•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ചങ്ങാത്തമുതലാളിത്തത്തിന്റെ ചതിക്കുഴികള്‍

ന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരില്‍ ഒന്നാമന്‍. ലോകത്തെ അതിസമ്പന്നരില്‍ നാലാമന്‍. ബെര്‍നാര്‍ഡ് അറോള്‍ട്ട്, ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക് തുടങ്ങിയ വ്യവസായികള്‍ മാത്രമായിരുന്നു  ഗൗതം അദാനിക്കു മുന്നിലുണ്ടായിരുന്നത്. അതേ, ലോകം കീഴടക്കാനുള്ള  ഗൗതം അദാനിയുടെ  ജൈത്രയാത്രയായിരുന്നു ഏതാനും ആഴ്ച മുമ്പുവരെ. ഇതെല്ലാമാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടോടെ തകര്‍ന്നുതരിപ്പണമായത്. ചീട്ടുകൊട്ടാരംപോലെയാണ് ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം നിലംപരിശായത്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി, ചട്ടങ്ങളെല്ലാം തങ്ങള്‍ക്കനുകൂലമാക്കി വളച്ചൊടിച്ച് കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്ന ചങ്ങാത്തമുതലാളിത്തത്തിന്റെ തകര്‍ച്ച കൂടിയാണ് ഗൗതം അദാനിയുടെ വീഴ്ചയില്‍ പ്രതിഫലിക്കുന്നത്.
കഴിഞ്ഞ  ഒരു പതിറ്റാണ്ടിനിടയില്‍ ലോകത്ത് ആരെയും അമ്പരപ്പിക്കുന്ന സാമ്പത്തികവളര്‍ച്ചയാണ്  ഗൗതം അദാനി നേടിയത്. 2001-02 ലെ  3,741 കോടിയില്‍ നിന്ന് 2013-14ലെ 75, 659 കോടിയായി വര്‍ധിച്ച സമ്പത്ത് 125 ബില്യണ്‍ ഡോളറില്‍വരെ എത്തി.
കുന്നുകൂടിയ സമ്പത്ത്
ഒരു സെക്കന്‍ഡില്‍ 1.4 കോടി രൂപ കണക്കെയാണ് അദാനിയുടെ  വരുമാനം പെരുകിയത് എന്നാണ് കണക്കുകള്‍. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ഒരുദിവസം 1000 കോടി രൂപവരെ ഗൗതം അദാനിയുടെ വരുമാനം വളര്‍ന്നു. ബില്‍ഗേറ്റ്‌സിനെ പിന്തള്ളിയാണ് അദാനി അതിസമ്പന്നരുടെ പട്ടികയില്‍ നാലാമതെത്തിയത്. ഫോര്‍ബ്സിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലാണ് അദാനി ബില്‍ ഗേറ്റ്‌സിനെ വെട്ടിയത്. 104.6 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി. ഇതു മറികടന്ന ഗൗതം അദാനിയുടെ ആസ്തി 125.5 ബില്യണ്‍ ഡോളറായി. കഴിഞ്ഞ ഫെബ്രുവരിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡി  മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു. അദാനിയുടെ വരുമാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 1,200 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്.
