ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാക്കള്‍. ലോകറാങ്കിങ്ങില്‍ ആറാമത്. എല്ലാറ്റിനുമുപരി ആതിഥേയരും. ലോകകപ്പ് ഹോക്കി ഒഡീഷയിലെ ഭുവനേശ്വറിലും റൂര്‍ക്കലയിലുമായി നടക്കുമ്പോള്‍ ഇന്ത്യയുടെ അനുകൂലഘടകങ്ങള്‍ ഇതൊക്കെത്തന്നെ. പക്ഷേ, ലോകകപ്പ് വിജയം അത്ര എളുപ്പമല്ല. സെമിയില്‍ കടന്നാല്‍ നേട്ടം. അതിനപ്പുറമെന്തും ബോണസ്. അദ്ഭുതം സംഭവിച്ചാല്‍ താരങ്ങള്‍ കോടീശ്വരന്മാരാകും. കപ്പ് വീണ്ടെടുത്താല്‍ ഓരോ ഇന്ത്യന്‍താരത്തിനും ഒരു കോടി രൂപ വീതമാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 2018 ല്‍ ഭുവനേശ്വറില്‍ ആറാം സ്ഥാനം നേടിയ ഇന്ത്യ നേരത്തേ 1982 മുംബൈയില്‍ ലോകകപ്പു നടന്നപ്പോള്‍ അഞ്ചാമതും 2010 ല്‍ ന്യൂഡല്‍ഹിയില്‍ എട്ടാമതുമാണ് ഫിനിഷ് ചെയ്തത്. അതുകൊണ്ടാണ് ഇത്തവണ സെമിഫൈനലില്‍ കടന്നാല്‍ നേട്ടംതന്നെയെന്നു മുന്‍കൂട്ടിപ്പറഞ്ഞത്.
ഗ്രഹാം റീഡിന്റെ ശിക്ഷണത്തില്‍ ഡിഫെന്‍ഡര്‍ ഹാര്‍മന്‍പ്രീത്‌സിങ്ങിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ഇന്ത്യന്‍ ടീമില്‍ കേരളത്തിന്റെ പ്രതിനിധി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് മാത്രം. മാനുവല്‍ ഫ്രഡറിക്‌സിനുശേഷം ഒളിമ്പിക് ഹോക്കിയില്‍ വെങ്കലം നേടിയ ടീമംഗമായ ശ്രീജേഷ് ഒന്നാം ഇലവനില്‍ സ്ഥാനം നേടുമെന്നു പ്രതീക്ഷിക്കാം. ടോക്കിയോയിലെ ഒളിമ്പിക് മെഡല്‍ നേട്ടത്തില്‍ ശ്രീജേഷിനു കാര്യമായ സ്ഥാനമുണ്ടായിരുന്നു. അന്നു നായകനായിരുന്ന മധ്യനിരതാരം മന്‍പ്രീത്‌സിങ് ലോകകപ്പ് ടീമിലുണ്ട്. ശ്രീജേഷിന്റെയും മന്‍പ്രീതിന്റെയും അനുഭവസമ്പത്ത് ആതിഥേയര്‍ക്കു മുതല്‍ക്കൂട്ടാകും. ശ്രീജേഷിന് ഇതു നാലാം ലോകകപ്പാണ്.
പതിനാറു ടീമുകള്‍ നാലു പൂളുകളിലായി മത്സരിക്കുന്നു. ഇന്ത്യ പൂള്‍ 'ഡി' യില്‍ ഇംഗ്ലണ്ട്, സ്‌പെയിന്‍, വെയില്‍സ് ടീമുകള്‍ക്കൊപ്പമാണ്. ഏറ്റവുമധികം തവണ ലോകകപ്പ് നേടിയിട്ടുള്ള (നാലു തവണ) പാക്കിസ്ഥാന്‍ ഇക്കുറി യോഗ്യത നേടിയില്ല എന്ന പ്രത്യേകതയുണ്ട്. ദക്ഷിണകൊറിയ, ജപ്പാന്‍, മലേഷ്യ ടീമുകളാണ് ഇന്ത്യയ്ക്കു പുറമേ ഏഷ്യന്‍ പ്രതിനിധികള്‍.
