കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒരു വര്‍ഷത്തെ വരുമാനം എത്ര? ചെലവ് എത്ര? ഈ പണം എങ്ങനെയൊക്കെയാണു വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നു വെളിപ്പെടുത്തുന്ന രേഖയാണ് ബജറ്റ്. നാട് നന്നാവാനും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമം ഉണ്ടാവാനുമുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉണ്ടാകാറുള്ളത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും ഇംഗ്ലീഷുകാരായിരുന്നു. എന്നിട്ടുപോലും വരുമാന -
ശമ്പള അനുപാതത്തിന്റെ കാര്യത്തില്‍ അവര്‍ക്കു ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. ശമ്പളച്ചെലവ് റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും ഉത്സവമാസങ്ങളില്പ്പോലും ഇത് പരമാവധി 33.33 ശതമാനത്തില്‍ കവിയരുതെന്നും ബ്രിട്ടീഷ് ഭരണാധികാരികള്‍ വ്യവസ്ഥ ചെയ്തിരുന്നു. ബാക്കിതുക ഇന്ത്യക്കാരായ ജനങ്ങളുടെ ക്ഷേമത്തിനും വികസനപദ്ധതികള്ക്കുംവേണ്ടി ചെലവഴിക്കാനാണ് തയ്യാറായത്. എന്നാല്‍, ഇന്ന് സര്‍വീസ് സംഘടനകളും ട്രേഡ് യൂണിയനുകളും മറ്റ് സമ്മര്ദഗ്രൂപ്പുകളും ഭരണത്തില്‍ പിടിമുറുക്കിയതുമൂലം കേരളത്തിന്റെ തനതു വരുമാനം മുഴുവന്‍ ഭരണനിര്‍വഹണത്തിനായി മാറ്റിവയ്ക്കേണ്ട സ്ഥിതിയിലായി. ഈ നയംമാറ്റമാണ് കേരളത്തെ വലിയ സാമ്പത്തികപ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ കുറെക്കാലങ്ങളായി ബജറ്റ് രാഷ്ട്രീയ രേഖയായി മാറിത്തുടങ്ങി. ഇത്തവണ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റും സംസ്ഥാനബജറ്റും വിശദമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കേരളഗവണ്‍മെന്റിന് ഈ സാമ്പത്തികവര്‍ഷം ഒരു തിരഞ്ഞെടുപ്പിനെയും നേരിടേണ്ട. അതുമൂലം ജനങ്ങളുടെ അനിഷ്ടം ഉണ്ടായാലും പേടിക്കാനില്ല. അടുത്ത പാര്ലമെന്റുതിരഞ്ഞെടുപ്പിനുമുമ്പ് നികുതിഭാരം അടിച്ചേല്പിക്കാത്ത ബജറ്റ് കൊണ്ടുവന്ന് വോട്ടു തട്ടാം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പാര്‍ട്ടിക്ക് ഒന്‍പതു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. അതുകൊണ്ട് ബജറ്റ് പൊതുവെ ജനപ്രിയമായി. 47 ലക്ഷം യുവാക്കള്‍ക്കു മൂന്നുവര്‍ഷം സ്റ്റൈപ്പന്റോടെ തൊഴില്‍പരിശീലനം. ഭാവിയുടെ സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂന്നു കേന്ദ്രങ്ങളില്‍ തുറക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നതുപോലെ വലിയ നികുതിഭാരം ജനങ്ങളെ അടിച്ചേല്പിച്ചില്ലെങ്കിലും നിലവില്‍ നല്കിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ വലിയ തോതില്‍ കുറച്ചിട്ടുണ്ട്. രാജ്യം അതിവേഗം മുന്നേറുന്നു എന്നു വമ്പുപറഞ്ഞിട്ട് 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നത് ഒരു വര്‍ഷം നീട്ടി എന്നു പറയുന്നത് അഭിമാനകരമല്ല.