അദാനി എന്ന വ്യവസായഭീമന്‍
അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായി  അദാനി ശൃംഖല മാറിയിരുന്നു. തുറമുഖം, ഊര്‍ജം വിമാനത്താവളങ്ങള്‍, സിറ്റി ഗ്യാസ്, പവര്‍ ട്രാന്‍സ്മിഷന്‍, താപവൈദ്യുതി, ഭക്ഷ്യയെണ്ണ, റെയില്‍വേ ലൈനുകള്‍ തുടങ്ങി ഗൗതം അദാനി കൈവയ്ക്കാത്ത അടിസ്ഥാനസൗകര്യവികസനമേഖലകള്‍ രാജ്യത്ത് ഇന്ന് ഇല്ല എന്നുതന്നെ പറയാം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖസംരംഭകരും അതുപോലെതന്നെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉത്പാദകരുമായ കമ്പനികള്‍ അടങ്ങുന്ന ഗ്രൂപ്പിന്റെ തലവനായിരുന്നു  ഗൗതം അദാനി. ഇസ്രയേലിലെ ഏറ്റവും വലിയ തുറമുഖമായ ഹൈഫ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ അദാനി ഗാഡോട്ട് കണ്‍സോര്‍ഷ്യം ഈ അടുത്ത് നേടിയിരുന്നു. ഇസ്രായേലിന്റെ മൂന്ന് പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളില്‍ ഏറ്റവും വലുതാണ് ഹൈഫ തുറമുഖം. വരാനിരിക്കുന്ന 5 ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാനും  അദാനി ഗ്രൂപ്പ് തയ്യാറെടുത്തിരുന്നു.
അദാനി - മോദി : ചങ്ങാത്തമുതലാളിത്തത്തിന്റെ മോഡല്‍
1988 ല്‍ ഗുജറാത്തിലെ  അഹമ്മദാബാദ് ആസ്ഥാനമാക്കി  ഒരു ചരക്കു കയറ്റുമതിസ്ഥാപനം ആരംഭിച്ച അദാനിയുടെ അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച ആരംഭിക്കുന്നത് 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി എത്തുന്നതോടെയാണ്. അടിസ്ഥാനവികസനമേഖലയില്‍ വന്‍നിക്ഷേപം കൊണ്ടുവന്ന ഗുജറാത്ത് വികസനമാതൃകയുടെ മുഴുവന്‍ പ്രയോജനവും ചെന്നുചേര്‍ന്നത് അദാനിയുടെ കമ്പനികള്‍ക്കായിരുന്നു. മോദി മുഖ്യമന്ത്രിയായി വെറും എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ 2008 ല്‍ ഫോര്‍ബ്‌സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 9.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി  അദാനി ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്നു പറയുമ്പോള്‍ ഗുജറാത്ത് സര്‍ക്കാരില്‍നിന്നു വാരിക്കോരി കൊടുത്ത ആനുകൂല്യങ്ങള്‍ എത്ര ഭീമമാണ് എന്നു മനസ്സിലാകും. 2014 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് അഹമ്മദാബാദില്‍ നിന്നു പറന്നുയര്‍ന്നത് അദാനിയുടെ സ്വന്തം വിമാനത്തിലായിരുന്നുവെന്നത് ഇരുവരും പുലര്‍ത്തുന്ന ആത്മബന്ധത്തിന്റെ തെളിവാണ്.
വിവാദങ്ങളില്‍നിന്നു മോദിയെ രക്ഷിച്ചെടുത്തതിന്റെ നന്ദിപ്രകാശനമോ പ്രതിഫലമോ ആയി ഈ ആത്മബന്ധത്തെ കണക്കാക്കുന്നതിലും തെറ്റുണ്ടെന്നു തോന്നുന്നില്ല. മുഖ്യമന്ത്രിപദം ഏറ്റെടുത്ത് അധികം വൈകാതെ 2002 ഫെബ്രുവരിയില്‍ നടന്ന ഗുജറാത്ത് കലാപത്തിന്റെ പേരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിലെ ചില വ്യവസായികള്‍  മോദിയെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് അദാനിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗുജറാത്തി