•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

മരണംവരെ വിശ്വസ്തതയോടെ

കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച  ''ആദ്ധ്യാത്മികജീവിതത്തിന്റെ മതബോധനം'' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.

ശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ കാനായിലെ കല്യാണവീട്ടില്‍ വെള്ളം വീഞ്ഞാക്കിക്കൊണ്ട് ആദ്യ അടയാളമായ അദ്ഭുതം പ്രവര്‍ത്തിച്ചു. വിവാഹത്തിന്റെ വിശുദ്ധീകരണമാണ് അവിടെ സംഭവിച്ചത്. 
ഈ വിഷയത്തെക്കുറിച്ച് തുടര്‍ന്നു പ്രതിപാദിക്കുന്നതിനുമുമ്പ്, വിവാഹമെന്ന കൂദാശയെക്കുറിച്ചു വിശദീകരണം നല്കുന്നതിനുമുമ്പ്, സ്ത്രീയെപ്പറ്റി നവ്യമായ കാഴ്ചപ്പാട് അവതരിപ്പിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് കര്‍ദിനാള്‍ സറാ ഈ അധ്യായം തുടങ്ങുന്നത്. 
സ്ത്രീ
ദൈവം മനുഷ്യനായത് പരിശുദ്ധകന്യകയില്‍നിന്നാകയാല്‍ ദൈവമാതാവ് എന്നു വിളിക്കപ്പെടാന്‍ അവള്‍ യോഗ്യയായി. അമ്മയ്ക്ക് ഈശോ നല്കിയ സ്‌നേഹാദരവുകള്‍ എല്ലാ സ്ത്രീകള്‍ക്കും നല്കപ്പെടേണ്ട ആദരവിന്റെയും സ്‌നേഹത്തിന്റെയും പ്രതിരൂപമാണ്.
മാതാവിലൂടെ സ്ത്രീത്വം മഹത്ത്വവത്കരിക്കപ്പെട്ടു. പുരുഷന്റെ പങ്കാളി എന്ന നിലയില്‍ അവളില്‍ പ്രശോഭിക്കേണ്ട ഗുണങ്ങള്‍ ഏവയെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. അവ ആര്‍ദ്രത, ശാലീനത, ശാന്തത, ശ്രവണസന്നദ്ധത, അംഗീകരിക്കാനുള്ള സന്മനസ്സ്, അര്‍പ്പണബോധം, പരിത്യാഗം എന്നിവയും മനുഷ്യരാശിക്ക് ഏറ്റവും ആവശ്യമായ ഔദാര്യവും മഹാമനസ്‌കതയുമാണ് (പേജ് 186). 
അശ്ലീലചിത്രങ്ങളും വേശ്യാവൃത്തിയും പരസ്യബോര്‍ഡുകളിലെ സ്ത്രീനഗ്നതാപ്രദര്‍ശനവും സ്ത്രീയെ ലൈംഗികവസ്തുവായി കാണുകയും ഉപയോഗത്തിനുശേഷം ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണതയുമെല്ലാം സ്ത്രീയുടെ അന്തസ്സിനെതിരേയുള്ള എത്ര വലിയ അപരാധവും അവഹേളനവുമാണെന്ന് കര്‍ദിനാള്‍ ചോദിക്കുന്നു. ''പരിശുദ്ധമറിയത്തെ നമ്മുടെ അമ്മയായി ഈശോ നല്കിയതുമുതല്‍ ഓരോ സ്ത്രീയെയും അമ്മയായോ പെങ്ങളായോ വേണം കാണാന്‍. സ്ത്രീയുടെമേല്‍ പതിക്കുന്ന നമ്മുടെ നോട്ടം ആഴമായ ബഹുമാനത്തിന്റെയും ശുദ്ധതയുടെയും നന്ദിയുടെയും മതിപ്പിന്റെയും കണ്ണുകള്‍കൊണ്ടുള്ളതായിരിക്കണം.'' കര്‍ദിനാള്‍ സറായുടെ സുവിശേഷാധിഷ്ഠിതമായ ഈ വാക്കുകള്‍ ഏകദേശം പദാനുപദം ഞാനിവിടെ മൊഴിമാറ്റം ചെയ്തിരിക്കുകയാണ്. അദ്ദേഹം തുടരുന്നു: സ്ത്രീയോടുള്ള നമ്മുടെ സ്‌നേഹം പാവനവും പരിശുദ്ധവുമായിരിക്കണം. ഈ സ്‌നേഹം ജഡികാഗ്രഹത്തിന്റെ ബന്ധനത്തില്‍നിന്ന് ഉദ്ഭവിക്കുന്നതായിരിക്കരുത്; മറിച്ച്, വിശുദ്ധ ബര്‍ണാര്‍ദ് പറയുന്നതുപോലെ മനസ്സിനെ സ്വതന്ത്രമാക്കുന്ന പരിശുദ്ധിയില്‍നിന്നായിരിക്കണം. ദൈവത്തിന്റെ ആര്‍ദ്രതയുടെ സജീവസാന്നിധ്യം എന്ന നിലയില്‍ സ്ത്രീയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാന്‍ നമുക്കു കടമയുണ്ട്. മോചനപത്രം നല്കി ഉപേക്ഷിക്കപ്പെടേണ്ടവളല്ല ഭാര്യയെന്ന കര്‍ത്താവിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.
ദൈവസ്ഥാപിതമായ വിവാഹം എന്ന കൂദാശ അപകടത്തില്‍
വിവാഹമെന്ന കൂദാശയിലൂടെയുള്ള അവിഭാജ്യമായ ഭാര്യാഭര്‍ത്തൃബന്ധം എല്ലാവിധ സ്വവര്‍ഗബന്ധങ്ങളെയും അംഗീകരിക്കുന്ന ആധുനിക പാശ്ചാത്യസംസ്‌കാരത്തില്‍ ഗുരുതരമായ അപകടത്തിലാണ്.
വിവാഹത്തെപ്പറ്റി പ്രകൃതിയും ദൈവവെളിപാടും സഭയുടെ പ്രബോധനാധികാരവും ഒരുപോലെ പഠിപ്പിക്കുന്ന വസ്തുതകള്‍ പാശ്ചാത്യയൂറോപ്യന്‍രാജ്യങ്ങള്‍ നിഷേധിക്കുന്നു. പാശ്ചാത്യസംസ്‌കാരത്തിന്റെ ക്രിസ്തീയവേരുകള്‍ മറക്കുകയും ക്രിസ്തീയതയുടെ എല്ലാ അടയാളങ്ങളും തുടച്ചുനീക്കാനായി ഈ രാജ്യങ്ങള്‍ നിയമനിര്‍മാണം നടത്തുകയും ചെയ്യുന്നു. കര്‍ദിനാള്‍ സറായുടെ നിരീക്ഷണങ്ങള്‍ ഇപ്രകാരം തുടരുകയാണ്.  ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട് അദ്ദേഹം പറയുന്നു: ''ആപേക്ഷികതയുടെ സ്വേച്ഛാധിപത്യത്തിന്റെ അതിപ്രസരത്തിന്റെ നടുവിലാണ് നമ്മള്‍ ഇന്നു ജീവിക്കുന്നത്. വസ്തുനിഷ്ഠമായ ധാര്‍മികതത്ത്വങ്ങളുടെ അഭാവമാണ് അവര്‍ക്കാവശ്യം. ദൈവം മരിച്ചെന്നു ഘോഷിച്ച നീഷ്‌ചേയും ലൈംഗികതൃക്ഷ്ണയ്ക്ക് കടിഞ്ഞാണിടരുതെന്നു പ്രഘോഷിച്ച ഫ്രോയിഡും രംഗം കീഴടക്കിയിരിക്കുകയാണ്! 
