''ഋ'' എന്ന പേരിലൊരു സിനിമയോ? കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന ഈ സിനിമയുടെ പിന്നില്‍ അദ്ഭുതപ്പെടുന്ന ഒരുപിടി കാര്യങ്ങളുണ്ട്. ഒരു വൈദികന്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാളസിനിമ. പ്രണയത്തോടൊപ്പം വര്‍ണരാഷ്ട്രീയം മുഖ്യപ്രമേയമാകുന്ന ചിത്രം പൂര്‍ണമായും കാമ്പസ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. എം.ജി. സര്‍വകലാശാലയില്‍ പൂര്‍ണമായി ചിത്രീകരിച്ച ആദ്യത്തെ സിനിമ.
സംവിധാനത്തിന് ദേശീയപുരസ്‌കാരം നേടിയ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രം. അവഗണിക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്തവരുടെ കഥ പറയാന്‍ ശ്രമിക്കുമ്പോള്‍ അതിന് അവഗണിക്കപ്പെട്ട അക്ഷരമായ ''ഋ'' എന്ന പേരിടുകയായിരുന്നുവെന്ന് സംവിധായകന്‍ ഫാ. വര്‍ഗീസ് ലാല്‍ പറയുന്നു. ''മലയാളത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട ഒരക്ഷരംപോലെയാണല്ലോ 'ഋ'. എന്നാല്‍ സ്വന്തമായി ഒരര്‍ഥമുള്ള അക്ഷരമാണ് 'ഋ' എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. നായകന്റെ പേര് ഋഷിയെന്നാണ്.''
'ഋ' പോലെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ജീവിതത്തിന്റെ സങ്കീര്‍ണതകളാണ് സിനിമയുടെ പ്രമേയം. ഷേക്‌സ്പിയറുടെ ഒഥല്ലോയുടെ പുനരാവിഷ്‌കരണമായ കഥയില്‍ വര്‍ത്തമാനകാലസാമൂഹികസാഹചര്യം അവതരിപ്പിച്ചിരിക്കുന്നു. കാമ്പസ് രാഷ്ട്രീയവും ഇതിലുണ്ട്.
കുട്ടിക്കാലംമുതലേ ആത്മീയകാര്യങ്ങളോടൊപ്പം തന്നെ സിനിമയോടും ഫാദര്‍ വര്‍ഗീസ് ലാലിനു താത്പര്യമായിരുന്നു. ''കലയില്ലാതെ മതമില്ലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. മതത്തില്‍ കലയില്ലെങ്കില്‍ ബോറാകും. ഈശ്വരനിലേക്കുള്ള വഴി തന്നെയാണ് കല'' ഫാ. വര്‍ഗീസ് ലാല്‍ പറയുന്നു.
എം.ജി. സര്‍വകലാശാലയില്‍നിന്ന് എം.എ. സിനിമ ആന്‍ഡ് ടെലിവിഷന്‍ മൂന്നാം റാങ്കോടെ ജയിച്ച ഫാ. വര്‍ഗീസ് ലാല്‍ 'സിനിമയുടെ കലാബോധം' എന്ന വിഷയത്തില്‍ എം.ഫില്‍ പൂര്‍ത്തിയാക്കി. ഇതിനോടകം 20 ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
മികച്ച നവാഗതസംവിധായകനും തിരക്കഥാകൃത്തിനുമുള്ള കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് ചിത്രത്തിനു കിട്ടിക്കഴിഞ്ഞു. എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റ്‌ഴ്‌സ്അധ്യാപകന്‍ ഡോ. ജോസ് കെ. മാനുവലിന്റേതാണ് തിരക്കഥ. വിശാല്‍ ജോണ്‍സന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. രഞ്ജി പണിക്കര്‍, രാജീവ് രാജ്, നയന എല്‍സ, ഡെയിന്‍ ഡേവിസ്, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് താരനിരയില്‍.