വ്യവസായികള്‍ റിസര്‍ജന്റ് ഗ്രൂപ്പ് ഓഫ് ഗുജറാത്ത്  എന്ന പേരില്‍ ഒരു ബദല്‍ സംഘടനയുണ്ടാക്കി മോദിക്ക് കവചം ഒരുക്കിയിരുന്നു. മോദി മുഖ്യമന്ത്രി ആയിരിക്കേ 2003 സെപ്തംബര്‍മുതല്‍ ഒക്ടോബര്‍വരെ നടന്ന ആദ്യത്തെ വൈബ്രന്റ് ഗുജറാത്ത് സമിറ്റിന് 15,000 കോടി രൂപയാണ് അദാനി വാഗ്ദാനം ചെയ്തത്. ഇതിനു പ്രതിഫലമായി ഗൗതം അദാനിക്കു ലഭിച്ചത് എല്ലാ പരിസ്ഥിതിനിയമങ്ങളും ലംഘിച്ചുകൊണ്ട്  ഗുജറാത്തിന്റെ പടിഞ്ഞാറന്‍തീരത്തെ മുന്ദ്രയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യതുറമുഖം നിര്‍മിക്കുന്നതിനായി ചതുശ്ര മീറ്ററിന് ഒരു രൂപമുതല്‍ 16 രൂപ വരെ നാമമാത്രവിലയ്ക്ക് ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ്. അദാനി ഗ്രൂപ്പിന്റെ മുന്നോട്ടുള്ള എല്ലാ സാമ്പത്തികകുതിപ്പിന്റെയും തുടക്കം മുന്ദ്രയില്‍നിന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയില്‍വേശൃംഖലയുടെ പിന്തുണയുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തികമേഖലയും (സെസ്) ഈ പ്രദേശത്താണുള്ളത്. 2012 മാര്‍ച്ച് 30 ന്  ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്തുവച്ച  റിപ്പോര്‍ട്ടില്‍ അദാനിഗ്രൂപ്പിന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചതിന്റെ പേരില്‍ ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോര്‍പ്പറേഷനെ സിഎജി  വിമര്‍ശിച്ചിരുന്നു.
മോദി പ്രധാനമന്ത്രിക്കസേരയിലേക്കു നടന്നടുക്കുമ്പോഴും സംരക്ഷണകവചം ഒരുക്കി അദാനി കൂടെയുണ്ടായിരുന്നു. 2013 മാര്‍ച്ചില്‍ ഗുജറാത്ത് കലാപത്തിന്റെ പേരില്‍  മോദിയുടെ വിമര്‍ശകരായ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സമ്മര്‍ദത്തെത്തുടര്‍ന്ന് അമേരിക്കയിലെ പ്രശസ്തമായ  വാന്റണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച പരിപാടിയിലെ മുഖ്യപ്രഭാഷണത്തില്‍നിന്ന് മോദിയെ മാറ്റുമെന്നു വ്യക്തമായപ്പോള്‍ പരിപാടിയുടെ സ്‌പോണ്‍സര്‍മാരില്‍ ഒന്നായിരുന്ന അദാനി ഗ്രൂപ്പ് അതില്‍നിന്നു പിന്മാറുകയാണുണ്ടായത്. 2013 സെപ്റ്റംബര്‍ 13 ന് ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി മോദി  ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടശേഷം തുടര്‍ന്നുവന്ന 12 മാസക്കാലയളവില്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിവില അഞ്ചു രൂപയില്‍നിന്ന് 786 രൂപയായി അല്ലെങ്കില്‍ 265 ശതമാനം കണ്ട് കുതിച്ചുയരുകയായിരുന്നു. മോദി പ്രധാനമന്ത്രിയായ എട്ടു വര്‍ഷംകൊണ്ട്  അദാനിയുടെ തേരോട്ടം ഗുജറാത്തും ഇന്ത്യയും ഏഷ്യയും പിന്നിട്ട് ലോകത്തിന്റെ നെറുകയിലേക്ക് എത്തി. അധികാരത്തിന്റെ ഇടനാഴികളിലൂടെ ചങ്ങാത്തമുതലാളിത്തത്തിന്റെ അവിഹിതബന്ധങ്ങളിലൂടെയാണ് ഗൗതം അദാനിയെന്ന കോര്‍പ്പറേറ്റ് ഭീമന്‍ ഈ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചതെന്നു പകല്‍പോലെ വ്യക്തമാണ്.
