സ്വഭാവവൈശിഷ്ട്യത്തിന്റെ മേന്മയെക്കുറിച്ച് ജോസ് വഴുതനപ്പിള്ളി എഴുതിയ ലേഖനം (നാളം 46) നന്നായിരുന്നു. എല്ലാം വെട്ടിപ്പിടിക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ വ്യക്തിഗുണത്തിന് അധികമാരും ഇന്നു വലിയ പ്രാധാന്യം കല്പിക്കാത്തതുപോലെ തോന്നിയിട്ടുണ്ട്. എല്ലാവരെക്കൊണ്ടും നല്ലതു പറയിപ്പിച്ചിട്ടു ജീവിക്കാനാവില്ലായെന്ന ന്യായമാണ് ഇക്കൂട്ടര്‍ക്കു കൂട്ട്. അതില്‍ സത്യമില്ലെന്നല്ല. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ തീര്‍ച്ചയായും വലുതും ചെറുതുമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും. എന്നുകരുതി എന്തു തോന്ന്യാസവും കാണിക്കാമെന്നാണോ?
സത്യവും നീതിയും മുറുകെപ്പിടിച്ചു ജീവിക്കുന്നവര്‍ക്ക് വിമര്‍ശനങ്ങള്‍ക്കുമുമ്പില്‍ മനഃസാക്ഷിക്കുത്തിന്റെ ആവശ്യമില്ല. എല്ലാം കാലം തെളിയിക്കുമെന്ന് അവര്‍ക്ക് ഉത്തമബോധ്യമുണ്ട്. അവിടെയാണ് വ്യക്തിവൈശിഷ്ട്യത്തിന്റെ കാതല്‍. ലോകം നശിച്ചു, നന്മയ്ക്കു വിലയില്ലാതായിരിക്കുന്നു, ഇനി എന്തുമാകാം എന്നു സ്വഭാവമഹിമയുള്ളവര്‍ ചിന്തിക്കുന്നില്ല. അവര്‍ക്ക് ഒരു ആദര്‍ശമുണ്ട്. ഓരോന്നിനെക്കുറിച്ചും വ്യക്തമായ ബോധ്യങ്ങളുണ്ട്, കാഴ്ചപ്പാടുകളുണ്ട്. അവര്‍ സത്യത്തോടു ചേര്‍ന്നുനില്ക്കുന്നു.അപരനു നന്മ ചെയ്തിട്ടും തിരിച്ചുകിട്ടിയ തിക്താനുഭവങ്ങളെക്കുറിച്ച് അവര്‍ക്കു ദുഃഖമില്ല. കാരണം, അവര്‍ക്കറിയാം, നാരങ്ങായില്‍നിന്നു നാരങ്ങാനീരേ പുറത്തുവരൂ. മധുരം ലഭിക്കണമെങ്കില്‍ മധുരനാരങ്ങയില്‍ കുത്തണം.
ഇതൊക്കെയാണെങ്കിലും മാറ്റമില്ലാത്ത പ്രകൃതിവസ്തുക്കളും മനുഷ്യനും തമ്മില്‍ വലിയ അന്തരമുണ്ട്. മനുഷ്യന് മധുരനാരങ്ങയാകാന്‍ കഴിയും. ദുഷിച്ച പാരമ്പര്യഗുണങ്ങള്‍ ഉള്ളില്‍ പേറുന്ന വ്യക്തിക്കും തന്നെത്തന്നെ മാറ്റിയെടുത്ത് നല്ലൊരു വ്യക്തിയായി മാറാന്‍ കഴിയും. ഏതു കവര്‍ച്ചക്കാരനും കൊലപാതകിക്കും മാനസാന്തരത്തിനു വഴിയുണ്ട്. എത്രയെത്ര സാക്ഷ്യങ്ങള്‍! ജന്മനാ ലഭിക്കുന്ന സ്വഭാവമഹിമ ഒരു ഈശ്വരാനുഗ്രഹംതന്നെ. അല്ലാത്തവര്‍ക്കും അതു പ്രാപ്യമാണ്. നന്മയുടെ വഴിയിലേക്കു തിരിയുക. ഇക്കാര്യമാണ് ജോസ് വഴുതനപ്പിള്ളി പറയുന്നത്. ഒരു സാംസ്‌കാരികവാരികയ്ക്കു ചേരുന്ന ലേഖനം. മനുഷ്യനന്മ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ജോസിനും ദീപനാളത്തിനും അഭിനന്ദനങ്ങള്‍!
തോമസ് മാത്യു കട്ടപ്പന