിപ്പിച്ചേ അടങ്ങൂ.'' റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇപ്രകാരം തന്നോടു പറഞ്ഞതായി പ്രമുഖ റഷ്യന്‍ തത്ത്വശാസ്ത്രജ്ഞനും ''പുടിന്റെ തലച്ചോര്‍'' എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയുമായ അലക്‌സാണ്ടര്‍ ഡുഗിന്‍.
'പ്രത്യേക സൈനികനടപടി'യുമായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 ന് യുക്രെയ്‌നിലേക്കു പട്ടാളത്തെ അയയ്ക്കും മുമ്പ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സനെ പുടിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബി ബി സി പുറത്തിറക്കിയ പുതിയ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയതും ഡുഗിന്റെ പ്രസ്താവനയോടു ചേര്‍ത്തു വായിക്കണം: ''നിങ്ങളെ ഉപദ്രവിക്കണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമില്ല. എന്നാല്‍, മിസൈല്‍ അയച്ച് എല്ലാം നശിപ്പിക്കാന്‍ ഒരു മിനിറ്റു മാത്രം മതിയെന്നറിയാമല്ലോ?''
''ഞങ്ങള്‍ സത്യത്തോടൊപ്പം നില്ക്കുന്നവരും സ്വാതന്ത്ര്യം കാംക്ഷിക്കുന്നവരുമാണ്. ആ സ്വാതന്ത്ര്യത്തിലേക്കു പറന്നുയരാന്‍ ഞങ്ങള്‍ക്കു ചിറകുകള്‍ വേണം. ഞങ്ങള്‍ക്കുള്ള യുദ്ധവിമാനങ്ങളുടെ ദൗര്‍ലഭ്യം നിങ്ങള്‍ പരിഹരിക്കണം. യുദ്ധം ജയിക്കണമെങ്കില്‍ ധാര്‍മികതയും ഇച്ഛാശക്തിയുംമാത്രം മതിയാകില്ല. ശത്രുവിനെ കീഴടക്കാന്‍ ആയുധങ്ങളും കൂടിയേ തീരൂ.'' യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ കണ്ണീരോടെയുള്ള അഭ്യര്‍ഥനയാണിത്.
സൈനികര്‍ക്കു ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നുനല്കാന്‍ ഇടയ്ക്കിടെ യുദ്ധമുഖത്തു പ്രത്യക്ഷപ്പെടാറുള്ള സെലെന്‍സ്‌കി, യുദ്ധം തുടങ്ങിയശേഷവും പോളണ്ടിലും ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ലണ്ടനിലും ഏറ്റവുമൊടുവില്‍ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസ്സല്‍സിലും സന്ദര്‍ശനത്തിനെത്തി ഓരോ രാഷ്ട്രത്തലവന്മാരോടും ആയുധങ്ങള്‍ക്കുവേണ്ടി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. യുക്രെയ്ന്‍ അധിനിവേശത്തിന്റെ ഒന്നാംവാര്‍ഷികം അടുത്തെത്തുമ്പോള്‍ പതിന്മടങ്ങു ശക്തിയോടെയുള്ള ഒരാക്രമണത്തിന് റഷ്യ ഒരുങ്ങുന്നുവെന്ന രഹസ്യാന്വേഷണറിപ്പോര്‍ട്ടുകളാണ് കൂടുതല്‍ ആയുധങ്ങള്‍ സംഭരിക്കാന്‍ സെലെന്‍സ്‌കിയെ പ്രേരിപ്പിക്കുന്നത്. ഏതാണ്ട് 50 ഓളം രാജ്യങ്ങള്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും ടാങ്കറുകളും മിസൈലുകളും വെടിക്കോപ്പുകളും വാഗ്ദാനം ചെയ്തുകഴിഞ്ഞുവെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തില്‍പ്പോലും 30 രാജ്യങ്ങളേ യുദ്ധരംഗത്തുണ്ടായിരുന്നുള്ളൂവെന്നറിയുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വലിയ ഉത്കണ്ഠയോടെയേ വീക്ഷിക്കാനാകൂ. കീവില്‍നിന്നും ഖെര്‍സനില്‍നിന്നും ഒഡേസയില്‍നിന്നും ഖാര്‍ക്കീവില്‍നിന്നുമെല്ലാം നാണംകെട്ടു പിന്മാറിയതിന്റെ ജാള്യം മറയ്ക്കാന്‍ പുടിന്‍ ശ്രമിച്ചേക്കുമെന്നും സെലെന്‍സ്‌കി ആശങ്കപ്പെടുന്നുണ്ട്.