2021 - 22 ല്‍ ദേശീയ തൊഴിലുറപ്പുപദ്ധതിക്കായി ചെലവഴിച്ച 98,468 കോടി 60000 കോടിയായി കുറച്ചു. 23-24 വര്‍ഷം 49.90 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ ആകെ പ്രതീക്ഷിതചെലവ്. ഇതില്‍ 1.15 കോടി മാത്രമാണ് കൃഷിക്കും കര്‍ഷകക്ഷേമത്തിനും ചെലവഴിക്കുന്നത്. കാര്‍ഷികരാജ്യമായ ഇന്ത്യയുടെ വരുമാനത്തിന്റെ 2.3% മാത്രം കൃഷിമേഖലയ്ക്ക്. കര്‍ഷകര്‍ക്കു പ്രതിവര്‍ഷം ആറായിരം രൂപ നല്കുന്ന പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് കഴിഞ്ഞവര്‍ഷം 8000 കോടി ഉണ്ടായിരുന്നത് ഇപ്പോള്‍ 6000 കോടിയാക്കി. വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് 1875 കോടി കുറച്ച് 13,625 കോടി നീക്കിവച്ചിട്ടുണ്ട്. രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍പ്പെട്ട ആറ് കേന്ദ്രാവിഷ്കൃതപദ്ധതികള്‍ക്ക് കഴിഞ്ഞവര്‍ഷത്തെക്കാള്‍ 3000 കോടി കുറച്ചു.
ഉത്പന്നങ്ങള്‍ക്കു വിലത്തകര്‍ച്ച ഉണ്ടാകുമ്പോള്‍ വിപണിയില്‍ ഇടപെട്ട് കര്‍ഷകരെ സഹായിക്കാന്‍
നിലവിലുïായിരുന്ന മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ ആന്റ് പ്രൈസ് സപ്പോര്‍ട്ട് ഫണ്ട് പൂര്‍ണമായി നിറുത്തലാക്കി. 2022 - 23 ല്‍ രാസവളസബ്സിഡി 22.25% കുറച്ചു. 2,25,020 കോടിയില്‍നിന്ന് 1,75,099 കോടിയാക്കി. ഭക്ഷ്യവസ്തുക്കളുടെ സബ്സിഡി 22-23 ല്‍ 2,87,194 കോടിയായിരുന്നത് 1,97,350 കോടിയാക്കി കുറച്ചു.
2021-22 ല്‍ 1,14,635 ടണ്‍ കോമ്പൗണ്ട് റബര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. 2022 ഏപ്രില്‍ മുതല്‍ 23 ജനുവരി 30 വരെ, 15,000 ടണ്‍ പത്തു ശതമാനം ചുങ്കപ്രകാരം ഇറക്കുമതി ചെയ്തു. ഇതിന്റെ ഇറക്കുമതിച്ചുങ്കം ബജറ്റില്‍ 25 ശതമാനമാക്കിയത് നാച്ച്വറല്‍ റബര്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില, സംഭരണം, ഇറക്കുമതിനിയന്ത്രണം, സ്വതന്ത്രവ്യാപാരക്കരാറുകളുടെ പുനഃപരിശോധന, ബഫര്സോണ്പ്രശ്നം തുടങ്ങിയ കാര്ഷികപ്രശ്നങ്ങള്ക്കൊന്നും കേന്ദ്രബജറ്റില്‍ പരിഹാരനിര്ദേശങ്ങളില്ലെന്നത് കര്‍ഷകസമൂഹത്തിന് ആശങ്കയുണ്ട്.
കേന്ദ്രം കേരളത്തോട് എന്നും അവഗണന കാട്ടുന്നു എന്നതാണ് സംസ്ഥാനഭരണാധികാരികളുടെ എല്ലാ കാലത്തെയും ആവലാതി. ഈ അവഗണനപോലെ ഗുരുതരമാണ് അസംഘടിതവിഭാഗങ്ങളോടു സംസ്ഥാനസര്‍ക്കാര്‍ കാട്ടുന്ന അവഗണനയും. സര്‍ക്കാര്‍ ഖജനാവില്‍ വീഴുന്ന പണത്തിന്റെ സിംഹഭാഗവും ഉദ്യോഗസ്ഥവര്‍ഗത്തെ നിലനിറുത്താന്‍ ചെലവിടുന്ന സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്കു മാറ്റിവയ്ക്കാന്‍ പണം ഇല്ലാതാകുന്നു.