ദൈവം മാത്രമല്ല പിതാവ്, മാതാവ്, ഭാര്യ, ഭര്‍ത്താവ് തുടങ്ങി എല്ലാ അധികാരങ്ങളും ഫ്രോയിഡിയന്‍ കാഴ്ചപ്പാടില്‍ വിലക്കുകള്‍ക്കും വികാരങ്ങളുടെ അടിച്ചമര്‍ത്തലിനും കാരണങ്ങളായിത്തീരുന്നു. അതുകൊണ്ട്, മനുഷ്യനിലെ മനഃസാക്ഷിപോലും നിഷിദ്ധമായി അവര്‍ കരുതുന്നു.
കുടുംബം എന്ന അതിപുരാതനപ്രസ്ഥാനത്തെ, മിശിഹാ സ്ഥാപിച്ച സഭയിലെ ഈ കൂദാശയെ, ഉന്മൂലനാശത്തിലേക്കു നയിക്കുന്ന ഈ ചിന്താഗതിയെ ധൈര്യമായി തെറ്റുധാരണകള്‍ക്ക് ഇടം നല്കാതെ സുദൃഢവും സുസ്ഥിരവുമായ വാദങ്ങള്‍ നിരത്തി പ്രതിരോധിക്കാന്‍ സഭയ്ക്കു കടമയുണ്ട്. തിബോ കൊളെന്‍ എന്ന ഫ്രഞ്ചുചിന്തകന്‍ 2018 ല്‍ എഡിറ്റ് ചെയ്ത ''ക്രിസ്തീയവിവാഹത്തിനു ഭാവിയുണ്ടോ?'' എന്ന ഗ്രന്ഥം ആരംഭിക്കുന്നത് താഴെപ്പറയുന്ന പ്രസ്താവനയോടെയാണ്: ''വിവാഹം പ്രതിസന്ധിയിലാണ്. പ്രകൃത്യാതന്നെ അസ്ഥിരമായ  അഭിലാഷങ്ങളുടെ പൂര്‍ത്തീകരണം മാത്രമാണ്. ഒരു വ്യക്തിയുടെ ജീവിതലക്ഷ്യം എന്ന ആധുനികനിലപാടാണ് വിവാഹത്തെ ദുര്‍ബലപ്പെടുത്തുന്നത്. തദ്ഫലമായി ദാമ്പത്യ ഐക്യത്തിന് ഉലച്ചില്‍ തട്ടുകയും ബന്ധങ്ങള്‍ അസ്ഥിരമാവുകയും ചെയ്യുന്നു.''
ഈ ഉദ്ധരണി നല്കിയശേഷം കര്‍ദിനാള്‍ റോബര്‍ട്ട് സറാ, സഭ ഇന്നു നേരിടേണ്ട രണ്ടു വെല്ലുവിളികളെക്കുറിച്ചു പ്രതിപാദിക്കുന്നു. ഒന്നാമതായി, ദാമ്പത്യ സ്‌നേഹത്തിന്റെ അടര്‍ക്കളത്തില്‍ മുറിവേറ്റവര്‍ക്ക് അഭയം നല്കി അവരുടെ മുറിവുകള്‍ വച്ചുകെട്ടി സത്യത്തിന്റെ മാര്‍ഗത്തിലൂടെ അവരെ യഥാര്‍ഥ ഭിഷഗ്വരനായ ഈശോമിശിഹായുടെ പക്കലേക്ക് ആനയിക്കുക. രണ്ടാമതായി, വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും കാര്യങ്ങളില്‍ സഭയുടെ സനാതനപഠനങ്ങളെ ബലികഴിക്കാതെ കുടുംബപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ അനുയാത്ര ചെയ്യുക. ഈ രണ്ടു വെല്ലുവിളികളും നേരിടാനാവശ്യമായ ബൗദ്ധികവെളിച്ചം അത്യന്താപേക്ഷിതമാണ്. 