ആയുധക്കച്ചവടം തകൃതി
റഷ്യ-യുക്രെയ്ന്‍ യുദ്ധം മറ്റൊരു മഹായുദ്ധത്തിന്റെ പടിവാതില്ക്കലെത്തിയെന്നു തിരിച്ചറിഞ്ഞിട്ടും രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നയതന്ത്രനീക്കങ്ങള്‍ ഒരിടത്തുനിന്നും ഉണ്ടാകുന്നില്ലെന്നതു ഖേദകരമാണ്. സമാധാനപരിശ്രമങ്ങള്‍ക്ക് ഒരു നേതാവോ ഏതെങ്കിലും ഭരണനേതൃത്വമോ മുന്‍പോട്ടു വരുന്നില്ലെന്നു മാത്രമല്ല, വില്ക്കാവുന്നത്ര ആയുധങ്ങള്‍ യുക്രെയ്‌നു നല്‍കിക്കൊണ്ട് കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കു നയിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ആയുധങ്ങളുള്‍പ്പെടെ 220 ദശലക്ഷം ഡോളറിന്റെ (ഏകദേശം 17,600 കോടി രൂപ) സഹായമാണ് യു എസിന്റെ വാഗ്ദാനം. നേരത്തേ നല്‍കിയ 2720 ദശലക്ഷം ഡോളര്‍ (ഏകദേശം 2,17,600 കോടി രൂപ) സഹായത്തിനു പുറമേയാണിത്. യുദ്ധോപകരണങ്ങളും 31 അബ്രാംസ് ടാങ്കുകളും, എഫ് 16 യുദ്ധവിമാനങ്ങളും, പേട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും യുക്രെയ്‌നിലേക്ക് അയച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. 14 മിസൈല്‍വേധ 'ചലഞ്ചര്‍ 2' ടാങ്കുകളാണ് ബ്രിട്ടനില്‍നിന്ന് യുക്രെയ്‌നിലെത്തിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ 10,000 യുക്രെയ്ന്‍ സൈനികര്‍ക്ക് ആധുനികയുദ്ധോപകരണങ്ങളില്‍ പരിശീലനം നല്‍കിയതായും യു കെ യുടെ വിദേശകാര്യമന്ത്രാലയം അറിയിച്ചു. പോളണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍ തുടങ്ങിയ നാറ്റോ അംഗരാജ്യങ്ങളും യുദ്ധമേഖലയിലേക്ക് ആയുധങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. യുക്രെയ്‌നിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരുന്ന കപ്പലുകളും ചരക്കുവിമാനങ്ങളും മാത്രമല്ല, വിമാനത്താവളങ്ങളും തുറമുഖങ്ങളും സൈനികത്താവളങ്ങളും പരിശീലനകേന്ദ്രങ്ങളുമെല്ലാം ബോംബുകളിട്ടു തകര്‍ക്കുമെന്ന പുടിന്റെ ഭീഷണി നിലനില്ക്കുമ്പോഴാണ് ഇത്രയും വലിയ സൈനികസന്നാഹം നടക്കുന്നത്. യുക്രെയ്‌ന് ആയുധങ്ങള്‍ നല്കുന്ന സഖ്യരാജ്യങ്ങളിലേക്ക് ന്യൂക്ലിയര്‍ മിസൈലുകളയയ്ക്കാന്‍പോലും മടിച്ചേക്കില്ലെന്ന് പുടിന്‍ ബോറിസ് ജോണ്‍സണു നല്കിയ മുന്നറിയിപ്പും ഭയം ജനിപ്പിക്കുന്നുണ്ട്.
