മുന്‍വര്‍ഷങ്ങളിലേതുപോലെ ഇക്കുറിയും ഫെബ്രുവരിമാസത്തെ ആദ്യ ആഴ്ചയില്‍ത്തന്നെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റുകള്‍ അവതരിപ്പിച്ചു. കോടികളുടെ കണക്കുകളും വാഗ്ദാനങ്ങളുമടങ്ങുന്ന ക്ഷേമവികസനപദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിച്ചു. റബര്‍കര്‍ഷകര്‍ക്കായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പങ്കുവച്ച പുത്തന്‍വാഗ്ദാനങ്ങള്‍ വിലത്തകര്‍ച്ചയില്‍ ജീവിതം വഴിമുട്ടി റബറിനെ കൈവിട്ടുകൊണ്ടിരിക്കുന്ന കര്‍ഷകനു കൈത്താങ്ങാവുമോ? ഇതായിരുന്നോ അതിരൂക്ഷമായ ഇന്നത്തെ റബര്‍പ്രതിസന്ധിയില്‍ കര്‍ഷകര്‍ സര്‍ക്കാരുകളില്‍നിന്നു പ്രതീക്ഷിച്ചത്? ബജറ്റുകളിലെ റബര്‍ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യാം. എന്നാലതിനെ വാനോളം പുകഴ്ത്തുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളും റബര്‍ബോര്‍ഡിലെ ഉന്നതരും റബര്‍കര്‍ഷകര്‍ നേരിടുന്ന യഥാര്‍ഥപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുകയല്ലേ?
ബജറ്റ് നിര്‍ദേശങ്ങള്‍ എന്തൊക്കെ?
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ബജറ്റുകളില്‍ റബറുമായി നേരിട്ടു ബന്ധപ്പെടുന്ന പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇവയാണ്: കേന്ദ്രസര്‍ക്കാര്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനത്തില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തും. റബര്‍ബോര്‍ഡിനു മുന്‍വര്‍ഷം അനുവദിച്ച 268.76 കോടി തുടരും. സംസ്ഥാന സര്‍ക്കാരാകട്ടെ, റബര്‍കര്‍ഷകര്‍ക്കായുള്ള വിലസ്ഥിരതാപദ്ധതി നിലവിലുള്ള 500 കോടിയില്‍നിന്ന് 600 കോടിയായി ഉയര്‍ത്തും. കൂടാതെ, 2017 ല്‍ പ്രഖ്യാപിച്ചതും ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതുമായ റബര്‍കമ്പനിക്ക് 10 കോടി രൂപ അധികമായി നല്‍കും. ഈ നിര്‍ദേശങ്ങളൊക്കെയും സ്വാഗതാര്‍ഹമാണെങ്കിലും കര്‍ഷകരുള്‍പ്പെടെ റബര്‍മേഖലയുമായി കാലങ്ങളായി ബന്ധപ്പെടുന്ന നല്ലൊരു വിഭാഗം മുഖവിലയ്ക്കെടുക്കുന്നില്ലെന്നുള്ളത് വളരെ വ്യക്തമാണ്. മുന്‍കാലങ്ങളിലേതുപോലെ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി കര്‍ഷകരെ ഇനിയും വിഡ്ഢിവേഷം കെട്ടിക്കാനാവില്ല. ആധുനികസാങ്കേതികസംവിധാനങ്ങളിലൂടെ ആഗോളവിപണിയുടെ ചലനങ്ങള്‍ വീക്ഷിക്കാനും വിലയിരുത്താനും കര്‍ഷകര്‍ വളര്‍ന്നിരിക്കുമ്പോള്‍ ബജറ്റുകളിലെ വാഗ്ദാനങ്ങളുടെ നിജസ്ഥിതിയും പ്രായോഗികതലവും വിലയിരുത്തുവാനും പ്രതികരിക്കാനും കര്‍ഷകര്‍ പഠിച്ചിരിക്കുന്നു.
