•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ലൂര്‍ദില്‍ വിരിഞ്ഞ പരിമളകുസുമം

ആഗോളസഭ ഫെബ്രുവരി 11 ലൂര്‍ദ്മാതാവിന്റെ ദിനമായി ആചരിക്കുന്നു

ആദിമസഭ മുതല്‍ ആധുനികസഭവരെയുള്ള രണ്ടായിരം വര്‍ ഷത്തെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ പരിശുദ്ധ മറിയം മനുഷ്യകുലത്തിന്റെ സംരക്ഷകയായി നേതൃത്വം കൊടുക്കുകയും നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അനേകം സംഭവങ്ങള്‍ നമുക്കു കാണാം. ഈശോ തന്റെ അമ്മയെ സകലര്‍ക്കുമുള്ള അമ്മയായി നല്‍കിക്കൊണ്ടാണ്, ''എല്ലാം പൂര്‍ത്തിയായിരിക്കുന്നു'' എന്ന മരണമൊഴിയോടെ ജീവന്‍ വെടിഞ്ഞത്. ആ നിമിഷംമുതല്‍ മാനവരാശി മുഴുവനെയും അവള്‍ തന്റെ മാതൃത്വത്തോടുചേര്‍ത്ത് തന്റെ ഹൃദയത്തില്‍ ഏറ്റുവാങ്ങി. പിന്നീടു നടന്ന സംഭവങ്ങള്‍ക്കെല്ലാം വിശുദ്ധ ഗ്രന്ഥം സാക്ഷിയാണ്. തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ത്തണച്ചു പരിപാലിക്കുന്നതുപോലെ അവള്‍ തന്റെ മക്കള്‍ക്ക് കാവലും കരുതലുമായി നിലകൊള്ളുന്നു.
മക്കളോടുള്ള നിസ്സീമമായ സ്‌നേഹംകൊണ്ടു വീര്‍പ്പുമുട്ടുമ്പോഴെല്ലാം അവള്‍ സ്വര്‍ഗത്തില്‍നിന്നു ഭൂമിയിലേക്കു വിവിധ രൂപത്തിലും ഭാവത്തിലും കാലോചിതമായ സന്ദര്‍ശനങ്ങള്‍ക്കായി ഇറങ്ങിവരികയും അദ്ഭുതങ്ങളും അടയാളങ്ങളും സന്ദേശങ്ങളുമായി സ്പര്‍ശന - ദര്‍ശനഭാഗ്യം നല്‍കി തിരികെപ്പോകുകയും ചെയ്യുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി മുന്നൂറോളം മരിയന്‍ദര്‍ശനങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഒന്‍പതോളം പ്രത്യക്ഷീകരണങ്ങളാണ് കത്തോലിക്കാസഭയുടെ അംഗീകാരത്തിലുള്ളത്. അതില്‍ പ്രഥമസ്ഥാനം ഫ്രാന്‍സിന്റെ തെക്കുകിഴക്കന്‍ ഭാഗത്തായി സ്ഥിതിചെയ്യുന്ന ലൂര്‍ദ് എന്ന മരിയന്‍തീര്‍ത്ഥാടനകേന്ദ്രത്തിനാണ്. പ്രത്യക്ഷപ്പെടുന്ന സ്ഥലനാമങ്ങളാല്‍ അവര്‍ കാലമെങ്ങും അറിയപ്പെടുന്നെങ്കിലും എല്ലാം ഒരാള്‍തന്നെ. മരിയന്‍ദര്‍ശനങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് ആണ്ടുവട്ടത്തിലെ മുഴുവന്‍ ദിനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള വിവിധ ദൈവാലയങ്ങളില്‍ പരിശുദ്ധ ദിവ്യജനനിയുടെ തിരുനാളുകള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നുവെന്നത് അവളുടെ മഹിമപ്രതാപത്തെയും മക്കളോടുള്ള കനിവാര്‍ന്ന സ്‌നേഹത്തെയും വിളിച്ചറിയിക്കുന്നു.