എസ് ബി ഐയും അദാനിയുടെ വരുതിയിലെത്തി  2014 നവംബറില്‍ ജി 20 രാജ്യങ്ങളുടെ തലവന്മാര്‍  ബ്രിസ്ബേനില്‍ ഒത്തുകൂടി നടത്തിയ ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാപാരസംഘത്തില്‍ ഗൗതം അദാനിയും ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേധാവി അരുന്ധതി ഭട്ടാചാര്യയും ഉണ്ടായിരുന്നു. അവരുടെ മടക്കയാത്രയില്‍, ബാങ്കും അദാനി ഗ്രൂപ്പും തമ്മിലുള്ള സഹകരണ ധാരണാപത്രം ഒപ്പുവച്ചു. ഇതോടെ ഇന്ത്യയിലും വിദേശത്തും അദാനി ഗ്രൂപ്പ് തുടങ്ങാന്‍ വിഭാവനം ചെയ്യുന്ന പദ്ധതികളിലേക്ക് നിര്‍ലോഭം ബാങ്കിന്റെ പണം വായ്പകള്‍ എന്ന പേരില്‍ ഒഴുകാന്‍ തുടങ്ങി. ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്റില്‍  വിവാദ കല്‍ക്കരിഖനനപദ്ധതിക്കായി ഒരു ബില്യണ്‍ (62,000 കോടി രൂപ) യുഎസ് ഡോളര്‍ മൂന്‍കൂറായി എസ്ബിഐ വായ്പ നല്‍കാനുള്ള ധാരണാപത്രമായിരുന്നു ആദ്യത്തേത്. വിദേശപദ്ധതിക്കായി ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഗ്രൂപ്പിനു  നല്‍കപ്പെടുന്ന ഏറ്റവും വലിയ വായ്പയായിരുന്നു ഇത്.
ഈയിടെ   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് മുന്ദ്ര തുറമുഖത്തോടു ചേര്‍ന്ന് വമ്പന്‍ പദ്ധതികള്‍ക്കുവേണ്ടി  14,000 കോടി രൂപയുടെ വായ്പ അദാനി  തേടിയിരുന്നു. കല്‍ക്കരി-പോളിവിനൈല്‍ ക്ലോറൈഡ് പ്ലാന്റ് നിര്‍മാണാവശ്യവുമായി ബന്ധപ്പെട്ടാണ് എസ്ബിഐയില്‍നിന്നു വന്‍തുക അദാനിയുടെ കമ്പനി വായ്പ തേടിയത്.  രാജ്യത്ത് സമീപകാലത്ത് ഏതെങ്കിലും ഒരു കമ്പനി ആവശ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന വായ്പാത്തുകയാണിത്. കൂടാതെ, മുന്ദ്ര തുറമുഖത്തോടു ചേര്‍ന്ന് ഗ്രീന്‍ഫീല്‍ഡ് കോപ്പര്‍ റിഫൈനറി പദ്ധതിക്കുവേണ്ടി 6071 കോടി രൂപയാണ്  അദാനി ഗ്രൂപ്പ്  വായ്പ എടുത്തത് .  ഏറ്റവും ഒടുവിലായി ചര്‍ച്ചയായത് അദാനി ഗ്രൂപ്പിന് നവി മുംബൈ വിമാനത്താവളം ഏറ്റെടുക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 12,770 കോടി രൂപ നല്‍കി എന്ന വാര്‍ത്തകളാണ്. വിമാനത്താവളം ഏറ്റെടുക്കാന്‍ ധനസമാഹരണത്തിന് അദാനിഗ്രൂപ്പ് ഓഹരിവിപണിയില്‍ എത്തുമ്പോള്‍ വില്‍ക്കപ്പെടാത്ത ഓഹരികള്‍ എസ്ബിഐ ഏറ്റെടുത്താണ് സഹായം നല്‍കിയത്. അദാനിഗ്രൂപ്പിന്റെ പദ്ധതികളിലേക്ക് എസ്ബിഐയുടെ വായ്പകള്‍ നിര്‍ലോഭം ഒഴുകിയതിന്റെ പിന്നില്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ഉണ്ട് എന്നു തീര്‍ച്ചയാണ്.