കോമ്പൗണ്ട് റബര്‍ എന്ത്?
കോമ്പൗണ്ട്‌റബര്‍ പ്രകൃതിദത്ത സ്വാഭാവിക റബറിന്റെ ഇനത്തില്‍ വരുന്നില്ല. നിശ്ചിതശതമാനം പ്രകൃതിദത്തറബറില്‍, കൃത്രിമറബര്‍, കാര്‍ബണ്‍ ബ്ലാക്ക്, ഫില്ലര്‍, ക്ലേ, ഓയില്‍ തുടങ്ങി വിവിധ രാസവസ്തുക്കള്‍, സ്റ്റീല്‍ എന്നിവയൊക്കെ ചേര്‍ത്താണ് കോമ്പൗണ്ട് റബറുണ്ടാക്കുന്നത്.
എച്ച് എസ് 4005 എന്ന ഇറക്കുമതി കോഡിലുള്ള കോമ്പൗണ്ട് റബര്‍ എച്ച് എസ് 4001 ഇനത്തില്‍ വരുന്ന സ്വാഭാവികറബറിനോടൊപ്പം ഇറക്കുമതിക്കണക്കിലും വരുന്നില്ല. നിലവിലുള്ള റബര്‍ ആക്ട് പ്രകാരം റബറുത്പന്നനിര്‍മാതാക്കള്‍ക്കു ലൈസന്‍സ് കൊടുക്കുന്നത് റബര്‍ ബോര്‍ഡാണ്. ഈ നിര്‍മാതാക്കള്‍ സമര്‍പ്പിക്കുന്ന പ്രതിമാസ റിട്ടേണില്‍ സ്വാഭാവിക റബര്‍, സിന്തറ്റിക് റബര്‍, റീക്ലെയിംഡ് റബര്‍ എന്നിവയുടെ കണക്കുകളുണ്ടാവും. എന്തുകൊണ്ട് കോമ്പൗണ്ട് റബറിന്റെ കണക്കുകളില്ല എന്ന ചോദ്യം കര്‍ഷകരില്‍നിന്നുയരുമ്പോള്‍ വാണിജ്യമന്ത്രാലയവും റബര്‍ബോര്‍ഡും മുഖംതിരിച്ചിട്ടു കാര്യമില്ല.
ബജറ്റ് പ്രഖ്യാപനങ്ങള്‍ വില ഉയര്‍ത്തുമോ?
സാധാരണറബര്‍കര്‍ഷകനെ സംബന്ധിച്ചിടത്തോളം തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ആഭ്യന്തരവിപണിയില്‍നിന്നു കരകയറുകയെന്നതാണ് പ്രധാനലക്ഷ്യം. റബറിന്റെ ഉത്പാദനച്ചെലവിനനുസൃതമായി ന്യായവില ലഭ്യമാക്കണം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനത്തില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തിയതുകൊണ്ടുമാത്രം റബര്‍മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഇതിന്റെ പേരില്‍ ആഭ്യന്തര റബര്‍വിപണി
കുതിക്കുമോ? ഉയര്‍ത്തിയ ഇറക്കുമതിച്ചുങ്കത്തില്‍ തട്ടിവീണ് കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി കുറയുമോ? കേന്ദ്രസര്‍ക്കാരിന്റെ ഖജനാവില്‍ ചുങ്കമെത്തുന്നതുകൊണ്ട് കര്‍ഷകന് എന്തുനേട്ടം? ന്യായവില കര്‍ഷകനു ലഭിക്കുമോ? കേരളത്തിന്റെ വിലസ്ഥിരതാപദ്ധതിയുടെ വിതരണം ഫലപ്രദമാകുന്നുണ്ടോ?