ലൂര്‍ദ് എന്ന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം ഇന്ന് ഭുവനപ്രസിദ്ധമാണ്. ഫ്രാന്‍സിലുള്ള ലൂര്‍ദ് എന്ന ചെറുഗ്രാമത്തില്‍ ഒരു ദരിദ്രകുടുംബത്തില്‍പ്പെട്ട ഫ്രാങ്കോ സുബറീസ് - ലൂയിസ ദമ്പതിമാര്‍ക്ക് 1844 ജനുവരി ഒമ്പതിന് ഒരു പെണ്‍കുഞ്ഞ് ഭൂജാതയായി. മാതാപിതാക്കള്‍ ബര്‍ണദീത്ത എന്ന് അവള്‍ക്കു പേരിട്ടു. കുഞ്ഞുനാള്‍മുതല്‍ ആന്തരികതലത്തില്‍ അനിതരസാധാരണമായ ചില സ്വഭാവസവിശേഷതകള്‍ അവളില്‍ സദാ വിളങ്ങിയിരുന്നു. അവളുടെ ആത്മീയതേജസ്സിനു മാറ്റുകൂട്ടാന്‍ തികഞ്ഞ വിനയവും വിധേയത്വവും ലാളിത്യവും സഹായകമായി. പരിത്യാഗത്തിന്റെയും പ്രായത്തിന്റെയും കഠിനപാഠങ്ങള്‍ ഈ ദരിദ്രബാലിക സ്വായത്തമാക്കിയിരുന്നു. എന്നിരുന്നാലും, ബാഹ്യതലങ്ങളില്‍ എല്ലാക്കാര്യങ്ങളിലും മറ്റു പെണ്‍കുട്ടികളെക്കാള്‍ അവള്‍ പിന്നാക്കമായിരുന്നു. മാത്രമല്ല, നന്നേ ചെറുപ്പത്തില്‍ത്തന്നെ അവളെ  ആസ്ത്മാരോഗവും പിടികൂടിയിരുന്നു. ദൈവത്തെ ആഴത്തില്‍ സ്‌നേഹിക്കുന്നവര്‍ക്കു ലഭിക്കുന്ന ഓഹരിയാണ് സഹനങ്ങളെന്നു ഗ്രഹിക്കാനുള്ള ജ്ഞാനം അവള്‍ക്കില്ലായിരുന്നു. എങ്കിലും ഒന്നവള്‍ക്കറിയാമായിരുന്നു; ദൈവത്തെ സ്‌നേഹിക്കുന്നതിന് ബലഹീനതകളോ കുറവുകളോ രോഗങ്ങളോ ഒന്നും തടസ്സമല്ല എന്ന പരമാര്‍ഥം.
ഒരുനാള്‍ രോഗിണിയായ ബര്‍ണദീത്തയും അനുജത്തിയും ഒരു കൂട്ടുകാരിയുമൊത്ത് വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയി. മലമുകളില്‍നിന്ന് ഒഴുകിവരുന്ന ഒരു അരുവി അവര്‍ക്ക് കുറുകെക്കടക്കേണ്ടിയിരുന്നു. ബര്‍ണദീത്ത അരുവി കടക്കാനാവാതെ അവിടെത്തന്നെ നിലയുറപ്പിച്ചു. അപ്പോള്‍ അവളുടെ ചുറ്റും ഒരു കുളിര്‍ക്കാറ്റ് വീശുന്നതായി അനുഭവപ്പെട്ടു. മാത്രമല്ല, വെട്ടിത്തിളങ്ങുന്ന വെള്ളവസ്ത്രവും നീലനിറത്തിലുള്ള അരക്കെട്ടും ശോഭയാര്‍ന്ന ശിരോവസ്ത്രവും ഒരു സ്വര്‍ണവര്‍ണമുള്ള ജപമാലയും കൈയിലേന്തി സുന്ദരിയായ സ്ത്രീ നില്‍ക്കുന്നു. സ്ത്രീയുടെ കാല്ച്ചുവട്ടില്‍ ദീപ്തമായ  രണ്ട് പനിനീര്‍പ്പൂക്കള്‍ തട്ടിക്കളിക്കുന്നതു കണ്ടു. ഇതെല്ലാം ഇമവെട്ടാതെ നോക്കിനിന്ന ബര്‍ണദീത്ത ഒരു അദൃശ്യശക്തി ലഭ്യമായതുപോലെ മുട്ടിന്മേല്‍നിന്ന് ജപമാല ചൊല്ലാന്‍ തുടങ്ങി. ആ സുന്ദരിയായ സ്ത്രീ അവളോടൊപ്പം ചുണ്ടുകള്‍ ചലിപ്പിക്കുകയും ത്രിത്വസ്തുതി ചൊല്ലുകയും ചെയ്തു. ഈ ദര്‍ശനം നടക്കുന്നത് 1850 ഫെബ്രുവരി 11-ാം തീയതിയാണ്.  നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ആ സ്ത്രീ അപ്രത്യക്ഷയായി. ബര്‍ണദീത്തയ്ക്കു വീണ്ടും വീണ്ടും ആ സ്ത്രീയെ കാണണമെന്ന ആഗ്രഹം ശക്തമായി. അവളുടെ ഹിതംപോലെ അവിടെയുള്ള ഒരു ഗുഹയില്‍ പതിനെട്ടു പ്രാവശ്യം അവള്‍ക്ക് ദര്‍ശനഭാഗ്യം ലഭ്യമായി.
