ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു തൊഴിലും മികച്ച ജീവിതവും സ്വപ്നം കണ്ടുള്ള സഞ്ചാരം മലയാളിക്കു പണ്ടേ ശീലമാണ്. എന്നാല്‍, ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ കോളജ് പഠനകാലംമുതല്‍ നാടുവിട്ടു പുറത്തേക്കു പോവുകയാണ്. ഭാവിയെക്കുറിച്ചു നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്ന ഭൂരിഭാഗം കുട്ടികളും ഉപരിപഠനത്തിനായി നമ്മുടെ നാട്ടിലും രാജ്യത്തും നില്‍ക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നതാണ് നിലവിലെ ട്രെന്‍ഡ്. നാളെയിലേക്കു പ്രതീക്ഷയോടെ കണ്ണുനട്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാധ്യതകളുടെ വലിയൊരു ലോകംതന്നെ വിദേശയൂണിവേഴ്‌സിറ്റികള്‍ ഒരുക്കിവച്ചിട്ടുണ്ട്. അതിലേറെ മികച്ച തൊഴിലവസരങ്ങളും അവര്‍ക്കവിടെ ലഭ്യമാണ്. അതുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ എത്ര പണം മുടക്കിയും വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്കു ചേക്കേറുന്നത്.
ലോകറാങ്കിങ്പ്രകാരം ആയിരം സര്‍വകലാശാലകള്‍ എടുത്താല്‍ വളരെക്കുറച്ച് ഇന്ത്യന്‍ സര്‍വകലാശാലകളേ അതിലുണ്ടാവൂ എന്നതും നമ്മുടെ കുട്ടികളെ വിദേശവിദ്യാഭ്യാസത്തിലേക്കു വല്ലാതെ അടുപ്പിക്കുന്നുണ്ട്. യു.കെ., കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ റാങ്കിങ്ങില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന സര്‍വകലാശാലകളില്‍ പഠിക്കാനാണ് നാടുവിട്ടുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം കിട്ടുന്നത്.
ബിരുദം, ബിരുദാനന്തരബിരുദം, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറേറ്റ് റിസര്‍ച്ചുകള്‍ തുടങ്ങിയവയ്ക്കാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശപഠനത്തെ കാര്യമായി ആശ്രയിക്കുന്നത്. ഡിപ്ലോമപോലുള്ള കോഴ്‌സുകള്‍ക്കുശേഷവും നിരവധി പഠനാവസരങ്ങളും സാധ്യതകളും വിദേശത്തുണ്ട്. വിവിധ വിദേശഭാഷകള്‍, അതതു രാജ്യങ്ങളില്‍നിന്നുതന്നെ പഠിക്കാനും പരിശീലിക്കാനും അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും സഹായിക്കുന്ന വിദേശകോഴ്സുകളും കുട്ടികളെ ആകര്‍ഷിക്കുന്നു.
വിദേശപഠനം ആഗ്രഹിച്ചുള്ള കുട്ടികളുടെ ഒഴുക്ക് മുതലാക്കാന്‍ ലക്ഷ്യമിട്ട് 'വിദേശപഠന കണ്‍സള്‍ട്ടന്റ്' എന്ന പേരില്‍ വളരെയധികം സ്ഥാപനങ്ങള്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ വന്‍തോതില്‍ പരസ്യങ്ങള്‍ നല്‍കി പത്രമാധ്യമങ്ങളോടു ചേര്‍ന്നും അല്ലാതെയും വിദേശപഠനമേളകള്‍ നടത്തി കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ ഇത്തരത്തില്‍ മൂവായിരത്തോളം വിദേശവിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിദേശ സര്‍വകലാശാലകള്‍ തേടിയുള്ള ഇന്ത്യന്‍വിദ്യാര്‍ഥികളുടെ ഒഴുക്കിനു തടയിടാന്‍ ഇന്ത്യയില്‍ അവര്‍ക്കു കാമ്പസ് തുറക്കാന്‍ അനുവാദം നല്കണമെന്ന് പ്രമുഖ വിദ്യാഭ്യാസവിദഗ്ദ്ധര്‍ വളരെ മുമ്പുതന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. അതിന് അവസരമൊരുക്കാനുള്ള യു.ജി.സിയുടെ നിലവിലെ നീക്കം പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. വിദേശയൂണിവേഴ്‌സിറ്റികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള കരടുനയരേഖ യു.ജി.സി. പുറത്തിറക്കിയതോടെ ഈ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളേറെ നടക്കുന്നു. വിദേശത്തു പോകാതെതന്നെ വിദേശയൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ നമ്മുടെ നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നുവെന്നത് ഏറെ സ്വാഗതാര്‍ഹമാണ്.