ഇറക്കുമതിച്ചുങ്കം കേന്ദ്ര ഖജനാവിലേക്ക്
സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നതും പ്രഖ്യാപിച്ചിരിക്കുന്നതുമായ ഇറക്കുമതിച്ചുങ്കം ഒന്നാകെ കേന്ദ്രസര്‍ക്കാരിന്റെ ഖജനാവിലേക്കുള്ളതാണ്. കര്‍ഷകന് നികുതിവര്‍ദ്ധന നേട്ടമുണ്ടാക്കുമെന്ന് വാദിക്കുന്നവരാരും ഖജനാവിലെത്തുന്ന ഇറക്കുമതിനികുതിയുടെ ഒരംശമെങ്കിലും കര്‍ഷകനു വിലസ്ഥിരതാപദ്ധതിയിലൂടെ ലഭ്യമാക്കണമെന്നു പറയാത്തതെന്ത്? കോമ്പൗണ്ട്‌റബറിന്റെ ചുങ്കമുയര്‍ത്തി എന്നതിന്റെ പേരില്‍ ഇറക്കുമതി കുറയുമെന്നും ആഭ്യന്തരവിപണിയില്‍നിന്നു പ്രകൃതിദത്തറബര്‍ വാങ്ങാന്‍ വ്യവസായികള്‍ നിര്‍ബന്ധിതരാകുമെന്നും അങ്ങനെ ആഭ്യന്തരവിപണിവില കുതിക്കുമെന്നും കരുതുന്നവരുണ്ടാകാം. സാമ്പത്തികശാസ്ത്രമനുസരിച്ച് ഈ തത്ത്വം ശരിയുമാണ്. മുന്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പ്രകൃതിദത്തറബറിന്റെ ഇറക്കുമതിച്ചുങ്കം നിലവിലുണ്ടായിരുന്ന 20 ശതമാനത്തില്‍നിന്ന് 25 ശതമാന
മാക്കി ഉയര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇറക്കുമതി കുറഞ്ഞില്ലെന്നുമാത്രമല്ല, ആഭ്യന്തരവിപണിയില്‍ ഒരു കിലോ ഉണക്കറബറിന്റെ വില 100 രൂപയിലും താഴുന്ന ദയനീയസ്ഥിതിയിലേക്കു തുടര്‍നാളുകളില്‍ വിപണിയിടിഞ്ഞു. ഇക്കാരണത്താല്‍ത്തന്നെ ചുങ്കമുയര്‍ത്തിയതുകൊണ്ടുമാത്രം വിപണിവില ഉയരുമെന്നവാദം റബറിന്റെ കാര്യത്തില്‍ വിലപ്പോവില്ല.
റബര്‍ വിപണി അട്ടിമറിക്കുന്നതാര്?
ആഭ്യന്തരവിപണിയില്‍ റബറിന്റെ വില നിശ്ചയിക്കുന്നതാര്? വാണിജ്യമന്ത്രാലയമാണോ? റബര്‍ബോര്‍ഡാണോ? സംസ്ഥാന സര്‍ക്കാരാണോ? റബര്‍ ആക്ടിന്റെ 13-ാം വകുപ്പുപ്രകാരം കേന്ദ്രസര്‍ക്കാരാണോ? ഇതുവരെയുള്ള ചരിത്രം വ്യക്തമാക്കുന്നത് റബറിന്റെ വിലയും വിപണിയും നിശ്ചയിക്കുന്നത് വന്‍കിടവ്യവസായികളാണെന്നുള്ളതാണ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത പ്രകൃതിദത്തറബറിന്റെ വില നിശ്ചയിക്കുന്നതും വ്യവസായികളുത്പാദിപ്പിക്കുന്ന ടയറുള്‍പ്പെടെ റബറുത്പന്നത്തിന്റെ വിലനിശ്ചയിക്കുന്നതും വ്യവസായികളായിരിക്കുമ്പോള്‍ ഇറക്കുമതിച്ചുങ്കം കൂട്ടിയതുകൊണ്ടുമാത്രം കര്‍ഷകര്‍ക്കു ന്യായവില വിപണിയില്‍ ലഭിക്കില്ല. വ്യവസായികള്‍ നിശ്ചയിക്കുന്ന വിപണിവില പരസ്യപ്പെടുത്തുന്ന ഇടനിലക്കാരായി കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ റബര്‍ബോര്‍ഡ് അധഃപതിക്കാതെ റബര്‍നിയമത്തിന്റെ അധികാരമുപയോഗിച്ച് വിപണി നിയന്ത്രിക്കാന്‍ തയ്യാറാകാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വ്യവസായികളുടെ റബര്‍ സ്റ്റാമ്പും അടിമകളുമായി റബര്‍ബോര്‍ഡും വാണിജ്യമന്ത്രാലയവും അധഃപതിച്ചിരിക്കുമ്പോള്‍ റബര്‍കര്‍ഷകനെങ്ങനെ നീതികിട്ടും?
