•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ഗീതു: ബാസ്‌കറ്റ്‌ബോളില്‍ റോള്‍ മോഡല്‍

സ്‌ട്രേലിയയിലെ ബിഗ്‌ഫൈവ് സെക്കന്‍ഡ് ഡിവിന്‍ഷന്‍ ലീഗില്‍ 2008 ലെ ഏറ്റവും മൂല്യമുള്ള താരം ഗീതു അന്ന ജോസ് ആയിരുന്നു. റിങ്‌വുഡ് ഹോക്ക്‌സിനു കളിക്കുമ്പോഴായിരുന്നു ഈ നേട്ടം. പക്ഷേ, സമ്മാനം ലഭിക്കുംമുമ്പ് ഗീതുവിനു നാട്ടിലേക്കു മടങ്ങേണ്ടിവന്നു. ഒന്‍പതു വര്‍ഷം കടന്നുപോയി. 2017-18 ല്‍ ഹോക്ക്‌സ് ടീം കേരളം സംഘടിപ്പിച്ച ഹൂപ്പത്തണില്‍ പങ്കെടുക്കാന്‍ എത്തി. ടീമിന്റെ പരിശീലകന്‍ വന്നത് ഗീതുവിനു ലഭിച്ച സമ്മാനവുമായിട്ടാണ്. അദ്ദേഹം അത് ഗീതുവിനു കൈമാറി. ടിം മോട്ടിന്‍ എന്ന പരിശീലകന്‍ തന്റെ ശിഷ്യയ്ക്കു ലഭിച്ച സമ്മാനം ഒന്‍പതുവര്‍ഷം സൂക്ഷിച്ചു. ഒരു ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരിയുടെ മൂല്യമെന്തെന്ന് ആ പരിശീലകന്‍ മനസ്സിലാക്കി. ഒരുപക്ഷേ, ആ സമ്മാനം കൈമാറിയപ്പോള്‍ ഗീതുവിനെക്കാള്‍ സന്തോഷിച്ചത് ടിം മോട്ടിന്‍ ആയിരുന്നിരിക്കണം.

ഗീതു അന്നാ ജോസ് എന്ന  ബാസ്‌കറ്റ്‌ബോള്‍ കളിക്കാരിയുടെ മികവോ മൂല്യമോ മനസ്സിലാക്കാന്‍ ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് കേരളത്തിന് ഇനിയും കഴിഞ്ഞിട്ടുണ്ടോ? തമിഴ്‌നാട്ടില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയിട്ടും ഈ  റെയില്‍വേതാരത്തെ കേരളം കണ്ടതായി ഭാവിച്ചില്ല. ജിമ്മി ജോര്‍ജ് അവാര്‍ഡും അര്‍ജുന അവാര്‍ഡും ലഭിച്ച കളിക്കാരിയെ സ്വന്തം സംസ്ഥാനം ഇനിയും അംഗീകരിച്ചിട്ടില്ല.
കോട്ടയം കൊല്ലാട് പുളിക്കല്‍ ജോസിന്റെ പുത്രി ഗീതു കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലും ചങ്ങനാശേരി അസംപ്ഷന്‍ കോളജിലും പഠിച്ചാണ് ഇന്ത്യന്‍ താരമായത്. 12 ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ 10 കിരീടങ്ങള്‍ ഉള്‍പ്പെടെ 12 മെഡല്‍. ഒരു വെള്ളി, ഒരു വെങ്കലം. കേരളത്തിനു കളിച്ചപ്പോഴായിരുന്നു മൂന്നാം സ്ഥാനം. ദേശീയ ഗെയിംസില്‍ രണ്ടു തവണ തമിഴ്‌നാട് ടീമിലൂടെ സ്വര്‍ണം. ഫെഡറേഷന്‍ കപ്പില്‍ 2012 ല്‍ കിരീടം. രണ്ടുതവണ ദക്ഷിണ റെയില്‍വേയ്ക്കായി രണ്ടാംസ്ഥാനം.