കേരളത്തില്‍നിന്ന് വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. മുപ്പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും കേരളത്തില്‍നിന്നുമാത്രം ചൈന, റഷ്യ, യുക്രെയ്ന്‍, യു.കെ, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍ പഠനത്തിനായി ചേക്കേറുന്നത്. 2021 ല്‍ മാത്രം നാലരലക്ഷം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍നിന്ന് വിദേശസര്‍വകലാശാലകളില്‍ പഠനം നടത്താന്‍ പോയതെന്ന് യു.ജി.സി ചെയര്‍മാന്‍ എം. ജഗദേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടുന്നു. 2800-3800 കോടി ഡോളര്‍ ഇതിലൂടെ രാജ്യത്തിനു പുറത്തുപോയി. 2022 ലാകട്ടെ 6.46 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് രാജ്യം വിട്ട് പഠിക്കാന്‍ പോയത് (ഇത് നവംബര്‍ വരെയുള്ള കണക്കാണ്). കുട്ടികള്‍ വിദേശത്തേക്കു പഠിക്കാന്‍ പോകുന്നതുമൂലം വിദേശനാണ്യം വന്‍തോതില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഓരോ വര്‍ഷവും ശരാശരി മൂവായിരം കോടി ഡോളര്‍ ഇന്ത്യയ്ക്കു നഷ്ടമാകുന്നു എന്നാണു കണക്ക്. വിദ്യാഭ്യാസത്തിന്റെ പേരില്‍ ഇന്ത്യയില്‍നിന്നു വിദേശത്തേക്കുള്ള പണമൊഴുക്ക് വലിയ ഒരു പരിധിവരെ തടയാന്‍ യു.ജി.സിയുടെ പുതിയ തീരുമാനം വഴിയൊരുക്കും.
വിദേശസര്‍വകലാശാലകളുടെ കടന്നുവരവ് അധ്യാപകരുടെ ജോലിസാധ്യത ഉയര്‍ത്തും. മികച്ചതും പരിഷ്‌കൃതവും പുതുക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു വിദ്യാഭ്യാസസംവിധാനത്തിലേക്കു നമ്മുടെ സംവിധാനങ്ങളും മാറ്റപ്പെടും.
ഇതേസമയം, വിദേശസ്ഥാപനങ്ങളുടെ കാമ്പസുകളില്‍ നമ്മുടെ എത്ര വിദ്യാര്‍ഥികള്‍ക്കു പഠിക്കാനും ഉന്നതനിലവാരമുള്ള വിദ്യ നേടാനും കഴിയുമെന്നതു ചിന്തിക്കേണ്ടതുണ്ട്. ഇവിടെ ആരംഭിക്കുന്ന വിദേശസര്‍വകലാശാലകളില്‍ ഇന്ത്യയില്‍നിന്ന് എത്രപേരെ പ്രവേശിപ്പിക്കുന്നുവെന്നത് ഏറെ പ്രസക്തമാണ്. ഈ സ്ഥാപനങ്ങളില്‍ വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനു വിലക്കില്ല. വിദേശവാഴ്‌സിറ്റികളുടെ പ്രവേശനനടപടികള്‍, ഫീസ്, കോഴ്സ് ഘടന എന്നിവയെല്ലാം പ്രസ്തുതസ്ഥാപനങ്ങള്‍ക്കുതന്നെ തീരുമാനിക്കാമെന്നാണ് കരടുമാര്‍ഗരേഖയില്‍ പറയുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ പ്രമുഖ വാഴ്‌സിറ്റികളൊന്നും ഇങ്ങോട്ടുവരാന്‍ താത്പര്യപ്പെടില്ല.
വിദേശവാഴ്‌സിറ്റികള്‍ വന്നാലും അതു സമ്പന്നര്‍ക്കു മാത്രമേ പ്രയോജനപ്പെടൂ എന്ന വാദങ്ങളും കാണാതിരിക്കാനാവില്ല.
മക്കളുടെ നല്ല ഭാവിക്കായി സ്ഥലവും വീടുംപോലും വില്പന നടത്തി വിദേശത്തു പോകുന്ന നിരവധി കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുള്ളപ്പോള്‍, വിദേശ വാഴ്‌സിറ്റികളുടെ കടന്നുവരവ് ഏറെ സ്വാഗതാര്‍ഹമാണെന്നു പറയാം. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ മാത്രമല്ല, സാധാരണക്കാര്‍പോലും ഏതുവിധേനയും മക്കളെ ഉപരിപഠനത്തിനു വിദേശത്ത് അയയ്ക്കാന്‍ ശ്രമിക്കുന്ന കാലമാണിത്. അത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ യുവതലമുറയെ ഒരു പരിധിവരെ നാട്ടില്‍ പിടിച്ചുനിര്‍ത്താന്‍ വിദേശവാഴ്‌സിറ്റികളുടെ കടന്നുവരവു സഹായിച്ചേക്കും.
ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച സുപ്രധാനതീരുമാനമെന്ന നിലയില്‍ ചര്‍ച്ചകളിലൂടെ സാധാരണക്കാരുടെ ആശങ്കകള്‍ പരിഗണിച്ച് കുറ്റമറ്റ രീതിയില്‍ ഈ തീരുമാനം നടപ്പാക്കാന്‍ സാധിച്ചാല്‍ ഭാവിതലമുറയെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനപ്രദമാകും.