കേന്ദ്രത്തെ പഴിചാരി കേരളം ഒളിച്ചോടുന്നു രാജ്യത്തെ റബര്‍കൃഷിയുടെ മുഖ്യകേന്ദ്രവും ആസ്ഥാനവും കേരളമാണ്. സ്വന്തം സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാരിനുമുണ്ട്. സംസ്ഥാനമാകട്ടെ മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച 500 കോടിയുടെ വിലസ്ഥിരതാപദ്ധതി 600 കോടിയായി ഉയര്‍ത്തിയിരിക്കുന്നു. എന്നാല്‍, വര്‍ഷംതോറും പ്രഖ്യാപിച്ച കോടികളുടെ ചെറിയ ശതമാനം മാത്രമേ ഓരോവര്‍ഷവും കര്‍ഷകര്‍ക്കു ലഭിച്ചിട്ടുള്ളുവെന്നുള്ള യാഥാര്‍ഥ്യം മറച്ചുവയ്ക്കുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച 600 കോടി പ്രഖ്യാപനങ്ങള്‍ക്കപ്പുറം കര്‍ഷകരുടെ കൈകളിലെത്തിച്ചേരില്ലെന്നുറപ്പാണ്.
2016 ല്‍ റബറിന്റെ ഉത്പാദനച്ചെലവ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് 172 രൂപയാണ്. 2022 ലെത്തിയപ്പോള്‍ ഈ ഉത്പാദനച്ചെലവ് സ്വാഭാവികമായും 200 രൂപയ്ക്കു മുകളിലെത്തിയിട്ടുണ്ട്. 250 രൂപ ഒരു കിലോ റബറിന് അടിസ്ഥാനവില പ്രഖ്യാപിക്കുമെന്നുള്ള സംസ്ഥാനഭരണനേതൃത്വത്തിന്റെ പ്രകടനപത്രിക വാഗ്ദാനം കര്‍ഷകര്‍ മറന്നിട്ടില്ല. ഘട്ടംഘട്ടമായുള്ള ഈ പ്രഖ്യാപനം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വോട്ടു ലക്ഷ്യമാക്കി പ്രഖ്യാപിക്കുമായിരിക്കും. പക്ഷേ, അതുവരെ റബര്‍ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്നത്തെ വിലത്തകര്‍ച്ചയുടെ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കാവുമോയെന്ന് കണ്ടറിയണം.
കര്‍ഷകരോട് ആത്മാര്‍ത്ഥയുണ്ടോ?
കര്‍ഷകര്‍ സ്വന്തം ഭൂമിയില്‍ കൃഷിചെയ്തുത്പാദിപ്പിക്കുന്ന പ്രകൃതിദത്തറബറിനെ വ്യാവസായിക അസംസ്‌കൃതവസ്തുവായി പ്രഖ്യാപിച്ച് ലോകവ്യാപാരക്കരാറില്‍ 25 ശതമാനം ഇറക്കുമതിച്ചുങ്കം ബൗണ്ട് റേറ്റായി അംഗീകരിച്ച രാജ്യമെന്ന നിലയില്‍ പ്രകൃതിദത്തറബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് കടമ്പകളേറെയുണ്ട്. അതേസമയം, കരാറുകളുടെ പരിധിക്കുള്ളില്‍നിന്ന് ഇറക്കുമതി നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള ഒട്ടേറെ വഴികളുണ്ട്.