''പുള്ളിപ്പുലികള്‍' 'എത്തുമ്പോള്‍ തീപാറും
റഷ്യയുടെമേലുള്ള യുക്രെയ്‌ന്റെ ജയം ഉറപ്പാക്കുമെന്നു കരുതപ്പെടുന്ന ജര്‍മന്‍ നിര്‍മിത 'ഘലീുമൃറ 2' ടാങ്കുകള്‍ യുദ്ധമുഖത്തേക്കെത്തുന്നതോടെ സംഘര്‍ഷം പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കും. അപ്രതിരോധ്യം എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇത്തരം ടാങ്കുകള്‍ സഖ്യകക്ഷികളില്‍ പലര്‍ക്കും നല്‍കിയിട്ടുണ്ടെങ്കിലും യുക്രെയ്‌നിലേക്കയയ്ക്കുന്നതില്‍ ജര്‍മന്‍ ഭരണാധികാരികള്‍ വിമുഖരായിരുന്നു. തങ്ങളുടെ അനുവാദമില്ലാതെ മറ്റൊരു രാജ്യത്തിന് ഇവ കൈമാറരുതെന്ന നിബന്ധനയുമുണ്ട്. എന്നാല്‍, യു എസിന്റെയും മറ്റു നാറ്റോ അംഗരാജ്യങ്ങളുടെയും സമ്മര്‍ദത്തിനു വഴങ്ങിയ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് കഴിഞ്ഞ മാസം 25-ാം തീയതി ഘലീുമൃറ 2 ന്റെ കൈമാറ്റത്തിന് ഉത്തരവിടുകയായിരുന്നു. ജര്‍മനിയുടെ ഈ തീരുമാനത്തോടെ സഖ്യകക്ഷികളുടെ കൈവശമിരിക്കുന്ന ടാങ്കുകളും യുക്രെയ്‌നിലേക്കു കയറ്റിയയ്ക്കാനുള്ള അനുമതിയും നല്‍കി. ജര്‍മനിയില്‍നിന്ന് 14 ഉം സ്‌പെയിനില്‍നിന്നും പോളണ്ടില്‍നിന്നുമുള്ള ഏതാനും ടാങ്കുകളും യുക്രെയ്‌നിലെത്തും. പോളണ്ടിന്റെ കൈവശം 300 ഉം നാറ്റോയിലെ മറ്റൊരംഗരാജ്യമായ തുര്‍ക്കിയില്‍ 290 ഉം ലെപര്‍ഡ് 2 ടാങ്കുകളുണ്ട്. നാറ്റോ അംഗത്വത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഫിന്‍ലന്‍ഡിന്റെ കൈവശം 200 എണ്ണവുമുണ്ട്.
യൂറോപ്പിലെ ഏറ്റവും സമ്പന്നവും സൈനികശക്തിയില്‍ ഒന്നാംസ്ഥാനക്കാരുമായ ജര്‍മനി 1970 കളിലാണ് ലെപര്‍ഡ് 2 ന് രൂപം നല്കുന്നത്. യുക്രെയ്ന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത ടി 72, ടി 90 ടാങ്കുകളേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനും ശത്രുമിസൈലുകളെ കൃത്യതയോടെ തകര്‍ത്തുകളയാനും ലെപര്‍ഡ് 2-ല്‍ നിന്നയയ്ക്കുന്ന മിസൈലുകള്‍ക്കു കഴിയും. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ടാങ്കില്‍നിന്നു വിക്ഷേപിക്കുന്ന മിസൈലുകള്‍ക്ക് 500 കിലോമീറ്റര്‍ ദൂരംവരെ സഞ്ചരിക്കാനാകും. അര്‍ദ്ധരാത്രിയില്‍പ്പോലും എത്ര വിദൂരതയിലുള്ള ശത്രുമിസൈലുകളെയും ലേസര്‍ റേഞ്ച് ഫൈന്‍ഡര്‍വഴി കണ്ടെത്താനും ആകാശത്തുവച്ചുതന്നെ നശിപ്പിക്കാനും കഴിവുണ്ട്. യുക്രെയ്ന്‍ സൈനികര്‍ക്ക് പരിചിതമല്ലാത്ത ഘലീുമൃറ 2 ടാങ്കുകളുടെ പരിശീലനത്തിന് മാസങ്ങള്‍ വേണ്ടിവരുമെന്നത് റഷ്യയ്ക്ക് അനുകൂലമായ ഘടകമാണ്. 1,000 ടി 90 ടാങ്കുകളുള്ള റഷ്യയ്ക്ക് ഈ ഇടവേളയ്ക്കിടയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ അവസരം ഒരുങ്ങുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഒരു ഘലീുമൃറ 2 ടാങ്കിന് 11 ദശലക്ഷം യു എസ് ഡോളറാണ് വില (ഏകദേശം 8.80 കോടി രൂപ).