കൂടാതെ, അദാനിഗ്രൂപ്പിന്റെ നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനിയായ അദാനി ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കൃഷി യന്ത്രവത്കരണം, ഗോഡൗണ്‍ ഈടിനു വായ്പ, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ സംഘങ്ങള്‍ക്ക് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളില്‍ കര്‍ഷകര്‍ക്കു വായ്പ നല്‍കുമെന്നും അതിനായി അദാനിയും സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ സംയുക്തപ്രവര്‍ത്തനത്തിനു കരാറായെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍  സംയുക്ത വായ്പ നല്‍കാനാണ് ധാരണ ആയത്. ഇതിലൂടെ എസ്ബിഐയുടെ വിപുലമായ നെറ്റ്വര്‍ക്കില്‍ കടന്നുകയറി കാര്‍ഷികവായ്പാമേഖലയിലെ സ്വാധീനം  അതിവേഗം വ്യാപിപ്പിക്കുക എന്നതായിരുന്നു അദാനിയുടെ ലക്ഷ്യം. എസ് ബി ഐക്ക് രാജ്യമെമ്പാടുമായി  1. 50  കോടിയോളം  കാര്‍ഷിക അക്കൗണ്ടുകള്‍ ഉണ്ട്. ഇതെല്ലാം അദാനിയുടെ കൈയിലേക്കു പോകാനുളള സാഹചര്യം ഒരുങ്ങിയിരുന്നു. പൊതുജനങ്ങളുടെ  നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുപകരം അവരെ ചൂഷണം ചെയ്തുകൊണ്ട് വളരാനും   ബാങ്കിങ് മേഖലയെത്തന്നെ തകര്‍ക്കാനും അദാനിക്ക് ചങ്ങാത്തമുതലാളിത്തത്തിന്റെ പിന്‍ബലത്തില്‍ ഇതുവരെ എസ് ബി ഐ ഒത്താശ ചെയ്യുകയായിരുന്നു  
ഗൗതം അദാനിയുടെ ജീവചരിത്രമായ 'ഗൗതം അദാനി: ദ് മാന്‍ ഹു ചേഞ്ച്ഡ് ഇന്ത്യ' ഉടന്‍   പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പബ്ലിഷേഴ്സ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരികയും ഗൗതം അദാനി എന്ന ഭീമന്‍ നിലംപതിക്കുകയും ചെയ്തത്. ഗൗതം അദാനിയുടെ ജീവിതത്തിലെ  അറിയപ്പെടാത്ത അധ്യായങ്ങളാണത്രേ മാധ്യമപ്രവര്‍ത്തകനായ ആര്‍.എന്‍. ഭാസ്‌കര്‍ രചിച്ച   പുസ്തകത്തിന്റെ ഉള്ളടക്കം. ഇന്ത്യയിലെ പ്രശസ്തമായ ബിസിനസ് സ്‌കൂളുകളിലും മാനേജ്മെന്റ്സ്ഥാപനങ്ങളിലും വ്യവസായസംരംഭകരുടെ വേദപുസ്തകമായി ലോകം കീഴടക്കിയ ഗൗതം അദാനിയുടെ ജീവചരിത്രം പുകഴ്ത്തിപ്പാടാനുള്ള കളമൊരുങ്ങുന്നതിനിടയിലാണ് അപ്രതീക്ഷിതമായ വീഴ്ചയുണ്ടാകുന്നത്. അധികാരകേന്ദ്രങ്ങളുടെ വഴിവിട്ട ആനുകൂല്യങ്ങളില്‍ കെട്ടിപ്പൊക്കിയ ബിസിനസ്സ് സാമ്രാജ്യങ്ങളുടെയും ചങ്ങാത്തമുതലാളിത്തത്തിന്റെയും അധാര്‍മികതകളുടെയും വര്‍ത്തമാനകാലനേര്‍ചിത്രംകൂടിയാണ് അദാനിയുടെ വീഴ്ചയില്‍ തെളിഞ്ഞുവരുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)