2000-ാമാണ്ടില്‍ വാജ്‌പേയ് സര്‍ക്കാര്‍ റബറിന്റെ വിലത്തകര്‍ച്ചയില്‍നിന്ന് ആഭ്യന്തരവിപണിയെ കരകയറ്റാന്‍ വിലസ്ഥിരതാപദ്ധതിയും തുറമുഖനിയന്ത്രണവുമേര്‍പ്പെടുത്തിയിരുന്നു. വിശാഖപട്ടണം, കല്‍ക്കട്ട തുറമുഖങ്ങളിലൂടെമാത്രം റബര്‍ ഇറക്കുമതിയെന്ന് ഉത്തരവിറക്കി. വന്‍കിട റബര്‍ വ്യവസായശാലകളുള്ള തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് ഈ തുറമുഖങ്ങളില്‍നിന്നുള്ള ചരക്കുയാത്ര കൂടുതല്‍ ചെലവ് സൃഷ്ടിക്കുന്നതുകൊണ്ട് ഇറക്കുമതി വ്യവസായികള്‍ക്ക് ആദായകരമല്ലാതെ മാറുകയും സര്‍ക്കാര്‍ സമ്മര്‍ദത്താല്‍ ആഭ്യന്തരവിപണിവില ഉയര്‍ത്താന്‍ വ്യവസായികള്‍ നിര്‍ബന്ധിതരുമായി. മോദി സര്‍ക്കാരും തുറമുഖനിയന്ത്രണമുണ്ടാക്കിയിരുന്നു. പക്ഷേ, ചെന്നൈ, ബോംബെ തുറമുഖങ്ങളിലൂടെ ഇറക്കുമതി വന്നപ്പോള്‍ വ്യവസായികള്‍ക്കാണു നേട്ടമുണ്ടായത്.
ലോകവ്യാപാരക്കരാറില്‍ ആഭ്യന്തരകര്‍ഷകരെ സംരക്ഷിക്കുന്നതിനും അനിയന്ത്രിത ഇറക്കുമതി നിയന്ത്രിക്കുന്നതിനും ഒട്ടേറെ വ്യവസ്ഥകളുണ്ട്. ആന്റി ഡംപിങ് ഡ്യൂട്ടി, സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടി, കൗണ്ടര്‍ വെയിലിങ് ഡ്യൂട്ടി എന്നിവ അവയില്‍ ചിലതുമാത്രം. വ്യാപാരക്കരാര്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ വിരട്ടുകയും ഒളിച്ചോടുകയുമല്ല, നിലവിലുള്ള കരാര്‍വ്യവസ്ഥകള്‍ ആയുധമാക്കി ഇറക്കുമതി നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാനുള്ള ആത്മാര്‍ഥസമീപനവും ആര്‍ജവവുമാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടത്. ചൈനയില്‍നിന്ന് ടയറുള്‍പ്പെടെയുള്ള റബറുത്പന്നങ്ങള്‍ ആഭ്യന്തര വിപണിയിലേക്ക് ഒഴുകിവന്നതിനെത്തുടര്‍ന്ന് ടയറുത്പന്നങ്ങളുടെ വിപണിവില കഴിഞ്ഞനാളുകളില്‍ ഇടിയാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, വ്യവസായികളെ സംരക്ഷിക്കാന്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ആന്റി ഡംപിങ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ അസംസ്‌കൃത പ്രകൃതിദത്ത റബറിന്റെ അനിയന്ത്രിത ഇറക്കുമതിക്ക് ആന്റി ഡംപിങ് ഡ്യൂട്ടിയും സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടിയും ഏര്‍പ്പെടുത്തി കര്‍ഷകനെ സംരക്ഷിക്കാന്‍ തയ്യാറാകാത്തതെന്ത്?