രണ്ടാമത്തെ ദര്‍ശനത്തില്‍ ആ സ്ത്രീ പറഞ്ഞു: രണ്ടാഴ്ചത്തേക്കു നീ ഇവിടെ വരണമെന്ന് ഞാനാഗ്രഹിക്കുന്നു. അവള്‍ കൂട്ടിച്ചേര്‍ത്തു: നീ ഈ ലോകത്തില്‍ നിറഞ്ഞ സൗഭാഗ്യവതിയായിരിക്കുന്നുവെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ, വരാനിരിക്കുന്ന ലോകത്തില്‍ നീ ഭാഗ്യവതിയാകും. എട്ടാമത്തെ ദര്‍ശനത്തില്‍ അതീവദുഃഖത്തില്‍ സ്ത്രീ പറഞ്ഞു: പ്രായശ്ചിത്തം ചെയ്യുക, പ്രായശ്ചിത്തം ചെയ്യുക. പാപികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. ബര്‍ണദീത്ത തലയാട്ടി സമ്മതം മൂളുകമാത്രം ചെയ്തു. ഒമ്പതാമത്തെ ദര്‍ശനദിനമായ ഫെബ്രുവരി 25 ന് ആ സ്ത്രീ ബര്‍ണദീത്തായോടു പറഞ്ഞു: നീരുറവയില്‍നിന്നു പാനം ചെയ്യുക. ദേഹം കഴുകുക. അവിടെക്കാണുന്ന സസ്യങ്ങള്‍ ഭക്ഷിക്കുക. അവള്‍ നാലുപാടും നോക്കിയിട്ട് ഒന്നും കാണായ്കയാല്‍ ഗേവ് നദിയുടെ തീരത്തേക്കു നടന്നുതുടങ്ങിയപ്പോള്‍  ആ സ്ത്രീ അവളെ തിരികെവിളിച്ച് കൈചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: ആ മണ്ണ് ഇളക്കിനോക്കൂ. ബര്‍ണദീത്ത അതനുസരിച്ച് മണ്ണിളക്കിയപ്പോള്‍ ഉറവപൊട്ടിയൊഴുകി. അവള്‍ ആ ചെളിവെള്ളം കുടിക്കുകയും ദേഹം കഴുകുകയും ചെയ്തു. സസ്യങ്ങളും ഭക്ഷിച്ചു. ഈ നാളുകളിലെല്ലാം പരിഭ്രാന്തരായ ജനങ്ങള്‍ മാത്രമല്ല അവളുടെ മാതാപിതാക്കളും ഇടവകവികാരിവരെയും അവള്‍ക്ക് ചിത്തഭ്രമം പിടിപെട്ടതായി തെറ്റിദ്ധരിച്ചിരുന്നു. ആ ഉറവയിങ്കലേക്ക് ജനം ഒഴുകിയെത്തി. ആ ചെളിവെള്ളത്തില്‍ കഴുകിയപ്പോള്‍ ഒരു അന്ധനു കാഴ്ച തിരികെ ലഭിച്ചു. ഒരു സ്ത്രീയുടെ തളര്‍ന്ന കൈ സുഖപ്പെട്ടു. പിന്നീടങ്ങോട്ട് അനുദിനം അദ്ഭുതങ്ങളും രോഗശാന്തികളും നിത്യസംഭവമായി.
