''സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി.'' ഈ ഗാനം കേള്‍ക്കാത്ത മലയാളികളുണ്ടോ? 1973 ല്‍ മലയാളിയല്ലാത്ത വാണിജയറാം മലയാളത്തിലേക്കു കടന്നുവന്നത് ''സ്വപ്നം'' എന്ന സിനിമയ്ക്കു പാടാന്‍വേണ്ടിയാണ്. കൈപിടിച്ചുകൊണ്ടുവന്നത് മലയാളിയല്ലാത്ത സലിന്‍ ചൗധരി. ഒ.എന്‍.വി. കുറുപ്പിന്റെ ചാരുതയാര്‍ന്ന വരികള്‍ ഒരു മലയാളിയെപ്പോലെ ഉച്ചാരണശുദ്ധിയോടെ ആലപിക്കാന്‍ കഴിഞ്ഞ വാണി, പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.
എട്ടാം വയസ്സില്‍ ആകാശവാണിയില്‍ പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച വാണി 78 വയസ്സു തികയുമ്പോള്‍ പതിനായിരക്കണക്കിനു ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞിരുന്നു. അവസാനം പുലിമുരുകന്‍ എന്ന പടത്തില്‍ പാടിയ 'മാനത്തെ മാരിക്കുഴമ്പേ' എന്ന ഭാവോജ്ജ്വലമായ ഗാനത്തിന്റെ തികവ് പറഞ്ഞറിയിക്കേണ്ട കാര്യമില്ല.
സംഗീതപ്രേമികള്‍ 'വാണിയമ്മ' എന്ന് ആരാധനയോടെ വിളിച്ചുപോരുന്ന ഇവരുടെ യഥാര്‍ഥപേര് കലൈവാണി എന്നായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ദൊരൈസ്വാമി - പത്മാവതി ദമ്പതിമാരുടെ ഒന്‍പതുമക്കളില്‍ അഞ്ചാമത്തവളാണ് കലൈവാണി. അന്വര്‍ഥമായ ആ പേരു നല്കിയത് അച്ഛന്‍ ദൊരൈസ്വാമിയാണ്. ആദ്യഗുരു, സംഗീതവിദുഷിയായിരുന്ന മാതാവ്. പിന്നീട്, കടലൂര്‍ ശ്രീനിവാസ അയ്യങ്കാരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു.
മലയാളസിനിമയുടെ പുഷ്‌കലകാലമായിരുന്ന 1970 കളിലും 80 കളിലും 90 കളിലും വെന്നിക്കൊടി പാറിച്ച് ജൈത്രയാത്ര നടത്തിക്കൊണ്ട് തെക്കേ ഇന്ത്യയില്‍ സിനിമാസംഗീതമേഖലയില്‍ ആകമാനം തെളിഞ്ഞുവിളങ്ങിയിരുന്നു വാണി ജയറാം; മലയാളത്തിന്റെ മകളായി മാറിയിരുന്നു! സ്വപ്നം സിനിമയിലെ ആലാപനം കേട്ട സംഗീതസംവിധായകര്‍ ഇരുകൈയും നീട്ടി വാണിയെ സ്വീകരിക്കുകയായിരുന്നു. 'തിരുവോണപ്പുലരിയില്‍' എന്ന ഗാനം ഇന്നും തിരുവോണനാളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഗാനമായി മാറി. സംഗീതസംവിധായകന്‍ അര്‍ജ്ജുനന്‍മാസ്റ്റര്‍ക്ക് വാനോളം ഉയരാന്‍ ആ ഒരു ഗാനംമാത്രം മതിയായിരുന്നു.
സംഗീതപഠനത്തിനുവേണ്ടി ബാങ്കുജോലി രാജിവച്ച്, ലതാമങ്കേഷ്‌കറെപ്പോലെ ബോളിവുഡ് ഗായികയാകാന്‍ ആഗ്രഹിച്ച വാണിയെത്തേടി ആദ്യാവസരം എത്തിയത് 1970 ല്‍ ആയിരുന്നു. ഗുഡ്ഡി എന്ന ഹിന്ദിചിത്രത്തില്‍ 'ബോലേരേപപ്പിഹരാ' പാടിക്കൊണ്ട് വാണി ബോളിവുഡ്ഡില്‍ തുടക്കം കുറിച്ചു. പിന്നീടുള്ള സംഗീതയാത്രയില്‍ മാതൃഭാഷയായ തമിഴിലും, തെലുങ്ക്, മറാഠി, കന്നട, ഹിന്ദി, മലയാളം ഭാഷകളിലുമായി പതിനായിരത്തിനുമേല്‍ ഗാനങ്ങള്‍ ആലപിച്ച വാണിയെ മൂന്നുതവണ ദേശീയപുരസ്‌കാരവും അവസാനം പദ്മഭൂഷണും നല്കി രാജ്യം ആദരിച്ചു.
ബാങ്കുദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് ജയറാം അദ്ദേഹത്തിന്റെ ജോലി രാജിവച്ച് വാണിയുടെ സംഗീതത്തിന്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. മൂന്നുവര്‍ഷംമുമ്പ് അദ്ദേഹം അന്തരിച്ചപ്പോള്‍ വാണി ഒറ്റയ്ക്കായി. അനന്തരാവകാശികള്‍ ഇല്ല. 78-ാം വയസ്സില്‍ ഫെബ്രുവരി 4 ന് ആ മധുരശബ്ദം അനന്തതയില്‍ ലയിച്ചു.
പാടി മതിവരാതെ മണ്‍മറഞ്ഞ വാണിജയറാമിന്റെ തിരോധാനമറിഞ്ഞ്, അവരെ കേട്ടു മതിവരാത്ത ആരാധകവൃന്ദത്തിന്റെ ദുഃഖമാണ് രാജ്യമെങ്ങും. അവര്‍ പാടി ഹരംകൊള്ളിച്ച പാട്ടുകളുടെ ലിസ്റ്റ് എഴുതാന്‍ ഇടംപോരാ. എങ്കിലും മറക്കാനാവാത്ത ചില പാട്ടുകള്‍ കുറിക്കാം. ആദ്യകാലത്ത് പാടിയ 'സൗരയൂഥത്തില്‍', 'തിരുവോണപ്പുലരിയില്‍', 'വാല്‍ക്കണ്ണെഴുതി', 'നാടന്‍പാട്ടിലെ മൈന', 'ആഷാഢമാസം', 'ഓലഞ്ഞാലിക്കുരുവീ', 'പൂക്കള്‍ പനിനീര്‍', 'നാദാപുരംപള്ളിയിലെ', 'ധുംതനധുംതന', 'മാനത്തെ മാരിക്കുറുമ്പേ...
വാണിജയറാമിനെക്കുറിച്ച് എഴുതാനിനിയും ധാരാളം. അവരുടെ ഹോബിയെക്കുറിച്ച്, മറ്റു ഗായകരുമായുള്ള ബന്ധത്തെക്കുറിച്ച്, സംഗീതസംവിധായകരുമായുള്ള അടുപ്പത്തെക്കുറിച്ച്... വിസ്തരഭയത്താല്‍ നിര്‍ത്തുന്നു.
ഏതോ ജന്മകല്പനയില്‍ ഏതോ ജന്മവീഥികളില്‍ എവിടെയോ മാറിനില്ക്കുന്ന ആ സംഗീതതാരകത്തെ നമുക്കിനി മനസ്സില്‍ സൂക്ഷിക്കാം.