ഇതൊക്കെ  സാധാരണ നേട്ടം മാത്രം. യഥാര്‍ഥത്തില്‍ ഗീതുവിലെ ബാസ്‌കറ്റ്‌ബോള്‍ താരത്തെ വിലയിരുത്തേണ്ടത് മേല്‍പ്പറഞ്ഞ നേട്ടങ്ങളുടെ പേരിലല്ല. വിദേശക്ലബിനുവേണ്ടി ബാസ്‌കറ്റ്‌ബോള്‍ കളിച്ച ആദ്യ ഇന്ത്യക്കാരിയാണ് ഗീതു അന്ന ജോസ്. പ്രഫഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ് കളിച്ച പ്രഥമ ഇന്ത്യന്‍ വനിതയും ഗീതുതന്നെ. നമ്മള്‍ പലപ്പോഴും പല നേട്ടങ്ങളിലും 'ആദ്യമലയാളി'എന്നു വിശേഷിപ്പിക്കാറുണ്ടല്ലോ.  ആദ്യമലയാളിയില്‍നിന്ന് ആദ്യ ഇന്ത്യക്കാരിയിലേക്കുള്ള ദൂരം എത്രയെന്നുകൂടി ഓര്‍ക്കണം.
2006 ജൂലൈയിലാണ് ഗീതു ആദ്യമായി ഓസ്‌ട്രേലിയയിലെ റിങ്‌വുഡ് ടീമില്‍ കളിച്ചത്. ആ മാസംതന്നെ 'പ്‌ളെയര്‍ ഓഫ് ദ് മന്ത്' ആയി. ജൂലൈയില്‍ മാത്രം നാലു മത്സരങ്ങള്‍ ജയിച്ച റിങ് വുഡിന്റെ ടോപ് സ്‌കോററും മിക്കവാറും ഈ മലയാളിതാരമായിരുന്നു. അതിനുമുമ്പ്, 2002 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ബാസ്‌കറ്റ്‌ബോളിലൂടെ ഇന്ത്യന്‍ ടീമില്‍ എത്തിയ ഗീതു താമസിയാതെ, ഇന്ത്യന്‍ സീനിയര്‍ താരമായി; ടീമിന്റെ തുറുപ്പുചീട്ടുമായി. 2013 ല്‍ ഖത്തറില്‍ ഫിബ ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ച ഗീതു മികച്ച കളിക്കാരിയുമായി. നേരത്തേ 2010 ല്‍ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്നു.
ചൈനീസ് തായ്‌പേയില്‍ 2011 ലൂം 12 ലൂം നടന്ന വില്യം ജോണ്‍സ്‌കപ്പ്, മലേഷ്യയില്‍ നടന്ന ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ്, ന്യൂസിലന്‍ഡില്‍ നടന്ന സൗഹൃദമത്സരങ്ങള്‍ തുടങ്ങി രാജ്യാന്തരതലത്തില്‍ ഗീതു ഒട്ടേറെത്തവണ ഇന്ത്യന്‍ ടീമില്‍ കളിച്ചു. കോര്‍ട്ടില്‍ തന്റെ 184 സെ.മീ. ഉയരം പൂര്‍ണമായും പ്രയോജനപ്പെടുത്തിയ ചരിത്രമാണ് ഗീതുവിന്റേത്. 2006 ല്‍ മെല്‍ബന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂല്യമുള്ള താരമായത് ശ്രദ്ധേയനേട്ടമാണ്. ടീമായി ഇന്ത്യയ്ക്കു തിളങ്ങാന്‍ കഴിയാതെവന്നതാണ് ഗീതുവിന്റെ നേട്ടം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോയതിനു കാരണം.
ആറുതവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഗീതു 2012 ലും 13 ലും ഏഷ്യന്‍ ബീച്ച് ബാസ്‌കറ്റ്‌ബോളില്‍ ഇന്ത്യയെ സ്വര്‍ണമണിയിച്ചു. നേരത്തേ 2007 ല്‍ ദക്ഷിണ കൊറിയയില്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ഡിവിഷനില്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. ചരിത്രത്തില്‍ ആദ്യമായി എലീറ്റ് ഡിവിഷനില്‍ കളിക്കാന്‍ ഇന്ത്യ യോഗ്യത നേടിയത് അന്നാണ്. 2009 ല്‍ ചെന്നൈയില്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍നായികയായിരുന്നു. ഇതേ വര്‍ഷം ഒക്‌ടോബറില്‍, രാജ്യാന്തര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്റെ (ഫിബ) റാങ്കിങ്ങില്‍ ഏഷ്യയില്‍ ഒന്നാമതെത്തി. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍വനിതാതാരം.
