•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ :സുവര്‍ണജൂബിലിപ്രഭയില്‍

പാലായിലും പരിസരപ്രദേശങ്ങളിലും മികവുറ്റ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമല്ലാതിരിക്കവേ തദേശവാസികളായ രോഗികള്‍ക്ക്  ഒരു കൈത്താങ്ങാകണമെന്നത് എഫ്.സി.സി. പാലാ പ്രൊവിന്‍സിന്റെ ഒരു സ്വപ്‌നവും ബോധ്യവുമായിരുന്നു. അഭിവന്ദ്യ വയലില്‍പ്പിതാവിന്റെ പ്രോത്സാഹനവും നാട്ടുകാരുടെ പിന്തുണയും ബഹു. മദര്‍ മേരി ലിയോ, സി. പയസ് എന്നിവരുടെ ദീര്‍ഘവീക്ഷണവും കര്‍മകുശലതയും ചേര്‍ന്നപ്പോള്‍, 1973 ഫെബ്രുവരി രണ്ടാം തീയതി മരിയന്‍ മെഡിക്കല്‍ സെന്റര്‍ ജന്മംകൊണ്ടു. 30 ബെഡ്ഡുകളോടെ എളിയ രീതിയില്‍ ആരംഭിച്ച ഈ ആതുരാലയം ഇന്നു വളര്‍ന്ന് കോട്ടയം ജില്ലയിലെ പ്രമുഖ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലൊന്നായി മാറിയിരിക്കുന്നു. ആതുരസേവനത്തിന്റെ മനോജ്ഞമായ 50 വര്‍ഷം പിന്നിടുമ്പോള്‍ അകമഴിഞ്ഞ നന്ദിയോടെ ദൈവകാരുണ്യത്തെ പ്രകീര്‍ത്തിക്കുന്നു. ഒപ്പം, മരിയന്‍ സെന്ററിനെ ഇന്നത്തെ നിലയിലെത്തിക്കുന്നതിനു സ്വയം സമര്‍പ്പിച്ച മുന്‍ഗാമികള്‍ക്ക് ഹൃദയംഗമമായ പ്രണാമവും. കാലാകാലങ്ങളില്‍ മരിയന്‍ സെന്ററിനെ കൈപിടിച്ചുനടത്തിയ എല്ലാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്‌സിനെയും ആശുപത്രിയുടെ വളര്‍ച്ചയിലും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പുരോഗതിയിലും ചുക്കാന്‍പിടിച്ച അഡ്മിനിസ്‌ട്രേറ്റേഴ്‌സ്, ഡോക്‌ടേഴ്‌സ്, ജീവനക്കാരേവരെയും അത്യന്തം നന്ദിയോടും ആദരവോടുംകൂടി ഓര്‍മിക്കാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.
ആശുപത്രിയുടെ ആദ്യമാനേജരായിരുന്ന  മദര്‍ മേരി ലിയോ, തുടര്‍ന്നുവന്ന സി. പയസ്,  സി. റോമുവാള്‍ഡ്, സി. ആനി ട്രീസ, സി. ബെല്ലര്‍മിന്‍, സി. പൗളിനോസ് മരിയ, സി. ലിസാ മാര്‍ട്ടിന്‍, സി. ആന്‍ ഫെലിക്‌സ് തുടങ്ങിയ മുന്‍ പ്രൊവിന്‍ഷ്യലമ്മമാരെയും, സി. പയസ്, ഡോ. സി. ആന്‍മരിയ, സി. ജിയോ മേരി, സി. ആന്‍ ഫെലിക്‌സ്,  സി. ബെന്‍സി എന്നീ മുന്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സിനെയും നന്ദിയോടെ സ്മരിക്കട്ടെ. ഇപ്പോള്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്ന സി. ഡോ. ഗ്രേസ് മുണ്ടപ്ലാക്കല്‍ നല്‍കിവരുന്ന നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ക്കും യഥാസമയം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഞങ്ങള്‍ക്കുള്ള കടപ്പാടും നന്ദിയും പ്രത്യേകം എടുത്തുപറയുന്നു. ഈ ആശുപത്രിയില്‍ ആത്മീയതയുടെ പ്രകാശം ചൊരിഞ്ഞ എല്ലാ  ബഹു. വൈദികരെയും ഇപ്പോള്‍ ആശുപത്രിയുടെ ചാപ്ലെയിനായിരിക്കുന്ന റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേലിനെയും ആദരവോടെ ഓര്‍മിക്കുന്നു.
