കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായെക്കുറിച്ച് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എഴുതിയ ഓര്‍മക്കുറിപ്പു വായിച്ചു. പാപ്പായുടെ അഗാധമായ ബൈബിള്‍ ജ്ഞാനത്തെയും അഗാധമായ ദൈവശാസ്ത്രപാണ്ഡിത്യത്തെയുംകുറിച്ചാണ് എല്ലാവര്‍ക്കും പറയുവാനുള്ളത്.
സാധാരണക്കാരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൈവശാസ്ത്രം അവരുടെ ചിന്തയ്ക്കപ്പുറമാണ്. അവരുടെ ഏകകൈമുതല്‍ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും അനുദിനപ്രാര്‍ഥനകളും ഞായറാഴ്ചയാചരണവും ആണ്ടുവട്ടത്തിലെ ചില തീര്‍ഥാടനങ്ങളും മാത്രമാണ്. പക്ഷേ, അവരറിയുന്നില്ല, തങ്ങളുടെ വിശ്വാസത്തിന്റെയും തങ്ങള്‍ അംഗമായിരിക്കുന്ന സഭയുടെയും നിലനില്പ് ബനഡിക്ട് പാപ്പായെപ്പോലുള്ള അനേകം സഭാപിതാക്കന്മാരുടെ ചിന്തകളിലൂടെയും പഠനങ്ങളിലൂടെയും രൂപപ്പെട്ട വലിയ ദര്‍ശനങ്ങളുടെ പിന്‍ബലത്തിലാണെന്ന വസ്തുത.
ബനഡിക്ട് പാപ്പായുടെ ദൈവശാസ്ത്രപാണ്ഡിത്യത്തെ ഉയര്‍ത്തിക്കാട്ടുമ്പോഴും അദ്ദേഹം സഭൈക്യസംഭാഷണങ്ങള്‍ക്കു കൊടുത്തിരുന്ന പ്രാധാന്യത്തെ വിസ്മരിച്ചുകൂടാ. സഭകളുടെ ഐക്യം സ്വപ്നം കണ്ട മാര്‍പാപ്പായാണ് ബനഡിക്ട് പതിനാറാമന്‍ എന്നു മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നിരീക്ഷിക്കുന്നുണ്ട്. പ്രാദേശികസഭകളില്‍പ്പോലും ഇന്നു രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിഭാഗീയപ്രവണതകളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍, പാപ്പായുടെ സഭൈക്യചിന്തകള്‍ എത്രയോ ശ്ലാഘനീയമായിരുന്നുവെന്നോര്‍ക്കണം. സഭകള്‍ തമ്മിലുള്ള ഭിന്നതകള്‍ ലോകത്തിനു വലിയ എതിര്‍സാക്ഷ്യമാണു നല്കുന്നതെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. ഇവിടെ ഒരേ സഭയില്‍ത്തന്നെ ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ ഭിന്നിക്കുന്നു! തീര്‍ച്ചയായും ബെനഡിക്ട് പാപ്പായുടെ വിയോഗം സഭയ്ക്കും ലോകത്തിനും വലിയ നഷ്ടംതന്നെ.
റാണി സെബാസ്റ്റ്യന്‍ഇടപ്പള്ളി