നൂറിലേറെ രാജ്യാന്തരമത്സരങ്ങളുടെ അനുഭവസമ്പത്ത് ഗീതുവിനു സ്വന്തം. രാഹുല്‍ എം. കോശിയാണ് ഭര്‍ത്താവ്. മക്കള്‍: ആര്യന്‍, ആരാധന. തിരുവനന്തപുരത്തു താമസിക്കുന്ന ഗീതുവിന് സംസ്ഥാനം കാര്യമായ ബഹുമതികളൊന്നും നല്‍കിയിട്ടില്ല. പദ്മപുരസ്‌കാരങ്ങളിലും ഗീതു തഴയപ്പെട്ടു. ബാസ്‌കറ്റ് ബോളില്‍ ഇന്ത്യയ്ക്ക് എടുത്തപറയത്തക്ക രാജ്യാന്തരനേട്ടങ്ങള്‍ ഇല്ലാത്തതാണ് ഇതിനു കാരണമെന്നു വാദിക്കാം. പക്ഷേ, നേട്ടങ്ങളില്‍ ഗീതുവിനു പിന്നിലുള്ള രണ്ട് ബാസ്‌കറ്റ് ബോള്‍ താരങ്ങള്‍ പദ്മശ്രീ നേടിയെന്ന് ഓര്‍ക്കണം. ഇതര സംസ്ഥാനങ്ങളാണോ ദേശീയ ഫെഡറേഷനാണോ അവര്‍ക്കായി വാദിച്ചതെന്നു വ്യക്തമല്ല.
ജിമ്മി ജോര്‍ജിനും ടി.സി. യോഹന്നാനും സുരേഷ് ബാബുവിനുമൊന്നും പദ്മശ്രീ കിട്ടിയിട്ടില്ലെന്നു വാദിക്കാം. പക്ഷേ, അത് അടുത്ത തലമുറയെ അവഗണിക്കാന്‍ കാരണമല്ല. യു.എസ്. ലീഗില്‍ കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഗീതു. രാജ്യത്തിനു പുറത്ത് പല അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ പ്രായോജകരെ കിട്ടാതെ ഗീതു വിഷമിച്ചത് ഓര്‍ക്കുന്നു. ഈ കളിക്കാരിയിലെ പ്രതിഭ പൂര്‍ണമായി കണ്ടെത്താന്‍ നമ്മള്‍ വഴിയൊരുക്കിയില്ല. അഥവാ പ്രഫഷണലിസം ഇന്നും നമ്മള്‍ വാക്കുകളില്‍ ഒതുക്കുന്നു. ലീലാമ്മ തോമസ് 1982 ല്‍ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കു കളിച്ചപ്പോള്‍, ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമിലെത്തിയ ആദ്യ മലയാളിവനിതയായി അവര്‍. പിന്നീട് പ്രസന്നകുമാരി ഇന്ത്യന്‍ വനിതാ ടീമില്‍ ഏറെ തിളങ്ങി. അഞ്ചുതവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രസന്നകുമാരി ഇന്ത്യയ്ക്കു വേണ്ടി കളിച്ചു. മോളി ബെനഡിക്ട്, മോളി അഗസ്റ്റിന്‍, റെന്നി വിന്‍സെന്റ്, എമിലി, ഷീലാമ്മ തുടങ്ങി ഏതാനും താരങ്ങള്‍കൂടി ഗീതുവിനു മുമ്പേ ഇന്ത്യയ്ക്കു വേണ്ടി കളിച്ചു. അവരാരും വിദേശത്ത് പ്രഫഷണല്‍ ലീഗില്‍ കളിച്ചില്ല. ഗീതുവിന്റെ കുതിപ്പ് മലയാളി താരനിരയെ ത്തന്നെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചു. പി.ജി. അഞ്ജന, പി.എസ്.ജീന, കെ. എസ്. പൂജാമോള്‍, ആര്‍.കെ. സ്മൃതി, സ്റ്റെഫി നിക്‌സണ്‍... ആ നിര നീളുകയാണ്. പ്രഫഷണല്‍തലത്തില്‍ ഗീതുവിന് കൂടുതല്‍ അവസരങ്ങള്‍ തുറന്നു കിട്ടിയിരുന്നെങ്കില്‍ പിന്‍തലമുറയും ആ വഴിക്കു തിരിഞ്ഞേനെ.
ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ് ബോളിനെ അമച്വര്‍ തലത്തില്‍നിന്ന് പ്രഫഷണല്‍ തലത്തിലേക്കു കൊണ്ടുവന്ന താരമായിട്ടാകും ചരിത്രം ഗീതു  അന്ന ജോസിനെ രേഖപ്പെടുത്തുക. അതാണ് കേരളം ഇനിയും മനസ്സിലാക്കേണ്ടത്. ഗീതുവിനെ റോള്‍മോഡല്‍ ആയി കാണണം. ഒരു തലമുറയെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ ഗീതുവിനു കഴിയും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)