ബല്‍ജിയമാണു നിലവിലെ ചാമ്പ്യന്മാര്‍. ജര്‍മനി, ഓസ്‌ട്രേലിയ, നെതര്‍ന്‍ഡ്‌സ്, ന്യൂസിലന്‍ഡ് ടീമുകളൊക്കെ കരുത്തരാണ്. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ തകര്‍ത്ത (7-1) ഓസ്‌ട്രേലിയ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയിരുന്നു (7-0). ആതിഥേയര്‍ എന്ന നിലയില്‍ കാണികളുടെ പിന്തുണ ലഭിക്കുമെങ്കിലും ഏതെങ്കിലും ടീമിനെതിരേ കനത്ത തോല്‍വിയുണ്ടായാല്‍ ഇന്ത്യ വിഷമിക്കും.
കൃഷന്‍ ബഹദൂര്‍ പഥക്കാണ് ശ്രീജേഷിനൊപ്പം ഗോള്‍വല കാക്കാനുള്ളത്. സ്‌ട്രൈക്കര്‍ അക്ഷദീപ് സിങ് അനുഭവസമ്പന്നനാണ്. മധ്യനിരയില്‍ വിവേക് സാഗര്‍ പ്രസാദ് മടങ്ങിയെത്തിയേക്കും. പക്ഷേ, ടോക്കിയോയില്‍ ഏറെ ത്തിളങ്ങിയ ഡ്രാക് ഫ്‌ളിക്കര്‍ രൂപീന്ദര്‍പാല്‍സിങ്ങും ഡിഫന്‍ഡര്‍ ബിരേന്ദ്ര ലക്രയും വിരമിച്ചത് കനത്ത നഷ്ടംതന്നെയാണ്. പുതുമുഖങ്ങള്‍ അവസരത്തിനൊത്തുയരണം.
ഇന്ത്യന്‍ ഹോക്കി തലസ്ഥാനമായി ഒഡീഷ
1975 ല്‍ കോലാലംപൂരിലാണ് ഇന്ത്യ ഒരേയൊരിക്കല്‍ ലോകകപ്പു വിജയിച്ചത്. അജിത്പാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീമിനെ ഒരുക്കിയത് പഞ്ചാബ് സര്‍ക്കാരായിരുന്നു. പഞ്ചാബിന്റെ സ്ഥാനം ഇന്ന് ഒഡീഷയ്ക്കാണ്. 2018 ല്‍ ഭുവനേശ്വറില്‍ കലിംഗ സ്റ്റേഡിയത്തിലായിരുന്നു ടൂര്‍ണമെന്റ്. എങ്കില്‍ ഇത്തവണ രണ്ടാമതൊരു വേദികൂടിയുണ്ട്. റൂര്‍ക്കലയിലെ ബിര്‍സാമുണ്ടാ രാജ്യാന്തര ഹോക്കി സ്റ്റേഡിയം. ലോകത്തിലേക്കും വലിയ ഹോക്കി സ്റ്റേഡിയമാണിത്. 20,000 പേര്‍ക്ക് ഇരിപ്പിടമുണ്ട്. കളിക്കാര്‍ക്കു താമസസൗകര്യമുള്‍പ്പെടെ ഒട്ടേറെ ആധുനികസംവിധാനങ്ങളോടുകൂടിയ സ്റ്റേഡിയം കേവലം 15 മാസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
നവീന്‍ പട്‌നായിക് ഒഡീഷ മുഖ്യമന്ത്രിയായശേഷം സംസ്ഥാനം കായികവികസനത്തിനു വലിയ പ്രാധാന്യമാണു നല്‍കുന്നത്. പുതിയൊരു കായികസംസ്‌കാരംതന്നെ ഭുവനേശ്വറില്‍ ഉടലെടുത്തു. കലിംഗ സ്റ്റേഡിയവും അനുബന്ധസൗകര്യങ്ങളും ചുറ്റുവട്ടത്തെ പച്ചപ്പുമൊക്കെ നല്ലൊരുനുഭവമാണ്. 2017 ല്‍ കലിങ്ക സ്റ്റേഡിയത്തില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടന്നപ്പോള്‍ ഈ സൗകര്യങ്ങളും നവീന്‍ പട്‌നായിക് നടത്തിപ്പുകാര്യങ്ങളില്‍ കാഴ്ചവച്ച സമര്‍പ്പണവും ഈ ലേഖകന്‍ കണ്ടറിഞ്ഞതാണ്. ഒരു മുഖ്യമന്ത്രിയുടെ വീക്ഷണവും ഇച്ഛാശക്തിയും സംസ്ഥാനത്തിന്റെ കായികവികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ ഉത്തമോദാഹരണം.