വിവാഹത്തെ സംബന്ധിച്ച ക്രൈസ്തവദര്‍ശനം
രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ 'സഭ ആധുനികയുഗത്തില്‍' എന്ന പ്രമാണരേഖയില്‍ 48-ാമത്തെ നമ്പറില്‍ വിവാഹം എന്തെന്നു സംക്ഷിപ്തമായി രേഖപ്പെടുത്തുന്നുണ്ട്. ആ ഭാഗം ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുമുണ്ട്.
സ്ത്രീയുടെയും പുരുഷന്റെയും സ്‌നേഹത്തിലധിഷ്ഠിതമായ, ജീവിതാന്ത്യംവരെ നിലനില്ക്കുന്ന പരസ്പരസമ്മതത്തിന്റെ ഉടമ്പടിയാണ് വിവാഹം. സന്താനോത്പാദനവും മക്കളുടെ വളര്‍ത്തലും വിവാഹത്തിന്റെ അവിഭാജ്യഘടകമാണെന്നും 'ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്തരുതെന്നും' പ്രസ്തുത ഖണ്ഡികയില്‍ സൂനഹദോസ് പഠിപ്പിക്കുന്നു. ഈ കൂദാശ സ്‌നേഹവും വിശ്വസ്തതയും ആവശ്യപ്പെടുന്നുവെന്നും മിശിഹായുടെ നിരന്തരസാന്നിദ്ധ്യത്താല്‍ അനുഗൃഹീതമാണെന്നും ഓര്‍മിപ്പിക്കുന്നു.
കര്‍ദിനാള്‍ സറാ തുടര്‍ന്നുപറയുന്നു: സഭയല്ല വിവാഹം ആരംഭിച്ചത്. അന്നു നിലവിലിരുന്ന ഒരു സമ്പ്രദായം അവരും തുടര്‍ന്നു. പുതിയ അര്‍ഥതലങ്ങള്‍ നല്കുകയും കാനന്‍ നിയമത്തില്‍ നിര്‍വചിക്കപ്പെടുകയും ചെയ്തിരിക്കുന്നു. വിവാഹജീവിതം സ്‌നേഹത്തിലുള്ള കൂട്ടായ്മയാണന്നും വിവാഹ ഉടമ്പടിയില്‍ നല്കപ്പെടുന്ന സമ്മതം കാലാകാലത്തോളമാണെന്നും ദമ്പതികളുടെ സ്‌നേഹത്തിന്റെ ഫലമായ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കാനും അവരെ വളര്‍ത്താനുമുള്ളതാണന്നുമുള്ള കാര്യങ്ങള്‍ നിര്‍വചനത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട് (CCEO. 776). 
വിവാഹത്തിന്റെ അഭേദ്യത
പഴയനിയമത്തില്‍ ദൈവത്തിനു തന്റെ ജനത്തോടുള്ള സ്‌നേഹത്തെ ദാമ്പത്യസ്‌നേഹത്തോടാണ് ഉപമിച്ചിരുന്നത്. (ഹോസിയ 2, 16-18) പുതിയ നിയമകാലത്തും രണ്ടു ക്രൈസ്തവര്‍ തമ്മിലുള്ള വിവാഹബന്ധത്തെ മിശിഹായും സഭയും തമ്മിലുള്ള ബന്ധത്തോടാണു തുലനം ചെയ്തിരുന്നത് (എഫേ. 5, 29-22).
കര്‍ത്താവിന്റെ ദിവ്യരഹസ്യങ്ങളില്‍ അടിയുറച്ചുനിന്ന്, സ്വയം ദാനം ചെയ്തു ക്രൈസ്തവദമ്പതികള്‍  ജീവിക്കാനാണ് പൗലോസ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നത്. അങ്ങനെ വിവാഹം നൈയാമിക ഉടമ്പടി മാത്രമല്ലെന്നു ദമ്പതികള്‍ തിരിച്ചറിയുന്നു.
