ഇന്ത്യയുടെ ഹൃദയത്തുടിപ്പായിട്ടാണ് നമ്മുടെ നാടന്‍വിനോദങ്ങളെ സ്വാമിവിവേകാനന്ദന്‍ കണ്ടത്. ആരോഗ്യമുള്ള ശരീരമാണ് ആരോഗ്യമുള്ള മനസ്സിനു പിന്നിലെന്ന് ഉറച്ചുവിശ്വസിച്ച സ്വാമി വിവേകാനന്ദന്‍ ഒട്ടേറെ നാടന്‍വിനോദങ്ങള്‍ക്കു പ്രോത്സാഹനം നല്‍കി. ഛത്രപതി ശിവജിയും ബാലഗംഗാതരതിലകുമൊക്കെ നാടന്‍വിനോദങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നത് യഥാക്രമം സൈനികര്‍ക്കും സ്വാതന്ത്ര്യസമരസേനാനികള്‍ക്കും വ്യായാമത്തിനായാണ്.
ഇന്ത്യയുടെ തനതുവിനോദങ്ങളില്‍ പലതിന്റെയും തുടക്കം മഹാരാഷ്ട്രയിലാണ്, പ്രത്യേകിച്ച് പുനെയില്‍. അവയില്‍ പലതും കേരളത്തിലും പ്രചരിച്ചു. മാത്രമല്ല, കേരളത്തില്‍ തുടക്കമിട്ട വിനോദങ്ങളും കാണും. ഒരേ നാടന്‍കളി വിവിധ സംസ്ഥാനങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നതിനാല്‍ പലപ്പോഴും ഇവ എവിടെയാണു തുടക്കമിട്ടതെന്ന കാര്യത്തില്‍ സംശയമുണ്ടാകും. എന്തായാലും ഇന്ത്യയിലെ പ്രാദേശിക വിനോദങ്ങള്‍ക്ക്, അഥവാ നാടന്‍കളികള്‍ക്കു നല്ലകാലം തെളിയുകയാണ്. 'ഭാരതീയ ഗെയിംസ്' എന്ന പേരില്‍ ഇവ രാജ്യത്തെങ്ങും കോളജുകളിലും സ്‌കൂളുകളിലും പ്രചരിപ്പിക്കാന്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം ഒരുങ്ങുകയാണ്. ഇന്ത്യന്‍ നോലെഡ്ജ് സൊസൈറ്റി(ഐ.കെ.എസ്.)യാണ് നാടന്‍വിനോദങ്ങള്‍ കണ്ടെത്തുന്നതും പ്രോത്സാഹനം നല്കുന്നതും.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 75 നാടന്‍കളികള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ കേരളം നിര്‍ദേശിച്ചത് കളരിപ്പയറ്റു മാത്രം. പക്ഷേ, കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള പല കളികളും ലിസ്റ്റിലുണ്ട്. അത് മറ്റു പേരുകളിലാണെന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളുടെ പേരിലുമാണ് ലിസ്റ്റില്‍ സ്ഥാനം നേടിയത്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ തുടക്കമിടുന്ന പദ്ധതി എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും ഈ വര്‍ഷം തന്നെ എത്തിക്കാനാണു കേന്ദ്രപദ്ധതി.