സ്വതന്ത്രവ്യാപാരക്കരാറുകളുടെ അടിസ്ഥാനത്തില്‍ ലാറ്റക്‌സ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 0-5 ശതമാനം ഇറക്കുമതിച്ചുങ്കമാക്കിയതുമൂലം പ്രതിസന്ധിയിലായത് ഇന്ത്യയിലെ ലാറ്റക്‌സ് അധിഷ്ഠിത ചെറുകിടവ്യവസായങ്ങളാണ്. നൂറുകണക്കിനു ലാറ്റക്സ് ഫാക്ടറികളാണ് കഴിഞ്ഞനാളുകളില്‍ പൂട്ടിപ്പോയത്. റബര്‍ ഇറക്കുമതിക്ക് പൂജ്യമല്ല 25 ശതമാനമാണ് ചുങ്കമെന്ന് അടിസ്ഥാനം സൃഷ്ടിക്കുന്നതിനും വരുംനാളുകളില്‍ ഇന്ത്യ ഏര്‍പ്പെടാനിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറുകള്‍ക്ക് 25 ശതമാനം ചുങ്കമെന്ന് വിളിച്ചറിയിക്കുന്നതിനും കേന്ദ്ര ബജറ്റ് നിര്‍ദേശം ഒരുപക്ഷേ, ഉപകരിച്ചേക്കാം. അണിയറയിലൊരുങ്ങുന്ന ഇന്ത്യ-പസഫിക് സ്വതന്ത്രവ്യാപാരക്കരാറില്‍ അമേരിക്ക മുഖ്യപങ്കാളിയായിരിക്കുമ്പോള്‍ കൃത്രിമ റബറിന്റെ നികുതിരഹിത ഇറക്കുമതിക്ക് തടയിടാന്‍ 25 ശതമാനം അടിസ്ഥാന ഇറക്കുമതിച്ചുങ്കം ഒരു ആയുധമാക്കാവുന്നതാണ്.
റബര്‍ മേഖല നിയന്ത്രിക്കുന്നതാര്?
റബര്‍വ്യവസായം മാത്രമല്ല റബര്‍ കൃഷിയും വ്യവസായികളുടെ കൈകളിലേക്ക് ഇന്നു മാറുകയാണ്. കോമ്പൗണ്ട് റബറിന് ഇറക്കുമതിച്ചുങ്കമുയര്‍ത്തുമ്പോള്‍ മറ്റെന്തെങ്കിലും നേട്ടം അതിന്റെ മറവില്‍ സര്‍ക്കാരും റബര്‍ബോര്‍ഡും വ്യവസായികള്‍ക്കു വച്ചുനീട്ടിയിട്ടുണ്ടെന്നുറപ്പാണ്. ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബറിന്റെ ഇറക്കുമതിയും കുതിച്ചുയരാനുള്ള സാധ്യതയേറെ. മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച് ചിരട്ടപ്പാല്‍ കാലക്രമേണ ഇറക്കുമതി ചെയ്തെന്നിരിക്കാം. വിലക്കുറവും ഉത്പാദനച്ചെലവും കണക്കാക്കുമ്പോള്‍ 25 ശതമാനം ഇറക്കുമതിച്ചുങ്കത്തിലും കോമ്പൗണ്ട് റബര്‍ ഇറക്കുമതി ലാഭകരമായി തുടരാനുള്ള സാധ്യതകളുണ്ട്. വടക്കുകിഴക്കന്‍ റബര്‍കൃഷിവ്യാപനത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യവസായികളുടെ താത്പര്യം മറന്ന് മുന്‍ വാണിജ്യമന്ത്രികൂടിയായ ഇന്നത്തെ കേന്ദ്രധനമന്ത്രി കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തുന്ന ഒരു പ്രഖ്യാപനം നടത്തില്ലെന്നുറപ്പ്. കോമ്പൗണ്ട് റബര്‍ ഇറക്കുമതിയുടെ വ്യക്തമായ കണക്കുകളും വിശദാംശങ്ങളും ലഭ്യമാക്കാനുള്ള സംവിധാനത്തിന്റെ അഭാവവും കര്‍ഷകരെ വലയ്ക്കുന്നുണ്ട്.
