''ജീവിതത്തില്‍ നേരിട്ടറിഞ്ഞതും വായിച്ചറിഞ്ഞുമായ കാര്യങ്ങളില്‍നിന്നാണ് സൗന്ദര്യപ്പട്ടത്തിലേക്കുള്ള യാത്ര നടത്തിയത്. ചിലപ്പോഴൊക്കെ മിസ് കേരളപ്പട്ടം കിട്ടിയാലോയെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിനായി സൗന്ദര്യമത്സരവിജയികളുടെ നടത്തം, രീതികള്‍ ഇവയൊക്കെ നോക്കി പഠിച്ചിട്ടുണ്ട്'' - 2022 ലെ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം കൈപ്പുഴ സ്വദേശി ലിസ് ജെയ്‌മോന്‍ ജേക്കബിന്റെ വാക്കുകളാണിത്.
ആത്മവിശ്വാസത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും ഫലമാണ് ഓരോ വിജയവുമെന്ന് ഓര്‍മിപ്പിക്കുന്ന വാക്കുകള്‍.
കോട്ടയം ബി.സി.എം. കോളജില്‍ ബി.എ. ഇംഗ്ലീഷ് പഠിക്കുമ്പോള്‍ സ്റ്റൈല്‍ ഐക്കോണ്‍ മത്സരത്തില്‍ ഒന്നാമതായത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു എന്ന് ലിസ് പറയുന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയശേഷം കൊച്ചി മക്ഫീ കമ്പനിയില്‍ സോഫ്റ്റ്‌വേര്‍ അസോസിയേറ്റായി ജോലി ചെയ്യുമ്പോഴും ക്രിയാത്മകമായ സൗന്ദര്യറാണി പട്ടം ലിസ്സിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.
മര്‍ച്ചന്റ് നേവിയില്‍നിന്ന് വിരമിച്ചശേഷം മുഴുവന്‍ സമയം പ്ലാന്ററായ അച്ഛന്‍ ജയ്മോന്‍, അമ്മ സിമി എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും വിജയത്തിലേക്കുള്ള യാത്ര എളുപ്പമാക്കിയെന്ന് ലിസ് പങ്കുവച്ചു.
കാര്യക്ഷമമായ രക്ഷാകര്‍ത്തൃ ബന്ധത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന നിര്‍ണായക ചോദ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ ലിസിനായി. നാലു വയസ്സുള്ള ഇരട്ടസഹോദരങ്ങളുള്ള ലിസിന്റെ പക്വതിയുള്ള മറുപടി വേദിയെ ആവേശഭരിതമാക്കി. ''ഞാനടക്കം അഞ്ചു മക്കളാണ് വീട്ടില്‍. ഞാന്‍ 12-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇളയ ഇരട്ടക്കുട്ടികള്‍ യോഹാനും യാരയും ഉണ്ടാകുന്നത്. അവര്‍ക്കിപ്പോള്‍ നാലു വയസ്സ്. അവര്‍ക്ക് ഞാന്‍ ചേച്ചിയെക്കാള്‍ അമ്മയെപ്പോലെയാണ്. എന്തിനും നിഴലായി ഞാന്‍ കൂടെയുണ്ട്.''
ഈ മറുപടിക്കു ശേഷമുള്ള ഹൃദയവികാരങ്ങള്‍ പങ്കുവെച്ചത് ഇങ്ങനെയാണ്.
''അപ്പോള്‍ മനസ്സില്‍ ഐശ്വര്യറായിയാണു നിറഞ്ഞത്. ഒരിക്കല്‍ ഐശ്വര്യയോട് എപ്പോഴും മാതാപിതാക്കള്‍ കൂടെയുള്ളത് ബാധ്യതയാകില്ലേ എന്ന് വിദേശമാധ്യമപ്രതിനിധിയുടെ ചോദ്യത്തിന്, ''എനിക്കത് തരുന്ന ധൈര്യം വലുതാണ്. അവരെ കാണാന്‍ മുന്‍കൂട്ടി അനുവാദം വേണ്ടായെന്നത് അനുഗ്രഹം'' എന്ന് ഐശ്വര്യ പറഞ്ഞ മറുപടിപോലൊന്ന് പറയാന്‍ കഴിഞ്ഞുവെന്ന സന്തോഷം തോന്നി.''
ഫാഷന്‍ഗ്ലാമര്‍ ആരാധകര്‍ ഉറ്റുനോക്കുന്ന മിസ് കേരള വേദിയില്‍ 23 സുന്ദരിമാരെ പിന്തള്ളിയാണ് ലിസ് അഴകിന്റെ കിരീടം ചൂടിയത്. ബുദ്ധിയും സൗന്ദര്യവും മികവിന്റെ അളവുകോലായി മാറിയ വേദിയില്‍ കണ്ടത് ഇഞ്ചോടിഞ്ചു പോരാട്ടമാണ്. റാംപ് വോക്കില്‍ മിന്നിത്തിളങ്ങിയും ചോദ്യങ്ങള്‍ക്ക് ഔചിത്യത്തോടെ മറുപടി നല്‍കിയും ലിസ് വിജയത്തിലേക്കു നടന്നടുക്കുകയായിരുന്നു. സ്വയം പരിചയപ്പെടുത്തല്‍ റൗണ്ട് മുതല്‍ ലിസ് മത്സരത്തില്‍ മുന്നിട്ടുനിന്നു. വിജയം അപ്രതീക്ഷിതമായിരുന്നുെവന്നും അനുഗ്രഹത്തിന്റെ നിമിഷമായിരുന്നു അതെന്നും ലിസ് പ്രതികരിച്ചു. ഇംപ്രസാരിയോ സംഘടിപ്പിച്ച മത്സരത്തിന് സിനിമാതാരം സിജോയ് വര്‍ഗീസ്, സംവിധായകന്‍ ജിബു ജേക്കബ് തുടങ്ങിയവരാണ് വിധി നിര്‍ണയിച്ചത്.
ഫഹദ് ഫാസിലിനെ ആരാധിക്കുന്ന ലിസിന് സിനിമയിലേക്ക് കടക്കാന്‍ താത്പര്യമുണ്ട്. സൗന്ദര്യമത്സരങ്ങള്‍ പണക്കാര്‍ക്കു മാത്രമുള്ള വേദിയല്ലെന്നും സാധാരണക്കാര്‍ക്കും പങ്കെടുക്കാമെന്നും ലിസ് പറഞ്ഞു. മത്സരവേദിയിലെത്താന്‍ കഠിനപ്രയത്‌നവും പരിപൂര്‍ണ സമര്‍പ്പണവുമാണ് വേണ്ടതെന്നും ലിസ് കൂട്ടിച്ചേര്‍ത്തു.