ജാവലിന്‍ ത്രോ പോലുള്ള ഇനങ്ങള്‍ ലിസ്റ്റില്‍ കാണുന്നു. അതുപോലെ കബഡിയുടെ വിവിധരൂപങ്ങള്‍ വേര്‍പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഭാവിയില്‍ പരിഹരിക്കപ്പെടുമെന്നു കണക്കുകൂട്ടാം. നമ്മുടെ കുട്ടിയുംകോലും 'ഗില്ലി ദന്‍ഡ' എന്ന പേരിലും കല്ലുകളി, 'ഗുട്ടേ'യായും ഡോഡ്ജ് ബോള്‍ 'ദോക്‌ഫെല്‍' ആയുമൊക്കെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പട്ടം പറത്തല്‍ 'പതങ് ഉദയം' എന്ന പേരിലാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ആദ്യം കളികള്‍ പ്രചരിപ്പിക്കുക, തുടര്‍ന്നു മത്സരങ്ങള്‍ നടത്തുക എന്നിങ്ങനെയാണു പരിപാടി. ഈ മാസം തുടങ്ങാനാണ് ആലോചിച്ചിരുന്നതെങ്കിലും കേരളത്തില്‍ നടപ്പാകാന്‍ കുറച്ചുനാള്‍കൂടി കാത്തിരിക്കേണ്ടി വന്നേക്കും. മേല്‍നോട്ടത്തിനായി എല്ലാ വിദ്യാലയങ്ങളിലും ഓരോ അധ്യാപകനെ ചുമതലപ്പെടുത്തും. കളികളുടെ രീതി, സ്‌കോറിങ്, നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പരിശീലനപരിപാടി ഐ.കെ.എസ്. വികസിപ്പിക്കും. ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങളില്‍ വിജയിക്കുന്ന കുട്ടികള്‍ക്കും പരിശീലിപ്പിച്ച അധ്യാപകര്‍ക്കും അംഗീകാരം കിട്ടും. ദേശീയ റാങ്കിങ്ങും ഉണ്ടാകും.
ട്രെഡീഷനല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ഫെഡറേഷന്‍ (ഇന്ത്യന്‍ സബ് കോണ്‍ഡിനെന്റ്) ആയിരിക്കും സംഘാടകര്‍. 2023 ല്‍ ഭാരതത്തിന്റേതായൊരു കായികസംസ്‌കാരം പ്രചരിപ്പിക്കുകയാണു ലക്ഷ്യം.
ഓണക്കാലത്തും മറ്റും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ മാത്രം കണ്ടിരുന്ന നാടന്‍കളികള്‍ക്ക് ഇനി ദേശീയശ്രദ്ധ ലഭിക്കും, ആധുനികകളികളിലെപ്പോലെ. അടിസ്ഥാനസൗകര്യവികസനമോ വിലകൂടിയ ഉപകരണങ്ങളോ ആവശ്യമില്ലാത്തതിനാല്‍ ഗ്രാമങ്ങളിലെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാടന്‍കളികള്‍ സംഘടിപ്പിക്കാന്‍ അനായാസം കഴിയും.
നമ്മുടെ നാട്ടില്‍ കളിസ്ഥലങ്ങളുടെ കുറവ് പ്രകടമാണ്. പല സ്‌കൂളുകളിലും കോളജുകളിലും കളിക്കളങ്ങള്‍ ഇല്ല. ഉള്ളവയാകട്ടെ വേണ്ടപോലെ സംരക്ഷിക്കാനും സാധിക്കുന്നില്ല. ഇതിനെല്ലാം പരിഹാരമാകും. ക്ലാസ്മുറികളിലും ചെറിയ മുറ്റങ്ങളിലുമൊക്കെ നടത്താവുന്ന കളികളാണ് അധികവും. കബഡി, ഖോ-ഖോ, അട്ടയ - പട്ടയ തുടങ്ങിയ ഇനങ്ങള്‍ക്കു മാത്രമാണ് കൂടുതല്‍ സ്ഥലം ആവശ്യമുള്ളത്. ഇവ വിവിധ സ്‌കൂളുകള്‍ക്കു സംഘടിതമായി പൊതുവേദിയില്‍ പരിശീലിപ്പിക്കുവാന്‍ കഴിയും.
ബോള്‍ ബാഡ്മിന്റനെയും ഈ ഗണത്തില്‍പ്പെടുത്താം. പള്ളിമുറ്റങ്ങളിലും അമ്പലമൈതാനങ്ങളിലും പണ്ട് ബോള്‍ബാഡ്മിന്റന്‍ സജീവമായിരുന്നു. തെന്നിന്ത്യയില്‍ ആഴത്തില്‍ വേരുകളുള്ള ഈ കളി(പൂപ്പന്താട്ടം എന്നു പറയും.) ഇനിയും രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. കബഡിപോലെ ഭാവിയില്‍ ബോള്‍ ബാഡ്മിന്റനും ഏഷ്യന്‍ ഗെയിംസ് ഇനമാക്കാന്‍ കഴിയണം. കബഡിയിലെ ഇന്ത്യന്‍ ആധിപത്യം ഇറാന്‍ അവസാനിപ്പിച്ചു എന്നോര്‍ക്കണം.