കണക്കുകളിലെ അട്ടിമറികള്‍
പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി, ഉപഭോഗം, ഉത്പാദനം കണക്കുകള്‍ റബര്‍ ബോര്‍ഡില്‍നിന്നു ലഭ്യമാണ്. എന്നാല്‍, മുന്‍വര്‍ഷങ്ങളിലെ വന്‍സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ ഈ കണക്കുകളില്‍ കൂട്ടിച്ചേര്‍ക്കുന്നില്ലെന്നുള്ള പരാതികള്‍ പല കോണുകളില്‍നിന്നുയരുന്നുണ്ട്. റബര്‍ ബോര്‍ഡ് പുറത്തിറക്കുന്ന ഇത്തരം കണക്കുകളുടെ വിശ്വാസ്യതയും ആധികാരികതയും കര്‍ഷകര്‍തന്നെ ചോദ്യം ചെയ്ത സാഹചര്യവുമുണ്ടായിട്ടുണ്ട്. വ്യവസായികളെ സംരക്ഷിക്കുവാനും വിപണിവില ഇടിക്കാനും മാത്രമായി ഉത്പാദനം കൂട്ടിയും കുറച്ചുമുള്ള ബോര്‍ഡിന്റെ ആധികാരികതയില്ലാത്ത കണക്കുകള്‍ ഇരുട്ടടിയാകുന്നത് കര്‍ഷകര്‍ക്കാണ്. കോമ്പൗണ്ട് റബറിന്റെ കാര്യത്തിലും റബര്‍ബോര്‍ഡ്, കണക്കുകള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.
കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കമുയര്‍ത്തിയതുകൊണ്ട് ആഭ്യന്തര റബര്‍വില ഉയരുമെന്ന് ചിലര്‍ വാദിക്കുമ്പോഴും അഡ്വാന്‍സ് ലൈസന്‍സ് സ്‌കീമിലൂടെ ഒരു ചുങ്കവുമില്ലാതെ റബര്‍ ഇറക്കുമതിക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുന്നത് കര്‍ഷകര്‍ കാണാതെ പോകരുത്. അതിന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃതറബറിന്റെ നിശ്ചിത ശതമാനം ഉത്പന്നമാക്കി നിശ്ചിത സമയപരിധിക്കുള്ളില്‍ കയറ്റുമതി ചെയ്താല്‍ മതിയാകും. രാജ്യാന്തരവിലയില്‍നിന്ന് ആഭ്യന്തരവിലയിടിച്ച് ഇപ്പോള്‍ സംഭരണം നടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും എന്ത് ഇടപെടല്‍ നടത്തുന്നുവെന്നതും ചോദിക്കാതെ തരമില്ല. ഒരുകിലോഗ്രാം റബറിന് നിലവിലുള്ള 140 രൂപയില്‍നിന്ന് ഏപ്രില്‍ മെയ് മാസങ്ങളില്‍ അല്പം വിലകൂടാം. അത് എല്ലാ വര്‍ഷവുമുള്ള സ്വാഭാവിക പ്രക്രിയയാണ്. മുഖ്യ റബര്‍ ഉപഭോക്താക്കളായ ചൈനയുടെ വിപണിയില്‍ വരുന്ന മാറ്റങ്ങളും ആഭ്യന്തരവിപണിയെ നിര്‍ണായകമാക്കും.
കേന്ദ്രം കണ്ണു തുറക്കുമോ?