ആശുപത്രിയുടെ വളര്‍ച്ചയില്‍ നിര്‍ണായകപങ്കുവഹിച്ച ചീഫ് ഫിസിഷ്യന്മാരായിരുന്ന പരേതരായ ഡോ. ടി.സി. ജോസഫ് തണ്ണിപ്പാറ, ഡോ. അന്നമ്മ, ഡോ. സെബാസ്റ്റ്യന്‍ പറമുണ്ട, റിട്ടയര്‍ ചെയ്ത ഡോ. റെയ്‌നോള്‍ഡ്, സര്‍ജനും മെഡിക്കല്‍ സൂപ്രണ്ടുമായിരുന്ന ഡോ. കെ.ജെ. ജയിംസ്, ഡോ. ഏലമ്മ സ്‌കറിയ എന്നിവരുടെ  സേവനങ്ങളെ ഞങ്ങള്‍ ഏറ്റവും ആദരവോടെ കാണുന്നു. കുഷ്ഠരോഗികളെ സ്‌നേഹത്തോടെ ശുശ്രൂഷിച്ച വി. ഫ്രാന്‍സീസ് അസ്സീസിയുടെ ചൈതന്യം ഹൃദയത്തില്‍ സ്വീകരിച്ച സമര്‍പ്പിതരായ സഹോദരിമാരുടെ നിസ്വാര്‍ഥത്യാഗമാണ് ആശുപത്രിയുടെ ശക്തിയും ചൈതന്യവുമെന്ന് ആദരവോടെ തിരിച്ചറിയുന്നു. ഇന്നു വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി 45 ഡോക്ടര്‍മാരും, സിസ്റ്റേഴ്‌സും നേഴ്‌സുമാരും മറ്റുള്ളവരുമായി 450 ലധികം ആളുകളും സേവനം ചെയ്തുവരുന്നു. ഇപ്പോള്‍ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്ററായ സി. ഷേര്‍ളി ജോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു തോമസ്, നേഴ്‌സിങ് സൂപ്രണ്ട് സിസ്റ്റര്‍ ജിന്‍സി വേരനാല്‍കുന്നേല്‍, പി.ആര്‍.ഒ. സി. ബെന്‍സി, നേഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്മി എന്നിവരുടെ ശക്തമായ നേതൃത്വം ഭാവിയിലേക്കു പ്രതീക്ഷയുടെ ചിറകുകള്‍ നല്‍കുന്നു.
കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിനു രോഗികള്‍ക്ക് സൗഖ്യവും ആശ്വാസവും പകര്‍ന്ന ഈ ആതുരാലയത്തിനു പൊതുജനങ്ങളില്‍നിന്നും അഭ്യുദയകാംക്ഷികളില്‍നിന്നും ലഭിക്കുന്ന വര്‍ദ്ധിച്ച പിന്തുണയും പ്രോത്സാഹനവും ഞങ്ങള്‍ക്കു മറക്കാനാവില്ല. പൊതുജനങ്ങള്‍ക്കായി പുതിയ ചികിത്സാപദ്ധതികളും  കര്‍മപരിപാടികളും വരുംകാലങ്ങളില്‍ ഞങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പില്‍വരുത്തുമെന്ന് ഉറപ്പുനല്‍കട്ടെ. പാവപ്പെട്ടവരും സാധാരണക്കാരുമായ ആയിരങ്ങള്‍ ഇക്കാലമത്രയും ഞങ്ങളിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഞങ്ങളെന്നും പ്രതിജ്ഞാബദ്ധരാണ്.
ഇന്നോളം മരിയന്‍ സെന്ററിനെ തന്റെ കരങ്ങളാല്‍ നയിച്ച കാരുണ്യവാനായ ദൈവത്തിന്റെ കരങ്ങളില്‍ മരിയനെ വീണ്ടും സമര്‍പ്പിക്കുന്നു. ആശുപത്രിയുടെ മദ്ധ്യസ്ഥയായ പരി. അമലോദ്ഭവമാതാവിന്റെ സംരക്ഷണവും എഫ്.സി.സി. യുടെ അഭിമാനമായ വി. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യവും പ്രാര്‍ഥിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)