ദൈവം വിശ്വസ്തനാണ്. മിശിഹാ തന്റെ മണവാട്ടിയായ സഭയോടു വിശ്വസ്തയായിരിക്കുന്നതുപോലെ ഭാര്യാഭര്‍ത്താക്കന്മാര്‍ വിശ്വസ്തരായിരിക്കണം.
വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം, ഭര്‍ത്താവ് ഭാര്യയോടു പറയുന്നതായി ഒരു പ്രസംഗത്തില്‍ പ്രസ്താവിക്കുന്നു: ''മറ്റെല്ലാറ്റിനെയുംകാള്‍ ഞാന്‍ നിന്നെ വിലമതിക്കുന്നു... മറ്റെല്ലാറ്റിനും ഉപരിയായി നിന്റെ സ്‌നേഹം ഞാന്‍ വിലമതിക്കുന്നു. നിന്നില്‍നിന്ന് അകന്നിരിക്കുന്നതിനെക്കാള്‍ എന്നില്‍ അസ്വസ്ഥത ഉളവാക്കുന്ന മറ്റൊന്നുമില്ല. (വി. ജോണ്‍ ക്രിസോസേ്താം, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നമ്പര്‍ 2365 കാണുക.)
വിശ്വസ്തത
ദമ്പതികളുടെ സ്ഥിരവും ഉറപ്പുള്ളതുമായ പരസ്പരസ്‌നേഹമാണ് വിശ്വസ്തത. എന്തെങ്കിലും  അഭിപ്രായഭിന്നതയോ വഴക്കോ ഉണ്ടാകുമ്പോള്‍ വേര്‍പിരിയാനുള്ളതല്ല വിവാഹം. എന്നാല്‍, ദാമ്പത്യ അവിശ്വസ്തതയും വിവാഹമോചനവും വര്‍ദ്ധിച്ചുവരുന്നു. സിവില്‍വിവാഹമോ മതപരമായ വിവാഹമോ കൂടാതെ കൂടിത്താമസിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. എന്നാലും ഈശോ ഫരിസേയരോടെന്നപോലെ സഭ വിശ്വസ്തതയും അവിഭാജ്യതയും വിവാഹത്തിന്റെ സത്തയുടെ ഭാഗമാണെന്നും വിവാഹമോചനം മക്കളെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നുവെന്നും പഠിപ്പിക്കുന്നു.
സ്ത്രാസ്ബുര്‍ഗ് അതിരൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്ന ലെയോണ്‍ അര്‍ത്യൂര്‍ എല്‍ഷന്‍ഴേയെ ഉദ്ധരിച്ചുകൊണ്ടാണ് കര്‍ദിനാള്‍ സറാ ഈ പരിചിന്തനങ്ങള്‍ ഉപസംഹരിക്കുന്നത്.
''വിശ്വസ്തതയോടെ ജീവിതകാലം മുഴുവന്‍ ജീവിച്ചുകൊള്ളാമെന്നു പ്രതിജ്ഞയെടുക്കുന്നത് 'ഭ്രാന്താ'ണെന്നു ചിന്തിക്കുന്നവര്‍ കാണും. എന്നാല്‍, ഒരു വിശ്വാസി തന്റെ തീരുമാനത്തിന് ദൈവസഹായം യാചിക്കുന്നു. ദൈവത്തിന് നമ്മുടെ വിശ്വസ്തതയിലുള്ള പ്രത്യാശയാണ് ദമ്പതികള്‍ക്കു ധൈര്യം പകരുന്നത്. വിശ്വാസി എന്ന പേരിന് അര്‍ഹമായവിധം പ്രഹസനം കൂടാതെ സത്യസന്ധതയോടെ വ്യാപരിക്കാന്‍ ക്രിസ്ത്യാനിക്കു കഴിയണം.'' 'ഫിദേലിസ്' എന്നാണ് ലത്തീനില്‍ ക്രൈസ്തവനെ വിളിക്കുന്നത്. ആ വാക്കിന് വിശ്വാസി എന്നും വിശ്വസ്തന്‍ എന്നും അര്‍ഥമുണ്ട്. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)