തുറമുഖനിയന്ത്രണവും ഇറക്കുമതിച്ചുങ്കത്തിന്റെ ഒരു വിഹിതത്തില്‍നിന്ന് കര്‍ഷകര്‍ക്കായി വിലസ്ഥിരതാപദ്ധതിയും അനിയന്ത്രിത ഇറക്കുമതിക്കെതിരേ ആന്റി ഡംപിങ് ഡ്യൂട്ടിയും, ആഭ്യന്തര വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടിയും ഏര്‍പ്പെടുത്തി ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് കര്‍ഷകരെ സഹായിക്കാം. രാജ്യാന്തരവിപണിയില്‍ റബര്‍വില ഉയര്‍ന്നുനില്‍ക്കുമ്പോഴും ആഭ്യന്തര റബര്‍വിപണിയിലെ തകര്‍ച്ച കാണാതെപോകരുത്. പരിസ്ഥിതിസംരക്ഷണത്തിനായി ലഭിക്കുന്ന കാര്‍ബണ്‍ ഫണ്ടും റബര്‍കര്‍ഷകനു ലഭ്യമാക്കാനുള്ള സാഹചര്യമുണ്ടാകണം. ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കുന്ന റബറുത്പന്നങ്ങള്‍ക്കായി ഉപയോഗിക്കുന്ന അസംസ്‌കൃത റബറിന്റെ നിശ്ചിതശതമാനം ന്യായവില അഥവാ അടിസ്ഥാനവില പ്രഖ്യാപിച്ച് ഇന്ത്യയിലെ റബര്‍കര്‍ഷകരില്‍ നിന്നുമാത്രം വാങ്ങിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ കര്‍ഷകര്‍ക്കതു രക്ഷയാകും. ആസിയാന്‍ രാജ്യങ്ങളിലേതുപോലെ അടിസ്ഥാനവില നിശ്ചയിച്ച് കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ നേരിട്ട് റബര്‍ സംഭരിക്കുന്ന പദ്ധതി എന്തുകൊണ്ട് ഇന്ത്യയില്‍ നടപ്പാക്കിക്കൂടാ?
റബര്‍കര്‍ഷകരിലൂടെ സാമ്പത്തികാഭിവൃദ്ധി വരിച്ച സംസ്ഥാനവും ഭരണനേതൃത്വങ്ങളും സ്വന്തം കര്‍ഷകരെ മറക്കുന്നു. റബറധിഷ്ഠിത വ്യവസായത്തിന്റെ ആസ്ഥാനമാകേണ്ട കേരളത്തില്‍ കൈവിരലിലെണ്ണാന്‍ മാത്രം റബര്‍ ഫാക്ടറികള്‍. പലതും പൂട്ടപ്പെടുന്നു. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ അടിച്ചേല്പിച്ച് കര്‍ഷകരെ ദ്രോഹിക്കുന്നു. വിളമാറ്റകൃഷിക്കും ഫലവര്‍ഗകൃഷിക്കും വിലക്കുകള്‍ സൃഷ്ടിക്കുന്നു. കര്‍ഷകരിപ്പോള്‍ റബര്‍മാത്രമല്ല കൃഷിതന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ക്രിയാത്മകനടപടികള്‍ക്കു മുന്നോട്ടുവരാതെ കേന്ദ്ര - സംസ്ഥാന ഭരണനേതൃത്വങ്ങളും റബര്‍ബോര്‍ഡും നിരന്തരം നടത്തുന്ന അധരവ്യായാമങ്ങളും പ്രഖ്യാപനങ്ങളും റബര്‍കൃഷിയുടെ മാത്രമല്ല കാര്‍ഷികമേഖലയുടെതന്നെ ഭാവി നശിപ്പിക്കും. ലക്ഷക്കണക്കിനു കര്‍ഷകരുടെ ജീവിതത്തിനുയര്‍ത്തുന്ന വെല്ലുവിളി ജീവനെടുക്കുന്ന ദയനീയാവസ്ഥയിലേക്കു മാറും.