മല്ലാക്കാമ്പ് സര്‍വരോഗസംഹാരിയായാണ് അറിയപ്പെടുന്നത്. ജിംനാസ്റ്റിക്‌സുമായി ഏറെ സാമ്യമുണ്ട്. കലാമൂല്യമുള്ള നാടന്‍കളികളും കേരളത്തിനു പരിചിതമാണ്. വിദ്യാര്‍ഥികളെ കൂടുതല്‍ ഊര്‍ജസ്വലരാക്കാനും ആരോഗ്യമുള്ളവരായി വളര്‍ത്താനും നാടന്‍കളികള്‍ക്കു കഴിയും. പുതിയ തലമുറ ക്രിക്കറ്റിലും എഫ്. വണ്‍ കാര്‍റാലിയിലും ഫുട്‌ബോളിലും മാത്രമല്ല, ദൃശ്യഭംഗിയോടെ ടിവിയില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന സ്‌നൂക്കറും ബില്യാര്‍ഡ്‌സുംപോലുള്ള വിനോദങ്ങളിലും ആകൃഷ്ടരാണ്.
സാധാരണ ഏതു കളിയിലും പങ്കെടുക്കാന്‍ പ്രത്യേക കഴിവുവേണം, മുതല്‍മുടക്കുവേണം. അതുകൊണ്ടുതന്നെ പിന്‍തിരിഞ്ഞുനില്‍ക്കുന്നവര്‍ ഏറെയാണ്. ഇവര്‍ക്കുള്ള അവസരംകൂടിയാണ് നാടന്‍വിനോദങ്ങള്‍ ഒരുക്കുന്നത്. കബഡിയിലും ഖോ-ഖോയിലും കളിമികവുവേണം. പക്ഷേ, എട്ടുകളിയിലും കുട്ടിയും കോല്‍കളിയിലും അത്രയും വേണ്ട. തനിക്കും കളിക്കാന്‍ പറ്റുമെന്ന തോന്നല്‍ ഏതു കുട്ടിയിലും ഉണ്ടാകും. ഇത് പങ്കാളിത്തം വര്‍ധിപ്പിക്കും. പാഠ്യേതരവിഷയങ്ങളില്‍ കുട്ടികളെ കൂടുതല്‍ ബന്ധപ്പെടുത്താനുള്ള അവസരവും തെളിയും.
ടി.വിയുടെയും മൊബൈലിന്റെയും മുന്നില്‍ മണിക്കൂറുകള്‍ ചെലവിടുന്ന പുതിയ തലമുറയെ കുറച്ചുസമയമെങ്കിലും മാറ്റിനിര്‍ത്തി, ശരീരത്തിനും മനസ്സിനും ഒരുപോലെ ഉല്ലാസംപകരുന്ന സാധാരണ കളികളിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ അതു വലിയ കാര്യമാണ്. പുതിയ തലമുറ ആരോഗ്യത്തോടെ വളരട്ടെ.
കേരളത്തിലെ വിനോദങ്ങള്‍ ഐ.കെ.എസിന്റെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍, ഡോ. അനുരാധാ ചൗധരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പരിഗണിക്കുമെന്നാണു പ്രതീക്ഷ. സമയത്തിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മറന്നു. പക്ഷേ, ഇനിയും അവസരം കിട്ടുമെന്നു കരുതാം. വരുന്ന മധ്യവേനല്‍ അവധിക്കാലം കേരളത്തിലെ വിദ്യാലയങ്ങള്‍ ഭാരതീയഗെയിംസിന്റെ പ്രചാരണത്തിനുപയോഗിച്ചാല്‍ നന്നായിരിക്കും. ആധുനികകളികള്‍ പ്രോത്സാഹിപ്പിക്കാന്‍ ഏറെപ്പേര്‍ കാണും. നാടന്‍കളികള്‍ പ്രോത്സാഹിപ്പിക്കാനാണ് ആളില്ലാത്തത്. ആ സ്ഥിതി മാറുകയാണ്. കേന്ദ്രസര്‍ക്കാര്‍ സ്വപ്നപദ്ധതിയായി ഇതിനെ കണ്ടാല്‍ ഗ്രാമങ്ങള്‍ ഉണരും. ഗ്രാമങ്ങളിലെ കുട്ടികളും രക്ഷപ്പെടും.