ഇതിനിടെ, യുക്രെയ്ന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം 'ആഘോഷ'മാക്കി മാറ്റാന്‍ റഷ്യ തുടക്കമിട്ടതായി വാര്‍ത്തയുണ്ട്. യുക്രെയ്ന്‍ ആസ്ഥാനമായ കീവിലും ഡോണ്‍ബാസ് മേഖലയിലെ ഡോണറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകളിലുള്ള വ്യവസായശാലകള്‍ക്കുനേരേയും ശക്തമായ ബോംബാക്രമണങ്ങളാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയത്. യുദ്ധവിമാനങ്ങളിലും ഡ്രോണുകളിലും നിന്നുള്ള റോക്കറ്റുകള്‍ വ്യാപകനാശം വിതച്ചപ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങള്‍ ഭൂഗര്‍ഭറെയില്‍വേയുടെ സ്റ്റേഷനുകളിലും ടണലുകളിലും അഭയം തേടുന്ന ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. അതോടൊപ്പം, അയല്‍രാജ്യമായ മൊള്‍ഡോവയ്ക്കു കുറുകെ ഒരു മിസൈല്‍ അമിതവേഗത്തില്‍ കടന്നുപോകുന്നതായി കണ്ടുവെന്ന് മൊള്‍ഡോവയുടെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഈ നടപടിയില്‍ പ്രകോപിതരായ മൊള്‍ഡോവ, അവിടേക്കുള്ള റഷ്യന്‍ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടതായും അറിയുന്നു. മറ്റൊരു അയല്‍രാജ്യവും നാറ്റോ അംഗവുമായ റൊമേനിയയുടെ ആകാശാതിര്‍ത്തിയിലൂടെ ഒരു മിസൈല്‍ കടന്നുപോയി എന്ന് റൊമേനിയന്‍ പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തിയതും യുദ്ധം യുക്രെയ്ന്‍ അതിര്‍ത്തി കടക്കുന്നുവെന്നതിന്റെ സൂചനയാണ്.
രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടേണ്ട ഐക്യരാഷ്ട്രസംഘടന നിഷ്‌ക്രിയമായി തുടരുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് യുക്രെയ്ന്‍ സന്ദര്‍ശിച്ചുമടങ്ങിയ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും മൗനവ്രതത്തിലാണ്. അടിയന്തരസാഹചര്യങ്ങളില്‍ ഒത്തുചേരേണ്ട ഐക്യരാഷ്ട്രസഭാസുരക്ഷാകൗണ്‍സിലും വിളിച്ചുചേര്‍ക്കുന്നില്ല. ചൈന, ഫ്രാന്‍സ്, റഷ്യ, യു കെ, യു എസ്, തുടങ്ങിയ സെക്യൂരിറ്റികൗണ്‍സിലെ 5 അംഗങ്ങള്‍ക്കും വീറ്റോ പവര്‍ ഉള്ളതാണ് പ്രധാന തടസ്സം. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1920 ല്‍ രൂപീകരിച്ച ലീഗ് ഓഫ് നേഷന്‍സും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1945 ല്‍ ജന്മംകൊണ്ട ഐക്യരാഷ്ട്രസഭയും വന്‍ശക്തിരാഷ്ട്രങ്ങളുടെ കിടമത്സരങ്ങളില്‍ നിഷ്പ്രഭമാകുന്നതും ചരിത്രനിയോഗമാകാം.