2023-24 വര്‍ഷത്തെ ബജറ്റില്‍ സാധാരണക്കാരെയും ഇടത്തരക്കാരെയും തിരഞ്ഞുപിടിച്ചു ശിക്ഷിച്ചത് ഒരു ഇടതുപക്ഷസര്‍ക്കാരിനു യോജിച്ചതല്ല. കര്‍ണാടകയിലേക്കു സര്‍വീസ് നടത്തുന്ന സര്‍ക്കാര്‍ബസുകള്‍ അവിടെനിന്ന് എട്ടു രൂപാ വിലക്കുറവില്‍ കിട്ടുന്ന ഡീസല്‍ അടിക്കാന്‍ നിര്‍ദേശം നല്കിയ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളോട് പെട്രോളിനും ഡീസലിനും രണ്ടുരൂപാ സെസുകൂടി ഈടാക്കാന്‍ എടുത്ത തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. 84 ശതമാനം നിത്യോപയോഗസാധനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കേരളത്തിലെ ചരക്കുനീക്കത്തിന്റെ ചെലവ് ഏറും. ഇതുമൂലം നിത്യോപയോഗസാധനങ്ങളുടെ വില കൂടും. നികുതി കൂട്ടിയും വില വര്‍ധിപ്പിച്ചും നേടുന്ന 2955 കോടി രൂപയില്‍നിന്ന് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ജനങ്ങള്‍ക്കു നല്കുന്ന പതിമ്മൂന്നിനും ഉത്പന്നങ്ങള്‍ക്കായി രണ്ടായിരം കോടി മാറ്റിവയ്ക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? സംസ്ഥാനത്ത് പ്രതിദിനം ഏതാണ്ട് 51 ലക്ഷം ലിറ്റര്‍ പെട്രോളും 63 ലക്ഷം ലിറ്റര്‍ ഡീസലും വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഉപയോഗിക്കുന്നതില്‍ 95 ശതമാനവും ഇടത്തരക്കാരും സാധാരണക്കാരുമാണ്. ഇങ്ങനെ ജനത്തെ പിഴിഞ്ഞുണ്ടാക്കുന്ന പണം 56 ലക്ഷം പേര്‍ക്ക് ക്ഷേമപെന്ഷന് നല്‍കാനാണെന്ന് സര്‍ക്കാര്‍വാദം. ഈ 56 ലക്ഷം പേരില്‍ എത്രപേര്‍ ഈ പെന്ഷന് അര്ഹതയുള്ളവരായുണ്ട്? ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി, അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു വ്യക്തിക്ക് ടൂവീലര്‍ അടക്കം നാലു വാഹനങ്ങള്‍ ഉണ്ട്. പക്ഷേ, അമ്മ ഇപ്പോഴും ക്ഷേമപെന്ഷന് വാങ്ങുന്നു. പക്ഷേ, ഇതുമൂലം അര്‍ഹതപ്പെട്ടവര്‍ക്കു പെന്ഷന് ലഭിക്കാതെ വരുന്നുണ്ട്.
സാമൂഹികസുരക്ഷാ പെന്ഷന് അനര്‍ഹര്‍ കൈപ്പറ്റുന്നുണ്ടോ എന്ന് സാമൂഹികപരിശോധന അനിവാര്യമാണ്. തദ്ദേശസ്വയംഭരണവാര്ഡ് അംഗങ്ങള്‍ തങ്ങളുടെ പാര്‍ട്ടിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും ഇഷ്ടക്കാര്‍ക്കും ഈ പെന്‍ഷനുകള്‍ വാങ്ങിക്കൊടുക്കുന്നതിന് ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഓരോ വീടുകളിലുമെത്തി പരിശോധിച്ചാല്‍ അനര്‍ഹരെ കണ്ടെത്താന്‍ കഴിയും.