ലോകകപ്പില്‍ ഏഷ്യയ്ക്കു ചുവടുതെറ്റുന്നു
ലോകകപ്പ് ഹോക്കി എന്ന ആശയം കൊണ്ടുവന്ന പാക്കിസ്ഥാന്‍തന്നെയാണ് 1971 ല്‍ പ്രഥമ ലോകകപ്പ് സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്. പക്ഷേ, രാഷ്ട്രീയ അനിശ്ചിതത്വം മൂലം അവര്‍ പിന്മാറിയപ്പോള്‍ ബാര്‍സിലോണയില്‍ ആദ്യ ടൂര്‍ണമെന്റ് അരങ്ങേറി. ആദ്യ മൂന്നു പതിപ്പുകള്‍ ഏതാണ്ടു രണ്ടു വര്‍ഷ ഇടവേളകളിലാണു നടന്നത്. 1978 നു ശേഷം ഇടവേള നാലുവര്‍ഷമായി. 71 ല്‍ വെങ്കലവും 73 ല്‍ വെള്ളിയും കരസ്ഥമാക്കിയശേഷമാണ് 75 ല്‍ ഇന്ത്യ ചാമ്പ്യന്മാരായത്.
ഹോക്കിലോകകപ്പിന്റെ ചരിത്രം രണ്ടായി വേണം കാണുവാന്‍. 1971 മുതല്‍ 82 വരെ സാധാരണ പുല്ലിലായിരുന്നു പ്രതലമൊരുക്കിയത്. 86 മുതല്‍ കൃത്രിമപുല്‍ത്തകിടിയായി. ഫലം 86 ല്‍ ഇന്ത്യയും പാക്കിസ്ഥാനും സെമിയില്‍ കടന്നില്ല. സാധാരണ പുല്‍പ്പുറത്തെ കളിയില്‍ ഏഷ്യന്‍രാജ്യങ്ങള്‍ അഞ്ചില്‍ നാലിലും ജേതാക്കളായി. 73 ല്‍ നെതര്‍ലന്‍ഡ്‌സ് ഇന്ത്യയെ പിന്തള്ളി ചാംപ്യന്‍മാരായതു മാത്രമാണ് വ്യത്യസ്തമായത്. കൃത്രിമപ്രതലത്തിലാകട്ടെ, 1994 ല്‍ പാക്കിസ്ഥാന്‍ കിരീടം ചൂടിയത് വേറിട്ട കാഴ്ചയായി. അത്രമാത്രം.
കൃത്രിമ ടര്‍ഫിന്റെ വേഗത്തിനൊത്ത് കളിവേഗം കൂട്ടിയ യൂറോപ്യന്‍ ടീമുകളും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമൊക്കെ ഇത്തവണയും മികവു കാട്ടും. അവരുടെ ത്വരിതവേഗത്തിനൊപ്പം എത്രത്തോളം കുതിക്കാനാകുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സാധ്യതകള്‍. പൂള്‍ ഘട്ടത്തില്‍തന്നെ ഇംഗ്ലണ്ടും സ്‌പെയിനും ഇന്ത്യയ്ക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തും. പാക്കിസ്ഥാന്‍ ഇല്ലാത്ത ലോകകപ്പില്‍ ഏഷ്യയുടെ മഹത്തായ ഹോക്കി പാരമ്പര്യം ഉയര്‍ത്തിക്കാട്ടേണ്ട ചുമതല ഇന്ത്യയ്ക്കുണ്ട്.