സൂക്ഷ്മമായി ആലോചിച്ചാല്‍ നമ്മുടെ ലോകത്തുനിന്നു കേള്‍ക്കാന്‍ ഇന്നു ഭീതിദമായ വാര്‍ത്തകളല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? ഒന്നു രണ്ടു വര്‍ഷമായി തുടരുന്ന കോവിഡ് ഭീതി ഏതാണ്ട് ഒഴിഞ്ഞുതുടങ്ങിയെന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ ഇതാ എത്തുന്നു, അതേ ഭീഷണി വീണ്ടും. അതും ചൈനയില്‍നിന്നുതന്നെ (ലേഖനം-കൊവിഡ് മഹാമാരിയില്‍ വിറച്ച് ചൈന-നാളം-44).
ലേഖനത്തില്‍ വിവരിക്കുന്നത്ര രൂക്ഷത അവിടെയുണ്ടോ? എന്തായാലും ജനങ്ങളില്‍ വിവരമെത്തിക്കുന്ന ആധികാരികസ്രോതസുകളെപ്പറ്റി ആര്‍ക്കുമത്ര പിടിയില്ല. ഇന്ന് എല്ലാവരും വാര്‍ത്താപ്രചാരകരാണ്. കൈയില്‍ കിട്ടുന്ന വാര്‍ത്തയെന്തുമാകട്ടെ, അതിന്റെ സത്യസ്ഥിതിയെക്കുറിച്ചന്വേഷിക്കാന്‍ മെനക്കെടാതെ, അപ്പോഴേ ഷെയര്‍ ചെയ്യുന്നതിലാണ് എല്ലാവര്‍ക്കും ആനന്ദം. വാട്ട്‌സാപ്പ് ഗ്രൂപ്പിലും മറ്റും ഞാന്‍ മുമ്പേ ഞാന്‍ മുമ്പേ എന്ന മട്ടിലാണ് മത്സരം. കൃത്രിമവീഡിയോകളും വാര്‍ത്തകളും ധാരാളമാണിന്ന്. കാണികളില്‍ കേവലകൗതുകം ജനിപ്പിക്കുന്ന ഫ്രോഡ് വീഡിയോകള്‍ ക്ഷമിച്ചുവിടാം. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പു സൃഷ്ടിക്കാനും മതവിദ്വേഷം പടര്‍ത്താനും പോന്ന വ്യാജസൃഷ്ടികള്‍ പടച്ചുവിടുന്നവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണം. എന്നാല്‍, യഥാര്‍ഥ വാര്‍ത്തകള്‍ ജനങ്ങളിലെത്തുകയും വേണം.
ചൈനയിലെ സ്ഥിതി ഗുരുതരമെങ്കില്‍ ആ മുന്നറിയിപ്പ് നാം അവഗണിച്ചുകൂടാ. നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു. എന്തായാലും ലോകവാര്‍ത്തകള്‍ നല്ല പഠനലേഖനങ്ങളായി അപ്പോഴപ്പോള്‍ ദീപനാളം വായനക്കാരിലെത്തിക്കുന്ന തോമസ് കുഴിഞ്ഞാലില്‍ അഭിനന്ദനമര്‍ഹിക്കുന്നു.
വില്‍ഫ്രഡ് മാത്യു ആലപ്പുഴ