ഭരണാധികാരികളും പോലീസും ഇടപെട്ട് ബര്‍ണദീത്തയെ ഭീഷണിപ്പെടുത്തുകയും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, അവള്‍ ഭയപ്പെട്ടില്ല. സംയമനം പാലിച്ചു. അതിസ്വാഭാവികമായ ഒരാത്മബലം അവളില്‍ നിലനിന്നിരുന്നു. മാര്‍ച്ച് 25-ാം തീയതി രാവിലെ ഒരു ആന്തരികപ്രേരണയാലേ ഉണര്‍ന്നെണീറ്റ ബര്‍ണദീത്ത ആ ഉറവയിലേക്കു പോയി. അവിടെ അവളെക്കാത്ത് ആ സ്ത്രീയുണ്ടായിരുന്നു. ''അല്ലയോ സ്ത്രീ, നീ ആരാണെന്ന് എന്നോടു ദയവായി പറയുക.'' മൂന്നുപ്രാവശ്യം ചോദിച്ചിട്ടും മറുപടി കിട്ടിയില്ല. നാലാംപ്രാവശ്യം അവര്‍ പറഞ്ഞു: ''ഞാന്‍ അമലോദ്ഭവയാണ്.'' ആര്‍ദ്രമായ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ആ സ്ത്രീ അപ്രത്യക്ഷയായി. ജൂലൈ 16 ന് കര്‍മലമാതാവിന്റെ തിരുനാളിനാണ് അവള്‍ക്ക് അവസാനമായി ദര്‍ശനം ലഭിച്ചത്. ഈ നാളുകളില്‍ അവള്‍ക്കു ലഭിച്ച സ്വര്‍ഗീയാനുഭവങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് തന്റെ ജീവിതം ദൈവോന്മുഖമായി മാത്രം കഴിച്ചുകൂട്ടാന്‍ ആഗ്രഹിക്കുകയും അതിനായി അവള്‍ നോട്ടര്‍ഡാം സിസ്റ്റേഴ്‌സിന്റെ സഭയില്‍ ചേരുകയും ചെയ്തു. ലൂര്‍ദ്ദിനോടു വിടപറഞ്ഞെങ്കിലും തന്നെ ഏല്പിച്ച ദൗത്യമെല്ലാം അവള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഉറവയോടു ചേര്‍ന്ന് ഒരു ഗ്രോട്ടോ പണിയണമെന്നും ജപമാലപ്രദക്ഷിണവും ദിവ്യകാരുണ്യപ്രദക്ഷണിവും നടത്തണമെന്നുമുള്ള ദൗത്യവും അവള്‍ മേലധികാരികളിലൂടെ പൂര്‍ത്തിയാക്കി. ദൈവാലയശുശ്രൂഷയും രോഗീപരിചരണവും പ്രാര്‍ഥനയും തപശ്ചര്യകളുമായി കന്യകാലയത്തില്‍ കഴിഞ്ഞുകൂടവേ 1879 ഏപ്രില്‍ 16-ാം തീയതി ക്ഷയരോഗബാധിതയായി അവള്‍ ഈ ലോകത്തോടു വിടപറഞ്ഞു. ഇന്നും അവളുടെ ശരീരം അഴുകാതെ ഇരിക്കുന്നു.
ആഗോളസഭ ഫെബ്രുവരി 11 ന് ലൂര്‍ദുമാതാവിന്റെ ദിനമായി ആചരിക്കുന്നു. അതോടൊപ്പം, ലോകരോഗീദിനമായും ആചരിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ക്രൈസ്തവലോകത്തോട് ആഹ്വാനം ചെയ്തതും സ്മരണീയമാണ്. ബര്‍ണദീത്തായ്ക്കുണ്ടായ ദര്‍ശനങ്ങളെ സഭ അംഗീകരിക്കുകയും 1925 ജൂണ്‍ 2-ാം തീയതി പതിനൊന്നാം പീയൂസ് പാപ്പാ അവളെ വിശുദ്ധയെന്നു നാമകരണം ചെയ്യുകയും ചെയ്തു. മൂന്നര നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള തീര്‍ഥാടകരുടെ തിക്കും തിരക്കും വര്‍ദ്ധിക്കുന്നു. കാരണം അസാധ്യവും അമാനുഷികവുമായ അദ്ഭുതങ്ങളും രോഗശാന്തികളുമാണ് പരിശുദ്ധ അമ്മ ചെയ്തുകൊണ്ടിരിക്കുന്നത്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)