സംസ്ഥാനവരുമാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സംസ്ഥാനികുതിവരുമാനവും, നികുതിയേതരവരുമാനവുമാണ്. കേന്ദ്രത്തിനു ലഭിക്കുന്ന നികുതികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വീതംവച്ചു നല്കുന്ന നികുതിവിഹിതമാണ് മറ്റൊരു വരുമാനം. കേന്ദ്രം ആവിഷ്കരിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കു നല്കുന്ന പണമാണ് 'ഗ്രാന്‍ഡ് ഇന്‍ എയിഡ്'.
2023-24 വര്‍ഷം പ്രതീക്ഷിക്കുന്ന നികുതിവരുമാനം 81038.77 കോടി. നികുതിയേതരവരുമാനം 17088.62. ശമ്പളച്ചെലവ് 40042.07. പെന്ഷന് 28239.72. പലിശ 26246.99 കോടി. ആകെ 94528.78. സംസ്ഥാനത്തിന്റെ തനതു വരുമാനംകൊണ്ട് ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് വീണ്ടും കടംമേടിച്ചും നികുതികൂട്ടിയും സര്‍ക്കാര്‍ മുമ്പോട്ടു പോകുകയാണ്. ഇത്തവണ നികുതി കൂട്ടാന്‍ ധനകാര്യമന്ത്രി പറഞ്ഞ ന്യായം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നികുതിനിരക്കുള്ള സംസ്ഥാനം കേരളമെന്നാണ്. പക്ഷേ, അതു തെറ്റാണെന്ന് കണക്കുകള്‍ പറയുന്നു.
ആളോഹരിനികുതിയുടെ അഖിലേന്ത്യാ ശരാശരി 13022 രൂപയാണ്.
ആളോഹരി നികുതി
സംസ്ഥാനം തുക
കേരളം 20795
തമിഴ്നാട് 18635
കര്‍ണാടകം 18862
ആന്ധ്രാ 17182
പഞ്ചാബ് 14930
ഉത്തര്‍പ്രദേശ് 90458
ബംഗാള്‍ 8047
ത്രിപുര 6158
അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്കരണമാണ് കേരളത്തെ സാമ്പത്തികമായി ഇത്രയും തകര്‍ത്തത്. ഉയര്‍ന്ന തലത്തില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കുകവഴി ഭരണനിര്‍വഹണത്തിന് വേഗം കൂടുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും അധികാരതര്ക്കങ്ങള്മൂലം ഫയല്‍നീക്കം തടസ്സപ്പെടുന്നു. ഭരണച്ചെലവ് കുറയ്ക്കാന്‍ ഒരു നടപടിയും ഉണ്ടാവുന്നില്ല. സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം കുറയ്ക്കാന്‍ ഉദ്യോഗസ്ഥരുടെ ഗ്രേഡ് അനുസരിച്ച് വാഹന അലവന്‍സ് നല്കിയാല് വാഹനം വാങ്ങാനുള്ള മുതല്‍മുടക്കും ഡ്രൈവറുടെ ശമ്പളആനുകൂല്യങ്ങളും ഒഴിവാക്കാം. നല്ലൊരു ശതമാനം സര്‍ക്കാര്‍ ഓഫീസുകളില്‍ ഇപ്പോഴും ലാന്റ്ഫോണുകള്‍ മാസവാടക നല്കി ഉപയോഗിക്കാതെ ഇരിക്കുന്നു. ഉദ്യോഗസ്ഥ പുനര്‍വിന്യാസം മൂലം ഭരണച്ചെലവ് കുറയ്ക്കാന്‍ കഴിയും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ ടാക്സ് ഉയര്‍ത്തിയിട്ട് നിരവധി വര്‍ഷങ്ങളായി. പരമാവധി 2500 രൂപയാണ് ഈ ഇനത്തില്‍ പിരിക്കുന്നത്. ശരാശരി 70000 രൂപ ശമ്പളമുള്ള ഉദ്യോഗസ്ഥരില്‍നിന്ന് അഞ്ചു ശതമാനം ടാക്സ് ഇത്തരത്തില്‍ ഏര്‍പ്പെടുത്തിയാല്‍ വര്‍ഷംതോറും 42000 രൂപാ വച്ച് ഖജനാവിലേക്ക് എത്തും.
ഭൂമിയുടെ ന്യായവില 20 ശതമാനം ഉയര്‍ത്തിയത് യാതൊരു പഠനവും ഇല്ലാതെയാണ്. കഴിഞ്ഞ മൂന്നുനാലുവര്‍ഷമായി പത്തുശതമാനം വച്ച് ന്യായവില ഉയര്‍ത്തിയതുമൂലം പല സ്ഥലങ്ങളിലും യഥാര്‍ഥ വിലയെക്കാള്‍ കൂടിയ വിലയ്ക്ക് ആധാരം ചെയ്യേണ്ട സ്ഥിതിയായി. മീനച്ചില്‍ താലൂക്കില്‍ ഏക്കറിന് 20 ലക്ഷം രൂപാ വിലയ്ക്ക് റബര്‍ തോട്ടം ലഭിക്കും. ഇത്തരം ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ന്യായവില മുപ്പതു ലക്ഷം രൂപയാണ്. ഈ പത്തു ശതമാനം കൂട്ടിക്കൂട്ടിക്കഴിയുമ്പോള് ആധാരം ചെയ്തു കിട്ടണമെങ്കില്‍ 36 ലക്ഷം രൂപ കാണിക്കണം. 8% സ്റ്റാമ്പ് ഡ്യൂട്ടിയും 2% രജിസ്ട്രേഷന് ഫീസും ഒരു ശതമാനം ആധാരം ചാര്‍ജുംകൂടി ഉണ്ടായാല്‍ മാത്രമേ പ്രമാണം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.
എന്നാല്‍, സര്‍ക്കാര്‍ പാട്ടത്തിനു കൊടുത്തിരിക്കുന്ന തോട്ടങ്ങളുടെ പാട്ടം 1970 നു മുമ്പു നിശ്ചയിച്ച ഹെക്ടറിന് 1300 രൂപ എന്ന നിരക്ക് ഇപ്പോഴും പുതുക്കാതെ ഒളിച്ചുകളിക്കുകയാണ്.
2023-24 സംസ്ഥാനബജറ്റിനെ ആകെ വിലയിരുത്തിയാല്‍ സാധാരണക്കാരനെ ബാധിക്കുന്ന പെട്രോള്‍ - ഡീസല്‍വില കൂടി, കെട്ടിടനികുതി കൂടി, വൈദ്യുതിനിരക്ക് കൂടി, ഭൂമിയുടെ ന്യായവില കൂടി, രജിസ്ട്രേഷന് ചാര്‍ജ് കൂടി, മോട്ടോര്‍ വാഹനനികുതി സെസ് കൂടി, കോടതിഫീസ് കൂടി, കെട്ടിട അനുമതി ഫീസ് കൂടി, മദ്യവില കൂടി, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി, മോട്ടോര്‍ സൈക്കിള്‍ രജിസ്ട്രേഷന് ഫീസ് രണ്ടു ശതമാനം കൂടി. ഇങ്ങനെ സമസ്തമേഖലകളിലും ധനമന്ത്രി കൈവച്ചു. സമീപകാലത്തെ ഒരു ധനകാര്യമന്ത്രിയും ഏര്‍പ്പെടുത്താത്ത നികുതിവര്‍ധനയാണ് ഇത്തവണ കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരാഴ്ചയായി ഭക്ഷണം ലഭിക്കാതെ വന്നപ്പോള്‍ വിശപ്പടക്കാന്‍ ഒരുപിടി അരി എടുത്തവനെ തല്ലിക്കൊന്ന നാട്ടിലാണ് ഭരണച്ചെലവിനായി ഇത്രയും നികുതി വര്ധിപ്പിക്കുന്നതെന്നോര്ക്കുമ്പോള് തല കുമ്പിട്ടുപോകുന്നു.